ഇരിങ്ങാലക്കുടക്കാരന്‍ ജിജു അശോകന്റെ പുതിയ ചിത്രമായ ‘പ്രേമസൂത്ര’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

1125
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സ്വന്തം ജിജു അശോകന്റെ ഏറ്റവും പുതിയ ചിത്രമായ പ്രേമസൂത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിനു ശേഷം കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി.രഘുനാഥന്‍ നിര്‍മ്മിച്ച് ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം. അശോകന്‍ ചെരുവിലിന്റെ ചെറുകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിനു വേണ്ടി സ്വതന്ത്രരചന നിര്‍വ്വഹിച്ചിരിക്കുന്നത് ജിജു തന്നെയാണ്. ചിത്രത്തില്‍ ബി.കെ.ഹരിനാരായണന്‍, ജിജു അശോകന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപീസുന്ദര്‍ ആണ് സംഗീതം നല്‍കുന്നത്. ഇതിനു മുമ്പ് ജിജു അശോകന്‍ നാല് സിനിമകളാണ് ചെയ്തിരിക്കുന്നത്- ഷേക്‌സ്പിയര്‍ എം.എ.മലയാളം, ഒരിടത്തൊരു പുഴയുണ്ട്, ലാസ്റ്റ് ബെഞ്ച്, ഉറുമ്പുകള്‍ ഉറങ്ങാറില്ല. ഇതില്‍ത്തന്നെ ലാസ്റ്റ് ബെഞ്ച്, ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്നീ സിനിമകളുടെ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം ജിജു അശോകനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജിജു കഥയും തിരക്കഥയുമൊരുക്കിയ ഒരിടത്തൊരു പുഴയുണ്ട് എന്ന സിനിമ സംവിധാനം  ചെയ്തത് കലവൂര്‍ രവികുമാര്‍ ആണ്. ഈ സിനിമയ്ക്ക് കേരള സംസ്ഥാന ഫിലിം അവാര്‍ഡും കിട്ടിയിട്ടുണ്ട്. മാതൃഭൂമിയുടെ ബാലപംക്തിയില്‍ ചെറുകഥകള്‍ എഴുതിയാണ് ജിജു ചലച്ചിത്രരംഗത്തേക്ക് വരുന്നത്. ജിജു അശോകന്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രേമസൂത്രം. പ്രണയിക്കുന്നവര്‍ക്കൊരു പാഠപുസ്തകം എന്ന ശീര്‍ഷകത്തോടെ ഇറങ്ങിയ സിനിമയുടെ ടീസര്‍ ഇപ്പോള്‍ത്തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണയത്തിന്റെ പാഠപുസ്തകമാകുന്ന ഒരാളുടെ രസകരമായ കഥാംശത്തെ ഇതിവൃത്തമാക്കുന്ന ചിത്രമാണ് പ്രേമസൂത്രം. ചിരിയും ചിന്തയും കോര്‍ത്തിണക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. പാലക്കാട് ജില്ലയിലെ കിഴക്കന്‍ പ്രദേശമായ മാത്തൂര്‍ പഞ്ചായത്തിലെ വിശാലമായ കാപ്പിക്കാടെന്ന വനാതിര്‍ത്തിയിലാണ് പ്രേമസൂത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. പ്രണയിക്കുന്നവരുടെ മാര്‍ഗ്ഗദര്‍ശിയായ വി.കെ.പി.യെന്ന പ്രണയഗുരുവിന്റെ പ്രണയവഴുകളിലൂടെ സഞ്ചരിക്കുന്ന സിനിമയില്‍ പ്രണയഗുരുവായി എത്തുന്നത് ചെമ്പന്‍ വിനോദും ശിഷ്യനായ പ്രകാശനായി എത്തുന്നത് ബാലു വര്‍ഗ്ഗീസുമാണ്. ശശാങ്കന്‍, ധര്‍മ്മരാജന്‍, സുധീര്‍കരമന, ശ്രീജിത്ത് രവി, വിഷ്ണു ഗോവിന്ദന്‍, വിജിലേഷ്, സുമേഷ്, വെട്ടുകിളി പ്രകാശ്, ഇന്ദ്രന്‍സ്, ലിജോ മോള്‍, അനുമോള്‍, നീരജ, മഞ്ജു, അഞ്ജലി എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

ടീസര്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Advertisement