യാത്രക്കാരെ ദുരിതത്തിലാക്കി മാറ്റിസ്ഥാപിച്ച മാപ്രാണം ബസ് സ്റ്റോപ്പ്

104

ഇരിങ്ങാലക്കുട: തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ മാപ്രാണം സെന്ററിലെ ബസ് സ്റ്റോപ്പ് ബ്ലോക്ക് റോഡിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ച് ഒരു വര്‍ഷം പിന്നിട്ടെങ്കിലും കാത്തിരിപ്പുകേന്ദ്രം ഇതുവരേയും യാഥാര്‍ഥ്യമായില്ല. 2016 ഡിസംബര്‍ ഏഴിന് നടന്ന ഇരിങ്ങാലക്കുട നഗരസഭ ട്രാഫിക് റെഗുലേറ്ററി യോഗത്താലാണ് ഏറെ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന മാപ്രാണം സെന്ററിലെ ബസ് സ്റ്റോപ്പ് നീക്കി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായുള്ള ആവശ്യത്തിനും കാത്തിരിപ്പിനും ഒടുവില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് മാപ്രാണം സെന്ററില്‍ നിന്നും 20 മീറ്ററോളം വടക്കേട്ട് നീക്കി ബ്ലോക്ക് റോഡിന് സമീപത്തേക്ക് പോലീസ് സ്‌റ്റോപ്പ് മാറ്റി സ്ഥാപിച്ചത്. യാത്രക്കാര്‍ക്ക് നില്‍ക്കാനായി താല്‍ക്കാലികമായി ഓലമേഞ്ഞുണ്ടാക്കിയ കാത്തിരിപ്പുകേന്ദ്രം ഒരുക്കുകയും ചെയ്തു. എന്നാല്‍ ഇതുവരേയും ഇവിടെ സ്ഥിരം കാത്തിരിപ്പുകേന്ദ്രം ഒരുക്കാന്‍ നഗരസഭയ്‌ക്കോ പൊതുമരാമത്ത് വകുപ്പിനോ സാധിച്ചിട്ടില്ല. കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചുനല്‍കാന്‍ തയ്യാറായി നേരത്തെ തന്നെ റോട്ടറി ക്ലബ്ബ് രംഗത്തെത്തിയിരുന്നു. ഇതിന്റെ മാതൃക ക്ലബ്ബ് നഗരസഭയ്ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡായതിനാല്‍ കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കുന്നതിന് അവരുടെ അനുമതി ആവശ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയുടെ അപേക്ഷ അടക്കം ക്ലബ്ബ് ഭാരവാഹികള്‍ പി.ഡബ്ല്യൂ.ഡി. ഇരിങ്ങാലക്കുട ഡിവിഷന് അപേക്ഷ നല്‍കി. എന്നാല്‍ തീരുമാനമെടുക്കേണ്ടത് തൃശ്ശൂര്‍ ഓഫീസില്‍ നിന്നാണെന്നറിയിച്ച് അപേക്ഷ അവിടേയ്ക്ക് കൈമാറി. പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട പ്രകാരം കൗണ്‍സില്‍ തീരുമാനത്തിന്റെ പകര്‍പ്പും അവര്‍ക്ക് കൈമാറിയിരുന്നതായി നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് പറഞ്ഞു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച് യാതൊരു മറുപടിയും പിന്നീട് ഉണ്ടായിട്ടില്ലെന്ന് കുരിയന്‍ ജോസഫ് പറഞ്ഞു. പി.ഡബ്ല്യൂ.ഡി. അനുമതി നല്‍കുകയാണെങ്കില്‍ കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചുനല്‍കാന്‍ ക്ലബ്ബ് ഇപ്പോഴും തയ്യാറാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം താല്‍ക്കാലിക കാത്തിരിപ്പുകേന്ദ്രത്തിനും സമീപം രൂപം കൊണ്ടിരിക്കുന്ന മാലിന്യകൂമ്പാരം യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്. സ്‌റ്റോപ്പിന് സമീപം ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതിന് അടുത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുന്നത്. ഇവിടെ നിന്നും എത്രയും വേഗം മാലിന്യങ്ങള്‍ നീക്കം ചെയ്യാനും മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നത് തടയാനും അടിയന്തിരമായി നഗരസഭ ഇടപെടണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Advertisement