പ്രഥമ ഡ്യൂട്ടിയില്‍ തന്നെ കഴിവ് തെളിയിച്ച് റൂറല്‍ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് ഹണി

1078

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ച തൃശൂര്‍ റൂറല്‍ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗായ ഹണി തന്റെ പ്രഥമ ഡ്യൂട്ടിയില്‍ തന്നെ മണം പിടിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള മികവ് തെളിയിച്ചു. ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തുമ്പൂര്‍ സെന്റ് മാത്യൂസ് ചര്‍ച്ചില്‍ നടന്ന മോഷണകേസില്‍ ഹണി മണം പിടിച്ച് അരകിലോമീറ്ററോളം സഞ്ചരിച്ച് പ്രതികള്‍ രക്ഷപെടുവാന്‍ ഉപയോഗിച്ച വാഹനം ഇട്ട സ്ഥലം വരെ എത്തിയിരുന്നു.ജില്ലയെ നടുക്കിയ ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവര്‍ച്ചയില്‍ , കുപ്രസിദ്ധരായ ഹോളിഡേയ്‌സ് റോബേഴ്‌സിനെ കുടുക്കാന്‍ സഹായിച്ചതും ഹണിയാണ്.ഈ കേസില്‍ അന്വേഷണത്തിന് എത്തിയ ഹണി ചുമര്‍ തുരക്കാന്‍ മോഷ്ടാക്കള്‍ ഉപയോഗിച്ചകമ്പികള്‍ കൂട്ടികെട്ടിയ തുണിയില്‍ നിന്നും മണം പിടിച്ച് രണ്ട് മതിലുകള്‍ ചാടി കടന്ന് പ്രതികളുടെ കൈയില്‍ നിന്നും വീണ് പോയ ടൗവല്‍ കണ്ടെത്തിയിരുന്നു.ടൗവലിന്റെ അഗ്രഭാഗത്ത് നിന്നും ലഭിച്ച ഫോണ്‍നമ്പറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്താന്‍ പോലിസിനെ സഹായിച്ചത്.ഹരിയാനയിലെ ഇന്‍ഡ്യാ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസിലെ 9 മാസത്തേ കഠിന പരിശീലനത്തിന് ശേഷമാണ് ഹണി എന്ന ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായ കോരള പോലിസില്‍ എത്തുന്നത്.രണ്ട് കേസുകളിലും മികച്ച പ്രകടനം നടത്തിയ ഹണിക്കും അതിന്റെ ഹാന്റ്ലേഴ്സായ റിജേഷിനും അനീഷിനും സുരേഷിനും തൃശ്ശൂര്‍ റൂറല്‍ പോലിസ് മേധാവി ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കി അനുമോദിച്ചു.

Advertisement