തലക്കു മീതെ അപകടം…..മഴ കനത്തു….. നെഞ്ചിടിപ്പോടെ മുസാഫരികുന്ന് കോളനി നിവാസികള്‍

448
Advertisement

വെള്ളാങ്കല്ലൂര്‍ : മഴ കനത്തതോടെ മുസാഫരി കുന്നിലെ വീട്ടുക്കാരുടെ നെഞ്ചില്‍ തീയാണ്. മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ ഏറെ ആധിയിലാണ് കഴിയുന്നത്. ജീവന്‍ പോലും പണയം വച്ചാണ് ഓരോ ദിവസവും അവര്‍ തള്ളിനീക്കുന്നത്. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ മുസാഫരിക്കുന്നില്‍ താമസിക്കുന്ന 300 ഓളം കുടുംബങ്ങളാണ് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നത്. നാലും അഞ്ചും സെന്റില്‍ താമസിക്കുന്ന ഇവരുടെ വീടുകള്‍ മുപ്പതടിയോളം താഴ്ചയിലുള്ള വലിയ കുഴിക്കരികിലാണ്. പാരിജാതപുരം ക്ഷേത്രത്തിനു പിറകില്‍ താമസിക്കുന്ന ചെന്നറ വീട്ടില്‍ സുകുമാരന്‍, പണ്ടാരപ്പറമ്പില്‍ അജിത, കുഴിക്കണ്ടത്തില്‍ നഫീസ, ചീനിക്കപ്പുറം ഹംസ, കൊച്ചാമി തരു പീടികയില്‍, ജാഫര്‍ പോക്കാക്കിലത്ത് എന്നിവരാണ് ഈ കുഴിയുടെ അരികിലായി താമസിക്കുന്നത്. നിരവധി വൃക്ഷങ്ങള്‍ പല ഘട്ടങ്ങളിലായി കുഴിയിലേക്ക് ഇടിഞ്ഞിറങ്ങി. ഓരോ മഴയിലും വീണ്ടെടുക്കാന്‍ സാധിക്കാത്തവിധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവരുടെ സ്ഥലം. എല്ലാ മഴക്കാലത്തും മുസാഫരിക്കുന്നിന്റെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടാകാറുണ്ട്. മഴ കനത്താല്‍ ഇവരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് പതിവ്. 2008 ലുണ്ടായ രൂക്ഷമായ മണ്ണിടിച്ചില്‍ സമയത്ത് അന്നത്തെ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും അപകടാവസ്ഥയിലുള്ള വീടുകളില്‍ താമസിക്കുന്നവരെ താല്ക്കാലികമായി മാറ്റിപാര്‍പ്പിക്കുകയും കേടുപാടുകള്‍ പറ്റിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു. മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പു നല്‍കിയെങ്കിലും നടപ്പിലായില്ല. സംരക്ഷണ ഭിത്തി നിര്‍മിക്കുവാന്‍ പോലും അധികാരികള്‍ തയാറായിട്ടില്ല. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ വലിയൊരു തുക ആവശ്യമായി വരുമെന്നും അതിനാല്‍ ഈ പദ്ധതി നടപ്പിലാക്കുവാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും അതിനാല്‍ അപകടാവസ്ഥയിലായ വീടുകളില്‍ നിന്നും മാറി താമസിക്കുന്നതാണ് ഉചിതമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പലര്‍ക്കും പട്ടയം ഇല്ലാത്തത് വിനായി. ഇതിനിടയില്‍ ഈ വീടുകളുടെ വടക്കുഭാഗത്തായി മൊബൈല്‍ ടവര്‍ നിര്‍മിക്കാനുള്ള ശ്രമവും ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തങ്ങളെ ബാധിക്കുമെന്ന് ഇവര്‍ ഭയപ്പെട്ടിരുന്നു. വീടിന്റെ വടക്കുഭാഗത്തായി ഏകദേശം നൂറുമീറ്റര്‍ അകലെ മറ്റൊരു ടവര്‍ നിലവിലുണ്ടെന്നും എന്നീട്ടും ഇവിടെ മറ്റൊരു ടവര്‍ നിര്‍മിക്കുന്നത് തങ്ങളുടെ സുരക്ഷിതത്വം അപകടാവസ്ഥയിലാണെന്നാണ് സമീപവാസികളുടെ പരാതി. തങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ചെന്നറ വീട്ടില്‍ സുകുമാരന്‍, അജിത പണ്ടാരപറമ്പില്‍ എന്നിവര്‍ പട്ടികജാതി വികസന ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ വന്ന് പരിശോധിക്കുകയും വിശദവിവരങ്ങള്‍ കാണിച്ച് കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മണ്ണിടിച്ചില്‍ ഭീതിയിലായ പ്രദേശങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.

 

Advertisement