തിയേറ്റര്‍ ഒളിമ്പിക്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തൃശൂര്‍ നാടകസംഘത്തിന്റെ ‘ചക്ക’ ഫെബ്രുവരി 27ന് ഇരിങ്ങാലക്കുടയില്‍

744
Advertisement

ഇരിങ്ങാലക്കുട : തിയേറ്റര്‍ ഒളിമ്പിക്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5 മലയാള നാടകങ്ങളിലൊന്നായ ‘ചക്ക,’ ഫെബ്രുവരി 27 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് മണ്ണാത്തിക്കുളം റോഡിലെ ‘വാള്‍ഡ’നില്‍ ഇന്നര്‍സ്‌പേസ് ലിറ്റില്‍ തിയേറ്ററിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്നു. മാര്‍ച്ച് 3ന് ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തുറന്ന വേദിയിലെ അവതരണത്തിനു മുമ്പുള്ള ‘ചക്ക’യുടെ ആദ്യാവതരണമാണു ചൊവ്വാഴ്ച വൈകിട്ട്് ് ഇരിങ്ങാലക്കുടയില്‍ നടക്കുന്നത് . പാഞ്ഞാള്‍ സ്വദേശിയായ പ്രശസ്ത നാടകകൃത്ത് തുപ്പേട്ടന്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് രചിച്ച ‘ചക്ക,’ 2002ലാണു തൃശൂര്‍ നാടകസംഘം ആദ്യമായവതരിപ്പിക്കുന്നത്. കേരള സംഗീതനാടക അക്കാദമിയുടെ ടൂറിങ്ങ് തിയേറ്റര്‍ പദ്ധതിയുടെ ഭാഗമായി തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ധനസഹായത്തോടെയായിരുന്നു അന്ന് ‘ചക്ക’ രൂപം കൊണ്ടത്. കോര്‍പ്പറേറ്റ് ശക്തികളും അധികാരകേന്ദ്രങ്ങളും ഒത്തൊരുമിച്ചു കൊണ്ട് മണ്ണിനെയും മനുഷ്യനെയും ചൂഷണം ചെയ്യുന്ന കഥ പറയുന്ന ‘ചക്ക’യുടെ പ്രമേയത്തിനു വര്‍ത്തമാനലോകത്തില്‍ പ്രസക്തിയേറി വരുന്ന സാഹചര്യത്തിലാണു നാടകം വീണ്ടും അരങ്ങുകളിലെത്തുന്നത്. ടൂറിങ്ങ് തിയേറ്റര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം പര്യടനം നടത്തിയ ‘ചക്ക’ പിന്നീട് 2012-ല്‍ കൊച്ചിന്‍- മുസിരിസ് ബിനാലെയുടെ ഭാഗമായി രണ്ടാം വട്ടവും അരങ്ങിലെത്തുകയായിരുന്നു. അതിനു ശേഷം, അന്തര്‍ദ്ദേശീയ നാടകോത്സവവും, പബ്‌ളിക് റിലേഷന്‍ വകുപ്പിന്റെ ദേശീയ നാടകോത്സവവും സൂര്യ ഫെസ്റ്റിവലും അടക്കം ഒട്ടേറെ വേദികളില്‍ ‘ചക്ക’ അവതരിപ്പിക്കപ്പെട്ടു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, എട്ടാമത് തിയേറ്റര്‍ ഒളിമ്പിക്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ‘ചക്ക’ വീണ്ടും അരങ്ങേറിത്തുടങ്ങുകയാണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആതിഥ്യത്തോടെ ഇക്കുറി ഇന്ത്യയിലെത്തുന്ന അന്തര്‍ദ്ദേശീയ നാടകോത്സവമായ തിയേറ്റര്‍ ഒളിമ്പിക്‌സ് ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 8 വരെ നടന്നു കൊണ്ടിരിക്കുകയാണ്. ഇരുപതിലേറെ വര്‍ഷമായി തൃശൂര്‍ കേന്ദ്രീകരിച്ച് നാടകപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന നാടകപ്രവര്‍ത്തകരും ചിത്രകാരന്മാരും അടക്കം വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയില്‍ നിന്നാണു തൃശൂര്‍ നാടകസംഘം രൂപം കൊണ്ടത്. കെ.ബി. ഹരി, സി. ആര്‍. രാജന്‍, പ്രബലന്‍ വേലൂര്‍ എന്നിവരുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ചക്ക’യില്‍ ഇവര്‍ക്കു പുറമേ ജോസ് പി. റാഫേല്‍, സുധി വട്ടപ്പിന്നി, പ്രതാപന്‍, മല്ലു പി. ശേഖര്‍ എന്നിവരാണ് അഭിനേതാക്കള്‍. സംഗീതമൊരുക്കിയിരിക്കുന്നത് സുഗതനും ചിത്രകാരനായ ഒ.സി. മാര്‍ട്ടിനും ചേര്‍ന്നാണ്. ചിത്രകാരനും സമകാലീന നാടകവേദിയിലെ ശ്രദ്ധേയനായ രംഗോപകരണഡിസൈനര്‍ ആന്റോ ജോര്‍ജാണു രംഗോപകരണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രകാശവിന്യാസം നിര്‍വ്വഹിക്കുന്നത് ഡെന്നി. ‘ചക്ക’യ്ക്ക് അരങ്ങൊരുക്കാന്‍ താല്പര്യമുള്ളവര്‍ 9846466970 / 9847049393 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് തൃശൂര്‍ നാടക സംഘം പ്രവര്‍ത്തകര്‍ അറിയിച്ചു.