ദുരിത മേഖലകളിലേക്ക് നിത്യോപയോഗ സാധനങ്ങളുടെ ആയിരക്കണക്കിനു കിറ്റുകളുമായി ഇരിങ്ങാലക്കുട രൂപത

1279

ഇരിങ്ങാലക്കുട : അപ്രതീക്ഷിതമായി കടന്നുവന്ന പേമാരിയിലും പ്രളയത്തിലുംപെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി അത്യാവശ്യം വേണ്ട നിത്യോപയോഗസാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ രൂപതാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ദുരിത മഴയിലും പ്രളയത്തിലും അകപ്പെട്ടവര്‍ക്ക് സഹായമായി ഇരുന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകള്‍ രൂപതയുടെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും സ്‌കൂളുകളിലും സന്യാസഭവനങ്ങളിലും കേന്ദ്രീകരിച്ച് നടത്തപ്പെട്ടു. പ്രളയത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ജാതിമത വ്യത്യാസം നോക്കാതെ വേര്‍തിരിവുകളില്ലാതെ ക്യാമ്പുകള്‍ ക്രമീകരിച്ച ബഹു. അച്ചന്‍മാര്‍, സിസ്റ്റേഴ്സ്, യുവജനങ്ങള്‍ തുടങ്ങിയവര്‍ക്ക് ബിഷപ്പ് നന്ദി അര്‍പ്പിച്ചു. വീടുകള്‍ നശിച്ചവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ നഷ്ട്ടപ്പെട്ടവര്‍ക്കും പഞ്ചായത്തും മുനിസിപ്പാലിറ്റിയും സര്‍ക്കാരും ഒരുക്കുന്ന വിവിധ സഹായങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്നുള്ളത് നമ്മുടെ കടമയാണെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. പുനരധിവാസത്തിന്റെ ഭാഗമായി ഏകദേശം ആറായിരത്തോളം കിറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ നിന്ന് മടങ്ങിയിട്ടുള്ള ആളുകളുടെ വീടുകളിലേക്ക് ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ ഈ കിറ്റുകള്‍ ഇടവകകള്‍ വഴി വിതരണം ചെയ്യുമെന്ന് ബിഷപ്പ് അറിയിച്ചു. രൂപതയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ 3 സോണുകളായി തരം തിരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ രൂപതയിലെ ദൈവജനം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു. നാളിതുവരെ നടത്തപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് കിറ്റുകള്‍ തയ്യാറാക്കാന്‍ സഹായിച്ച കൊറ്റനല്ലൂര്‍ ഇടവക സമൂഹത്തോടും നേതൃത്വം നല്‍കിയ വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്‍, കൈക്കാരന്‍മാര്‍, സംഘടനാഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക് ബിഷപ് നന്ദി അറിയിച്ചു.

തിരുവോണ നാളില്‍ കരുവന്നൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് എല്ലാം നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് സാന്ത്വനം പകരാനും കിറ്റുകള്‍ വിതരണം ചെയ്യാനും തിരുവോണാശംസകളര്‍പ്പിക്കാനും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എത്തിച്ചേര്‍ന്നിരുന്നു. മതിലുകള്‍ പണിത് വേര്‍പെട്ട് നില്‍ക്കേണ്ടവരല്ല മറിച്ച് പാലം പണിത് ഒന്നിച്ചു നില്‍ക്കേണ്ടവരാണ് നാം. ഈ അവസരത്തില്‍ എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് ഒരു വേര്‍തിരിവും കാണിക്കാതെ കൈകോര്‍ത്ത് നില്‍ക്കാന്‍ നമുക്ക് കഴിയണം. വിഭാഗീയതകളില്ലാതെ ഒന്നിച്ചു നില്‍ക്കാന്‍ നമുക്ക് ശ്രമിക്കാം. സാഹോദര്യവും, കൂട്ടായ്മയും, സ്നേഹവും കാണിക്കേണ്ട സമയമാണിത്. സന്നദ്ധ സംഘടനകള്‍ സഹായങ്ങളുമായി നില്‍ക്കുമ്പോള്‍ അവരോടെത്ത് നമുക്ക് സഹകരിക്കാന്‍ പറ്റണം. ജാതി- മത – വര്‍ഗ്ഗീയ – കക്ഷിരാഷ്ട്രീയ വേര്‍തിരിവ് ഒരിടത്തും പാടില്ല. ഇരിങ്ങാലക്കുട രൂപതയുടെ എല്ലാ തരത്തിലുമുള്ള സഹായ സഹകരണങ്ങളും ബിഷപ് വാഗ്ദാനം ചെയ്തു. നഷ്ടമായ ഇന്നലകളെ മറന്ന് നല്ലൊരു നാളയെ കെട്ടിപടുക്കുവാന്‍ നമുക്കൊരുമിച്ച് കൈകോര്‍ക്കാമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. കരുവന്നൂര്‍ വികാരി. ഫാ. വില്‍സന്‍ കൂനന്‍, കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ്, കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌ക്കൂളിലെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അമല റോസ്, ജോണി തെക്കൂടന്‍, ജോസഫ് മാടാനി, ആശ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Advertisement