ഇരിങ്ങാലക്കുട താലൂക്കാശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തേണ്ടതില്ലായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.

1248
Advertisement

ഇരിങ്ങാലക്കുട : താലൂക്കാശുപത്രി എന്ന പേരില്‍ നിന്നും ജനറല്‍ ആശുപത്രിയായി ഉയര്‍ത്തേണ്ട സാഹചര്യം ഇരിങ്ങാലക്കുട ഗവ: ആശുപത്രിയ്ക്കുണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു.സ്ത്രികള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാനായി കേന്ദ്രസര്‍ക്കാരിന്റെയും സാമുഹ്യസുരക്ഷ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വനിതാ-ശിശു വികസന വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന ‘സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍’ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ഓരോ വിഭാഗത്തിലുള്ള ആശുപത്രികള്‍ക്കും രോഗികളുടെ കണക്കനുസരിച്ച് ഏറ്റവും നല്ല ആശുപത്രിയാക്കി മാറ്റുകയാണ് വേണ്ടത് എന്നും പേരീല്‍ മാത്രം വ്യത്യാസം വരുത്തിയത് കൊണ്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.ഇരിങ്ങാലക്കുട ആശുപത്രി വികസനത്തിന്റെ പാതയിലാണെന്നും മദര്‍ & ചില്‍ഡ്രന്‍സ് കെയര്‍ ബില്‍ഡിംങ്ങ് പ്രവര്‍ത്തനം ആരംഭിച്ചു.പുതുതായി നിര്‍മ്മിക്കുന്ന അഞ്ച്‌നില കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ പൂര്‍ത്തിയായെന്നും എത്രയും വേഗം മുഴുവന്‍ നിര്‍മ്മാണവും പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിക്കുന്ന നാല് സഖി സെന്ററുകളില്‍ ജില്ലയിലെ ആദ്യത്തെതാണ് ഇരിങ്ങാലക്കുടയിലേത്.അക്രമങ്ങളില്‍ പെടുന്ന സ്ത്രികള്‍ക്ക് സുരക്ഷിതമായി താല്‍ക്കാലിക ഷെല്‍ട്ടര്‍ സംവിധാനവുംകൗണ്‍സിലിങ്ങും നിയമോപദേശത്തിന് അഡ്വക്കേറ്റിസിന്റെ സേവനവും ആരോഗ്യ പരിരക്ഷയും ഗൈനക്കോളസ്റ്റിന്റെ സേവനവും സഖി സെന്ററില്‍ ലഭിയ്ക്കും.ജില്ലാ കളക്ടറുടെ മേല്‍നേട്ടത്തിലാണ് സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ പ്രവര്‍ത്തനം.ആകെ 9 സ്റ്റാഫുകളില്‍ നിലവില്‍ നാല് സ്റ്റാഫുകളുടെ നിയമനം കഴിഞ്ഞു.എം എല്‍ എ പ്രൊഫ കെ യു അരുണന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ തൃശ്ശൂര്‍ റൂറല്‍ എസ് പി എം കെ പുഷ്‌ക്കരന്‍ ഐ പി എസ്,നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു,ആശുപത്രി സുപ്രണ്ട് മിനിമോള്‍എ എ,നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍,സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അബ്ദുള്‍ ബഷീര്‍,മീനാക്ഷി ജോഷി,സാമൂഹ്യനീതി ഓഫീസര്‍ എസ് സുലക്ഷ്ണ,വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സീസ്,ഡി എം ഓ ഡോ.ബിന്ദു തോമസ്,ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് പി ജെ ജെയിംസ് എന്നിവര്‍ സംസാരിച്ചു.

Advertisement