കോൾപാടങ്ങൾ ഏപ്രിൽ 15 ന് മുമ്പ് കൊയ്യും:ജില്ലാ കളക്ടർ

69

തൃശൂർ :ജില്ലയിലെ കൊയ്യാൻ പാകമായ കോൾപാടങ്ങളിലെ നെല്ല് ഏപ്രിൽ 15 ന് മുമ്പ് കൊയ്‌തെടുത്ത് മില്ലുകളിലേക്ക് മാറ്റാൻ തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായെന്ന് ജില്ലാ കളക്ടർ എസ്.ഷാനവാസ് അറിയിച്ചു . പൊന്നാനി-തൃശൂർ കോൾ മേഖലയിൽ 10700 ഹെക്ടർ പ്രദേശത്താണ് നെല്ല് കൃഷിയുളളത്. ഇതിൽ 3600 ഹെക്ടർ പ്രദേശം കൊയ്‌തെടുത്ത് കഴിഞ്ഞു. 5800 ഹെക്ടർ ആണ് ഇനി കൊയ്യാനുളളത്. ഏപ്രിൽ 15 നകം ഇത്രയും പ്രദേശത്തെ നെല്ല് കൊയ്‌തെടുക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ 50 കമ്പയിൻഡ് ഹാർവസ്റ്ററുകൾ (കൊയ്ത്ത് യന്ത്രങ്ങൾ) ഇതിനായി പാടശേഖരങ്ങളിലെത്തിക്കും. ഇപ്പോൾ തന്നെ 48 യന്ത്രങ്ങളും 5 മെക്കാനിക്കുകളെയും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമേ ഏതാനും പാടശേഖരസമിതികൾ സ്വന്തം നിലയിലും കൊയ്ത്ത് യന്ത്രം സജ്ജമാക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി അടിയന്തര സാഹചര്യം പരിഗണിച്ച് രാവിലെ 9 മുതൽ വൈകീട്ട് 8 മണി വരെ കൊയ്ത്ത് നടത്തും. കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് യന്ത്രങ്ങളിലെ ഡ്രൈവർമാരും സഹായികളും ശുചിത്വം പാലിച്ചായിരിക്കും ജോലി ചെയ്യുക.

Advertisement