ഇരിങ്ങാലക്കുട നഗരസഭയിലെ ഉദ്യോഗസ്ഥര്‍ കൊള്ളസംഘമായി പ്രവര്‍ത്തിക്കുന്നതായി കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം.

841
Advertisement

ഇരിങ്ങാലക്കുട : നഗരസഭയിലെ റവന്യു വിഭാഗത്തിനും സോണല്‍ ഓഫീസിനുമെതിരെ പ്രതിപക്ഷ വിമര്‍ശനം. വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് ബി. ജെ. പി, എല്‍. ഡി. എഫ്. അംഗങ്ങള്‍ രൂക്ഷവിമര്‍ശമുയത്തിയത്. നഗരസഭയിലെ റവന്യു വിഭാഗം സാമ്പത്തിക അഴിമതിക്കായി ഫയലുകള്‍ പിടിച്ചു വക്കുകയാണന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആരോപിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണെയും സെക്രട്ടറിയെയും അടക്കം വെല്ലുവിളിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥന്‍ പെരുമാറുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന ജനങ്ങളെ വലക്കുക മാത്രമല്ല കൊള്ളസംഘമായി പോലും ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുകയാണന്ന് സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. ഇത്തരം ഉദ്യോഗസ്ഥര്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ജോലി ചെയ്യണമെന്ന് ആര്‍ക്കും താല്‍പര്യമില്ലെന്നും അവര്‍ക്ക് ഇഷ്ടമുള്ള ഇടം തേടി പോകണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അഴിമതി ആരോപിച്ച ഉദ്യോഗസ്ഥന്‍ ആരെന്ന് വ്യക്തമാക്കണമെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മുഴുവന്‍ ഉദ്യോഗസ്ഥരെയും സംശയത്തിന്റെ നിഴലില്‍ നിറുത്തുമെന്ന് സി. സി. ഷിബിന്‍ ചൂണ്ടിക്കാട്ടി. പൊറത്തിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സോണല്‍ ഓഫീസിലെത്തുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. നിരവധി തവണ കയറിയിറങ്ങിയാലെ സാധാരണ സര്‍ട്ടിഫിക്കറ്റുകള്‍ പോലും നല്‍കുകയുള്ളു. എതാവശ്യത്തിനും ഓഫീസിലെത്തുന്ന ജനങ്ങള്‍ക്ക് രണ്ട് വീട്ടു നമ്പറുകള്‍ കൊണ്ടു നടക്കേണ്ട അവസ്ഥയാണ്. പൊറത്തിശ്ശേരി പഞ്ചായത്ത് നഗരസഭയോട് കൂട്ടിചേര്‍ത്തിട്ട്് എട്ട് വര്‍ഷം പിന്നിട്ടിട്ടും ഇത്തരം കാര്യങ്ങളില്‍ ഏകോപനമുണ്ടായിട്ടില്ല. അടിന്തിരമായി സര്‍വ്വെ നടത്തി വീട്ടു നമ്പര്‍ തയ്യാറാക്കാനും, നികുതി അടക്കാത്ത വീടുകള്‍ക്ക്് നമ്പര്‍ നല്‍കി നികുതി ഈടാക്കാനും നടപടി സ്വീകരിക്കണമെന്ന് സി. സി. ഷിബിന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക അരാജകത്വമാണ് നഗരസഭയില്‍ നടക്കുന്നതെന്ന് എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. നഗരസഭ പാര്‍ക്കിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍ സപ്ലെ ചെയ്ത വകയില്‍ ബില്ല് പാസ്സാക്കുന്ന അജണ്ടയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുടുംബത്തിലെ മുന്നു സ്ഥാപനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സമര്‍പ്പിച്ചിട്ടുള്ളതെന്ന് പി. വി. ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ആവശ്യമായ പ്രചരണം നടത്താതെയാണ് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ എല്‍. ഡി. എഫ്. അംഗം എം. സി രമണന്‍ ബില്ല് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടു. നിയമാനുസ്യതമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സാധനസാമഗ്രികള്‍ വാങ്ങിയിട്ടുള്ളതെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയെങ്കിലും ത്യപ്തരാവാതിരുന്ന പ്രതിപക്ഷാംഗങ്ങള്‍ അജണ്ട മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ടു. ബില്ല് സംബന്ധിച്ച്് വ്യക്തത ആവശ്യമായതിനാല്‍ മാറ്റി വക്കാമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ചെയര്‍പേഴസ്ണ്‍ നിമ്യ ഷിജു അജണ്ട മാറ്റി വക്കുകയാാണന്ന് അറിയിച്ചു. നഗരസഭയുടെ കാര്‍ ലേലം ചെയ്യുന്നതിന് കൗണ്‍സില്‍ യോഗം അനുമതി നല്‍കി. എന്നാല്‍ 2009 ല്‍ വാങ്ങിയ കാര്‍ 2013 ല്‍ നിസ്സാരമായ അറ്റകുറ്റപണിയുടെ പേരില്‍ കയറ്റിയിട്ടതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് എല്‍. ഡി. എഫ്. അംഗങ്ങളായ പി. വി. ശിവകുമാര്‍, എം. സി. രമണന്‍, ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കരാര്‍ ജീവനക്കാര്‍ ക്യത്യമായി ജോലി ചെയ്യുന്നില്ലെന്ന് ബി. ജെ. പി. അംഗം. രമേഷ് വാര്യര്‍, എല്‍. ഡി. എഫ് അംഗം അംബിക പള്ളിപ്പുറത്ത് എന്നിവര്‍ പറഞ്ഞു. ഇക്കാര്യം ആരോഗ്യ വിഭാഗം നിരീക്ഷിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍ദ്ദേശം നല്‍കി. തന്റെ വാര്‍ഡില്‍ മറ്റു കൗണ്‍സിലര്‍മാര്‍ ഇടപെടുന്നുവെന്നുവെന്ന പരാതിയുമായി ഭരണകക്ഷിയംഗം കൂടിയായ സംഗീത ഫ്രാന്‍സിസ് യോഗാരംഭത്തില്‍ രംഗത്തെത്തി. കാട്ടൂര്‍ ബൈപ്പാസ്സ് റോഡ് ബ്രദര്‍ മിഷന്‍ റോഡുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ചും, വാര്‍ഡിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിലുമാണ് ഇടപടല്‍ ഉണ്ടായതെന്ന് അവര്‍ പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ എം. ആര്‍. ഷാജു, പി. എ. അബ്ദുള്‍ ബഷീര്‍, കുരിയന്‍ ജോസഫ്, പി. വി. ശിവകുമാര്‍, എം. സി. രമണന്‍, സി. സി. ഷിബിന്‍, സന്തോഷ് ബോബന്‍, രമേഷ് വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.