കാട്ടൂര്‍ ഹൈസ്‌കൂള്‍ നെടുംപുര റോഡ് പണി തലവേദനയാകുന്നു
ഇരിങ്ങാലക്കുടക്കാരന്‍ ജിജു അശോകന്റെ പുതിയ ചിത്രമായ ‘പ്രേമസൂത്ര’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സ്വന്തം ജിജു അശോകന്റെ ഏറ്റവും പുതിയ ചിത്രമായ പ്രേമസൂത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിനു ശേഷം കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി.രഘുനാഥന്‍ നിര്‍മ്മിച്ച് ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം. അശോകന്‍ ചെരുവിലിന്റെ ചെറുകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിനു വേണ്ടി സ്വതന്ത്രരചന നിര്‍വ്വഹിച്ചിരിക്കുന്നത് ജിജു തന്നെയാണ്. ചിത്രത്തില്‍ ബി.കെ.ഹരിനാരായണന്‍, ജിജു അശോകന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപീസുന്ദര്‍ ആണ് സംഗീതം നല്‍കുന്നത്. ഇതിനു മുമ്പ് ജിജു അശോകന്‍ നാല് സിനിമകളാണ് ചെയ്തിരിക്കുന്നത്- ഷേക്‌സ്പിയര്‍ എം.എ.മലയാളം, ഒരിടത്തൊരു പുഴയുണ്ട്, ലാസ്റ്റ് ബെഞ്ച്, ഉറുമ്പുകള്‍ ഉറങ്ങാറില്ല. ഇതില്‍ത്തന്നെ ലാസ്റ്റ് ബെഞ്ച്, ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നീ സിനിമകളുടെ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം ജിജു അശോകനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജിജു കഥയും തിരക്കഥയുമൊരുക്കിയ ഒരിടത്തൊരു പുഴയുണ്ട് എന്ന സിനിമ സംവിധാനം ചെയ്തത് കലവൂര്‍ രവികുമാര്‍ ആണ്. ഈ സിനിമയ്ക്ക് കേരള സംസ്ഥാന ഫിലിം അവാര്‍ഡും കിട്ടിയിട്ടുണ്ട്. മാതൃഭൂമിയുടെ ബാലപംക്തിയില്‍ ചെറുകഥകള്‍ എഴുതിയാണ് ജിജു ചലച്ചിത്രരംഗത്തേക്ക് വരുന്നത്. ജിജു അശോകന്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രേമസൂത്രം. പ്രണയിക്കുന്നവര്‍ക്കൊരു പാഠപുസ്തകം എന്ന ശീര്‍ഷകത്തോടെ ഇറങ്ങിയ സിനിമയുടെ ടീസര്‍ ഇപ്പോള്‍ത്തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണയത്തിന്റെ പാഠപുസ്തകമാകുന്ന ഒരാളുടെ രസകരമായ കഥാംശത്തെ ഇതിവൃത്തമാക്കുന്ന ചിത്രമാണ് പ്രേമസൂത്രം. ചിരിയും ചിന്തയും കോര്‍ത്തിണക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. പാലക്കാട് ജില്ലയിലെ കിഴക്കന്‍ പ്രദേശമായ മാത്തൂര്‍ പഞ്ചായത്തിലെ വിശാലമായ കാപ്പിക്കാടെന്ന വനാതിര്‍ത്തിയിലാണ് പ്രേമസൂത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. പ്രണയിക്കുന്നവരുടെ മാര്‍ഗ്ഗദര്‍ശിയായ വി.കെ.പി.യെന്ന പ്രണയഗുരുവിന്റെ പ്രണയവഴുകളിലൂടെ സഞ്ചരിക്കുന്ന സിനിമയില്‍ പ്രണയഗുരുവായി എത്തുന്നത് ചെമ്പന്‍ വിനോദും ശിഷ്യനായ പ്രകാശനായി എത്തുന്നത് ബാലു വര്‍ഗ്ഗീസുമാണ്. ശശാങ്കന്‍, ധര്‍മ്മരാജന്‍, സുധീര്‍കരമന, ശ്രീജിത്ത് രവി, വിഷ്ണു ഗോവിന്ദന്‍, വിജിലേഷ്, സുമേഷ്, വെട്ടുകിളി പ്രകാശ്, ഇന്ദ്രന്‍സ്, ലിജോ മോള്‍, അനുമോള്‍, നീരജ, മഞ്ജു, അഞ്ജലി എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.
ടീസര്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ബസ് സ്റ്റാന്റ് പരിസരത്തേ നടപാത കൈയേറ്റം പൊളിയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനം
ഇരിങ്ങാലക്കുട : നഗരത്തിലെ ഏറെ തിരക്കുള്ള ടൗണ്‍ഹാള്‍ ബസ്റ്റാന്റ് റോഡില്‍ ഫുട്ട്പാത്ത് കയ്യേറി പുല്ലോക്കാരന്‍ ബില്‍ഡിങ്ങിനു മുന്നില്‍ ചങ്ങല കെട്ടിയത് പൊളിച്ചു മാറ്റാന്‍ ശനിയാഴ്ച്ച ചേര്‍ന്ന നഗരസഭ കൗണ്‍സിലില്‍ തീരുമാനമെടുത്തു.നഗരത്തില്‍ നടപിലാക്കേണ്ട ഗതാഗത പരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്കിടെ കൗണ്‍സിലര്‍ എം.സി രമണനാണ് വിഷയം അവതരിപ്പിച്ചത്.മുന്‍വശത്ത് തിയ്യേറ്റര്‍ അടക്കം ഉള്ള ഇവിടെ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശമാണെന്നും ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ വരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് റോഡില്‍ നിന്നും കയറി നില്‍ക്കാന്‍ പോലും സ്ഥലമില്ലെന്ന് ബില്‍ഡിംങ്ങ് ഉടമയ്ക്കുള്ള ഉന്നത ബദ്ധം റോഡ് കൈയേറാനുള്ള ലൈസന്‍സായി കാണരെതെന്നും ബി ജെ പി കൗണ്‍സിലര്‍ സന്തോഷ് ബോബനും ഇടതുപക്ഷ കൗണ്‍സിലര്‍രായ ശിവകുമാറും,പറഞ്ഞതിനോട് കോണ്‍ഗ്രസ് അംഗം എം.കെ. ഷാജു പിന്തുണയ്ക്കുകയും ഇത് പൊളിച്ച് മാറ്റാനുള്ള നടപടി ഇന്നത്തെ കൗണ്‍സിലില്‍ തന്നെ തീരുമാനിക്കണമെന്ന് ചെയര്‍പേഴ്‌സനോട് ആവശ്യപെടുകയും ചെയ്തു. ഈ അനധികൃത നിര്‍മാണം ഉടന്‍ പൊളിച്ച് മാറ്റാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു കൗണ്‍സിലില്‍ വച്ച് നഗരസഭ സെക്രട്ടറിയോട് നിര്‍ദേശിച്ചു.ബസ് സ്റ്റാന്റിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാനായി പോസ്റ്റ് ഓഫിസിന് സമീപത്ത് നിന്ന് ടൗണ്‍ ഹാള്‍ പരിസരത്തേയ്ക്കുള്ള റോഡിലെ അനധികൃത ഓട്ടോറിക്ഷാ പേട്ട ഒഴിവാക്കി റോഡ് ടാറിട്ട് തുറന്ന് നല്‍കിയാല്‍ ചെറിയ വാഹനങ്ങള്‍ക്ക് ബസ് സ്റ്റാല്‍ കയറാതെ ടൗണ്‍ ഹാള്‍ പരിസരത്ത് എത്താല്‍ കഴിയുമെന്നും ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കൗണ്‍സിലില്‍ നിര്‍ദ്ദേശമുയര്‍ന്നു.
തെങ്ങുമുറിച്ചുമാറ്റുന്നതിന് സബ്ബ്സീഡി നല്‍കുന്നു.
മുരിയാട്: കൃഷി ഭവനില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി പദ്ധതിയില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ രോഗം വന്നതും കേടായതുമായ തെങ്ങുകള്‍ മുറിച്ച് മാറ്റുന്നതിനും പകരം തെങ്ങിന്‍തൈ വെയ്ക്കുന്നതിനും സബ്ബ്സീഡി നല്‍കുന്നു. താല്‍പര്യമുള്ളവര്‍ 22ന് മുമ്പായി അപേക്ഷ നല്‍കേണ്ടതാണ്. ജനകീയാസൂത്രണ പദ്ധതി 2017-18 പ്രകാരം തെങ്ങിന്‍തൈ, വാഴക്കന്ന്, പച്ചക്കറി വിത്തുകള്‍ എന്നിവ വിതരണത്തിന് എത്തിയിട്ടുണ്ട്. അപേക്ഷ നല്‍കിയവര്‍ കൃഷി ഭവനുമായി ബന്ധപ്പെടുക. ഫോണ്‍: 0480 2883154.
ഹൈബ്രീഡ് തെങ്ങിന്‍ തൈകള്‍
കാറളം: കൃഷി ഭവനില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഹൈബ്രീഡ് തെങ്ങിന്‍തൈക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ നികുതി അടച്ച കോപ്പി, റേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം എത്രയും വേഗം കൃഷി ഭവനില്‍ എത്തേണ്ടതാണ്.
കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവം കൊടിയേറ്റം ശനിയാഴ്ച്ച
കാറളം: കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവം ശനിയാഴ്ച കൊടിയേറി 23ന് സമീപിക്കും. ശനിയാഴ്ച വൈകീട്ട് എട്ടിന് കൊടികൂറ ചാര്‍ത്തല്‍, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ ആറിന് ചുറ്റുവിളക്ക്, നിറമാല, എട്ടിന് ഗാനമേള, നാട്ടിലെ പാട്ടും ദൃശ്യാവിഷ്‌ക്കാരവും നടക്കും. രേവതി വേലദിനമായ ചൊവ്വാഴ്ച രാത്രി എട്ടിന് എഴുന്നള്ളിപ്പും മേളവും 8.30ന് നാടകം, അശ്വതി വേല ദിനമായ ബുധനാഴ്ച വൈകീട്ട് ആറിന് ചുറ്റുവിളക്ക്, നിറമാല, ബ്രാഹ്മണിപാട്ട്, 8.30ന് ബാലെ, ഒമ്പതിന് എഴുന്നള്ളിപ്പും മേളവും ഭരണി വേലദിവസമായ വ്യാഴാഴ്ച രാവിലെ അഭിഷേകങ്ങള്‍, ശ്രീഭൂതബലി, പുറത്തേക്ക് എഴുന്നള്ളിപ്പ്, 12ന് അന്നദാനം, മൂന്നിന് കാഴ്ചശീവേലി, 6.30ന് ചുറ്റുവിഴക്ക്, നിറമാല, ബ്രാഹ്മണിപാട്ട്, ഏഴിന് വര്‍ണ്ണമഴ, എട്ടിന് നാടകം, പത്തിന് മൂര്‍ക്കനാട് തേവര്‍ കുതിരപ്പുറത്ത് എഴുന്നള്ളുന്നു. 10.30ന് കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, 11ന് പഞ്ചവാദ്യം, ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളിപ്പ്, പാലക്കടയ്ക്കല്‍ ഗുരുതി, വെള്ളിയാഴ്ച കാര്‍ത്തിക വേലയില്‍ ഉച്ചക്ക് രണ്ടുമുതല്‍ വേല വരവ്, തുടര്‍ന്ന് കാവേറ്റം എന്നിവ നടക്കും. ചടങ്ങുകള്‍ക്ക് തെക്കിനിയേടത്ത് തരണനെല്ലൂര്‍ മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.
എസ്.എസ്. എസ് .എല്‍. സി, പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : കേരള പോലീസ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ പോലീസ് ട്രെയിനിങ്ങ് സെന്ററില്‍ എസ്.എസ്. എസ് .എല്‍. സി, പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ഇംപ്ലസ് 2018 എന്ന പേരില്‍ സംഘടിപ്പിച്ച ക്ലാസ് ജില്ലാ റൂറല്‍ പോലീസ് മേധാവി ജി.എച്. യതീഷ് ചന്ദ്ര ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ മോന്‍സ് വര്‍ഗ്ഗീസ് മോട്ടിവേഷന്‍ ക്ലാസ് നയിച്ചു.കെ പി എ റൂറല്‍ പ്രസിഡന്റ് കെ പി രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കെ എ ബിജു സ്വാഗതവും ഡി വൈ എസ് പി ഫെയ്മസ് വര്‍ഗ്ഗീസ്,സി ഐ എം കെ സുരേഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ഓഖി ദുരിതാശ്വാസത്തിനായി പോലിസുക്കാര്‍ പിരിച്ചെടുത്ത തുക ചടങ്ങില്‍ കെ പി എ സംസ്ഥാന ജോ.സെക്രട്ടറി കെ എ മാര്‍ട്ടിന്‍ എസ് പി യ്ക്ക് കൈമാറി.ട്രഷറര്‍ വി യു സില്‍ജോ ചടങ്ങില്‍ നന്ദി പറഞ്ഞു.പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകുവാനും ടൈം മാനേജ്മന്റ് പാലിക്കുവാനുമാണ് മോട്ടിവേഷന്‍ ട്രെയിനിങ്ങ് സംഘടിപ്പിച്ചത്.
പുല്ലൂര്‍ എസ്.എന്‍.ബി.എസ്.സമാജം എല്‍.പി. സ്‌കൂളിന്റെ 85-ാം വാര്‍ഷികാഘോഷം
പുല്ലൂര്‍: പുല്ലൂര്‍ എസ്.എന്‍.ബി.എസ്.സമാജം എല്‍.പി. സ്‌കൂളിന്റെ 85-ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍ത്തൃ സംഗമവും പ്രശസ്ത നൃത്താധ്യാപകനും സിനി ആര്‍ട്ടിസ്റ്റുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സി.ഡി. പ്രവികുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു. എസ്.എന്‍.ബി.എസ്. സമാജം പ്രസിഡണ്ട് എം.കെ. വിശ്വഭംരന്‍ സമ്മാനവിതരണം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.പി.പ്രശാന്ത്, പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി, മുന്‍ ഹെഡ് മാസ്റ്റര്‍ കെ.പി. ഗംഗാധരന്‍ മാസ്റ്റര്‍, ഒ.എസ്.എ. പ്രസിഡണ്ട് കെ.സി. രണദിവെ, എസ്.എസ്.ജി. അംഗം എ.വി.സുരേഷ്, എം.പി.ടി.എ. പ്രസിഡണ്ട് സ്മിന മനോജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പി.ടി.എ. പ്രസിഡണ്ട് കെ.എസ്. സജിന്‍കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.മിനി നന്ദിയും പറഞ്ഞു.
ബസ് ജീവനക്കാര്‍ റോഡില്‍ വച്ച് കുടുംബത്തേ അസഭ്യം പറഞ്ഞതായി പരാതി.
ഇരിങ്ങാലക്കുട : കോണത്ത്കുന്ന് സെന്ററില്‍ വെച്ച് കാറില്‍ വന്ന കുടുംബത്തേ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞതായി ഇരിങ്ങാലക്കുട പോലിസില്‍ പരാതി.നടവരമ്പ് സ്വദേശി തറമ്മേല്‍ ശിവശങ്കരനും മകള്‍ ശ്രീജ കൃഷ്ണകുമാറിനും പേരകുട്ടി ഭുവനയ്ക്കുമാണ് ബസ് ജീവനക്കാരില്‍ നിന്നും ദുരനുഭവമുണ്ടായത്.വ്യാഴാഴ്ച്ച വൈകീട്ട് ആറേമൂക്കാലോടെയാണ് സംഭവം കൈയ്ക്ക് പരിക്കേറ്റ പേരകുട്ടി ഭുവനയുമായി കൊടുങ്ങല്ലുര്‍ ആശുപത്രിയില്‍ പോയി മടങ്ങവേ കോണത്തുകുന്ന് സെന്ററില്‍ കാറ് പാര്‍ക്ക് ചെയ്ത് അടുത്തുള്ള മെഡിയ്ക്കല്‍ ഷോപ്പിലേയ്ക്ക് മരുന്ന് വാങ്ങാന്‍ പോയ ശിവശങ്കരനേ തിരിച്ച് വരുന്നതിനിടെ സമീപത്തേ ബസ് ഉടമയുടെ സ്ഥലത്ത് ബസ് പാര്‍ക്ക് ചെയ്യുന്നതിനുള്ള വഴിയിലാണ് ശിവശങ്കരന്‍ കാര്‍ പാര്‍ക്ക് ചെയ്യതെന്നാരേപിച്ച് നടുറോഡില്‍ ഇദേഹത്തേയും കുടുംബത്തേയും അസഭ്യം പറയുകായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.ജീവനക്കാരുടെ അസഭ്യവര്‍ത്തമാനം കേട്ട് പരിഭ്രമിച്ച കുട്ടിയുടെ മാനസികനിലയില്‍ വ്യത്യാസമുണ്ടാവുകയും രാത്രി മുഴുവന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണരുകയുമായിരുന്നുവെന്നും ഇത്തരമൊരനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് പോലിസില്‍ പരാതിപ്പെട്ടതെന്നും ശിവശങ്കരന്‍ പറഞ്ഞു.
മുകുന്ദപുരം താലൂക്ക് അദാലത്ത് ആലോചനയോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് അദാലത്തിന്റെ ഭാഗമായി ആലോചനായോഗം ചേര്‍ന്നു.വിവിധ വകുപ്പുകളില്‍ കെട്ടികെടക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിനും പുതുതായി അദാലത്തില്‍ നേരിട്ട് നല്‍ക്കുന്ന പരാതികള്‍ ദ്രൂതഗതിയില്‍ പരിഹരിക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.മാസത്തിലെ മൂന്നാമത്തേ വെള്ളിയാഴ്ച്ച മുകുന്ദപുരം താലൂക്കോഫിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.റേഷന്‍കാര്‍ഡും ചികിത്സാധനസഹായവും ഒഴികെയുള്ള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.അദാലത്തിലേയ്ക്കായി ഇത് വരെ ഏഴ് പരാതികള്‍ മാത്രമാണ് കിട്ടിയിട്ടുള്ളത്.പരാതിക്കാര്‍ എത്രയും വേഗം പരാതികള്‍ സമര്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.എം എല്‍ എ പ്രൊഫ. കെ യു അരുണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ സി ലതിക,ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍,താസില്‍ദാര്‍ മദുസൂദനന്‍,ഡെപ്യൂട്ടി താസില്‍ദാര്‍ ജയന്തി,തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രേമകുട്ടന്‍,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജ് അദ്ധ്യാപക സംഗമം
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കോളേജ് അദ്ധ്യാപക സംഗമം വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഏറ്റവും സീനിയര്‍ അദ്ധ്യാപകനായ പ്രൊഫ. ബാസ്റ്റ്യന്‍ ജോസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയതായി രൂപീകരിച്ച കോളേജ് അദ്ധ്യാപക ഫോറത്തിന്റെ പ്രസിഡന്റായി പ്രൊഫ. സി. വി. ഫ്രാന്‍സിസിനേയും , വൈസ് പ്രസിഡന്റായി പ്രൊഫ. ജെസി ജോളിയേയും, സെക്രട്ടറിയായി പ്രൊഫ. പി. എല്‍. ആന്റണിയേയും, ജോയന്റ് സെക്രട്ടറിയായി പ്രൊഫ. വീണ ബിജോയിയേയും തിരഞ്ഞെടുത്തു. അസിസ്റ്റന്റ് വികാരിമാരായ ഫാ. മില്‍ട്ടണ്‍ തട്ടില്‍ കുരുവിള, ഫാ. അജോ പുളിക്കന്‍, പ്രൊഫ. ബാസ്റ്റിന്‍ ജോസ്, പ്രൊഫ. ഇ. ജെ. വിന്‍സന്റ് എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഫെമിന്‍ ചിറ്റിലപ്പിള്ളി, ട്രസ്റ്റിമാരായ ലോറന്‍സ് ആളൂക്കാരന്‍, ഫ്രാന്‍സിസ് കോക്കാട്ട്, റോബി കാളിയങ്കര എന്നിവര്‍ നേതൃത്വം നല്‍കി. റൂബി ജൂബിലി ജനറല്‍ കണ്‍വീനര്‍ ഒ. എസ്. ടോമി സ്വാഗതവും , ട്രസ്റ്റി പ്രൊഫ. ഇ.ടി. ജോണ്‍ നന്ദിയും പറഞ്ഞു.
സൗജന്യ യോഗക്ലാസുകള്‍ ശനിയാഴ്ച്ച മുതല്‍ ആരംഭിക്കുന്നു
ഇരിങ്ങാലക്കുട: ആര്‍ഷയോഗകേന്ദ്രയുടെ നേതൃത്വത്തില്‍ സ്‌കൂള്‍, എസ്.എസ്.എല്‍.സി, പ്ലസ്ടൂ, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ യോഗപഠനം നടത്തുന്നു. ശനിയാഴ്ച മുതല്‍ ഇരിങ്ങാലക്കുട എസ്.എന്‍.വൈ.എസ്. ലൈബ്രറി ഹാളിലാണ് ക്ലാസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 11.30 വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ക്ലാസ് പ്രമുഖര്‍ നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961227515, 9747430985
മാണിക്യമലരിനു ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക കൂട്ടായ്മ
കരൂപ്പടന്ന : ഒമര്‍ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ‘ഒരു അഡാര്‍ ലവ്വ് ‘എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഗാനത്തിനും ഗാനരചയിതാവ് കരൂപ്പടന്ന സ്വദേശി പി.എം.എ.ജബ്ബാറിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നു. കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 17 ശനിയാഴ്ച വൈകീട്ട് 3.30നു കരൂപ്പടന്ന സ്‌കൂള്‍ ജംഗ്ഷനില്‍ കൂടുന്ന സംഗമം ഗാനം ആദ്യമായി ആലപിച്ച പ്രശസ്ത ഗായകന്‍ തലശ്ശേരി റഫീഖ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരും,കലാസാംസ്‌കാരിക പ്രവര്‍ത്തകരും മറ്റു പ്രമുഖരും പങ്കെടുക്കും.
ജൈവകര്‍ഷക ക്ഷേമ സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചു.
ഇരിങ്ങാലക്കുട മുനിസിപ്പല്‍ പ്രദേശം പ്രവര്‍ത്തനപരിധിയായി ജൈവകര്‍ഷകരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട ജൈവകര്‍ഷക ക്ഷേമ സഹകരണസംഘം ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു. ജൈവകര്‍ഷകര്‍കരെ കൃഷിയുടെ എല്ലാ ഘട്ടത്തിലും സഹായിക്കുകയാണ് സംഘത്തിന്റെ പ്രധാനലക്ഷ്യം. സംഘാടകസമിതിയുടെ ചെയര്‍മാന്‍ സി.കെ. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജൈവകൃഷിയും മണ്ണ് സംരക്ഷണവും എന്ന വിഷയത്തില്‍ ചാവക്കാട് കൃഷി അസി. ഡയറക്ടര്‍ ടി.പി. ബൈജു ക്ലാസ്സെടുക്കുകയും കര്‍ഷകര്‍ക്ക് വിവിധയിനം പച്ചക്കറിത്തൈകളും വിതരണം ചെയ്തു. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരന്‍മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.ബി. രാജുമാസ്റ്റര്‍, സഹകരണ അനുബന്ധ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി പി.എസ്. വിശ്വംഭരന്‍, കൗണ്‍സിലര്‍മാരായ അഡ്വ. പി.സി. മുരളീധരന്‍, പി.വി. പ്രജീഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംഘം പ്രസിഡണ്ട് ടി.എസ്. ബൈജു സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ.യു. വാസുദേവന്‍ നന്ദിയും രേഖപ്പെടുത്തി.
സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു.
എടക്കുളം: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. എടക്കുളം കണക്കശ്ശേരി ശങ്കരപിള്ളയുടെ മകന്‍ ബാലചന്ദ്രന്‍ (60 ) നാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറേമുക്കാലോടെ ചേലൂരില്‍ കെ.എസ് പാര്‍ക്കിന് സമീപം വെച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സ്ട്ടറില്‍ മടങ്ങുകയായിരുന്ന ബാലചന്ദ്രനെ ഏതോ വാഹനം ഇടിച്ചിട്ട് നിറുത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലചന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. തലയ്ക്കും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് എട്ടു ദിവസം വെന്റിലേറ്റര്‍ ഐ.സി.യു.വില്‍ ആയിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ മരണം സംഭവിച്ചു. . ഭാര്യ: ശൈലജ. മകള്‍: ബിജി, മരുമകന്‍: ദിനേശ്.
ഓര്‍മ്മ ഹാളില്‍ ഇന്ന് ക്വീന്‍ കട്ട്‌വേ
ഇരിങ്ങാലക്കുട: സലാം ബോംബെ, മിസിസ്സിപ്പി മസാല തുടങ്ങിയ ചിത്രങ്ങളിലൂടെ സാന്നിധ്യം തെളിയിച്ച മീരാനായര്‍ സംവിധാനം ചെയ്ത ‘ക്വീന്‍ ഓഫ് കട്ട്‌വേ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. ജോണ്‍ കാര്‍ലസ് നിര്‍മ്മിച്ച സിനിമയില്‍ അലക്‌സ് ഹെഫെസ്സ് ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉഗാണ്ടയിലെ കട്ട്‌വേ എന്ന ചേരിയില്‍ താമസിക്കുന്ന ഫിയോണ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് 2016ല്‍ പുറത്തിറങ്ങിയ ചിത്രം പറയുന്നത്. ഒരു പരിപാടില്‍ വച്ച് പരിചയപ്പെടുന്ന മിഷണറി അവളെ ചെസ്സ് പഠിപ്പിക്കുന്നതും പിന്നീട് വുമന്‍ കാന്‍ഡിഡേറ്റ് മാസ്റ്ററുമായി ഉയരുന്നതുമാണ് ചിത്രം പറയുന്നത്. ആഫ്രിക്കന്‍ അമേരിക്കന്‍ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 124 മിനിറ്റാണ്. പ്രവേശനം സൗജന്യമായിരിക്കും.
സംസ്ഥാനത്ത് യാത്രക്കാരെ വലച്ച് സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്ക് തുടങ്ങി.
ഇരിങ്ങാലക്കുട : സംസ്ഥാനത്ത് ബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ്‌സമരം ആരംഭിച്ചു.സമരം ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലെയും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി.നിലവില്‍ പ്രഖ്യാപിച്ച നിരക്കുവര്‍ധന പര്യാപ്തമല്ല എന്നു കുറ്റപ്പെടുത്തിയാണു ബസുടമകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് കെ എസ് ആര്‍ ട്ടി സി അധിക സര്‍വ്വീസ് നടത്തുന്നുണ്ടെങ്കില്ലും ഉള്‍നാടന്‍ പ്രദേശങ്ങളിലേയ്ക്ക് ബസ് സര്‍വ്വീസ് ഇല്ലാത്തതാണ് യാത്രക്കാരെ വലച്ചത്.നിരവധി സര്‍ക്കാര്‍ ഓഫീസുകളും കോടതിയും പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനിലേക്ക് ബസ്സുകള്‍ ഇല്ലാത്തതിനാല്‍ ജീവനക്കാരും പൊതുജനങ്ങളും ബുദ്ധിമുട്ടിലായി.ബസ് സമരത്തേ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങള്‍ നിരത്ത് കീഴടക്കിയിരിക്കുകയാണ്.ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടില്‍ രണ്ടു കെ എസ് ആര്‍ട്ടി സി ബസ്സുകള്‍ സ്‌പെഷ്യല്‍ സര്‍വിസ്സായി ഓടുന്നുണ്ട്. ഇതിനുപുറമെ മൂന്നു ബസ്സുകളുടെ സമയക്രമം മാറ്റിയും സര്‍വിസ്സ് നടത്തുണ്ടെന്നു കെഎസ്ആര്‍ടി സി ഉദോഗസ്ഥര്‍ പറഞ്ഞു .കൊടുങ്ങല്ലൂര്‍ തൃശൂര്‍ റൂട്ടില്‍ പതിവുള്ള മൂന്നു ഷെഡൂള്‍ ബസ്സുകളും ഓടുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 19 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ബസുടമകള്‍ അറിയിച്ചിട്ടുണ്ട്.
ജയസൂര്യയുടെ ക്യാപ്റ്റനില്‍ ഇരിങ്ങാലക്കുടയുടെ ‘അന്ന’
ഇരിങ്ങാലക്കുട: ഇന്ന് റിലീസ് ചെയ്യുന്ന ഗുഡ്‌വിലിന്റെ ബാനറില്‍ ടി എല്‍ ജോര്‍ജ്ജ് നിര്‍മ്മിച്ച ജയസൂര്യ ചിത്രമായ ക്യാപ്റ്റനില്‍ ബാലതാരമായി അഭിനയിക്കുന്നത് ഇരിങ്ങാലക്കുടയിലെ അന്നയാണ്. ഇരിങ്ങാലക്കുട മാളിയേക്കല്‍ വീട്ടിലെ അനൂപ് -സ്മിത ദമ്പതികളുടെ ഏക മകളായ അന്ന ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അനൂപ് സഹൃദയ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായും അമ്മ സ്മിത ക്രൈസ്റ്റ് കോളേജില്‍ ബികോം ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായും ജോലി ചെയ്യുന്നു. ജയസൂര്യമായുള്ള ഇന്റര്‍വ്യൂന് ഇടക്ക് വച്ചാണ് അന്നയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ജയസൂര്യയുടെ നിര്‍ദ്ദേശപ്രകാരമാണ് സിനിമയിലേക്കെടുക്കുന്നത്.ജി പ്രകാശ് സെന്‍ ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിനിമയില്‍ മമ്മൂട്ടി ഗസ്റ്റ് റോളിലും അനുസിത്താര നായികയായും ,കൂടാതെ രഞ്ജി പണിക്കര്‍ ,സിദ്ധിക്ക് ,സൈജു കുറിപ്പ്,ദീപക് പരമ്പോല്‍,ലക്ഷമി ശര്‍മ്മ എന്നിവരും പ്രധാന റോളുകളില്‍ എത്തുന്നു. ഇതിനു പുറമെ തമിഴ് നടനായ ധനുഷിന്റെ പ്രൊഡക്ഷനില്‍ വിനയ് ഫോര്‍ട്ട് നായകനാകുന്ന ലഡ്ഡു എന്ന സിനിമയും ,തനഹ എന്ന ചിത്രവുമാണ് അന്നയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍
ഭാര്യയെ വെട്ടി കൊലപെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങചിറ പോലീസ് സ്റ്റേഷന് സമീപം വാടക വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുട്ടപ്പശേരി വീട്ടില്‍ ഇമ്മാനുവല്‍ (68), ഭാര്യ മേഴ്സി (64) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. സംഭവസമയത്ത് ഇമ്മാനുവലും മേഴ്സിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മേഴ്സിയെ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ചനിലയിലും ഇമ്മാനുവലിനെ മറ്റൊരു മുറിയില്‍ തുങ്ങിമരിച്ച നിലയിലുമാണ് പോലീസ് കണ്ടെത്തിയത്.കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് നിഗമനം. ഒരുവര്‍ഷമായി ഈ വാടകവീട്ടിലാണ് താമസം. ആസാദ് റോഡില്‍ പുതിയതായി വീട് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ആന്ധ്രയില്‍ പോലീസ് ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ സ്വയം വിരമിച്ച് നാട്ടില്‍ കഴിയുകയാണ് ഇമ്മാനുവല്‍. മേഴ്സി ഇരിങ്ങാലക്കുട സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയാണ്. അടുത്തമാസം മകളുടെ പ്രസവ ശുശ്രൂഷക്കായി അമേരിക്കയിലേക്ക് പോകുവാനിരിക്കുകയായിരുന്നു ഇരുവരും. നാല് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ടു മക്കള്‍ വിദേശത്തും ഒരാള്‍ ബാംഗ്ലൂരില്‍ ജോലിയുമാണ്. മക്കള്‍ ഷിനിത, ഷാനിത, ഷിബിത, ഷിജിത, മരുമക്കള്‍: സോണി, വിനിക്, ജിതിന്‍. വീട്ടില്‍ പാല്‍ കൊണ്ടുവന്നു വക്കാനെത്തിയയാളാണ് ആദ്യം വിവരം അറിഞ്ഞത്.ഇമ്മാനുവലിന്റെ ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാര്‍ എസ് ഐ എസ് കെ സുശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
നഗരം നിശ്ചലമായി തേങ്ങലോടെ പോളേട്ടന് വിട
ഇരിങ്ങാലക്കുട : മനസില്‍ തെളിഞ്ഞ് വരുന്ന ഓര്‍മ്മകളിലെ നെമ്പരങ്ങളോടെ തടിച്ച് കൂടിയ ആയിരങ്ങളുടെ പ്രര്‍ത്ഥനകളുമായി എം സി പോളേട്ടന് ഇരിങ്ങാലക്കുട ഹൃദയപൂര്‍വ്വം യാത്രമൊഴി നല്‍കി.ബുധനാഴ്ച്ച മുതല്‍ അണമുറിയാതെ ഒഴുകിയെത്തിയ നൂറ്കണക്കിനാളുകള്‍ ഹൃദയപൂര്‍വ്വം ശിരസ്സ് നമിച്ചാണ് നഗരനായകന് സ്‌നേഹാജ്ഞലി അര്‍പ്പിച്ചത്.വൈകീട്ട് 5ന് വീട്ടില്‍ വെച്ച് നടന്ന സംസ്‌ക്കാര കര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍പോളി കണ്ണൂക്കാടന്‍,ഹൊസൂര്‍ രൂപതാ മെത്രാന്‍ ഫാ. സെബ്യാസ്റ്റാന്‍ പൊഴലിപ്പറമ്പില്‍,സി എം ഐ പ്രൊവന്‍ഷ്യാല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.നിരവധി വൈദീകരും സന്യസ്തരുമടക്കം ആയിരങ്ങള്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.തുടര്‍ന്ന് ഠാണ ജംഗ്ഷന്‍ വഴി വിലാപയാത്രയായി കത്തിഡ്രല്‍ ദേവാലയത്തില്‍ എത്തി.കടകമ്പോളങ്ങള്‍ അടച്ചിട്ട് വ്യാപാരികള്‍ പോളേട്ടനോട് ആദരം പ്രകടിപ്പിച്ചു.സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തീഡ്രല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കത്തിഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.ചാലക്കുടി എം.പി ഇന്നസെന്റ്, കെ.പി.സി.സി സെക്രട്ടറി അബ്രഹാം കെ.കെ, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, കൂടല്‍മാണിക്കം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍, സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ക്രിസ്റ്റി, ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ്, ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസി, ഡി സി സി സെക്രട്ടറി സക്കീര്‍ ഹുസൈന്‍, തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ ടോണി നീലങ്കാവില്‍, മുന്‍ എം.എല്‍.ഐ തോമസ് ചാഴിക്കാടന്‍, ബി ജെ പി ജില്ലാ പ്രസിഡണ്ട് എ നാഗേഷ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി മോഹന്‍ദാസ് തുടങ്ങിയവര്‍ എം സി പോളിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം ഇരിങ്ങാലക്കുട ആലത്തറയക്കല്‍ സര്‍വ്വകക്ഷി അനുസ്മരണസമ്മേളനവും നടന്നു.ഇരിങ്ങാലക്കുട പൗരാവലിയുടെ ആബിമുഖ്യത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ആല്‍ത്തറക്കല്‍ വ്യാഴാഴ്ച്ച വൈകീട്ട് 6ന് ബഹുമാനപ്പെട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട എം എല്‍ ഐ പ്രൊഫ: അരുണന്‍ മാസ്റ്റര്‍, ഡിസിസി പ്രസിഡണ്ട് ടി.എന്‍ പ്രതാപന്‍, മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, മുന്‍ എംഎല്‍എ പി.എ മാധവന്‍, മുന്‍ എം.പി സാവിത്രി ലക്ഷ്മണന്‍, മുന്‍ ഡിസിസി പ്രസിഡണ്ട് ഒ അബ്ദുറഹിമാന്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മനോജ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍ , കെ എസ് ഇ ലിമിറ്റഡ് എം.ഡി എ. പി ജോര്‍ജ്, ബിജെപി നിയോചക മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍ കുമാര്‍, കെ ശ്രീകുമാര്‍ , ടി കെ റിയാസുധിന്‍, ഡോ. മാര്‍ട്ടിന്‍ , ടി കെ വര്‍ഗ്ഗീസ്, ജോണി സെബാസ്റ്റ്യന്‍, തങ്കപ്പന്‍ മാസ്റ്റര്‍, ഡി.സി.സി സെക്രട്ടറിമാരായ എം എസ് അനില്‍കുമാര്‍, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരായ ടി.വി ചാര്‍ളി, വര്‍ഗ്ഗീസ് പുത്തനങ്ങാടി, ടി.വി ജോണ്‍സന്‍, ടി ജെ തോമസ്. എം പി രാജു മാസ്റ്റര്‍, പോളി കുറ്റിക്കാടന്‍, പി ഐ ആന്റണി, ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാട്, എ ഹൈദ്രോസ് തുടങ്ങിയ നേതാക്കര്‍ അനുശോചനം രേഖപ്പെടുത്തി.
സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ഭിന്ന ശേഷിക്കാരുടെ വാഹനറാലി
ഇരിങ്ങാലക്കുട : സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ഭിന്നശേഷിക്കാരുടെ സംഘടന- ഡി.എ.ഡബ്ല്യു.എഫിന്റെ നേതൃത്വത്തില്‍ മുച്ചക്ര വാഹനങ്ങളില്‍ വിളംബര റാലി നടത്തി.ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്തു നിന്നാരംഭിച്ച റാലി സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയംഗം എം.ബി.രാജു ഉദ്ഘാടനം ചെയ്തു.ഡി.എ.ഡബ്ല്യു.എഫ് ജില്ലാ പ്രസിഡണ്ട് മണികണ്ഠന്‍ മാപ്രാണം, സെക്രട്ടറി കെ.കെ.ഷാജു, സുധീഷ് നെടുമ്പാള്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.