വായന മനുഷ്യനെ സംസ്‌കാര സമ്പന്നനാക്കുന്നു: ബാലചന്ദ്രന്‍ വടക്കേടത്ത്.

416

കരൂപ്പടന്ന: വായന മനുഷ്യനെ സംസ്‌ക്കാര സമ്പന്നനാക്കുന്നുവെന്ന് പ്രശസ്ത നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു.കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1991 എസ്.എസ്.എല്‍.സി.ബാച്ച് കൂട്ടായ്മ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് വേണ്ടി ഒരുക്കിയ ലൈബ്രറി & റീഡിംഗ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വര്‍ഗ്ഗീയത ഇല്ലാതാക്കാനും സമാധാനം നിലനിര്‍ത്താനും ജനാധിപത്യ – മതേതര കാഴ്ചപ്പാട് ഉണ്ടാക്കാനും വായന മുഖ്യ പങ്ക് വഹിക്കുമെന്നും പുതുതലമുറയെ വായിപ്പിച്ചു വളര്‍ത്തണമെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു.
കൂട്ടായ്മ പ്രസിഡണ്ട് അയ്യൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസ് താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ബക്കര്‍ മേത്തല മുഖ്യ പ്രഭാഷണം നടത്തി.കവയിത്രിയും അധ്യാപികയുമായ മഞ്ജുള കവിതാലാപനം നടത്തി.ഡോ. ഷംല ഷെഫീക്ക്, പ്രിന്‍സിപ്പാള്‍ ടി.കെ.ജമീല, ഗ്രാമപഞ്ചായത്ത് അംഗം ആമിനാബി, പി.ടി.എ.പ്രസിഡണ്ട് ഷൈല സഹീര്‍, പി.കെ.എം.അഷറഫ്, ഇ.കെ.അബൂബക്കര്‍, നിത മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
ഒരേ സമയം നൂറ് കുട്ടികള്‍ക്ക് ഇരുന്ന് പുസ്തകങ്ങള്‍ വായിക്കാനും റഫറന്‍സ് ചെയ്യാനും ഉള്ള വിപുലമായ സൗകര്യം രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ച് ഒരുക്കിയ ലൈബ്രറിയിലുണ്ട്.ജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍
1991 എസ്.എസ്.എല്‍.സി.ബാച്ച് കൂട്ടായ്മ ഒരുക്കിയ ഈ സംരംഭം മാതൃകാപരമാണ്.

Advertisement