ഈസ്റ്റർ ആശംസകൾ:ബിഷപ് മാർ പോളി കണ്ണൂക്കാടന്‍

103

ഇരിങ്ങാലക്കുട :ലോക ചരിത്രത്തില്‍, മനുഷ്യ ഭൂപടത്തില്‍, സഭാ സ്മൃതികളില്‍ സമാനതകളില്ലാത്ത ഒരു ഉത്ഥാന തിരുനാളാണിന്ന്. ഭവനങ്ങള്‍ ദൈവാലയങ്ങളാക്കി, ഹൃദയനിലങ്ങളില്‍ അള്‍ത്താരയൊരുക്കി, സങ്കടങ്ങളെ ബലിവസ്തുവാക്കി നാം ദൈവപുത്രന്റെ തിരുവുത്ഥാനം ആചരിക്കുന്നു. ഏവര്‍ക്കും ഹൃദയപൂര്‍വം ഉയിര്‍പ്പുതിരുനാളിന്റെ മംഗളങ്ങള്‍ ആശംസിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനം എന്നും എപ്പോഴും നിങ്ങളുടെ ജീവിത വഴികളില്‍ കൂട്ടിനുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.കൊറോണ വൈറസ് പരത്തിയ ഭീതിയില്‍ നടുങ്ങിനില്‍ക്കുകയാണ് ലോകം ഇപ്പോള്‍. അനുദിനം മരിച്ചുവീഴുന്നവരുടെ എണ്ണവും ദിനംപ്രതി രോഗികളാക്കപ്പെടുന്നവരുടെ കണക്കുകളും ശാശ്വതമായ പരിഹാരം കണ്ടെത്താനാവാതെ വിറങ്ങലിച്ച് നില്‍ക്കുന്ന സംവിധാനങ്ങളും നമ്മുടെ ചുറ്റിലും ഇരുട്ടു പരത്തുന്നുണ്ട്. ഇവിടെയാണ് യേശുക്രിസ്തുവിന്റെ ഉത്ഥാനത്തിന് അര്‍ത്ഥമേറുന്നത്. രക്ഷകനായ ക്രിസ്തു നടന്നുനീങ്ങിയ സഹനവീഥികളെ പിന്‍തുടരുമ്പോള്‍ കാല്‍വരിയിലെ രക്തം പുരണ്ട ഇരുള്‍ വഴികളെക്കാള്‍ വിജയത്തിന്റെ പ്രഭ കലര്‍ന്ന ഉത്ഥാന കല്ലറയുടെ ചാരെയാണ് നാം ഒടുവില്‍ എത്തുക. അവിടെ നമുക്കായി ഈ സദ്‌വാര്‍ത്ത കാത്തിരിപ്പുണ്ട്: ഭയപ്പെടേണ്ട!ചെങ്കടല്‍പോലെ തിളച്ചുമറിയുന്ന സങ്കടങ്ങളുടെ കടലാഴങ്ങളിലും ചുട്ടുപഴുത്ത മരുഭൂമികണക്കെ വിസ്തൃതമായ ആകുലതകളുടെ മണല്‍പരപ്പിലും അതിരുകള്‍ ദര്‍ശിക്കാനാകാതെ മുന്നില്‍ നീളുന്ന സ്വപ്നഭൂമിയുടെ ശൂന്യതയിലും ഇസ്രായേല്‍ ജനത്തെ അത്ഭുതകരമായി പൊതിഞ്ഞുപിടിച്ച പ്രപഞ്ചസ്രഷ്ടാവിന്റെ അദൃശ്യകരം നമ്മുടെ തുടര്‍ജീവിത വഴികളില്‍ ഉണ്ടാകും തീര്‍ച്ച. ഇതു മാത്രം നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാം,വേദനകളില്ലാതെ സന്തോഷമില്ല,ഗിരിശൃംഗങ്ങളില്ലാതെ താഴ്‌വരകളില്ല,കുരിശില്ലാതെ കിരീടമില്ല,അദ്ധ്വാനമില്ലാതെ വിജയമില്ല,സഹനങ്ങളില്ലാതെ മഹത്വമില്ല! കൊറോണ വൈറസ് വ്യാപനംമൂലം വീടുകളിലായിരുന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും കുടുംബക്കൂട്ടായ്മയുടെ മഹത്വവും ആനന്ദവും സന്തോഷവും ധാരാളമായി ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.
ഉത്ഥാനതിരുനാള്‍ ആശംസകളോടെ.. ബിഷപ് മാർ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട രൂപത മെത്രാന്‍

Advertisement