നിർധനരായ വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി എൻഎസ്എസ് വളണ്ടിയർമാർ

93

ഇരിങ്ങാലക്കുട :ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെട്ടിരുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ 2020-21ലെ വിദ്യാഭ്യാസ വർഷം ആരംഭിച്ചതോടെ, ഓൺലൈൻ പഠനരീതി സർക്കാർ തെരഞ്ഞെടുക്കുകയായിരുന്നു.ധാരാളം നിർധനരായ കുടുംബങ്ങളെ ഇത് കൂടുതൽ പ്രതിസന്ധിയിലാഴ്ത്തി. ഈ അവസരത്തിലാണ് അർഹിക്കുന്ന ഒരു കുടുംബത്തിനെങ്കിലും ടെലിവിഷൻ നൽകുക എന്ന പദ്ധതിയുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങിലെ എൻഎസ്എസ് വളണ്ടിയർമാർ മുന്നോട്ടുവന്നത്. എന്നാൽ ഊർജ്ജസ്വലമായ ഇവരുടെ പ്രവർത്തനത്തിലൂടെ വിദ്യാർഥികൾ,അധ്യാപകർ ഇവരിൽനിന്നെല്ലാം പണം സമാഹരിച്ച് ഒറ്റ ദിവസം കൊണ്ടുതന്നെ നിർധനരായ അഞ്ച് വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകാൻ സാധിച്ചു. പഞ്ചായത്ത് അധികൃതരുടെയും സ്കൂൾ അധികൃതരുടെയും സഹായത്തോടെയാണ് അർഹരായ അഞ്ചു കുടുംബങ്ങളെ കണ്ടെത്തിയത്.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫിലിപ്പ് ലൂക്ക് കെ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ സുകൃത എ കെ എന്നിവരാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകിയത്.ലോക്ക്ഡൗൺ കാലമായിട്ടുപോലും ഏത് പ്രതികൂല സാഹചര്യങ്ങളിലും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ കഴിയുമെന്നാണ് ഈ വിദ്യാർഥികൾ ലോകത്തിനു പ്രവർത്തിച്ചു കാണിക്കുന്നത്‌.

Advertisement