രോഗ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിന് ജനറൽ ആശുപത്രിയിലേക്ക് 50,000 രൂപ സംഭാവന നൽകി

99

ഇരിങ്ങാലക്കുട:കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡുകളിൽ ഉപയോഗിക്കുന്നതിനായുള്ള പേർസണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ് വാങ്ങുന്നതിന് സേവ് ഇരിങ്ങാലക്കുടയുടെ സംഭാവനയുടെ ആദ്യ ഗഡുവായ 50,000 രൂപ ഇരിങ്ങാലക്കുട എം.എൽ.എ. കെ.യു അരുണൻ മാസ്റ്റർ ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾക്ക് കൈമാറി. അടിയന്തിര സ്വഭാവമുള്ള ഒരു ആവശ്യമെന്ന നിലക്ക് സേവ് ഇരിങ്ങാലക്കുടയുടെ അംഗങ്ങളിൽ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ പിരിച്ചെടുത്ത തുകയാണ് ആശുപത്രിയിലേക്ക് കൈമാറിയത്. ചടങ്ങിൽ സേവ് ഇരിങ്ങാലക്കുട ഭാരവാഹികളായ അബ്ദുൾ സമദ്, അഡ്വ.പി.ജെ.ജോബി, ഷിജിൻ തവരങ്ങാട്ടിൽ, ഷെറിൻ അഹമ്മദ്,മനീഷ് അരീക്കാട്ട്, എന്നിവർ പങ്കെടുത്തു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സേവ് ഇരിങ്ങാലക്കുട സർക്കാർ സംവിധാനങ്ങളോട് കൈകോർത്തു പിടിച്ചു പ്രവർത്തിക്കാൻ സന്നദ്ധമാണെന്ന് സേവ് പ്രവർത്തകർ എം.എൽ.എക്കും ആശുപത്രി സൂപ്രണ്ടിനും ഉറപ്പു നൽകി. നിലവിൽ മെഡിക്കൽ കോളേജിലും തൃശൂർ ജനറൽ ആശുപത്രിയിലും മാത്രം ഒരുക്കിയിട്ടുള്ള കൊറോണ ചികിത്സാ സൗകര്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisement