ഈ പള്ളിമേടക്ക് ഇന്ന് നൂറു വയസു തികയും-ഈ വൈദീക മന്ദിരത്തിനു ഇന്ന് നൂറു വയസ്

568

ഇരിങ്ങാലക്കുട: ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കത്തീഡ്രല്‍ ദേവാലയത്തിലെ പള്ളിമേടക്ക് ഇന്ന് നൂറുവയസ്. 1918 നവംബര്‍ ഒന്നിനാണ് ഈ പള്ളിമേട പണി പൂര്‍ത്തീകരിച്ചതായി രേഖകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഒന്നാം നിലയിലെ കോണ്‍ഫ്രന്‍സ് ഹാളിനുള്ളിലെ മരത്തിന്റെ ഫലകത്തില്‍ കൊത്തിവച്ചിരിക്കുന്നതില്‍ നിന്നും ഇതിന്റെ കാലപഴക്കം വ്യക്തമാകുന്നതാണ്. ഓല മേഞ്ഞിരുന്ന പള്ളിമുറി 1900 ത്തില്‍ അഗ്‌നിക്കിരയായതോടെ റിക്കാര്‍ഡുകളെല്ലാം കത്തിനശിച്ചതായി ചരിത്ര രേഖകളില്‍ സൂചിപ്പിക്കുന്നുണ്ട്. ഉടനെതന്നെ പള്ളി ഓലകൊണ്ടുതന്നെ കെട്ടിമേഞ്ഞു. പക്ഷേ 1915 ല്‍ മറ്റൊരു അഗ്‌നിബാധ കൂടി പള്ളിയിലുണ്ടായി. ഇതോടെ പള്ളി പണികഴിക്കുന്നതോടൊപ്പം പള്ളിയോടുചേര്‍ന്നു ഇന്നു കാണുന്ന രീതിയില്‍ തെക്കുവടക്കായി മൂന്നു നിലകളുള്ള വൈദിക മന്ദിരവും പള്ളി ഓഫീസും പണികഴിച്ചു.
1915 ല്‍ ആരംഭിച്ച പള്ളിയുടെയും പള്ളിമേടയുടെയും പുനര്‍നിര്‍മാണം 1918 ല്‍ പൂര്‍ത്തിയായി. ഏറെ വൈവിദ്യങ്ങളോടെയാണ് പള്ളിയും പള്ളിമേടയും പണികഴിച്ചിട്ടുള്ളത്. ബഹു. അക്കര പിയൂസച്ചന്റെ നേതൃത്വത്തിലാണു ഇത്തരം നിര്‍മാണപ്രവൃത്തികള്‍ നടന്നത്. പള്ളിമേടയില്‍ വൈദീകര്‍ താമസിക്കുന്ന മുകളിലേക്കു കയറുവാനുള്ള വളഞ്ഞ മരക്കോണി ഏറെ മനോഹരമാണ്. ഈ കോണി കയറിയിട്ടുവേണം പള്ളിയകത്തെ തട്ടിന്‍ മുകളിലേക്കു പ്രവേശിക്കുവാന്‍. വികാരിക്കും അസിസ്റ്റന്റ് വികാരിമാര്‍ക്കും താമസിക്കുവാനുള്ള മുറികളും വിശാലമായ കോണ്‍ഫ്രന്‍സ് ഹാളുമാണ് മുകള്‍ നിലയിലുള്ളത്. ഈ മുറികള്‍ക്കു മുന്നിലാണ് വിശാലമായ വരാന്ത. പള്ളി ഓഫീസും റിക്കാര്‍ഡ് റൂമുമാണു താഴത്തെ നിലയിലുള്ളത്.
പള്ളിയെയും വൈദികമന്ദിരത്തെയും ബന്ധിപ്പിച്ചുകൊണ്ട്, വാഹനങ്ങള്‍ക്കു സഞ്ചരിക്കാവുന്ന വിസ്തൃതിയില്‍ നിര്‍മിച്ചിട്ടുള്ള ആര്‍ച്ച് തികച്ചും ആകര്‍ഷകമാണ്. 1949 ല്‍ ഫാത്തിമാ മാതാവിന്റെ രൂപം വഹിച്ചുകൊണ്ട് ആഗോള സഞ്ചാരത്തിനു ഫാത്തിമായില്‍നിന്നു പുറപ്പെട്ട തീര്‍ഥാടകസംഘം കേരളത്തിലെത്തിയപ്പോള്‍ ഇരിങ്ങാലക്കുടയിലും സന്ദര്‍ശനം നടത്തി. രൂപം വഹിച്ചുകൊണ്ടുള്ള വാഹനം സെന്റ് ജോര്‍ജ് പള്ളിയുടെ ആര്‍ച്ച് കടക്കുമായിരുന്നില്ല. രൂപം ഒരു കാരണവശാലും താഴെ ഇറക്കുവാനും സാധിക്കില്ല. ഈ സാഹചര്യത്തില്‍ ആര്‍ച്ചിന്റെ താഴെ നിലം രണ്ടടിയോളം താഴ്ത്തി മണ്ണുമാറ്റി സഞ്ചാരയോഗ്യമാക്കുകയും പിന്നീടു വീണ്ടും മണ്ണിട്ടു ഉയര്‍ത്തിയതായും ചരിത്ര ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഒരു നൂറ്റാണ്ട് പിന്നിടുന്ന ഈ പള്ളിമേടക്ക് ഇന്നും യാതൊരു കേടുപാടുകളും സംഭവിച്ചീട്ടില്ല എന്നുള്ളത് നിര്‍മാണത്തിലെ മികവാണ് വ്യക്തമാക്കുന്നത്.

Advertisement