കോവിഡ് 19: തൃശ്ശൂർ ജില്ലയിൽ 17827 പേർ നിരീക്ഷണത്തിൽ:പുതിയ പോസറ്റീവ് കേസുകൾ ഇല്ല

110

തൃശ്ശൂർ:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 17827 ആയി. പുതിയ പോസറ്റീവ് കേസുകൾ ഇല്ല . വീടുകളിൽ 17785 പേരും ആശുപത്രികളിൽ 42 പേരുമാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച (മാർച്ച് 30) 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 പേരെ വിടുതൽ ചെയ്തു. 2863 പേർ വീടുകളിൽ പുതുതായി നിരീക്ഷണത്തിലാണ്. 153 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.തിങ്കളാഴ്ച (മാർച്ച് 30) ലഭിച്ച 31 പരിശോധനഫലങ്ങളിൽ മുഴുവനും നെഗറ്റീവാണ്. 18 സാമ്പിളുകൾ തിങ്കളാഴ്ച (മാർച്ച് 30) പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 667 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 617 സാമ്പിളുകളുടെ ഫലം ലഭിച്ചു. 50 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്.ജില്ലാ കൺട്രോൾ സെല്ലിലേക്ക് 479 അന്വേഷണങ്ങൾ ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിങ് തുടരുകയാണ്.തൃശൂർ ഗവ. മോഡൽ ഗേൾസ്, ബോയ്‌സ്, ഗുരുവായൂർ ഗവ. യു പി സ്‌കൂൾ എന്നിവിടങ്ങളിൽ താമസിപ്പിച്ചിരിക്കുന്ന അഗതികൾക്ക് പതിവ് സ്‌ക്രീനിങ് നടത്തുന്നു. ശക്തൻ പച്ചക്കറി മാർക്കറ്റിൽ എത്തുന്ന ലോറി ഡ്രൈവർമാരെയും തൊഴിലാളികളെയും സ്‌ക്രീനിങ്ങും ബോധവൽക്കരണവും നടത്തി. 4512 പേരെയാണ് സ്‌ക്രീൻ ചെയ്തത്. നാട്ടിലേക്ക് പോകുന്നതിനായി വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത 6 ജർമൻകാരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ ഹോട്ടൽ ഗരുഡ ഇന്റർനാഷണൽ സ്വമേധയാ സന്നദ്ധമായി. ലാലൂർ, അടാട്ട്, മാടക്കത്തറ, മുണ്ടൂർ, ശോഭ സിറ്റി എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികൾ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കുകയും തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു.

Advertisement