‘എന്റെ വിയോജിപ്പുകളാണ് എന്റെ എഴുത്തുകളില്‍ യോജിപ്പുകളായി മാറുന്നത്’- ടി.ഡി.രാമകൃഷ്ണന്‍

515
Advertisement

ഇരിങ്ങാലക്കുട: ‘എന്റെ വിയോജിപ്പുകളാണ് എന്റെ എഴുത്തുകളില്‍ യോജിപ്പുകളായി മാറുന്നത്… ആ യോജിപ്പുകള്‍ വായനക്കാര്‍ക്കിടയിലെ വിയോജിപ്പുകളായി ചര്‍ച്ചയാകുന്നു… അവിടെ എന്റെ എഴുത്തുകള്‍ വിജയിക്കുന്നു.’- പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മിറാബിലിയ 2കെ18 എന്ന പേരില്‍ നടക്കുന്ന സാഹിത്യമേളയിലെ രണ്ടാം ദിവസമായ ഇന്ന് നടന്ന സാഹിത്യ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മലയാളത്തിലെ എഴുത്തുകള്‍ ജ്യോഗ്രഫിക്കല്‍ ആയിമാറി. അതിനാല്‍ത്തന്നെ എഴുത്തുലോകത്തിന്റെ ക്യാന്‍വാസ് വലുതായി. സമൂഹത്തിന്റെ സ്വാധീനമാണ് ഓരോ എഴുത്തിലും കടന്നു വരുന്നത്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോടു ബന്ധമില്ലാത്ത ഭാവനകളൊന്നും എഴുത്തില്‍ വരുന്നില്ല. എന്നാല്‍ സെക്യുലറിസം അതിന്റെ വികാരത്തെത്തന്നെ വ്രണപ്പെടുത്തുന്ന കാഴ്ചയിലേയ്ക്ക് കേരളം മാറിക്കൊണ്ടിരിക്കുന്നു. എഴുത്ത് ഭാവനയും അതിഭാവനയുമാണ്.’- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദസ്സില്‍ നിന്നുയര്‍ന്നു വന്ന ഓരോ ചോദ്യങ്ങള്‍ക്കും അദ്ദേഹം വിശദമായിത്തന്നെ ഉദാഹരണസഹിതം മറുപടി നല്‍കി. ഇംഗ്ലീഷ് വിഭാഗം അധ്യാപിക അഞ്ജു ആന്റണി സ്വാഗതവും, തസ്ലീമ നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ഷാലി അന്തപ്പന്‍ ഉപഹാരം സമര്‍പ്പിച്ചു.

Advertisement