എസ്.കെ.പൊറ്റക്കാട്- കിഴുത്താണി സാഹിത്യസമ്മേളനത്തിന്റെ ജീവനാഡി:ഉണ്ണികൃഷ്ണൻ കിഴുത്താണി

212

ലോകസഞ്ചാരഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ശ്രദ്ധേയമായി അടയാളപ്പെടുത്തിയ എസ്.കെ.പൊറ്റക്കാടിന്റെ 38-ാം ചരമവാര്‍ഷികദിനമാണ് ആഗസ്റ്റ് 6 വ്യാഴാഴ്ച. കവിത, നോവല്‍, കഥ എന്നിവയെല്ലാം അതിവിദഗ്ധമായി അവതരിപ്പിച്ച അദ്ദേഹത്തെ ‘മനുഷ്യകഥാനുഗായി’ എന്നനിലയിലായിരിക്കും വരും കാലങ്ങള്‍ വിലയിരുത്തുക. നവോത്ഥാന എഴുത്തുുകാരുടെ മുഖമുദ്രയായ മനുഷ്യസ്‌നേഹം ഉയര്‍ത്തികാണിക്കുക, അതിലൂടെ മനുഷ്യമനസാക്ഷിയില്‍ ചലനം സൃഷ്ടിക്കുക എന്ന കര്‍ത്തവ്യം പൂര്‍ണ്ണമായി നിറവേറ്റിയ അനുഗ്രഹീത എഴുത്തുകാരനായിരുന്നു എസ്.കെ.. മരവിച്ച മനസാക്ഷിയുടെ ഉടമകളായി മാറിയ ഇന്നത്തെ തലമുറക്ക് മുന്നില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ നിറനിലാവിന്റെ നിത്യ സൗന്ദര്യം പകര്‍ന്നു തരാതിരിക്കില്ല. മണ്ണില്‍ ഉറച്ചുനിന്ന് മനുഷ്യത്തവത്തിന്റെ മഹത്വം തിരിച്ച് പിടിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്ന് കഥാപാത്രങ്ങലോരോന്നും വായനക്കാരെ ബോധ്യപ്പെടുത്തും. കോഴിക്കോട്ടെ അതിരാണിപാടം മുതല്‍ അങ്ങ് ആഫ്രിക്കന്‍ ജീവിനയാത്രകള്‍ വരെ ആഴവും പരപ്പുമേറിയ ശൈലിയില്‍ ലളിതമായ ഭാഷയില്‍ എസ്.കെ.പകര്‍ന്നു തരുമ്പോള്‍ എന്തെന്നില്ലാത്ത അത്ഭുതാനുഭൂതിയില്‍ അനുവാചകര്‍ ആകൃഷ്ടരാകും. 1980ല്‍ ഒരു ദേശത്തിന്റ കഥ എന്ന നോവലിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ബാലിദ്വീപ്, നൈല്‍ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, കാപ്പിരികളുടെ നാട്ടില്‍, തുടങ്ങിയ ശ്രദ്ധേയമായ യാത്രാ വിവരങ്ങളിലൂടെ കേരളസ്പര്‍ശം പ്രസരിപ്പിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ബാലിദ്വീപില്‍ ഒരു സന്ദര്‍ഭത്തില്‍ ഒരു പെണ്‍കിടാവിനെ കണ്ടപ്പോള്‍ കല്യാണികുട്ടി പശുകിടാവിന്റെ പിറകെ ഓടുന്ന ഓര്‍മ്മയാണ് എസ്.കെ.തേടിയെത്തിയത്. ഇരിങ്ങാലക്കുടയെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം എന്റെ വഴിയമ്പലങ്ങള്‍ എന്ന ആത്മാംശം നിറഞ്ഞു നില്‍ക്കുന്ന കൃതിയില്‍ 1934 ജനുവരി 21 ന് കിഴുത്താണി സ്‌കൂളില്‍ നടന്ന കിഴുത്താണി സാഹിത്യ സമ്മേളനത്തെ പ്രത്യേകം പ്രകീര്‍ത്തിക്കുന്നുണ്ട്. ഈ സമ്മേളനമാണ് പിന്നീട് അതി പ്രശസ്തമായ പുരോഗമനസാഹിത്യപ്രസ്ഥാനത്തിനു ബീജംവാപം ചെയ്തത്. മഹാകവി കുമാരനാശാന്‍ പത്രാധിപരായിരുന്ന വിവേകോദയം പ്രസ്സും, മാസികയും സി.ആര്‍.കേശവന്‍വൈദ്യർ പുനരാരംഭിക്കുകയും അദ്ദേഹത്തിന്റെ സഞ്ചാരസാഹിത്യകൃതികള്‍ പൂര്‍ണ്ണായിപ്രസിദ്ധീകരിക്കുകയും ചെയ്ത് ഇരിങ്ങാലക്കുടക്കാര്‍ക്ക് എന്നും അഭിമാനിക്കാവുന്ന വസ്തുതയാണെന്നു കൂടി ഇത്തരുണത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

തയ്യാറാക്കിയത് :ഉണ്ണികൃഷ്ണൻ കിഴുത്താണി

Advertisement