പേര് നീക്കം ചെയ്യല്‍; നടപടി സ്വീകരിക്കണം. -തോമസ് ഉണ്ണിയാടന്‍

1143

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്നും യുഡിഎഫ് അനുഭാവികളുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്തതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ചില ബി എല്‍ ഒ മാരുടെ പ്രവര്‍ത്തനം വിശ്വസനീയമല്ല. കരട് വോട്ടര്‍ പട്ടികയിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും പേരുണ്ടായിട്ടും അന്തിമ പട്ടികയില്‍ നിന്നും നൂറ് കണക്കിന് യൂ ഡി എഫ് അനുഭാവികളുടെ പേരുകളാണ് കാരണമില്ലാതെ നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്.ഇവരാകട്ടെ വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസമാക്കിയവരും വോട്ട് ചെയ്തു കൊണ്ടിരുന്നവരുമാണ്.
വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കുന്നതിന് നല്‍കിയിരുന്നവരുടെ അപേക്ഷ വേണ്ട വിധത്തില്‍ അന്വേഷിക്കാതെ തിരിച്ചയച്ചതു മൂലം നിരവധി പേര്‍ക്ക് വോട്ടര്‍ പട്ടികയിലുള്‍പ്പെടാന്‍ സാധിച്ചിട്ടുമില്ല. സജീവ രാഷ്ട്രീയ പ്രവര്‍ത്തകരായ ബി എല്‍ ഒ മാരെ തല്‍സ്ഥാനത്ത് നിന്ന് ഒഴിവാക്കി നിഷ്പക്ഷരായവരെ നിയമിക്കണമെന്നും തെറ്റായ പ്രവൃത്തി ചെയ്ത ബി എല്‍ ഒ മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദഹം പറഞ്ഞു.

Advertisement