ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രൊഫസര്‍ ഡോ.ഡിജോ ഡാമിയന്‍ ഫെല്ലോഷിപ്പോടെ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലേയ്ക്ക്

1342
Advertisement

ഇരിങ്ങാലക്കുട : രാജ്യാന്തര തലത്തില്‍ ഏറെ പ്രസിദ്ധമായ ഫുള്‍ബ്രൈറ്റ് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിനു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഡിജോ ഡാമിയന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഊര്‍ജ്ജ സംഭരണ/പരിവര്‍ത്തന സങ്കേതങ്ങള്‍ക്കുതകുന്ന നാനോമെറ്റീരിയല്‍സില്‍ ഐസര്‍ തിരുവനന്തപുരത്തുനിന്നും ഡോക്ടറേറ്റ് നേടിയ ഡിജോ, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍ഡീഗോയില്‍ ആയിരിക്കും അടുത്ത രണ്ടുവര്ഷങ്ങളില്‍ തുടര്‍ഗവേഷണങ്ങള്‍ നടത്തുക. വരും തലമുറയിലെ ബാറ്ററി ടെക്‌നോളജിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ലിഥിയം എയര്‍ ബാറ്ററികളുടെ വികസനവുമായി ബന്ധപെട്ട ഗവേഷക നിര്‍ദ്ദേശമാണ് ഫെല്ലോഷിപ്പിനു അര്‍ഹനാക്കിയത്. ലിഥിയം ബാറ്ററി ഗവേഷണരംഗത്തെ പ്രഗത്ഭയായ, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ പ്രൊഫസര്‍ ഷെര്‍ളി മെങ്ങു മായി ചേര്‍ന്നാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 2016 ല്‍ ചിക്കഗോയില്‍ നടന്ന അന്താരാഷ്ട്ര ലിഥിയം ബാറ്ററി സമ്മേളനത്തിനിടെ പ്രൊഫ. മെങ്ങുമായുള്ള കൂടിക്കാഴ്ച നിര്‍ണ്ണായകമായി. നിലവില്‍ ലിഥിയം ബാറ്റെറികള്‍ക്കായി പൂര്‍ണ്ണമായും ഇറക്കുമതിയെ ആശ്രയിക്കുന്ന നമ്മുടെ രാജ്യത്തിന് ഏറെ ഗുണകരമാകും പ്രസ്തുത പ്രവര്‍ത്തന പരിചയം എന്നുറച്ചു വിശ്വസിക്കുന്നു ഈ അധ്യാപകന്‍. മറ്റു ഫെല്ലോഷിപ്പുകളെ അപേക്ഷിച്ചു ഉഭയരാജ്യങ്ങള്‍ക്കിടയിലെ സാംസ്‌കാരിക സാങ്കേതികവിദ്യാ കൈമാറ്റത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പിനെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷനുകളുമായി കൈകോര്‍ത്തു അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ-ഉല്‍പാദന കേന്ദ്രം വിഭാവനം ചെയ്യുന്നു ഡോ. ഡിജോ ഡാമിയന്‍. അന്നമനട പാലിശ്ശേരി വടക്കന്‍ ഡാമിയന്‍-ജോയ്സ് ദമ്പതികളുടെ മകനാണ്. ഭാര്യ നയന ഫ്രാന്‍സിസ്.

Advertisement