അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തി

134

മാപ്രാണം: മാപ്രാണം വര്‍ണ്ണ തിയറ്ററിന് സമീപം താമസിക്കുന്ന മുപ്പത്തിനാല് അതിഥി തൊഴിലാളികള്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടെന്ന് അറിഞ്ഞെത്തിയ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാറും നഗരസഭ അധികാരികളും പോലീസും സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. നഗര സഭ അഞ്ചാം വാര്‍ഡ് പരിധിയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരാള്‍ക്ക് 20 രൂപ നിരക്കില്‍ പണം കൊടുക്കണം എന്നാണ് മറുപടി കിട്ടിയത്. പണിയില്ലാതെ ദിവസത്തില്‍ ഒരു നേരം മാത്രം വിശപ്പകറ്റിയാണ് തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്. അതിഥി തൊഴിലാളികള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പോലും പാലിക്കാന്‍ നഗരസഭ യു.ഡി.എഫ് ഭരണാധികാരികള്‍ തയ്യാറാവാതെ വന്നപ്പോഴാണ് ഡിവൈഎഫ്‌ഐ വിഷയത്തില്‍ ഇടപെട്ടത്. തഹസില്‍ദാര്‍ മധുസൂദനന്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ കെ.ജെ.ജിജോ എന്നിവര്‍ തൊഴിലാളികളുടെ കരാറുകാരെ വിളിച്ച് വരുത്തി ഭക്ഷണ സാധനങ്ങള്‍ മുടങ്ങാതെ എത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, നഗരസഭ കൗണ്‍സിലര്‍ സി.സി.ഷിബിന്‍, ടി.ഡി.ധനേഷ് പ്രിയന്‍, എന്‍.എസ്.വിഷ്ണു എന്നിവരാണ് അതിഥി തൊഴിലാളികളുടെ ഭക്ഷണം കിട്ടാതെയുള്ള ബുദ്ധിമുട്ടിന് പരിഹാരം കാണാനായി ഇടപെട്ടത്.

Advertisement