ഇരിങ്ങാലക്കുട: സ്ഥിരം തൊഴില്‍ ഇല്ലാതാക്കല്‍ നിയമം സര്‍ക്കാര്‍ സേവനമേഖലയില്‍ ഉള്‍പ്പടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് സി.എന്‍. ജയദേവന്‍ എം.പി. അഭിപ്രായപ്പെട്ടു. ഇതിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്നും ശക്തമായ ചെറുത്തുനില്‍പ്പ് രൂപപ്പെടേണ്ടതുണ്ടെന്നും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തിരുത്തല്‍ ശക്തിയാവാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ശ്രദ്ധിക്കണമെന്നും ജയദേവന്‍ പറഞ്ഞു. ജോയിന്‍ കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ പി. മണി അധ്യക്ഷനായിരുന്നു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍, അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.വി.പൗലോസ്, ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജോളി, ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.വി.രാമചന്ദ്രന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. ഉണ്ണി, കെ.എ. ശിവന്‍, കെ.ആര്‍. പൃഥ്വിരാജ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ വിളംബര റാലി നടത്തി. അയ്യങ്കാവ് മൈതാനത്തു നിന്നാരംഭിച്ച റാലി ടൗണ്‍ ഹാളിനു സമീപം സമാപിച്ചു. വ്യാഴാഴ്ച രാവിലെ ടൗണ്‍ഹാലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലയിലെ പതിനൊന്ന് മേഖലകളില്‍നിന്നുമായി മുന്നൂറ് പ്രതിനിധികള്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം സി.പി.ഐ. ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് പി.കെ.ശ്രീരാജ്കുമാര്‍ അധ്യക്ഷനാകും. പ്രമേയാവതരണം, പൊതുചര്‍ച്ച, തെരഞ്ഞെടുപ്പ് ഉള്‍പ്പടെ സമ്മേളനം വൈകീട്ട് ആറോടെ സമാപിക്കും.
ആംആദ്മി നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
ഇരിങ്ങാലക്കുട: പദ്ധതി നിര്‍വ്വഹണത്തിനായി സര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയ കോടി കണക്കിന് രൂപ നഷ്ടപ്പെടുത്തിയ നഗരസഭയുടെ ജനവഞ്ചനയ്ക്കെതിരെ ആംആദ്മി നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. എ.എ.പി. സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ഹാള്‍ പരിസരത്തുനിന്നും പ്രതിഷേധ റാലിയായിട്ടാണ് പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് മുന്നിലെത്തിയത്. 2012-13 വര്‍ഷത്തില്‍ ആരംഭിച്ച പൈക്കാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഇതുവരേയും പൂര്‍ത്തികരിക്കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അടുത്തവര്‍ഷത്തെ പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തികരിക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനാവശ്യപ്പെടുകയാണ് നഗരസഭ ചെയ്തതെന്നും ആംആദ്മി കുറ്റപ്പെടുത്തി. പി.സി.ഒ. ഇ.എ. ജോസഫ്, ശരത്ത്, മണ്ഡലം സെക്രട്ടറി അല്‍ഫോണ്‍സ, തോമസ് കോട്ടുങ്ങല്‍, റാഫേല്‍ ടോണി എന്നിവര്‍ സംസാരിച്ചു.
പടിയൂര്‍ രാഷ്ട്രിയ സംഘര്‍ഷത്തില്‍ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കാട്ടൂര്‍ : വിഷുവിന്റെ തലേദിവസം പടിയൂരില്‍ നടന്ന സംഘര്‍ഷത്തില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായി.പടിയൂര്‍ സ്വദേശികളായ ശ്യംകുമാര്‍(30),ശ്രീജിത്ത്(28),രജീഷ്(30),കര്‍ണ്ണന്‍(27),മനോജ്കുമാര്‍(46)വൈഷണവ്(28),സുഹിന്‍(24) എന്നിവരാണ് അറസ്റ്റിലായത്.പോലീസിന്റെ നിര്‍ദേശം അനുസരിച്ച് പ്രതികള്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു.
ഇരിങ്ങാലക്കുട : 2018 ലെ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരങ്ങളെ കുറിച്ചും മുന്‍കരുതലുകള്‍ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി പ്രൊഫ കെ. യു. അരുണന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.ഇത്തവണത്തെ ഉത്സവത്തിന് വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അതിനാല്‍ വേണ്ട എല്ലാ മുന്‍കരുതലുകളും നേരത്തെ തന്നെ എടുക്കണമെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു.പോലീസ് സേവനം, ആന എഴുന്നള്ളിപ്പ്, പാപ്പാന്മാരുടെ ലിസ്റ്റ്, ഡോക്ടര്‍മാരുടെ സേവനം, എലിഫന്റ് സ്‌ക്വാഡ്. മയക്കുവെടി വിദഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്നിവയെ കുറിച്ചെല്ലാം യോഗം വിശദമായി ചര്‍ച്ച നടത്തി.ഉത്സവ ദിവസങ്ങളില്‍ വൈദുതി വിതരണം തടസ്സപ്പെടാതെ നോക്കണമെന്നും കുടി വെള്ളം വിതരണം കാര്യക്ഷമമായി വാട്ടര്‍ അതോറിറ്റി നടത്തണമെന്നും യോഗം തീരുമാനിച്ചു.ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവത്തനത്തിനായി എ ഡി എം ചെയര്‍മാന്‍ ആയും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കണ്‍വീനര്‍ ആയും മോണിറ്ററിങ് കമ്മിറ്റി രൂപികരിച്ചു. യോഗത്തില്‍ എ ഡി എം സി ലതിക ഡെപ്യൂട്ടി കളക്ടര്‍ എം സി റെജില്‍ തഹസില്‍ദാര്‍ ഐ ജെ മധുസൂദനന്‍ ഡെപ്യൂട്ടി ഡി എം ഒ വി. കെ. മിനി ഇരിഞ്ഞാലക്കുട ഡി വൈ എസ് പി ഫേമസ് വര്ഗീസ് എസ് ഐ സുശാന്ത് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ എം കെ പ്രദീപ്കുമാര്‍ റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ കെ കെ ഷാജികുമാര്‍ ജില്ലാ മൃഗാശുപത്രിയിലെ ഡോ എം എസ് വിജയകുമാര്‍ കെ എസ് ആര്‍ ടി സി, പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, ദേവസ്വം ഭരണസമിതി അംഗങ്ങള്‍ ദേവസ്വം അട്മിസിസ്‌ട്രേറ്റര്‍ എന്നിവരും പങ്കെടുത്തു
ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തവും ഇടതുപക്ഷ ഭരണ നേട്ടത്തില്‍ അസൂയ പൂണ്ടതുംമാണ് പടിയൂരിലെ അക്രമണത്തിന് കാരണം : എ ഐ വൈ എഫ്
പടിയൂര്‍ : പടിയൂരില്‍ വിഷുവിനാരംഭിച്ച സംഘര്‍ഷത്തില്‍ ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തം തുറന്ന് കാട്ടുന്നതും ഇടതുഭരണ നേട്ടത്തില്‍ അസൂയ പൂണ്ടതെന്നും എന്നും എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിററി. വിഷു ആഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്നില്‍ വെച്ച് ഇടതുയുവജന പ്രവര്‍ത്തകരെ അകാരണമായി അക്രമിച്ച് ആര്‍ എസ് എസ് നാട്ടില്‍ ക്രമസമാധാനം തകര്‍ത്ത് ഗ്രാമത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം വിലപ്പോവില്ലെന്നും, ജില്ലയിലെ തന്നെ മികച്ച ഗ്രാമപഞ്ചായത്താക്കി മാറ്റിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജുവിനും വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി എസ് സുധനും നേരെയുള്ള അക്രമവും ഇതാണ് തുറന്നുകാണിക്കുന്നതെന്നും എ ഐ വൈ എഫ് ആരോപിച്ചു.തുടര്‍ദിവസങ്ങളിലും ആര്‍ എസ് എസ് ഇടതുപ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും കൊടിമരങ്ങളും സ്തൂപങ്ങളും തകര്‍ത്തത് അപലപനീയമാണ്.നാട്ടില്‍ അക്രമം സൃഷ്ടിച്ചും ഭീതി പരത്തിയും ഇടതുപക്ഷത്തിന് നേരെ കുപ്രചരണങ്ങള്‍ നടത്തിയും തങ്ങളുടെ നാമമാത്രമായ സംഘടനാശേഷി വര്‍ധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.ഇത് പടിയൂരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് സംഭവസ്ഥലത്തെത്തിയ ബിജെപി നേതൃത്വത്തെ അവിടെയുള്ള ജനങ്ങള്‍ അവഗണിച്ചത് എന്നും എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വി.ആര്‍.രമേഷ് പ്രസിഡന്റ് എ.എസ്.ബിനോയ് എന്നിവര്‍ പ്രസ്താവിച്ചു . അക്രമണം നടന്ന പ്രദേശങ്ങളും പരുക്കേറ്റ പ്രവര്‍ത്തകരേയും എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്,ജില്ലാ സെക്രട്ടറി രാഗേഷ് കണിയാപറമ്പില്‍,പ്രസിഡന്റ് കെ പി സന്ദീപ് എന്നിവര്‍ സന്ദര്‍ശിച്ചു.
മുരിയാട് പഞ്ചായത്ത് കുടുംബശ്രീ 20 വാര്‍ഷികം ആഘോഷിച്ചു.
മുരിയാട് : പഞ്ചായത്തിലെ കുടുംബശ്രീ വാര്‍ഷകം പ്രശസ്ത സിനിമ സീരിയല്‍ താരം അരുണ്‍ രാഘവ് നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ യൂണിറ്റികള്‍ക്കുള്ള സി ഇ എഫ് വിതരണം വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ വിതരണം ചെയ്തു. തൊഴിലുറപ്പില്‍ നൂറ് പണി പൂര്‍ത്തികരിച്ച ആശ്രയ ഗുണഭോക്ത വായ കുഞ്ഞക്കിയെ വിദ്യാഭസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബ് ഷാള്‍ അണിയിച്ച് ആദരിച്ചു. സ്‌നേഹനിധി ഫണ്ട് വിതരണം ബ്ലോക്ക് മെമ്പര്‍ മിനി സത്യന്‍ നിര്‍വഹിച്ചു കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഷീജ മോഹനന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, വല്‍സന്‍ ടി വി, ജെസ്റ്റിന്‍ ജോര്‍ജ്ജ്, സരിത സുരേഷ്, ശാന്ത മോഹന്‍ദാസ്, കെ വൃന്ദ കുമാരി, ഗംഗാദേവി സുനില്‍, കവിത ബിജു, എ എന്‍ ജോണ്‍സണ്‍, മെമ്പര്‍ സെക്രട്ടറി എം ശാലിനി സെക്രട്ടറി കെ സജീവ് കുമാര്‍, രജനി ഗിരിജന്‍,എന്നിവര്‍ പ്രസംഗിച്ചു.
സോഷ്യല്‍മീഡിയ ഹര്‍ത്താലോടനുബന്ധിച്ച് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധപ്രകടനം നടന്നു.
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയിലൂടെ ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്തലിനോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ക്കും ഹിന്ദുക്കളായ കച്ചവടസ്ഥാപനങ്ങള്‍ക്കും നേരെയും നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി. വിശ്വഹിന്ദു ജില്ല പ്രസിഡണ്ട് എ.ഗംഗാധരന്‍, ജില്ല സെക്രട്ടറി വി.ശിവജി, ജില്ല ട്രഷറര്‍ വി.ആര്‍.മധു, ഹിന്ദു ഐക്യവേദി ജില്ല സംഘടനാസെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, ജില്ല സെക്രട്ടറി വി.ബാബു, താലൂക്ക് പ്രസിഡണ്ട് വാസു ചുള്ളിപ്പറമ്പില്‍, ജനറല്‍ സെകട്ടറി മനോഹരന്‍ തുമ്പൂര്‍, സംഘടനാ സെക്രട്ടറി പി.എന്‍.ജയരാജ്, ഖണ്ഡ് സംഘചാലക് പ്രതാപവര്‍മ്മരാജ, ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍, ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
കാട്ടൂര്‍ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം
കാട്ടൂര്‍ : കരാഞ്ചിറയില്‍ അടച്ചിട്ട വീടിന്റെ മുന്‍ വാതില്‍ കുത്തിതുറന്ന് മോഷണം ആറര പവന്‍ സ്വര്‍ണാഭരണം നഷ്ടപെട്ടു.കരാഞ്ചിറ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന കവലക്കാട്ട് ആന്റണിയുടെ വീട്ടിലാണ് മോഷണം നടന്നത്.ആന്റണിയും കുടുംബവും ഇന്നലെ വൈകീട്ട് മകളുടെ വീട്ടിലെക്ക് പോയിരുന്നു.ഇന്ന് വന്നപ്പോള്‍ മുന്‍ വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് അകത്തെക്ക് കയറിയ പോള്‍ അലമാരകളിലെ വസ്ത്രങ്ങളും മറ്റും പുറത്തേക്ക് വലിച്ചിട്ടനിലയിലായിരുന്നു പരിശോധനയില്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരങ്ങള്‍ നഷ്ടപെട്ടതായും കണ്ടെത്തി.കാട്ടൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിരലടയാള വിദ്ധ്ഗതരും സ്ഥലത്തെതിയിരുന്നു.
കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കരുത് ജവഹര്‍ ബാലവിഹാര്‍
മാപ്രാണം : ജവഹര്‍ ബാലവിഹാര്‍ ജില്ലകമ്മറ്റിയുടെ നേതൃത്വത്തില്‍ മാപ്രാണത്ത് കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളെ വളര്‍ത്തുന്നതിന്റെ ഭാഗമായി ജില്ല ക്യാംപ് ‘ ഊഞ്ഞാല്‍ ‘ നടത്തി .കുട്ടികളുടെ ജില്ലചെയര്‍മാന്‍ അനുപമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത ട്രെയ്‌നറും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ.ഫിജോ ജോസഫ് ഊഞ്ഞാല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു .രാജ്യത്ത്കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ ഭരണാധികാരികള്‍ കണ്ടില്ലെന്നു നടിക്കരുതെന്നും കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാവിധി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സത്യന്‍ .പി.ബി ആമുഖ പ്രഭാഷണവും ,ജില്ലാ പ്രസിഡന്റ് ആന്റോ തൊറയന്‍ മുഖ്യപ്രഭാഷണവും നടത്തിയ ചടങ്ങില്‍ ദേശീയ പ്രസിഡന്റ് ജോസ് കുരിശിങ്കല്‍ കുട്ടികളും സമൂഹവും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു .ഉഷ രാമചന്ദ്രന്‍ ,പുരുഷോത്തമന്‍ ,സജീവ് കുമാര്‍, കുട്ടികളുടെ ഭാരവാഹികളായ അനുഷ ,രേന ,മീനാക്ഷി ,അജ്ഞലി രാമചന്ദ്രന്‍ ,ലക്ഷമി ,വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു
ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍ ഇരുട്ടില്‍ തപ്പി കുട്ടികള്‍
ഇരിങ്ങാലക്കുട:1957 നവംബര്‍ 14 നാണ് ഇരിങ്ങാലക്കുട നഗരസഭ കുട്ടികള്‍ക്കു മാത്രമായി പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ഊഞ്ഞാല്‍, സീസോ, മെറിഗോ റൗണ്ട് എന്നിവയെല്ലാം പാര്‍ക്കില്‍ ഒരുക്കിയിരുന്നു. 1955 ലാണ് മുനിസിപ്പല്‍ പാര്‍ക്ക് സ്ഥാപിച്ചത്. അയ്യങ്കാവ് പാടത്തെ ഒരേക്കര്‍ സ്ഥലത്ത് നിര്‍മിച്ച പാര്‍ക്ക് അന്നത്തെ തിരുവിതാംകൂര്‍ – കൊച്ചി രാജപ്രമുഖനാണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണു കുട്ടികളുടെ പാര്‍ക്ക് സ്ഥാപിച്ചത്. ഇന്ത്യന്‍ വൈസ് പ്രസിഡന്റ് വി.വി. ഗിരിയാണ് പാര്‍ക്കിനുള്ളില്‍ ജവഹര്‍ ലാല്‍ നെഹ്റുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ആദ്യകാലങ്ങളില്‍ ഏറെ പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന കുട്ടികളുടെ പാര്‍ക്ക് പിന്നീട് അവഗണിക്കപ്പെട്ടു. നഗരസഭ ഉടമസ്ഥതയിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു മുനിസിപ്പല്‍ പാര്‍ക്കില്‍ വെളിച്ചകുറവ് ദുരിതമാകുന്നു. പാര്‍ക്ക് നവീകരണത്തിന്റെ ഭാഗമായി പുതിയ കളി സാധനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെളിച്ചക്കുറവ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്. നഗരത്തിലെ തന്നെ സ്വകാര്യ പാര്‍ക്ക് നല്ലരീതിയില്‍ സംരക്ഷിക്കുകയും കുട്ടികളെ ആകര്‍ഷിക്കുകയും ചെയ്യുമ്പോഴാണ് നഗരമദ്ധ്യത്തിലുള്ള പാര്‍ക്ക് നഗരസഭ അധികാരികളുടെ ശ്രദ്ധകുറവ് മൂലം നശിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമായി നൂറുകണക്കിന് ആളുകളാണ് വൈകുന്നേരങ്ങളില്‍ വിശ്രമത്തിനും കളിക്കാനുമായി പാര്‍ക്കിലെത്തുന്നത്. രാത്രി എട്ടുമണി വരെ പാര്‍ക്കുണ്ടെങ്കിലും നേരം ഇരുട്ടിയാല്‍ പാര്‍ക്കില്‍ ഭൂരിഭാഗം സ്ഥലത്തും വെളിച്ചമില്ലാത്ത അവസ്ഥയാണ്. വെളിച്ചത്തിനായി പലയിടത്തായി 25ഓളം സോളാര്‍ വിളക്കുകളാണ് നഗരസഭ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് സ്ഥാപിച്ച ഈ ലൈറ്റുകളില്‍ ഭൂരിഭാഗവും കത്താത്ത അവസ്ഥയിലാണ്. ചിലതാണെങ്കില്‍ വല്ലപ്പോഴുമൊക്കെ കത്തുന്ന അവസ്ഥയിലും. നാമമാത്രമായ ലൈറ്റുകള്‍ മാത്രമാണ് ഇവയില്‍ ശരിയായ രീതിയില്‍ കത്തുന്നത്. സമയാസമയങ്ങളില്‍ സോളാര്‍ വിളക്കുകള്‍ അറ്റകുറ്റപണികള്‍ നടത്താഞ്ഞതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പലരും വെളിച്ചമില്ലായ്മ ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്. നിരവധി തവണ ഇക്കാര്യങ്ങള്‍ നഗരസഭ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. അവധി ദിവസങ്ങളില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും തിരക്കാണ് ഇവിടെ. മാനസികോല്ലാസത്തിനായി എത്തുന്ന ഇവര്‍ക്ക് ഇരുട്ടിലിരുന്ന് സമയം ചിലവഴിക്കേണ്ട അവസ്ഥയിലാണ്. അതിനാല്‍ അടിയന്തിരമായി പാര്‍ക്കിലെ മുഴുവന്‍ സോളാര്‍ വിളക്കുകളും തെളിയിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
സി പി എം കണ്ണൂര്‍ മോഡല്‍ അക്രമം തൃശൂര്‍ ജില്ലയില്‍ നടപ്പിലാക്കുന്നു : എ നാഗേഷ്
ഇരിങ്ങാലക്കട: ബി ജെ പിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ വിറളി പൂണ്ട സി പി എം കണ്ണൂര്‍ മോഡല്‍ അക്രമം തൃശൂര്‍ ജില്ലയിലും പരീക്ഷിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് പറഞ്ഞു. പടിയൂര്‍ പഞ്ചായത്തില്‍ വിഷുദിനത്തില്‍ വീടുകള്‍ തകര്‍ക്കപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിയൂര്‍ പഞ്ചായത്തിലും ജില്ലയിലെ പല പ്രദേശങ്ങളിലും അണികളുടെ കൊഴിഞ്ഞു പോക്ക് തടയാന്‍ സി പി എം അക്രമം നടത്തി നാട്ടില്‍ ഭീതി സൃഷ്ടിക്കുകയാണെന്നും ഭരണസ്വാധീനത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജുവിനെ മര്‍ദ്ദിച്ചത് സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നേയാണെന്നും അതും ബിജെപിയുടെ തലയില്‍ കെട്ടിവെയ്യുക്കുകയായിരുന്നുവെന്നും അദേഹം കൂട്ടിചേര്‍ത്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍, ജന.സെക്രട്ടറി കെ.സി.വേണു മാസ്റ്റര്‍, ഭാരവാഹികളായ സുരേഷ് കുഞ്ഞന്‍, ഗിരീഷ് കുമാര്‍, ബിനോയ് കോലാന്ത്ര തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം ഭക്തി നിര്‍ഭരം
കരുവന്നൂര്‍ : ചരിത്രപ്രസിദ്ധമായ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.അചഞ്ചലഭക്തിയുടെയും വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സമ്മോഹനമായ കൂടിചേരലാണ് ഭരണിവേലമഹോത്സവം. മേടമാസത്തിലെ ഭരണിനാളിലാണ് ഭരണി മഹോത്സവം ആഘോഷിക്കുന്നത്.ഭരണിവേലമഹോത്സവത്തിന്റെ കൊടിയേറ്റം കഴിഞ്ഞ ബുധനാഴ്ച്ച നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഏഴിന് നൃത്തനൃത്ത്യങ്ങള്‍, നാടകം, നൃത്തസന്ധ്യ, ഗാനമേള എന്നിവ നടന്നിരുന്നു. ഭരണിദിവസമായ ചൊവ്വാഴ്ച രാവിലെ അഭിഷേകം, മലര്‍ നിവേദ്യം, കലശാഭിഷേകം, 8.30 മുതല്‍ ശീവേലി, പഞ്ചാരിമേളം, ഒന്ന് മുതല്‍ കൊടിക്കല്‍ പറ, മൂന്നിന് പുറത്തേക്ക് എഴുന്നള്ളിപ്പ്, കാഴ്ചശീവേലി എന്നിവ നടന്നു, തുടര്‍ന്ന് നിറമാല, ചുറ്റുവിളക്ക്, നാദസ്വരം, ദീപാരാധന, എട്ടിന് നാടകം, 11ന് തായമ്പക, കേളിപറ്റ്, 12ന് പുറത്തേക്ക് എഴുന്നള്ളിപ്പ്, 4.30ന് പാലക്കടയ്ക്കല്‍ ഗുരുതി എന്നിവ നടക്കും., ബുധനാഴ്ച കാര്‍ത്തിക ദിവസം ഉച്ചതിരിഞ്ഞ് നാടന്‍ കലകളായ കുതിരക്കളി, ഭൂതംകളി എന്നിവ നടക്കും.
പടിയൂരിലെ രാഷ്ട്രിയ സംഘര്‍ഷം തുടരുന്നു : ജനങ്ങള്‍ ആശങ്കയില്‍
പടിയൂര്‍ : മാസങ്ങളായി തുടരുന്ന പടിയൂരിലെ രാഷ്ട്രിയ സംഘര്‍ഷങ്ങള്‍ക്ക് അവസാനമാകുന്നില്ല.തിങ്കളാഴ്ച്ച രാത്രി സി പി എം നേതാവിന്റെ വീടിന് നേരെ ആക്രമണമുണ്ടായി.വിഷുവിന്റെ തലേദിവസം പൊട്ടിപുറപ്പെട്ട സംഘര്‍ഷത്തിന് ആയവ് വരുത്താന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി എം ലോക്കല്‍ കമ്മിറ്റിയംഗവും ആയ സുധന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.ആക്രമണത്തില്‍ സുധന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്.രാത്രി വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നിരിക്കുന്നത്.ബി ജെ പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. പഞ്ചായത്തിലെ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കപെട്ടതില്‍ പ്രതിഷേധിച്ച് ബി ജെ പി നടത്തിയ പ്രതിഷേധ സമാപന യോഗത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ യോഗം അലങ്കോലപെടുത്തുകയും നേതാക്കളെ അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തായും ബിജെപി ആരോപിക്കുന്നു. അവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതിന് ശേഷമാണ് യോഗനടപടികള്‍ പൂര്‍ത്തികരിച്ചത്.കനത്ത പോലീസ് സുരക്ഷ പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.ജനങ്ങള്‍ ഭയചകിരായി പുറത്തിറങ്ങാത്ത അവസ്ഥയാണ് ഉള്ളത്.എന്നിട്ടും സംഘര്‍ഷങ്ങള്‍ തുടര്‍കഥയായി കൊണ്ടിരിക്കുകയാണ്.
ഏത് സമയത്തും ദുരന്തം കാത്ത് ചെമ്മണ്ട കടുംബാട്ട് പാടത്തെ 110 കെ.വി ടവര്‍ ലൈന്‍ തുരുമ്പെടുത്ത് അപകടാവസ്ഥയില്‍
ചെമ്മണ്ട : മാടക്കത്തറയില്‍ നിന്നും വെള്ളാനി സബ് സ്റ്റേഷനിലേക്ക് ചെമ്മണ്ട കടുംബാട്ട് പാടത്തിന്റെ നടുവിലൂടെ വരുന്ന 110 കെ.വി ടവര്‍ ലൈന്‍ കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് അപകടാവസ്ഥയില്‍ . പാടത്തിന്റെ ഇരു കരകളിലും ഒരോന്നു വീതവും പാടത്തിനു നടുക്ക് ഒരു ടവര്‍ ലൈന്മാണുള്ളത്. പാടത്തിനു നടുക്കുള്ള ടവര്‍ ലൈന്‍ ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് കാലുകളില്‍ നിന്നുള്ള നാലു ഇരുമ്പ് ഫ്രെമുകളും തുരുമ്പെടുത്ത നശിച്ചു. ഇതില്‍ മൂന്ന് ഫ്രെമുകളും പൂര്‍ണ്ണമായി നശിക്കുകയും ഭൂമിയുമായി ഉറപ്പിചിട്ടുള്ള കോണ്‍ക്രീറ്റ് തൂണുകളില്‍ നിന്ന് പിടുത്തം വിടുകയും ചെയ്തീട്ടുണ്ട്.ശക്തമായ ഒരു കാറ്റില്‍ ഏതു നിമിഷവും ഒറ്റ തൂണില്‍ മാത്രം പിടുത്തമുള്ള ടവര്‍ നിലം പഠിക്കാനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെ സംഭവിച്ചത് ഇരുകരയിലും ജനവാസകേന്ദ്രങ്ങളിലെ ഈ ടവര്‍ ലൈനിന്റെ മറ്റു തൂണുകള്‍ക്കും അപകടം സംഭവിക്കാം. പാടത്തിന്റെ നാടുവിലായതുകൊണ്ട് ടവര്‍ ലൈനിന്റെ ഇപ്പോഴത്തെ അവസ്ഥ ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇത് എത്രയും പെട്ടെന്ന് മാറ്റി സ്ഥാപിക്കുവാനും മറ്റു മുന്‍ കരുതല്‍ നടപടികളെടുക്കുവാനും അധികാരികള്‍ തയാറാവണമെന്നാണ് സമീപവാസികളുടെ ആവശ്യം.
തീപിടുത്തം അറിയിക്കാന്‍ മുന്നില്‍ നിന്ന ഊരകത്തേ കുട്ടിപട്ടാളം
പുല്ലൂര്‍ : ഊരകം എടക്കാട്ട് അമ്പലത്തിന് സമീപം പാടത്ത് കഴിഞ്ഞ ദിവസം രണ്ട് തവണകളായി ഏക്കറ് കണക്കിന് പാടത്തുണ്ടായ വന്‍ തീപിടുത്തം ആദ്യം തന്നേ ജനശ്രദ്ധയിലേയ്ക്ക് എത്തിച്ചത് പ്രദേശത്തേ കുട്ടിപട്ടാളം.സ്‌കൂള്‍ അവധികാലം ആഘോഷമായി കളിയ്ക്കാനിറങ്ങിയതായിരുന്നു പ്രദേശവാസികളായ അനന്തു,അശ്വിന്‍,ആദീഷ്,പ്രണവ്,ലിഷ്മ,പ്രജ്യോത്,രാജലക്ഷ്മി എന്നി ഏഴ് കുരുന്നുകള്‍.ഉച്ചയായപ്പോള്‍ ഊണ് കഴിക്കാന്‍ വീട്ടുകളിലേയ്ക്ക് മടങ്ങാന്‍ തുടങ്ങവേ ആണ് പാടത്ത് തീ ആളി പടരുന്നത് ഇവരുടെ ശ്രദ്ധയില്‍പെടുന്നത്.ജനവാസം കുറവായ പ്രദേശമായതിനാല്‍ മറ്റാരുടെയും ശ്രദ്ധയില്‍ തീപിടുത്തം പെട്ടിരുന്നില്ല.കുട്ടികള്‍ ഉടന്‍ തന്നേ ഉറക്കേ നിലവിളിച്ച് ജനശ്രദ്ധ ആകര്‍ഷിക്കുകയും പരിസരത്തേ വീടുകളില്‍ അറിയിക്കുകയുമായിരുന്നു.തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിച്ച് അവരെത്തി നാട്ടുക്കാരുടെ സഹായത്തോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.ഏക്കറ് കണക്കിന് പാടത്ത് വ്യാപിച്ച തീ ഫയര്‍ഫോഴ്‌സിനൊപ്പം അണയ്ക്കുവാനും കുട്ടിപട്ടാളം മുന്നില്‍ തന്നേ ഉണ്ടായിരുന്നു.
കൂടല്‍മാണിക്യം തിരുവുത്സവ അലങ്കാരപന്തല്‍ വിവാദങ്ങള്‍ തീരുന്നു : നിര്‍മ്മാണം ചെവ്വാഴ്ച്ച പുനരാരംഭിക്കും
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി കുട്ടംകുളത്തിന്റെ സമീപത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അലങ്കാരപ്പന്തലിന്റെ നിര്‍മ്മാണത്തിലെ തടസ്സം നീങ്ങി.തിങ്കളാഴ്ച്ച രാവിലെ കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി ദേവസ്വം നടത്തിയ ചര്‍ച്ചയിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തടസ്സം നീങ്ങിയത്. 11 കെ.വി. വൈദ്യുതിലൈനിന്റെ തൊട്ടടുത്ത് അലങ്കാരപ്പന്തല്‍ നിര്‍മിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് കെ.എസ്.ഇ.ബി. നിര്‍ദ്ദേശപ്രകാരം ദേവസ്വം പന്തലിന്റെ നിര്‍മാണം നിര്‍ത്തിവെപ്പിച്ചത്.ബഹുനിലപ്പന്തല്‍ നിര്‍മിക്കുമ്പോള്‍ 11 കെ.വി. ലൈനില്‍നിന്നു മാറ്റിവേണം തൂണുകള്‍ സ്ഥാപിക്കാന്‍. എന്നാല്‍ ലൈനിന്റെ വളരെ സമീപത്തുകൂടെയാണ് പന്തല്‍ നിര്‍മാണം നടത്തിയിരുന്നത്.മാധ്യമ വാര്‍ത്തകളിലൂടെ വിഷയം ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി ദേവസ്വം ചര്‍ച്ച നടത്തി പന്തലിന് സമീപത്തുള്ള 11 കെ വി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനമായി.ഇതിനുള്ള തുക സ്‌പോണസര്‍മാര്‍ വഹിക്കണം.വരും വര്‍ഷങ്ങളിലും യഥാസ്ഥാനത്ത് പന്തല്‍ നിര്‍മ്മാണം നടത്തേണ്ടതിനാലാണ് വൈദ്യൂതി ലൈന്‍ മാറ്റി സ്ഥാപിയ്ക്കാന്‍ തീരുമാനിച്ചത്.മുന്‍ വര്‍ഷങ്ങളില്‍ ഇവിടം വിരിപന്തല്‍ മാത്രമാണ് നിര്‍മ്മിച്ചിരുന്നത്.എന്നാല്‍ ഈ വര്‍ഷം ഐ സി എല്‍ ഫിന്‍കോര്‍പിന്റെ സ്‌പോണ്‍സര്‍ഷിപ്പോട് കൂടി ആറു നിലകളിലായി ബഹുനില അലങ്കാരപന്തലാണ് ഉത്സവത്തിനായി ഉയരുന്നത്.ചെവ്വാഴ്ച്ച രാവിലെ തന്നേ പന്തല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ അറിയിച്ചു.
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ ഏപ്രില്‍ 18,19 തിയ്യതികളില്‍
ഇരിങ്ങാലക്കുട – ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍സ് ജില്ലാ സമ്മേളനം ഏപ്രില്‍ 18,19 തിയ്യതികളിലായി ടൗണ്‍ഹാളില്‍ നടത്തും.18 ന് വൈകീട്ട് 4 ന് ജോയിന്റ്കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന വിളംബര റാലി അയ്യങ്കാവ് മൈതാനത്തു നിന്നാരംഭിച്ച് ടൗണ്‍ ഹാളിനു സമീപത്ത് സമാപിക്കും.തുടര്‍ന്ന് നടത്തുന്ന പൊതുസമ്മേളനം സി.എന്‍ ജയദേവന്‍ എം.പി.ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയര്‍മാന്‍ പി. മണി അദ്ധ്യക്ഷനാകും.സി.പി.ഐ സംസ്ഥാനകൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍,അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.വി.പൗലോസ്,ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ – എ. ഐ. ടി. യു. സി വര്‍ക്കിംഗ് പ്രസിഡണ്ട് ജെയിംസ് റാഫേല്‍, ടീച്ചേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എ.യു.വൈശാഖ് മാസ്റ്റര്‍, ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.വി.രാമചന്ദ്രന്‍,ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. ഉണ്ണി തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.19 ന് കെ.എം.വിജയകൃഷ്ണന്‍ നഗറില്‍ ( ടൗണ്‍ ഹാള്‍ ) നടത്തുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലയിലെ പതിനൊന്ന് മേഖലകളില്‍നിന്നുമായി മുന്നൂറ് പ്രതിനിധികള്‍ പങ്കെടുക്കും.പ്രതിനിധി സമ്മേളനം സി.പി.ഐ. ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്യും.ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് പി.കെ.ശ്രീരാജ്കുമാര്‍ അദ്ധ്യക്ഷനാകും.എ.ഐ.ടി.യു.സി. ജില്ലാസെക്രട്ടറി കെ.ജി.ശിവാനന്ദന്‍,സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്, ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഡോ.കെ.വിവേക്,ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എ.ശിവന്‍, എം.എസ് സുഗൈദകുമാരി സംസ്ഥാന കമ്മറ്റി അംഗങ്ങളായ ബി.അശോക്, പി.യു.പ്രേമദാസന്‍, കെ.ടി.ഗീത ജോയിന്റ് കൗണ്‍സില്‍ വനിതാകമ്മറ്റി ജില്ലാസെക്രട്ടറി വി.വി.ഹാപ്പി തുടങ്ങിയവര്‍പങ്കെടുക്കും.ജില്ലാ സെക്രട്ടറി എം.യു.കബീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ടി.എസ്.സുരേഷ് വരവ്ചെലവ് കണക്കും അവതരിപ്പിക്കും.പ്രമേയാവതരണം,പൊതുചര്‍ച്ച,തെരഞ്ഞെടുപ്പ് ഉള്‍പ്പടെ സമ്മേളനം വൈകീട്ട് ആറോടെ സമാപിക്കും.
റോട്ടറി ക്ലബ്ബിന്റെ വിഷുകൈനീട്ടമായി സന്ധ്യയ്ക്ക് പുതിയ വീട്
ഇരിങ്ങാലക്കുട: കിഴുത്താണി സ്വദേശി കാട്ടൂര്‍ വടക്കുംമുറി പരേതനായ ജയന്റെ ഭാര്യ സന്ധ്യയ്ക്ക് വിഷുകൈനീട്ടമായി റോട്ടറിയുടെ പുതിയ വീട്. റോട്ടറി ഇരിങ്ങാലക്കുട സെന്‍ട്രല്‍ ക്ലബ്ബ് നിര്‍മ്മിച്ചുനല്‍കിയ പുതിയ വീടിന്റെ താക്കോല്‍ ദാനം റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ മാധവ് ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.ടി. ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. അസി. ഗവര്‍ണര്‍ രാജേഷ് മേനോന്‍, ജി.ജി.ആര്‍. സച്ചിത്ത്, രാജേഷ് കുമാര്‍, ഷാജു ജോര്‍ജ്ജ്, മോഹനന്‍, എ.ഡി. ഫ്രാന്‍സീസ്, ഹരികുമാര്‍, ടി.പി. സെബാസ്റ്റ്യന്‍, ഫ്രാന്‍സീസ് കോക്കാട്ട്, രമേഷ് കൂട്ടാല എന്നിവര്‍ നേതൃത്വം നല്‍കി. ഭര്‍ത്താവിന്റെ മരണശേഷം രണ്ടുമക്കളുമൊത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന സന്ധ്യയുടെ ദുരവസ്ഥ മനസിലാക്കിയാണ് ക്ലബ്ബ് ആറുലക്ഷം രൂപ ചിലവഴിച്ച് അറന്നൂറ് സ്‌ക്വയര്‍ ഫീറ്റിലുള്ള വീട് നിര്‍മ്മിച്ചുനല്‍കിയത്.
വിഷുദിനത്തിൽ പടിയൂർ കലാപഭൂമിയാകുന്നു : പഞ്ചായത്ത് പ്രസിഡന്റിന് നേരെ ആക്രമണം
പടിയൂർ: വിഷു വിന്റെ തലേ ദിവസം പടിയൂരിൽ ആരംഭിച്ച ബി ജെ പി എൽ ഡി എഫ് സംഘർഷം വിഷുദിനത്തിലും തുടരുകയാണ്.കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പ്രതിഷേധിച്ച് എൽ ഡി എഫ് പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചിരുന്നു. രാവിലെ 10 മണിയോടെ എടതിരിഞ്ഞി സെന്ററിൽ നിന്ന് മാർച്ച് ആരംഭിക്കുന്നതിന് മുന്നായി ബിജെപി പ്രവർത്തകർ ബൈക്കിലെത്തിയതിനെ തുടർന്ന് വീണ്ടും സംഘർഷം നടക്കുകയായിരുന്നു.സംഘർഷത്തിൽ പടിയൂർ പഞ്ചായത്ത് പ്രസിഡന്റും സി പി ഐ നേതാവുമായ കെ.സി ബിജുവിന് തലയ്ക്ക് പരിക്കേറ്റു. വിഷുദിനത്തിൽ പ്രദേശമാകെ ഹർത്താൽ പ്രതീതിയാണ്.ജനങ്ങൾ ഭയചകിതരായാണ് വീടുകളിൽ ഇരിക്കുന്നത് .തൃശ്ശൂരിൽ നിന്നും കൂടുതൽ പോലീസ് സേന പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
പടിയൂരിൽ സംഘർഷം തുടരുന്നു : ബിജെപി പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം
പടിയൂർ : വിഷു തലേ ദിവസം പഞ്ചായത്ത് ഓഫീസിന് സമീപം എൽ ഡി എഫ് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെ ബി.ജെ.പി,ആർ.സ്.സ് പ്രവർത്തകരുടെ വീടിനുനേരെ വ്യാപക അക്രമണം. ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി ബി ജെ പി പ്രവർത്തകരായ അണ്ടിക്കോട്ടിൽ കർണൻ, യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി സുഗിൻ, BJP പഞ്ചായത്ത് സമിതി അംഗം എള്ളുംപറമ്പിൽ മുരളി എന്നിവരുടെ വീടിനും വാഹനങ്ങൾക്കും നേരെ ആണ് അക്രമണം ഉണ്ടായത്.ബി ജെ പി പ്രവർത്തകർക്കുനേരെ നാല്പത്തിഅഞ്ചിലധികം വരുന്ന സി.പി.എം പ്രവർത്തകർ പടക്കം എറിഞ്ഞാണ് സംഘർഷം ശ്രഷ്ടിച്ചതെന്ന് ബിജെപി ആരോപിച്ചു. പടിയൂരിലെ ബി.ജെ.പിയുടെ കൊടിമരങ്ങളും ഫ്ളക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.