ആശങ്കകൾക്കൊടുവിൽ മുർഷിദാബാദ് ജില്ലക്കാരായ അതിഥി തൊഴിലാളികളെ കാട്ടൂരിൽ നിന്നും യാത്രയാക്കി

85

കാട്ടൂർ:വീശിയടിച്ച കനത്ത ചുഴലിക്കാറ്റിൽ കനത്ത നാശം സംഭവിച്ച പശ്ചിമബംഗാളിലേക്കുള്ള യാത്ര കുറച്ചു ദിവസങ്ങളായി അനിശ്ചിതത്വത്തിൽ ആയിരുന്നു.കഴിഞ്ഞ തിങ്കളാഴ്‌ച തന്നെ അവിടേക്കുള്ള ‘ശ്രമിക്ക്’ തീവണ്ടി യാത്ര ആരംഭിക്കും എന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ച അറിയിപ്പിനെ തുടർന്ന് ശനിയാഴ്ച തന്നെ മുർഷിദാബാദ് ജില്ലക്കാരായ അതിഥി തൊഴിലാളികളുടെ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു എങ്കിലും ട്രെയിൻ ക്യാൻസൽ ആയതിനെ തുടർന്ന് ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു.എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് ഇന്നലെ വൈകീട്ട് 8 മണിയോടുകൂടി തൃശ്ശൂർ റയിൽവെ സ്റ്റേഷനിൽ നിന്നും 1,200 ഓളം വരുന്ന തൊഴിലാളികളെയും കൊണ്ട് ട്രെയിൻ യാത്രയാവുകയായിരുന്നു.കാട്ടൂരിൽ നിന്നും 18 ഉം,കാറളത്ത് നിന്നും 17 ഉം അടക്കം 35 ഓളം വരുന്ന തൊഴിലാളികളെ കാട്ടൂർ ബാസ്റ്റാന്റിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസി യുടെ പ്രത്യേക ബസിൽ യാത്രയാക്കുകയായിരുന്നു.കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ്,കാറളം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയ്സൻ,കാട്ടൂർ പഞ്ചായത്തിലെ സീനിയർ ക്ലർക്ക് ബഷീർ,ക്ലർക്കുമാരായ മഞ്ജു,ആദിത് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.കാട്ടൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ മണി വാഹനത്തിൽ അകമ്പടിയായി പോയി.

Advertisement