കഞ്ചാവ് വലിച്ച് കൂളായി നടക്കുന്നവര്‍ ജാഗ്രതൈ,കഞ്ചന്‍മാരെ കണ്ടെത്താന്‍ ഉപകരണവുമായി വിദ്യാര്‍ത്ഥികള്‍

2793
Advertisement

കൊടകര : കഞ്ചാവ് ഉപയോഗിച്ച് നടക്കുന്നവര്‍ സമൂഹത്തിനും പോലീസിനും എക്സൈസിനും എന്നും തലവേദനയാണ്.കഞ്ചാവ് വലിച്ച് ശേഷം കൂളായി നടക്കുന്നവരും വാഹനമോടിക്കുന്നവരും നിരവധിയുണ്ടെങ്കിലും മദ്യപിച്ചവരെ പോലെ ഇവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിനെ കുഴക്കുന്നു.സംശയമുള്ളവരുടെ രക്ത സാമ്പിള്‍ ശേഖരിച്ച് ലാബില്‍ കൊണ്ടു പോയി ടെസ്റ്റ് നടത്തിയാലും റിസല്‍റ്റ് വരാന്‍ രണ്ട് ദിവസത്തോളമാകും.ഇതാണ് പോലീസിനേയും എക്സൈസ് ഉദ്യോഗസ്ഥരോയും ഒരു പോലെ കുഴക്കുന്നത്.എന്നാല്‍ ഇവര്‍ക്ക് ഏറെ ആശ്വാസവും ഉപകാരപ്രദവുമാണ് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യര്‍ത്ഥികള്‍ കണ്ടെത്തിയ മരിജുവാന,ആല്‍ക്ക്ഹോള്‍ ഡിറ്റക്ടര്‍ എന്ന് ചെറിയ ഉപകരണം.കഞ്ചാവ് ഉപയോഗിച്ചു എന്ന് സംശയം തോന്നുന്നയാളെക്കൊണ്ട് പ്രത്യേക രാസവസ്തുക്കളടങ്ങിയ പേപ്പറില്‍ തുപ്പിച്ച് ആ പേപ്പര്‍ മെഷീനില്‍ വച്ചാല്‍ എത്ര അളവ് കഞ്ചാവ് ഉപയോഗിച്ചു എന്ന് കണ്ടെത്താനാകും.മദ്യപിച്ചവരെ കണ്ടെത്താനുള്ള സംവിധാനങ്ങളും ഈ യന്ത്രത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സംസ്ഥാന എക്സൈസ് ഡിപ്പാര്‍ട്ടിന്റെ സഹായത്തോടെയാണ് ഈ പ്രൊജക്ട് തയ്യാറാക്കിയത്.ഈ ഉപകരണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അംഗീകാരവും വകുപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ രണ്ട് ലക്ഷം രൂപയുടെ ഗ്രാന്റ് ഈ പ്രൊജക്ടിന് കിട്ടി.കോട്ടയം സെയ്ന്റ്ഗിറ്റ്സ് കോളേജില്‍ വച്ച് നടന്ന ദേശീയ സൃഷ്ടി പ്രൊജക്ട് മത്സരത്തില്‍ സമ്മാനവും ലഭിച്ചു.സഹൃദയ കോളേജിലെ മൂന്നാം വര്‍ഷ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാര്‍ത്ഥികളായ മനു ജോസഫ്,ഐഷ റീഗ,എം. പാര്‍വ്വതി ബയോടെക്നോളജി വിഭാഗം വിദ്യാര്‍ത്ഥികളായ കെ. അച്യുതാനന്ദ്,ഗോപിക മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രൊജക്ട് തയ്യാറാക്കിയത്.പ്രൊഫ.അമ്പിളി ഫ്രാന്‍സിസ്,ഡോ.ധന്യ ഗംഗാധരന്‍ എന്നിവരുടെ മേല്‍നോട്ടവും പ്രൊജക്ടിനുണ്ടായിരുന്നു.