കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ കനാലുകളില്‍ നിന്നും തോടുകളില്‍ നിന്നും ചണ്ടികളും കുളവാഴകളും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യം

28

ഇരിങ്ങാലക്കുട: കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ കനാലുകളില്‍ നിന്നും തോടുകളില്‍ നിന്നും ചണ്ടികളും കുളവാഴകളും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യം. ഷണ്‍മുഖം കനാല്‍ അടക്കം പ്രധാനപ്പെട്ട കനാലുകളിലും തോടുകളിലും ചണ്ടികളും കുളവാഴകളും നിറഞ്ഞ് കിടക്കുകയാണ്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും തോടുകളില്‍ വെള്ളം നിറഞ്ഞ് സമീപപ്രദേശങ്ങളിലേക്ക് വെള്ളം കരകവിഞ്ഞ് ഒഴുകാന്‍ കാരണം തോടുകളിലും കനാലുകളിലും ചണ്ടികളും കുളവാഴകളും വന്നടിഞ്ഞീട്ടാണ്. ഇരിങ്ങാലക്കുട നഗരസഭ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തുകള്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി കുളവാഴകളും ചണ്ടികളും നീക്കം ചെയ്ത് വ്യത്തിയാക്കിയതിനാല്‍ പടിയൂരില്‍ വലിയതോതില്‍ വെള്ളക്കെട്ട് ഉണ്ടായില്ലെന്ന് പഞ്ചായത്ത് നിവാസികള്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ തോടുകള്‍ വ്യത്തിയാക്കാതിരുന്നതിനാല്‍ വേനല്‍ മഴയില്‍ പാടശേഖരങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇതിനെ തുടര്‍ന്ന് പുല്ല് ചീഞ്ഞ് അഴുകി വെള്ളം കറുപ്പ് നിറമായി. ഇത് ഷണ്‍മുഖം കനാലിലേക്ക് ഒഴുകിയതെത്തിയതോടെ കനാലിലെ വെള്ളത്തിനും നിറവ്യത്യാസവും അസഹനീയമായ നാറ്റവും അനുഭവപ്പെടുകയാണ്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവനും സംഘവും സ്ഥലം സന്ദര്‍ശിച്ചു. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ വരുന്ന ഷണ്‍മുഖം കനാലില്‍ നിന്നും കുളവാഴയും ചണ്ടിയും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇറിഗേഷന്‍ വകുപ്പ് അടിയന്തിര ശ്രദ്ധ കാണിക്കണമെന്നും സ്ഥലം സന്ദര്‍ശിച്ച പ്രസിഡന്റ് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജയ ശ്രീലാല്‍, ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ കെ.സി. ബിജു, ബ്ലോക്കംഗം രാജേഷ് അശോകന്‍ എന്നിവരും പ്രസിഡന്റിനോടൊപ്പം സ്ഥലം സന്ദര്‍ശിക്കാനെത്തിയിരുന്നു.

Advertisement