നടവരമ്പ്: അണ്ടാണിക്കുളത്തിന് സമീപം ബൈക്കും വാനും കൂട്ടിയിടിച്ചു മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.ബെക്ക് യാത്രക്കാരായഎസ്.എന്‍.എം.മാല്യേങ്കര കോളേജിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികളായ നാരായണമംഗലം പടമാടത്ത് ദേവന്റെ മകന്‍ ആല്‍വിനും (21) , പള്ളിപ്പുറം ചാലിക്കാരന്‍ ശിവന്റെ മകന്‍ അഖിലി(21) നും കാറ് ഡ്രൈവറായിരുന്ന വലപ്പാട് ഊക്കന്‍വീട്ടില്‍ ക്രിസ്റ്റിന്‍ (21) എന്നവര്‍ക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. കൊടുങ്ങല്ലൂര്‍ക്ക് പോയിരുന്ന ബൈക്കും അണ്ടാണിക്കുളം റോഡില്‍ നിന്ന് വന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഠാണാ – ബസ്സ്റ്റാന്‍ഡ് റോഡ് നിര്‍മാണം അട്ടിമറിച്ചതായി കേരള കോണ്‍ഗ്രസ് (എം)
ഇരിങ്ങാലക്കുട: ഠാണാ – ബസ്സ്റ്റാന്‍ഡ് റോഡ് നിര്‍മാണത്തില്‍ പൊതുമരാമത്ത് വകുപ്പ് കടുത്ത കെടുകാര്യസ്ഥത കാട്ടിയിരിക്കുന്നുവെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. യു ഡി എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അനുവദിച്ച ഒരു കോടി രൂപയില്‍ നിന്നും മുപ്പത് ലക്ഷം രൂപയോളം പ്രവൃത്തി ചെയ്യാതെ നഷ്ടപ്പെടുത്തി.ഈ റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ഉപയോഗിച്ച് വീതി കൂട്ടുകയും നിലവിലെ റോഡിന്റെ അറ്റകുറ്റപണികള്‍ ചെയ്യുകയും ഫുട്പാത്ത് ടൈല്‍ വിരിച്ച് കൈവരി സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്ന പ്രവൃത്തി.എന്നാല്‍ നിലവിലുള്ള റോഡിന്റെ 66 ശതമാനം മാത്രം വീതി കൂട്ടി നിര്‍മിക്കുന്ന പ്രവൃത്തി മാത്രമാണ് നടന്നതെന്നും.റോഡിന്റെ മറ്റു ഭാഗങ്ങളില്‍ വീതി കൂട്ടുകയോ എസ്റ്റിമേറ്റില്‍ ഉണ്ടായിരുന്ന മറ്റു പ്രവൃത്തികള്‍ നടത്തുകയോ ചെയ്യാതെ പണി അവസാനിപ്പിക്കുകയായിരുന്നുവെന്നും. ഒരു കോടി രൂപയില്‍ 70 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചതെന്നും. ബാക്കി സംഖ്യ ഒരു സങ്കോചവും കൂടാതെ ലാപ്‌സാക്കി കളയുകയും ചെയ്യുകയായിരുന്നുവെന്നും . ഇതിനിടയാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ധര്‍ണയില്‍ ആവശ്യപ്പെട്ടു.സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരന്‍ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ബിജു ആന്റണി, പി.ടി.ജോര്‍ജ്, സിജോയ് തോമസ്, ശിവരാമന്‍, ഷോബി പള്ളിപ്പാട്ട്, സുശീലന്‍ പൊറത്തിശ്ശേരി, നോബിള്‍, ഡെന്നി കണ്ണംകുന്നി, തുഷാര, ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
എ ഐ എസ് എഫ് പടിയൂര്‍ പഞ്ചായത്ത് സമ്മേളനം
പടിയൂര്‍ : എ ഐ എസ് എഫ് പടിയൂര്‍ പഞ്ചായത്ത് സമ്മേളനം സഖാവ് വി.വി രാമന്‍ സ്മാരക മന്ദിരത്തില്‍ നടന്നു. എ ഐ എസ് എഫ് പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സ:K.Tകാര്‍ത്തിക് പതാക ഉയര്‍ത്തി .തുടര്‍ന്ന നടന്ന സമ്മേളനം എ ഐ എസ് എഫ് ജില്ലാ പ്രസിഡണ്ട് സ: സുബിന്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ ശ്യാംകുമാര്‍, അരുണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. AIYF സംസ്ഥാന കമ്മറ്റി അംഗം k.c ബിജു, KS രാധാകൃഷ്ണന്‍ (പടിയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി), വിഷ്ണു ശങ്കര്‍ ,TVവിബിന്‍, Kv രാമകൃഷ്ണന്‍, ബാബു ചിങ്ങാരത്ത് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.പ്രസിഡണ്ടായി ഗോകുല്‍സുരേഷിനേയും സെക്രട്ടറിയായി പി.എസ് മിഥുനേയും തിരഞ്ഞെടുത്തു.
സന്ധ്യയ്ക്ക് വിഷുകൈനീട്ടമായി റോട്ടറി ക്ലബിന്റെ പുതിയ വീട്
ഇരിങ്ങാലക്കുട : കിഴുത്താണി സ്വദേശി വടക്കുമുറി പരേതനായ ജയന്റെ ഭാര്യ സന്ധ്യയ്ക്ക് വിഷുകൈനീട്ടമായി റോട്ടറി ക്ലബ് ഇരിങ്ങാലക്കുട പുതിയ വീട് നിര്‍മ്മിച്ച് നല്‍കുന്നു.സന്ധ്യയുടെ കുടുംബത്തിന്റെ വിഷമതകള്‍ മനസിലാക്കിയാണ് 6 ലക്ഷം രൂപ ചിലവില്‍ 600 സ്‌ക്വയര്‍ മീറ്ററില്‍ റോട്ടറി ക്ലബി വീട് നിര്‍മ്മിച്ച് നല്‍കുന്നത്.റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഇതിന് മുന്‍പും മറ്റൊരു വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ദാനം ഏപ്രില്‍ 14ന് രാവിലെ 10.30 ന് റോട്ടറി ക്ലബ് ഡിസ്റ്റിട്രിക് ഗവര്‍ണര്‍ ഡെസിഗ്നേറ്റ് മാധവ് ചന്ദ്രന്‍ നിര്‍വഹിയ്ക്കും.റോട്ടറി ക്ലബ് പ്രസിഡന്റ് പി ടി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ രാജേഷ് മേനോന്‍ ജി ജി ആര്‍ സച്ചിത്ത്,സെക്രട്ടറി രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിഷുവിനേ വരവേല്‍ക്കാന്‍ ഗ്രീന്‍പുല്ലൂര്‍ വിഷുവിപണി
പുല്ലൂര്‍ : വിഷുവിനേ വരവേല്‍ക്കാന്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ വിഷുവിപണി ആരംഭിച്ചു.50 ല്‍ പരം വിഷുവിഭവങ്ങള്‍ ഒരുക്കിയാണ് ഗ്രീന്‍പുല്ലൂര്‍ വിഷുവിപണി ആരംഭിച്ചിരിക്കുന്നത്.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ മുന്‍ ഭരണസമിതി അംഗം കെ സി ഗംഗാധരന്‍ മാസ്റ്റര്‍ക്ക് കണിവെള്ളരി നല്‍കി ഗ്രീന്‍പുല്ലൂര്‍ വിഷിവിപണി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിതരാജന്‍,വാര്‍ഡംഗം തോമസ് തൊകലത്ത്,മുന്‍പ്രസിഡന്റ് ടി കെ കരുണാകരന്‍,വൈസ്പ്രസിഡന്റ് എന്‍ കെ കൃഷ്ണന്‍,മുന്‍പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ തേറാട്ടില്‍,വിനയം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഭരണസമിതി അംഗം സജന്‍ കാക്കനാട് സ്വാഗതവും സെക്രട്ടറി സ്വപ്‌ന സി എസ് നന്ദിയും പറഞ്ഞു.ഭരണസമിതി അംഗങ്ങളായ രാജേഷ് പി വി,ശശി ടി കെ,മണി പി ആര്‍,രേഖ സുരേഷ്,ജോന്‍സി ജോസ്,ഷീല ജയരാജ്,ബിന്ദുമണികണ്ടന്‍,അനില്‍ വര്‍ഗ്ഗീസ്,ചന്ദ്രന്‍ കിഴക്കേവളപ്പില്‍ എന്നിവര്‍ വിഷുവിപണിയ്ക്ക് നേതൃത്വം നല്‍കി.ഏപ്രില്‍ 12,13,14 തിയ്യതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വിപണി പ്രവര്‍ത്തിക്കുന്നത്.ഗ്രീന്‍പുല്ലൂര്‍ സ്വയംസഹായ സംഘങ്ങള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ ,ജെ എല്‍ സി ഗ്രൂപ്പുകള്‍ എന്നിവരുടെ നാടന്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.
ഡ്യൂക്ക് ബൈക്കില്‍ മാലമോഷണം നടത്തുന്ന സംഘം ഇരിങ്ങാലക്കുട പോലീസ് വലയില്‍
ഇരിങ്ങാലക്കുട:ഡ്യൂക്ക് ബൈക്കില്‍ എത്തി സ്‌കൂട്ടര്‍ യാത്രക്കാരികളായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വര്‍ഗ്ഗീസ്, സി.ഐ.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. പറപ്പൂക്കര രാപ്പാള്‍ സ്വദേശി കരുവാന്‍ വീട്ടില്‍ സുബ്രന്‍ മകന്‍ സുജില്‍ 20 വയസ്സ്, കോടാലി മൂന്നു മുറി സ്വദേശി പള്ളത്തേരി വീട്ടില്‍ വേലായുധന്‍ മകന്‍ മിന്നല്‍ കാര്‍ത്തി എന്നു വിളിക്കുന്ന കാര്‍ത്തികേയന്‍ 24 വയസ്സ്, ഇവരുടെ സുഹൃത്തും സംഘത്തിലെ പ്രധാനിയുമായ വിദ്യാര്‍ത്ഥിയുമാണ് പിടിയിലായത്.120 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കോടിക്കുന്ന ഇയാളാണ് സൂത്രധാരന്‍.കൊടുങ്കാറ്റ് വേഗതയില്‍ ഓടിച്ച് പോകാന്‍ സാധിക്കുന്ന ആഢംബര ബൈക്കായ ഡ്യൂക്ക് ഉപയോഗിച്ചാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്.ആറോളം കേസുകളാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.എന്നാല്‍ പാളിപോയ ശ്രമങ്ങളായി മോഷണപരിശിലന കാലത്ത് 50 ഓളം എണ്ണം ഉള്ളതായി ഇവര്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്.പലതും മുക്കുപണ്ടമായും മാല പൊട്ടതെയും പോയിട്ടുണ്ട്.ആഢംബര ജീവിതം നയിക്കുന്നതിനാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്.ഇക്കഴിഞ്ഞ ശനിയാഴ്ച വാടാനപ്പിള്ളി ദേശീയപാത 17ല്‍ രാവിലെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന എടക്കുളം സ്വദേശിയായ യുവതിയുടെ എട്ടര പവന്‍ സ്വര്‍ണ്ണമാലയാണ് ഇവര്‍ ബൈക്കില്‍ പിന്‍തുടര്‍ന്ന് പൊട്ടിച്ചെടുത്തത്.ഇവരുടെ ആക്രമണത്തില്‍ യുവതിയും പുറകിലിരുന്ന പെണ്‍കുട്ടിയും റോഡിലേക്ക് തെറിച്ചു വീണിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് പിന്നില്‍ വന്നിരുന്ന ബസ്സിനടിയില്‍പ്പെടാതെ ഇവര്‍ രക്ഷപ്പെട്ടത്.ഈ മാസം നാലാം തിയ്യതി രാത്രി ഏഴര മണിക്ക് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നെല്ലായി സ്വദേശിയായ യുവതിയെ ആക്രമിച്ച് അഞ്ച് പവന്‍ മാല ഇവര്‍ പൊട്ടിച്ചിരുന്നു. ചുരിദാറിന്റെ ഷാളില്‍ കുടുങ്ങിയതിനാല്‍ മാലയുടെ പകുതി മാത്രമേ നഷ്ടപ്പെട്ടുള്ളു.കൂടാതെ മാര്‍ച്ച് പത്താം തിയ്യതി രാവിലെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇരിങ്ങാലക്കുട തേലപ്പിള്ളി സ്വദേശിനികളായ പെണ്‍കുട്ടികളില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടിയെ കാറളം ബണ്ടിനടുത്തു വച്ച് കഴുത്തിലടിച്ച് മൂന്നേ മുക്കാല്‍ പവന്‍ മാലയും ഫെബ്രുവരിയില്‍ അന്തിക്കാട് ചാഴൂരില്‍ സ്‌കൂട്ടറിനു പുറകിലിരുന്നു സഞ്ചരിച്ച യുവതിയുടെ പത്ത് പവന്‍ മാല പൊട്ടിച്ചതും ഇവരാണ്. പിടിവലിയില്‍ ഇവര്‍ താഴെ വീണതിനാല്‍ താലി മാത്രമേ അന്ന് നഷsപ്പെട്ടുള്ളു. എന്നാല്‍ പരുക്കേറ്റ ഇവര്‍ ഒന്നര മാസത്തോളം കിടപ്പിലായി. ഒരാഴ്ചക്കു ശേഷം ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ രാത്രി സഞ്ചരിക്കുമ്പോള്‍ മൂര്‍ക്കനാട് സ്വദേശിനിയുടെ രണ്ടര പവനും ഡിസംബറില്‍ കുരിയച്ചിറ ഒല്ലൂര്‍ റോഡില്‍ വച്ച് അളഗപ്പനഗര്‍ സ്വദേശിനിയുടെ മൂന്നു പവന്‍ മാലയും ഇവര്‍ മോഷ്ടിച്ചിരുന്നു.ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വര്‍ഗ്ഗീസ്, ഇന്‍സ്‌പെക്ടര്‍ എം.കെ. സുരേഷ് കുമാര്‍, ഡി.വൈ.എസ്.ഷാഡോ അംഗങ്ങളായ സീനിയര്‍ സി.പി.ഒ. മുഹമ്മദ് അഷറഫ്, എം.കെ.ഗോപി, ഇ.എസ്.ജീവന്‍,എ.എസ്.ഐ. പി.കെ.ബാബു, സീനിയര്‍ സി.പി.ഒ ഡെന്നിസ്,ഷഫീര്‍ ബാബു റെജിന്‍. എന്നിവരാണ് കേസന്വോഷണത്തില്‍ ഉണ്ടായിരുന്നത്.
ഓപ്പറേഷന്‍ ത്രിവര്‍ണ്ണ അഭിമാനത്തോടെ ഇരിങ്ങാലക്കുട പോലീസ്
ഇരിങ്ങാലക്കുട,ചാലക്കുടി സബ് ഡിവിഷനുകളില്‍ കഴിഞ്ഞ ആറ് മാസത്തോളമായി മാല പൊട്ടിക്കല്‍ പരമ്പരകളാണ് നടന്നത്.ഇതേ തുടര്‍ന്ന് റൂറല്‍ എസ്.പി. യതീഷ് ചന്ദ്ര ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസ്, ഷാഡോ അംഗങ്ങളായ സീനിയര്‍ സി.പി.ഒ. മുഹമ്മദ് അഷറഫ്, എം.കെ. ഗോപി, ഇ.എസ്. ജീവന്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓപ്പറേഷന്‍ ത്രിവര്‍ണ്ണ എന്ന പേരില്‍ രൂപീകരിച്ച പ്രത്യേക അന്വോഷണ സംഘം ദിവസങ്ങള്‍ക്കകമാണ് പ്രതികളെ പിടികൂടിയത്.ഈ അന്വേഷണ സംഘം തന്നെയാണ് ദിവസങ്ങള്‍ക്കു മുന്‍പ് മതിലകം അസ്മാബി കോളജ് പ്രിന്‍സിപ്പാളിനെ ആക്രമിച്ച പ്രതികളെ പിടികൂടിയത്. ആയിരത്തോളം ബൈക്കുകളും, അതിന്റെയൊക്കെ ഉടമകളുടേയും വിവരങ്ങള്‍ ശേഖരിച്ചും, ബൈക്കുകള്‍ വാടകയ്ക്ക് കൊടുക്കുന്നവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച ഹൈ സ്പീഡ് ബൈക്കുകളും മോഷണമുതലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 25 പവനോളം സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. ഈ കേസില്‍ സ്വര്‍ണ്ണം വാങ്ങിയവര്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികളെ പോലീസ് അന്വോഷിച്ചുവരുന്നു. അമ്പതോളം സ്ഥലങ്ങളില്‍ ഇവര്‍ മാല പൊട്ടിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് ഡി.വൈഎസ്.പി പറഞ്ഞു. ചിലയിടങ്ങളില്‍ മോഷ്ടാക്കളുടെ കയ്യില്‍ നിന്ന് താഴെ വീണും തിരിച്ചുകിട്ടിയതിനാലും മറ്റു സ്ഥലങ്ങളില്‍ മുക്കുപണ്ടങ്ങളും,മുത്തുമാല കളും ആയതിനാലും പരാതിപ്പെടാത്ത സംഭവങ്ങള്‍ നിരവധിയാണ്. രാത്രി വാടകയ്ക്ക് ബൈക്ക് എടുത്ത് രാവിലെ തന്നെ ഇരകളെ തേടിയിറങ്ങുന്ന ഇവര്‍ പോലീസ് ചെക്കിംങ്ങും ആള്‍ത്തിരക്ക് ഇല്ലാത്ത സ്ഥലങ്ങളും തേടി ഇരകള്‍ക്കു പിന്നാലെ കിലോമീറ്ററുകളോളം സഞ്ചരിച്ച സംഭവങ്ങളും ഉണ്ടെത്രേ
ഹര്‍ത്താല്‍ ചതിച്ചു : വധു വിവാഹ വേദിയില്‍ നിന്നും പരിക്ഷ ഹാളിലേയ്ക്ക്
പടിയൂര്‍ : ജീവിതത്തിന്റെ പരിക്ഷണങ്ങള്‍ ആരംഭിക്കുന്നത് വൈവാഹിക ജീവിതം ആരംഭിക്കുന്നതോടെയാണ് എന്ന് ചിലര്‍ പറയുമെങ്കില്ലും വിവാഹ വേദിയില്‍ നിന്ന് പരിക്ഷഹാളിലേയ്ക്ക് നേരെ പോവുക എന്നത് ശരിക്കും ഒരു പരിക്ഷണം തന്നേയാണ്.പടിയൂര്‍ സ്വദേശി മതിലകത്ത് വീട്ടില്‍ അബ്ദുള്‍ കരീമിന്റെയും നൗഷത്തിന്റെയും മകള്‍ നുസ്‌റത്തിനാണ് വിവാഹവേദിയില്‍ പരിക്ഷഹാളിലേയ്ക്ക് മരണപാച്ചില്‍ നടത്തേണ്ടി വന്നത്.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബികോം (സി എ) ഫൈനല്‍ സെമസ്റ്റര്‍ ടാക്‌സ് പേപ്പര്‍ പരിക്ഷ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നടത്തേണ്ടിയിരുന്നത്.അതനുസരിച്ചാണ് വിവാഹവും വ്യാഴാഴ്ച്ചയിലേയ്ക്ക് പ്ലാന്‍ ചെയ്തിരുന്നത്.എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ഹര്‍ത്താല്‍ എല്ലാ പ്ലാനുകളും പൊളിക്കുകയായിരുന്നു.തിങ്കളാഴ്ച്ചയിലെ പരിക്ഷ വ്യാഴാഴ്ച്ചയിലേയ്ക്ക് മാറ്റിവെച്ചു.വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്ന നുസ്‌റത്തിന്റെ കുടുംബത്തിന് വിവാഹം മാറ്റിവെയ്ക്കുക എന്നത് പ്രായോഗികമായിരുന്നുന്നില്ല.ഭാവി വരന്‍ മതിലകത്ത് വീട്ടില്‍ നൂറുദിന്റെ മകന്‍ ഫവാസിന്റെയും കുടുംബത്തിന്റെയും അനുവാദത്തോടെ നിക്കാഹ് കഴിഞ്ഞ ഉടന്‍ തരണനെല്ലൂര്‍ കോളേജിലെ പരിക്ഷ ഹാളിലേയ്ക്ക് പായുകയായിരുന്നു നുസ്‌റത്ത്.പരിക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത് വാഹനത്തില്‍ ഇരുന്നാണ്.പരിക്ഷ കാരണം കൂട്ടുക്കാരിയുടെ വിവാഹത്തിന് പോകാന്‍ സാധിക്കാതിരുന്ന കൂട്ടുക്കാര്‍ക്കും ടീച്ചര്‍മാര്‍ക്കും വിവാഹ വേഷത്തില്‍ പരിക്ഷയ്ക്ക് എത്തിയ നുസ്‌റത്തിനെ കണ്ട് അത്ഭുതമായി.പരിക്ഷ കഴിയുന്നത് വരെ നവവരന്‍ ജീവിതപങ്കാളിയ്ക്കായി പരിക്ഷഹാളിന് പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു.പരിക്ഷയ്ക്ക് ശേഷം ഉടന്‍ തന്നേ വൈകീട്ടത്തേ റിസ്പഷനായി ഇരുവരും പുറപ്പെട്ടു.
STILLS : DHARUN DHAMODHER
ആനന്ദപുരം പള്ളിയില്‍ ഗ്രേയ്‌സ് ഫെസ്റ്റിന് തുടക്കമായി
ആനന്ദപുരം: ചെറുപുഷ്പം ദേവാലയത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള അവധിക്കാല പഠന ക്യാമ്പ് ‘ഗ്രേയ്‌സ് ഫെസ്റ്റ് ‘ ആരംഭിച്ചു. വികാരി ഫാ.ആന്‍ഡ്രൂസ് ചെതലന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ജോബി കണ്ണംമഠത്തി അധ്യക്ഷത വഹിച്ചു.ദൈവപരിപാലന സഭ അസി. ഡെലിഗേറ്റ് സുപ്പീരിയര്‍ മദര്‍ മേരി റാഫേല്‍, കൈക്കാരന്‍ പോള്‍ ഇല്ലിക്കല്‍, പ്രധാനധ്യാപിക ജോളി ജോയി മംഗലത്ത്, ജോസഫ് കാളന്‍, ഡേവിസ് പഴയാറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു.സിസ്റ്റര്‍ ഗ്ലോറിയ, സിസ്റ്റര്‍ ഐറിന്‍ മരിയ, സിസ്റ്റര്‍ വിനയ, സിസ്റ്റര്‍ നവ്യ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു..ഡിഡിപി സിസ്റ്റേഴ്‌സാണ് ഗ്രേയ്‌സ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്.
‘കില്ല’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു
ഇരിങ്ങാലക്കുട : 2015ലെ മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ‘കില്ല’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു.. പിതാവിന്റെ മരണത്തിന് ശേഷം അമ്മയോടൊപ്പം പൂനെയില്‍ നിന്ന് കടല്‍ത്തീര ഗ്രാമത്തിലേക്ക് എത്തിപ്പെടുന്ന 11 വയസ്സുകാരന്‍ പുതിയ സ്‌കൂളിനോടും ചങ്ങാതിമാരോടും ചുറ്റുപാടുകളോടും ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.അവിനാശ് അരുണ്‍ സംവിധാനം ചെയ്ത ചിത്രം 64 മത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പുരസ്‌കാരം നേടിയിരുന്നു. സമയം 107 മിനിറ്റ് .ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യം.
പഠനം സേവനമാക്കി ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികള്‍ : വീല്‍കെയര്‍ പദ്ധതി ഉദ്ഘാടനം ഏപ്രില്‍ 13ന്
ഇരിങ്ങാലക്കുട : പഠനം എന്നത് പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്ന തിരിച്ചറിവില്‍ പഠിച്ച വിദ്യ സേവന മേഖലയിലേയ്ക്ക് കൂടി വഴിതിരിച്ച് വിടുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ്.കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംങ്ങ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തന്നേ രൂപകല്‍പന ചെയ്ത് സ്വയം നിര്‍മ്മിച്ച വീല്‍ ചെയറുകള്‍ ജില്ലയിലെ നിര്‍ദ്ധനരായ രോഗികള്‍ക്കാശ്വമായി നല്‍കുന്നു.വീല്‍ കെയര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 13ന് വെള്ളിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥ് നിര്‍വഹിക്കും.പദ്ധതിയുടെ ആലോചന തുടങ്ങിയ സമയത്ത് തന്നേ ജില്ലാ,താലൂക്ക് ആശുപത്രിയിലെയും,പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളും നേരീട്ട് സന്ദര്‍ശിച്ച് രോഗികളുടെയും ഡോക്ടര്‍മാരുടെയും വീല്‍ചെയര്‍ എങ്ങനേ വേണമെന്ന ആവശ്യകത മനസിലാക്കിയാണ് ഓരോ വീല്‍ചെയറും നിര്‍മ്മിച്ചിരിക്കുന്നത്.പദ്ധതിയ്ക്ക് സമൂഹത്തിലെ വിവിധതലത്തില്‍ നിന്നും സ്‌പോണ്‍ഷര്‍ഷിപ്പ് ലഭിച്ചതോടെ പദ്ധതിയുടെ ആദ്യഘട്ടമായി 37 വീല്‍ചെയറുകള്‍ പൂര്‍ത്തിയാവുകയായിരുന്നു.എം എല്‍ എ കെ യു അരുണന്‍ എം എല്‍ എ പ്രൊഫ. കെയു അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എം പി സി എന്‍ ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തും.ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു,ദേവമാത പ്രൊവിന്‍ഷ്യാല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി,കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര തുടങ്ങിയവര്‍ സംസാരിക്കും.
ഊരകം എടക്കാട്ട് പാടശേഖരത്തില്‍ വന്‍ തീപിടുത്തം
പുല്ലൂര്‍ :ഊരകം എടക്കാട്ട് ശിവക്ഷേത്ത്രതിന് സമീപത്തേ എടക്കാട്ട് പാടശേഖരത്തില്‍ വന്‍ തീപിടുത്തം.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് പാടത്ത് തീപടരുന്ന നാട്ടുക്കാരുടെ ശ്രദ്ധയില്‍പെടുന്നത്.തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.പാടത്ത് കാറ്റുണ്ടായതിനാല്‍ തീ ആളിപടരുകയും രക്ഷാപ്രവര്‍ത്തനം വിഷമത്തിലാവുകയുമായിരുന്നു.കനത്ത ചൂടില്‍ ഉണങ്ങിയ പുല്ലിന് തീപിടിച്ചതാകുമെന്ന് കരുതുന്നു.തീ അണച്ചതിന് ശേഷം വീണ്ടും മണിക്കൂറകള്‍ക്ക് ശേഷം പാടത്തിന് തീ പിടിച്ചു.മടങ്ങിപ്പോയ ഫയര്‍ഫോഴ്‌സ് തിരികെ വന്നാണ് തീ നിയന്ത്രിച്ചത്.കഴിഞ്ഞ വര്‍ഷവും സമിപത്തേ പാടങ്ങളില്‍ വന്‍ തോതില്‍ ഇതേ സമയങ്ങളില്‍ തീപിടുത്തം ഉണ്ടായിരുന്നു.ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ നാട്ടുക്കാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിദേയമാക്കിയത്.
ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടികയറി.
പുല്ലൂര്‍ : ഊരകം വി .യൗസേപ്പിതാവിന്റെ ദേവാലയത്തിലെ നേര്‍ച്ച ഊട്ടുതിരുന്നാളിന് കൊടികയറി. ഇരിങ്ങാലക്കുട രൂപതാ ചാന്‍സലര്‍ റവ.ഫാദര്‍ ഡോ.നെവിന്‍ ആട്ടോക്കാരന്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഏപ്രില്‍ 12 മുതല്‍ 20 വരെ നവനാള്‍ വാരവും ഏപ്രില്‍ 21 കൂടുതുറക്കലും വിശുദ്ധ രൂപം എഴുള്ളിപ്പും വീടുകളിലേക്ക് അമ്പുപ്രദിക്ഷണവും 8.30ന് യൂണിറ്റുകളില്‍ നിുള്ള അമ്പുപ്രദിക്ഷണസമാപനവും നടക്കും. ഏപ്രില്‍ 22 ന് തിരുന്നാള്‍ ദിന പരിപാടികള്‍ കാലത്ത് 6.30, 8.00, 10.00 ന് വിശുദ്ധ കുര്‍ബാനകളും പതിനായിരത്തില്‍പരം വിശ്വാസികള്‍ പങ്കെടുക്കുന്ന നേര്‍ച്ച ഊട്ടും ഉച്ചതിരിഞ്ഞ് 4 മണിക്ക് തിരുന്നാള്‍ പ്രദിക്ഷണവും വൈകീട്ട് 7 മണിക്ക് സമാപനവും നടക്കും .ഏപ്രില്‍ 23 ന് പൂര്‍വ്വികരുടെ ഓര്‍മ്മ പെരുന്നാളും നടത്തപ്പെടുന്നു.ഊരകത്തെ വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹം നേടി ആയിരങ്ങളാണ് നൊവേനക്കും തിരുന്നാളിനും നേര്‍ച്ച ഊട്ടിനും എത്തിച്ചേരുന്നത്.തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി റവ.ഫാ.ബെഞ്ചമിന്‍ ചിറയത്തിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികളാണ് പ്രവര്‍ത്തിച്ചുവരുന്നത്.
വിപിൻ ദാസിനും സുവർണ്ണയ്ക്കും വിവാഹദിന മംഗളാശംസകൾ
വിപിൻ ദാസിനും സുവർണ്ണയ്ക്കും വിവാഹദിന മംഗളാശംസകൾ
വര്‍ത്തമാന ഇന്ത്യയില്‍ അധ്വാനവര്‍ഗ്ഗം നടത്തുന്ന പോരാട്ടങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമാകുന്നു : ബേബി ജോണ്‍
ഇരിങ്ങാലക്കുട : വര്‍ത്തമാന ഇന്ത്യയില്‍ നിലനില്പിനായി അധ്വാനവര്‍ഗ്ഗം നടത്തുന്ന പോരാട്ടങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഏറെ ശ്രദ്ധേയമാകുകയാണെന്ന് കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി ജോണ്‍ അഭിപ്രായപ്പെട്ടു.അഖിലേന്ത്യാ കിസാന്‍ സഭയുടെ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട എസ് എന്റ് എസ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.ജനകീയ ജനാധിപത്യ വിപ്ലവ പോരാട്ട പാതയില്‍ മണ്ണില്‍ പണിയെടുക്കുന്നവരുടെ വീര്യം നിറഞ്ഞ സമരങ്ങള്‍ ആവേശവും, പ്രതീക്ഷയും നല്‍കുന്നതാണെന്നും അദേഹം കൂട്ടിചേര്‍ത്തു.’ കിസാന്‍ സഭാ രൂപീകരണവും ,ഇന്നത്തെ കടമകളും ‘ എന്ന വിഷയത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചത്.ജില്ലാ വൈസ് പ്രസിഡന്റ് അമ്പാടി വേണു അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍,പി കെ ഡേവീസ് മാസ്റ്റര്‍,എ എസ് കുട്ടി,സെബി ജോസഫ്,കെ വി രവിന്ദ്രന്‍,കെ സി പ്രേമരാജന്‍,ഉല്ലാസ് കളക്കാട്ട്,എന്നിവര്‍ സംസാരിച്ചു.പി ആര്‍ വര്‍ഗ്ഗീസ് സ്വാഗതവും,ടി ജി ശങ്കരനാരായണന്‍ നന്ദിയും പറഞ്ഞു.
വാരിയത്ത് പേങ്ങന്‍ മകന്‍ മോഹനന്‍ (വേലാവു) (58) നിര്യാതനായി.
അവിട്ടത്തൂര്‍ : വാരിയത്ത് പേങ്ങന്‍ മകന്‍ മോഹനന്‍ (വേലാവു) (58) നിര്യാതനായി.സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 10.30 ന് വടുക്കര ശ്മാശനത്തില്‍.ഭാര്യ സുശില,മക്കള്‍ വിപിന്‍.വിനായക്.
വിഷുവിന് കണിയൊരുക്കാന്‍ ഇത്തവണയും ഇരിങ്ങാലക്കുടക്കാരന്‍ ജോണിയുടെ 12 ടണ്‍ ജൈവവെള്ളരി
ഇരിങ്ങാലക്കുട : കണിവെള്ളരിയില്ലാത്ത വിഷു കേരളീയന്‍ ഓര്‍ക്കാന്‍ കൂടി സാധിക്കുകയില്ല.എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃഷി ചെയ്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കണി വെള്ളരി ഉപയോഗിച്ചാണ് മലയാളി ഭൂരിഭാഗവും വിഷു ആഘോഷിച്ചിരുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷകാലമായി ഈരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റിട്ട.പ്രൊഫ കൂടിയായ ഉണ്ണിപള്ളി വീട്ടില്‍ ജോണി സെബ്യാസ്റ്റന്‍.12 ടണ്‍ കണിവെള്ളരിയാണ് ഇത്തവണ ഇദേഹം വിഷുവിനായി ഉല്‍പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നത്.26 വര്‍ഷത്തേ അദ്ധ്യാപന ജീവിതത്തിന് ശേഷം പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിലേയ്ക്ക് ഇറങ്ങിയ ജോണി തിരുമാനിച്ചിരുന്നു വിളയിക്കുന്നത് എല്ലാം ജൈവരീതിയില്‍ മാത്രമെന്ന്.കപ്പലണ്ടി പിണ്ണാക്ക്,വേപ്പിന്‍ പിണ്ണാക്ക്,എല്ലുപൊടി ഇവ മാത്രമാണ് ജോണിയുടെ വളക്കൂട്ടായി ഉള്ളത്.കഴിഞ്ഞ വര്‍ഷവും ഇതേ അളവില്‍ വെള്ളരിയും വെണ്ടയും ജോണി വിളയിച്ചിരുന്നു.60 ദിവസത്തേ പരിശ്രമം മാത്രമാണ് ഈ കണിവെള്ളരിയുടെ ഫലപ്രാപ്തിയ്ക്ക് പിന്നിലെന്ന് ജോണി സാക്ഷ്യപെടുത്തുന്നു.കണിവെളളരിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നിര്‍വഹിച്ചു.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ജോയ് പീനീക്കപറമ്പില്‍,കൗണ്‍സിലര്‍മാരായ ഫിലോമിന ജോയ്,റോക്കി ആളൂക്കാരന്‍,പ്രതിക്ഷാഭവന്‍ മദര്‍ സുപീരിയര്‍ അര്‍ച്ചന,എം എ ജോണ്‍,ജോസ് ചക്കച്ചാംപറമ്പില്‍,ജെയ്‌സണ്‍ പാറേക്കാടന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കഞ്ചാവ് വലിച്ച് കൂളായി നടക്കുന്നവര്‍ ജാഗ്രതൈ,കഞ്ചന്‍മാരെ കണ്ടെത്താന്‍ ഉപകരണവുമായി വിദ്യാര്‍ത്ഥികള്‍
കൊടകര : കഞ്ചാവ് ഉപയോഗിച്ച് നടക്കുന്നവര്‍ സമൂഹത്തിനും പോലീസിനും എക്സൈസിനും എന്നും തലവേദനയാണ്.കഞ്ചാവ് വലിച്ച് ശേഷം കൂളായി നടക്കുന്നവരും വാഹനമോടിക്കുന്നവരും നിരവധിയുണ്ടെങ്കിലും മദ്യപിച്ചവരെ പോലെ ഇവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിനെ കുഴക്കുന്നു.സംശയമുള്ളവരുടെ രക്ത സാമ്പിള്‍ ശേഖരിച്ച് ലാബില്‍ കൊണ്ടു പോയി ടെസ്റ്റ് നടത്തിയാലും റിസല്‍റ്റ് വരാന്‍ രണ്ട് ദിവസത്തോളമാകും.ഇതാണ് പോലീസിനേയും എക്സൈസ് ഉദ്യോഗസ്ഥരോയും ഒരു പോലെ കുഴക്കുന്നത്.എന്നാല്‍ ഇവര്‍ക്ക് ഏറെ ആശ്വാസവും ഉപകാരപ്രദവുമാണ് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യര്‍ത്ഥികള്‍ കണ്ടെത്തിയ മരിജുവാന,ആല്‍ക്ക്ഹോള്‍ ഡിറ്റക്ടര്‍ എന്ന് ചെറിയ ഉപകരണം.കഞ്ചാവ് ഉപയോഗിച്ചു എന്ന് സംശയം തോന്നുന്നയാളെക്കൊണ്ട് പ്രത്യേക രാസവസ്തുക്കളടങ്ങിയ പേപ്പറില്‍ തുപ്പിച്ച് ആ പേപ്പര്‍ മെഷീനില്‍ വച്ചാല്‍ എത്ര അളവ് കഞ്ചാവ് ഉപയോഗിച്ചു എന്ന് കണ്ടെത്താനാകും.മദ്യപിച്ചവരെ കണ്ടെത്താനുള്ള സംവിധാനങ്ങളും ഈ യന്ത്രത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സംസ്ഥാന എക്സൈസ് ഡിപ്പാര്‍ട്ടിന്റെ സഹായത്തോടെയാണ് ഈ പ്രൊജക്ട് തയ്യാറാക്കിയത്.ഈ ഉപകരണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അംഗീകാരവും വകുപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ രണ്ട് ലക്ഷം രൂപയുടെ ഗ്രാന്റ് ഈ പ്രൊജക്ടിന് കിട്ടി.കോട്ടയം സെയ്ന്റ്ഗിറ്റ്സ് കോളേജില്‍ വച്ച് നടന്ന ദേശീയ സൃഷ്ടി പ്രൊജക്ട് മത്സരത്തില്‍ സമ്മാനവും ലഭിച്ചു.സഹൃദയ കോളേജിലെ മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാര്‍ത്ഥികളായ മനു ജോസഫ്,ഐഷ റീഗ,എം. പാര്‍വ്വതി ബയോടെക്നോളജി വിഭാഗം വിദ്യാര്‍ത്ഥികളായ കെ. അച്യുതാനന്ദ്,ഗോപിക മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രൊജക്ട് തയ്യാറാക്കിയത്.പ്രൊഫ.അമ്പിളി ഫ്രാന്‍സിസ്,ഡോ.ധന്യ ഗംഗാധരന്‍ എന്നിവരുടെ മേല്‍നോട്ടവും പ്രൊജക്ടിനുണ്ടായിരുന്നു.
താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയുടെ ദുരവസ്ഥ : യുവമോര്‍ച്ച സുപ്രണ്ടിനെ ഉപരോധിച്ചു
ഇരിങ്ങാലക്കുട : താലൂക്കാശുപത്രിയിലെ മേര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ എലി കടിക്കുന്നതായും ഉറുമ്പരിക്കുന്നതായും പരാതിയുടെ അടിസ്ഥാനത്തില്‍ irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വിഷയം വാര്‍ത്തയാക്കിയിരുന്നു.പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനു മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകാന്‍ എത്തുമ്പോള്‍ കാണുന്നത് ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്നും ചിലപ്പോള്‍ എലി കടിച്ചതായും കാണറുള്ളതായി പോലീസാണ് കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി ഉന്നയിച്ചത്.ഇതിനെതിരെ പ്രതിഷേധവുമായാണ് യുവമോര്‍ച്ച ബുധനാഴ്ച്ച താലൂക്കാശുപത്രി സുപ്രണ്ടിനെ ഉപരോധിച്ചത്.മുദ്രവാക്യം വിളികളുമായി പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകര്‍ പിന്നിട് അടിയന്തിരമായി മോര്‍ച്ചറി നവീകരണം നടത്തുമെന്ന സുപ്രണ്ടിന്റെ ഉറപ്പിനേ തുടര്‍ന്നാണ് പിരിഞ്ഞ് പോയത്.മോര്‍ച്ചറിയെ കുറിച്ച് ആരും തന്നേ ഇത്തരത്തില്‍ പരാതികളൊന്നും തന്നിട്ടില്ലെന്ന് സുപ്രണ്ട് മിനിമോള്‍ പറഞ്ഞു.മോര്‍ച്ചറിയുടെ വികസനത്തിനായി 70 ലക്ഷം രൂപയുടെ റിക്വയര്‍മെന്റ് എസ്റ്റിമേറ്റ് സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തിരമായി വ്യാഴാഴ്ച്ച എച്ച് എം സി ചേരുന്നുണ്ടെന്നും 5 ലക്ഷം രൂപ നവികരണത്തിനായി നഗരസഭ മാറ്റി വെച്ചിട്ടുണ്ടെന്നും ഫ്രിസര്‍ സംവിധാനം ഏര്‍പെടുത്തുന്നതിനും എലികളും മറ്റ് ക്ഷുദ്രജീവികളും കയറാത്ത വിധം ഹോളുകള്‍ അടച്ച് മോര്‍ച്ചറി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സുപ്രണ്ട് അറിയിച്ചു.ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണ്‍,ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിജു വര്‍ഗ്ഗീസ്,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖിലേഷ് വിശ്വനാഥന്‍,മിഥുന്‍ കെ പി,അജീഷ്,ശ്യാംജി,പവീഷ് കിഴുത്താണിലാല്‍കൃഷ്ണ,ജിനു,സിന്റോ.തുടങ്ങിയവര്‍ ഉപരേധ സമരത്തിന് നേതൃത്വം നല്‍കി.
മുരിയാട് പഞ്ചായത്ത് മെമ്പര്‍ അജിതയ്ക്കും ഭര്‍ത്താവ് രാജനും മംഗളാശംസകള്‍
25-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന മുരിയാട് പഞ്ചായത്ത് മെമ്പര്‍ അജിതയ്ക്കും ഭര്‍ത്താവ് രാജനും മംഗളാശംസകള്‍
പുല്ലൂര്‍ പ്ലാസ്റ്റിക്ക് സഞ്ചിയില്‍ നിന്ന് തുണി സഞ്ചിയിലേക്ക് മാറുന്നു.
പുല്ലൂര്‍ : പ്ലാസ്റ്റിക്ക് സഞ്ചിയില്‍ നിന്ന് തുണി സഞ്ചിയിലേക്ക് മാറുവാനുള്ള ബോധവല്‍ക്കരണ യജ്ഞം പുല്ലൂര്‍ ആരംഭിച്ചു.പുല്ലൂര്‍ മേഖലയിലേ വിടുകളില്‍ പ്ലാസ്റ്റിക്ക് സഞ്ചികളില്‍ നിന്ന് തുണിസഞ്ചികളിലേക്ക് മാറുവാന്‍ ആഹ്വാനം ചെയ്തു കൊണ്ട് വീടുകളിലേക്ക് തുണി സഞ്ചിയുമായി യൂണിവേഴ്‌സല്‍ എന്‍ഞ്ചിനയറിംങ്ങ് മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണ യഞ്ജനം നടത്തുന്നതിന്റെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ വിടുകളിലേക്കുള്ള തുണി സഞ്ചി വിദ്യാര്‍ത്ഥികള്‍ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.വാര്‍ഡ് അംഗം തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി ഡി എസ് അംഗം മണി സജയന്‍ ,ബീന രാജേഷ്, സുമി, സീത ഷണ്‍മുഖന്‍ വാര്‍ഡ് വികസന കണ്‍വീനര്‍ എ എന്‍ രാജന്‍ ശ്രീജ സുനില്‍ കുമാര്‍, വിദ്യാര്‍ത്ഥികളായ സുഖൈന്‍, ലിബിന്‍ ലാല്‍എന്നിവര്‍ നേതൃതം നല്‍കി