മോര്‍ച്ചറി നവീകരണത്തില്‍ നഗരസഭയുടെ വീണ്ടുവിചാരം ഒഴിവാക്കി മുഴുവന്‍ നവീകരണം ഏറ്റെടുത്ത് ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റ്

726
Advertisement

ഇരിങ്ങാലക്കുട : താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം സംബ്ദധിച്ച വിവാദങ്ങള്‍ക്കവസാനമായി തിങ്കളാഴ്ച്ച മുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും.കഴിഞ്ഞ ദിവസം ചേര്‍ന്ന എച്ച് എം സി യോഗത്തില്‍ നവീകരണം പി ആര്‍ ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റിനെ ഏല്‍പ്പിക്കാന്‍ ധാരണയായിരുന്നു.വെള്ളിയാഴ്ച്ച രാവിലെ ട്രസ്റ്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ മുഴുവന്‍ നവീകരണപ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ ഇവര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ നഗരസഭ അധീകാരികള്‍ക്കുണ്ടായ വീണ്ടുവിചാരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റിയറിംങ്ങ് കമ്മിറ്റി കൂടി മോര്‍ച്ചറി നവീകരണത്തിനായി പ്ലാന്‍ ഫണ്ടില്‍ വകയിരിത്തിയിരിക്കുന്ന 5 ലക്ഷം രൂപയുടെ നവീകരണം മുന്‍കൂര്‍ അനുമതിയോടെ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അറ്റകുറ്റ പണികള്‍ക്കായി ട്രസ്റ്റിനും പിന്നീട് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭയ്ക്കായും മോര്‍ച്ചറി വീണ്ടും അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായിരുന്നു ഇത് എന്നാണ് .ഉച്ചതിരിഞ്ഞ് ചേര്‍ന്ന അടിയന്തിര എച്ച് എം സി യോഗത്തില്‍ അധികൃതരുടെ വിശദീകരണം.നഗരസഭയുടെ പ്ലാന്‍ അനുസരിച്ചുള്ള എല്ലാ നവീകരണ പ്രവര്‍ത്തനങ്ങളും പി ആര്‍ ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റ് ഏറ്റെടുത്ത് നടത്താം എന്ന ഉറപ്പില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റിനെ ഏല്‍പിക്കുകയായിരുന്നു.തിങ്കളാഴ്ച്ച മുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ട്രസ് വര്‍ക്ക്,പുതിയ റൂം നിര്‍മ്മിച്ച് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി ഫ്രീസര്‍ സംവീധാനം,പോസ്റ്റ്മാര്‍ട്ടം ടേബിള്‍ നവീകരണം തുടങ്ങി അത്യധുനിക രീതിയിലേയ്ക്ക് മോര്‍ച്ചറിയെ മാറ്റുമെന്ന് ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റ് പ്രതിനിധികള്‍ അറിയിച്ചു.മോര്‍ച്ചറി നവീകരണത്തിനായി നഗരസഭ മാറ്റിവെച്ച ഫണ്ട് മറ്റ് പദ്ധതികള്‍ക്കായി ചിലവഴിക്കും.മോര്‍ച്ചറിയില്‍ എത്തുന്ന മൃതദേഹങ്ങള്‍ എലി ഉള്‍പെടെയുള്ള ജീവികള്‍ കടിക്കുന്നുവെന്ന പോലീസ് ഉദ്യോഗസ്ഥന്റെ ആരോപണത്തെ തുടര്‍ന്നാണ് മോര്‍ച്ചറി നവീകരണത്തിനായി അടച്ചിട്ടത്.എന്നാല്‍ മോര്‍ച്ചറി അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതെ പോസ്റ്റ്മാര്‍ട്ടം പോലും നടത്താന്‍ കഴിയാതെ താലൂക്ക് വികസനസമിതിയോഗത്തില്‍ വീണ്ടും വിമര്‍ശനം ഏറ്റ സാഹചര്യത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധസംഘടനകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

Advertisement