ശ്രീകൂടല്‍മാണിക്യം ഭഗവാന് ആറാട്ടുപുഴയുടെ താമരമാല വഴിപാട്

1001

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് കൊടിയേറ്റം, തിരുവാതിരവിളക്ക്, പെരുവനംപൂരം, തറയ്ക്കല്‍ പൂരം, ആറാട്ടുപുഴ പൂരം, ഗ്രാമബലി എന്നീ ദിവസങ്ങളില്‍ ശ്രീകൂടല്‍മാണിക്യം ഭഗവാന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ വകയായി താമരമാല ചാര്‍ത്തും. ഈ വഴിപാട് മുന്‍കൂട്ടി
ശീട്ടാക്കിക്കഴിഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരമാല ചാര്‍ത്തിയാല്‍ പൂര കാലത്ത് മഴ ഉണ്ടാകില്ലെന്നാണ് വിശ്വാസം.ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ വകയായി എല്ലാ വര്‍ഷവും ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരമാല ചാര്‍ത്താറുണ്ട്. ആറാട്ടുപുഴ പൂരത്തിന് ആതിഥേയത്വം വഹിക്കുന്ന ആറാട്ടുപുഴ ശാസ്താവ് ഭക്തരെ അനുഗ്രഹിക്കാന്‍ മാര്‍ച്ച് 25ന് രാവിലെ 8 മണിയോടുകൂടി പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ പുറത്തേക്കെഴുന്നെള്ളും. ആല്‍ത്തറക്കു സമീപം മേളം അവസാനിച്ചാല്‍ നാഗസ്വരം ,ശംഖധ്വനി , വലന്തലയിലെ ശ്രുതി എന്നിവയുടെ അകമ്പടിയോടെ തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും . തൈക്കാട്ടുശ്ശേരി പൂരത്തിനു ശേഷം ആറാട്ടുപുഴ ശാസ്താവിന്റെ ‘എടവഴിപൂരം’ ആരംഭിക്കും. ഭഗവതിയുമായി ഉപചാരത്തിനു ശേഷം മടക്കയാത്രയില്‍ ചാത്തക്കുടം ശാസ്താ ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ്.ഉപചാരത്തിനുശേഷം ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളും .ഭക്തര്‍ ശാസ്താവിന് നിറപറകള്‍ സമര്‍പ്പിക്കും.നിത്യപൂജകള്‍ക്കും താന്ത്രിക ചടങ്ങുകള്‍ക്കും ശേഷം വൈകീട്ട് 8ന് തന്ത്രി ഇല്ലമായ പെരുവനം കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് മനക്കലേക്ക് ശാസ്താവിന്റെ എഴുന്നെള്ളത്ത് . ഇറക്കിപ്പൂജ , അടനിവേദ്യം, പാണികൊട്ട് എന്നിവക്കു ശേഷം നറുകുളങ്ങര ബലരാമ ക്ഷേത്രത്തിലേക്ക് യാത്ര. കൊട്ടി പ്രദക്ഷിണത്തിനു ശേഷം ശാസ്താവ് ആറാട്ടുപുഴയിലേക്ക് തിരിച്ചെഴുന്നള്ളുന്നു. പാതിരാവിന്റെ നിശ്ശബ്ദതയിലും ഭക്തജനങ്ങള്‍ ശാസ്താവിന്റെ എഴുന്നെള്ളത്തിന് കാതോര്‍ത്തിരുന്ന് ഭക്തിയുടെ പൂര്‍ണ്ണതയില്‍ വരവേല്‍ക്കുന്ന കാഴ്ച വര്‍ണ്ണനാതീതമാണ് .ആറാട്ടുപുഴ പൂരം വരെയുള്ള ദിവസങ്ങളില്‍ ശാസ്താവിന് അകമ്പടിയായി നാദസ്വരം ഉണ്ടാകും.

 

Advertisement