സ്ഥിരം തൊഴില്‍ ഇല്ലാതാക്കല്‍ നിയമം അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് സി.എന്‍. ജയദേവന്‍

390

ഇരിങ്ങാലക്കുട: സ്ഥിരം തൊഴില്‍ ഇല്ലാതാക്കല്‍ നിയമം സര്‍ക്കാര്‍ സേവനമേഖലയില്‍ ഉള്‍പ്പടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് സി.എന്‍. ജയദേവന്‍ എം.പി. അഭിപ്രായപ്പെട്ടു. ഇതിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്നും ശക്തമായ ചെറുത്തുനില്‍പ്പ് രൂപപ്പെടേണ്ടതുണ്ടെന്നും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തിരുത്തല്‍ ശക്തിയാവാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ശ്രദ്ധിക്കണമെന്നും ജയദേവന്‍ പറഞ്ഞു. ജോയിന്‍ കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ പി. മണി അധ്യക്ഷനായിരുന്നു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍, അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.വി.പൗലോസ്, ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജോളി, ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.വി.രാമചന്ദ്രന്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ. ഉണ്ണി, കെ.എ. ശിവന്‍, കെ.ആര്‍. പൃഥ്വിരാജ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ വിളംബര റാലി നടത്തി. അയ്യങ്കാവ് മൈതാനത്തു നിന്നാരംഭിച്ച റാലി ടൗണ്‍ ഹാളിനു സമീപം സമാപിച്ചു. വ്യാഴാഴ്ച രാവിലെ ടൗണ്‍ഹാലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലയിലെ പതിനൊന്ന് മേഖലകളില്‍നിന്നുമായി മുന്നൂറ് പ്രതിനിധികള്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം സി.പി.ഐ. ജില്ലാസെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് പി.കെ.ശ്രീരാജ്കുമാര്‍ അധ്യക്ഷനാകും. പ്രമേയാവതരണം, പൊതുചര്‍ച്ച, തെരഞ്ഞെടുപ്പ് ഉള്‍പ്പടെ സമ്മേളനം വൈകീട്ട് ആറോടെ സമാപിക്കും.

Advertisement