പുല്ലൂര്‍ :പോട്ട-മൂന്ന്പീടിക സംസ്ഥാന പാതയില്‍ പുല്ലൂര്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപമുള്ള ഉരിയച്ചിറയില്‍നിന്നും അനധികൃതമായി ലോറിയില്‍ വെള്ളമെടുക്കുന്നു.അന്യസംസ്ഥാന തൊഴിലാളികളാണ് ലോറിയിലെത്തി അപകട വളവില്‍ വാഹനം പാര്‍ക്ക് ചെയ്ത് മോട്ടോര്‍ ഉപയോഗിച്ചു വെള്ളം ടാങ്കറില്‍ നിറച്ച് കൊണ്ടുപോകുന്നത്.സ്വകാര്യ മെബൈല്‍ കമ്പനികള്‍ക്ക് റോഡില്‍ കുഴിയെടുത്ത് ഒപ്റ്റിക്കല്‍ ഫെബര്‍ കേബിളുകള്‍ വലിക്കുന്നതിനായാണ് ഇത്തരത്തില്‍ അധികൃതരുടെ അറിവില്ലാതെ ജലചൂക്ഷണം നടത്തുന്നത്.മാധ്യമങ്ങളുടെ ക്യാമറകള്‍ കണ്ടതോടെ മോട്ടോര്‍ അഴിച്ച് മാറ്റി ഇവര്‍ ലോറിയുമായി കടന്ന്കളഞ്ഞു.ഇരിങ്ങാലക്കുട നഗരസഭയുടെയും മുരിയാട് പഞ്ചായത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന ഇടമാണിത്. ഇത്തരം ജല സ്രോതസ്സുകളില്‍ നിന്നും വെള്ളം മറ്റു ആവശ്യങ്ങള്‍ക്ക് കൊണ്ടുപോകരുത് എന്ന നിയമം നിലനില്‍ക്കുമ്പോളാണ് ഇവിടെ ജലചൂഷണം നടക്കുന്നത്.
വിവാഹമംഗളാശംസകള്‍
ജനുവരി 10ന് വിവാഹിതരാകുന്ന മാപ്രാണം കുറ്റിക്കാടന്‍ വീട്ടില്‍ മെല്‍വിനും പൊറുത്തിശ്ശേരി കോട്ടക്കാകാത്തുക്കാരന്‍ വീട്ടില്‍ ലിനിയ്ക്കും വിവാഹമംഗളാശംസകള്‍
സി പി എം സംസ്ഥാനസമ്മേളനത്തിന് പുല്ലൂര്‍ മേഖലാ സ്വാഗതസംഘം രൂപികരിച്ചു
പുല്ലൂര്‍ : തൃശൂരില്‍ നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തിന് ഭാഗമായി പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സംഘാടക സമിതി രൂപികരിച്ചു.പുല്ലൂര്‍ സഹകരണ മിനി ഹാളില്‍ നടന്ന സംഘാടക സമിതി രൂപികരണ യോഗം ജില്ലാകമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.ടി ജി ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചന്ദ്രന്‍ കോമ്പാത്ത്,കെ പി പ്രശാന്ത്,അജിത രാജന്‍,മിനി സത്യന്‍,സന്തോഷ് കെ കെ,സജന്‍ കെ വി,മനീഷ് പി പി എന്നിവര്‍ സംസാരിച്ചു.ശശിധരന്‍ തേറാട്ടില്‍ സ്വാഗതവും ലളിത ബാലന്‍ നന്ദിയും പറഞ്ഞു.ജോസ് ജെ ചിറ്റിലപ്പിള്ളി ചെയര്‍മാനായും ശശിധരന്‍ തേറാട്ടില്‍ കണ്‍വീനറായും 101 അംഗ സ്വാഗതസംഘം രൂപികരിച്ചു.
കെ എസ് ആര്‍ ടി സി ബസിന് പുറകില്‍ ബൈക്കിടിച്ചു.
നടവരമ്പ് ; നിര്‍ത്തിയിട്ടിരുന്ന കെ എസ് ആര്‍ ട്ടി സി ബസിന് പുറകില്‍ ബൈക്കിടിച്ചു.നടവരമ്പ് കോളനിപടിയ്ക്ക് സമീപം തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം.അമിതവേഗതയില്‍ വന്ന ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ബസിന് പുറകില്‍ ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പകുതിയോളം ഭാഗം ബസിന് ഉള്ളിലേയ്ക്ക് കയറിപോയി.നിസാര പരിക്കുകളുമായി രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരനെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച്ച(10-01-2018) അവധി.
ഇരിങ്ങാലക്കുട : 58- ാംമത് കേരള സ്‌കൂള്‍ കലോത്സവ സമാപനദിനമായ 10-01-2018 ബുധനാഴ്ച്ച കലോത്സവം നടക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ വിദ്യഭ്യാസ സ്ഥപനങ്ങള്‍ക്ക് അവധിപ്രഖ്യാപിച്ചതായി ജില്ലാകളക്ടര്‍ അറിയിച്ചു.തൃശൂര്‍ റവന്യൂ ജില്ലയിലെ സര്‍ക്കാര്‍,എയ്ഡഡ്,അംഗീകൃത അണ്‍എയ്ഡഡ് മേഖലകളിലെ പ്രൈമറി,സെക്കന്ററി,ഹയര്‍ സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.സി ബി എസ് സി,ഐ സി എസ് വിഭാഗത്തിലെ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
സൗജന്യ യോഗപരിശീലനം തുടങ്ങി.
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗവ. ആയ്യൂര്‍വ്വേദ ആശുപത്രിയുടെ സഹകരണത്തോടെ വനിതകള്‍ക്ക് സൗജന്യ യോഗപരിശീലനം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.ആര്‍ വിനോദ് അധ്യക്ഷനായിരുന്നു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കവിത സുരേഷ്, ഈനാശുപല്ലിശ്ശേരി, മിനി ശിവദാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത കെ. എന്നിവര്‍ സംസാരിച്ചു.
മാപ്രാണം പുല്‍ക്കൂടിന് ബെസ്റ്റ് ഓഫ് ഇന്ത്യ നാഷണല്‍ അവാര്‍ഡ്
മാപ്രാണം : ഹോളിക്രോസ് ദേവാലയത്തില്‍ 2017 ക്രിസ്മസിനോട് അനുബദ്ധിച്ച് ‘ സാന്റാ നാഷിത്ത 2017 ‘ എന്ന പേരില്‍ 50 ല്‍ പരം കലാക്കാരന്‍മാര്‍ 3മാസത്തേ പരിശ്രമഫലമായി 1.3 ഏക്കര്‍ വിസ്തൃതിയില്‍ ഒരുക്കിയ പുല്‍ക്കൂടിന് ബെസ്റ്റ് ഓഫ് ഇന്ത്യ നാഷണല്‍ അവാര്‍ഡ് ലഭിച്ചു.തിരുന്നാള്‍ ദിനത്തില്‍ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ് റെക്ടര്‍ ഡോ.ജോജോ ആന്റണി തെടുപറമ്പില്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് കൈമാറി.പ്രവേശന കവാടത്തിലെ ദിനോസറും ഹോറോദേസിന്റെ കൊട്ടാരവും,വെള്ളമൊഴുകുന്ന വൈബ്രേറ്റിങ്ങ് പാലവും ഈഫല്‍ ഗോപുരവും ട്രെയിനില്‍ സഞ്ചരിക്കുന്ന സാന്തക്ലോസും പുല്‍കൂടിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു.ഒരു ലക്ഷത്തിലധികം പേരാണ് ഈ ദൃശ്യവിസ്മയം സന്ദര്‍ശിക്കാന്‍ എത്തിയത്.പ്രദര്‍ശന സംഘടിപ്പിക്കുന്നതിനായി ഫാ.റീസ് വടാശ്ശേരി,ജോസഫ് തെങ്ങോലപറമ്പില്‍,ഫ്രാന്‍സിസ് പള്ളിത്തറ,ഡോ.ജോണ്‍സണ്‍ നായങ്കര,സൈമണ്‍ ചാക്കോര്യ,ആന്റണി മഞ്ഞളി,ജോയ് മാറോക്കി,ചാക്കുണ്ണി ആലുക്കല്‍,ജെയിംസ് നെല്ലിശ്ശേരി,ഷാന്റോ പള്ളിത്തറ,അനൂപ് അറയ്ക്കല്‍,ടോമി എടത്തിരുത്തിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിവേകത്തിന്റെ വെളിച്ചമായിരുന്നു ചാവറയച്ചന്റെ പ്രബോധനങ്ങള്‍ : ഫാ.ജോളി ആന്‍ഡ്രൂസ്
ഇരിങ്ങാലക്കുട : അജ്ഞതയുടെയും അദ്ധവിശ്വാസത്തിന്റെ അന്ധകാരാവൃതമായ സമൂഹത്തിന് വിവേകത്തിന്റെ വെളിച്ചമേകുന്നതായിരുന്നു ഫാ.ചാവറ കുര്യാക്കോസിന്റെ പ്രബോധനങ്ങളെന്ന് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോളി ആന്‍ഡ്രൂസ് മാളിയേക്കല്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ചാവറ അനുസ്മരണ ഉദ്ഘാടനവും ഫാ.സെബ്യാസ്റ്റന്‍ അമ്പൂക്കന്‍ ജൂബിലി എന്റോള്‍മെന്റ് പുരസ്‌ക്കാര വിതരണവും നടത്തി സംസാരിക്കുകയായിരുന്നു അദേഹം.കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്രറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ.എ എം വര്‍ഗ്ഗീസ്,ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളി,ഫാ.സെബ്യാസ്റ്റന്‍ അമ്പൂക്കന്‍,അദ്ധ്യാപിക ദിവ്യ എം എസ്,വിദ്യാര്‍ത്ഥി പ്രതിനിധികളായ രഹ്‌നാ ഉണ്ണികൃഷ്ണന്‍,നിഹാല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പട്ടേപ്പാടം തൈക്കൂട്ടത്തില്‍ കുഞ്ചക്കന്റെ മകന്‍ സുധാകരന്‍ (71) നിര്യാതനായി.
കൊറ്റനെല്ലൂര്‍: പട്ടേപ്പാടം തൈക്കൂട്ടത്തില്‍ കുഞ്ചക്കന്റെ മകന്‍ സുധാകരന്‍ (71) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കള്‍:പ്രിയജിത്ത് (ദുബായ്),പ്രസീത(അധ്യാപിക,ജ്യോതിസ് കോളേജ്,ഇരിങ്ങാലക്കുട) മരുമക്കള്‍:നിഷ (അധ്യാപിക,നാഷ്ണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍,ഇരിങ്ങാലക്കുട) സിദ്ധന്‍ (ഡയറക്റ്റര്‍,എം.ഇ.എസ്, നേവല്‍ ബേസ്,കൊച്ചി). സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും വേളൂക്കര ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ടി.എസ്.സജീവന്‍ മാസ്റ്റര്‍, വേളൂക്കര ഗ്രാമപ്പഞ്ചായത്ത് അംഗം ടി.എസ്.സുരേഷ് എന്നിവര്‍ ഭാര്യാ സഹോദരന്മാരാണു.സംസ്‌കാരം 10.01.2018 ബുധനാഴ്ച രാവിലെ 10നു വീട്ടുവളപ്പില്‍.
സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഇരിങ്ങാലക്കുട..ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലിയുടെ ഭാഗമായി രൂപതാ സോഷ്യല്‍ ആക്ഷന്‍ ഫോറം രൂപം നല്‍കിയ ലിറ്റില്‍ ഹാര്‍ട്ട് പദ്ധതിയുടെ ഭാഗമായി ഹ്യദയസംബന്ധമായ രോഗമുള്ള കുട്ടികള്‍ക്കുവേണ്ടി സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഡിറ്റോറിയത്തില്‍ വച്ച് ജനുവരി 20ന് ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4വരെ സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് നടത്തുന്നു.ക്യാമ്പില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ ഒരുവയസു മുതല്‍ 18 വയസു വരെയുളള കുട്ടികളുടെ ഹ്യദയസംബന്ധമായ എല്ലാ അസുഖങ്ങളും ഇ.സി.ജി.എക്കോ ടെസറ്റ് തുടങ്ങിയ പരിശോധനകള്‍ നടത്തി ശസ്ത്രക്രിയ ആവശ്യമായവര്‍ക്ക് (ഹ്യദയത്തിന് ദ്വാരം,വാല്‍വിന് ദ്വാരം) കൊച്ചി ആസറ്റര്‍ മെഡിസിറ്റിയില്‍ വച്ച് സര്‍ക്കാരിന്റെ ആര്‍.ബി.എസ്.കെ. ഹ്യദയപ്രോജക്ടിലൂടെ സൗജന്യശസ്ത്രക്രിയ നടത്തി കൊടുക്കും.ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി പത്തിനകം ഇരിങ്ങാലക്കുട സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഫീസിലോ, 0480-2834144,0480-2626990 എന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഫാ.വര്‍ഗീസ് കോന്തുരുത്തി അറിയിച്ചു.
ജൈവ പച്ചകൃഷി വിളവെടുപ്പ് നടത്തി
നടവരമ്പ് : ഗവ.മോഡല്‍ ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ വിളയിച്ച ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി.വിളവെടുപ്പ് ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ നിര്‍വഹിച്ചു.സ്‌കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കുട്ടികള്‍ പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ചാണ് സ്‌കൂള്‍ വളപ്പില്‍ തക്കാളി ,കാബേജ് വെണ്ട എന്നിവ കൃഷി ചെയ്തത്. ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബി ഷക്കീല ,സ്‌കൗട്ട് മാസ്റ്റര്‍ അനീഷ് എന്നിവര്‍ കൃഷിക്ക് നേതൃത്വം നല്‍കി.
ലീല ടീച്ചര്‍ അന്തരിച്ചു.
ഇരിങ്ങാലക്കുട : പടിയൂര്‍ ആഗ്ലോഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച ഇരിങ്ങാലക്കുട പുത്തന്‍ വീട്ടില്‍ പരേതനായ ഹരിഹരന്‍ മാസ്റ്ററുടെ ഭാര്യ ലീല ടീച്ചര്‍ (82) അന്തരിച്ചു.ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് തൃശ്ശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌ക്കരിക്കും.മക്കള്‍ ഹേംഹരി (യു എ ഇ),ശ്യംഹരി(Late).മരുമകള്‍ മഞ്ജു. ഫോണ്‍ 9447791800 ,9745461422.
കെ എസ് ആര്‍ ടി സി റോഡില്‍ ഡിസല്‍ : നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേയ്ക്ക് പോകുന്ന റോഡില്‍ വാഹനങ്ങളില്‍ നിന്നും ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നിരവധി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു.തിങ്കളാഴ്ച്ച രാത്രിയാണ് റോഡില്‍ ഡിസല്‍ ചോര്‍ച്ച ഉണ്ടായിട്ടുള്ളത്.കെ എസ് ആര്‍ ട്ടി സി ബസ് സ്റ്റാന്റ് മുതല്‍ എല്ലാ വളവുകളിലും ഡിസല്‍ റോഡില്‍ ചോര്‍ന്ന നിലയിലാണ്.ചെവ്വാഴ്ച്ച പുലര്‍ച്ചേ ഇത് വഴി വന്ന നിരവധി ബൈക്ക് യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.വാഹനങ്ങള്‍ റോഡില്‍ പരന്നു കിടക്കുന്ന ഡീസലില്‍ തെന്നി വീഴുകയായുന്നു.ജനങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അഗ്നിശമന സേനാവിഭാഗം എത്തി റോഡ് വെള്ളമെഴിച്ച് വൃത്തിയാക്കി.സമാപത്ത് നിന്ന് മണ്ണ് വാരിയിട്ട് റോഡിന്റെ വഴുക്കല്‍ ഇല്ലാതെയാക്കി.കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് ഡീസല്‍ ചോര്‍ന്നതെന്നു നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു എന്നാല്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഇത് നിഷേധിച്ചു.ഡിസല്‍ ചോര്‍ച്ച നടന്നിട്ടുണ്ടെങ്കില്‍ ബസ് ഡ്രെവര്‍മാര്‍ റിപോര്‍ട്ട് ചെയ്യുമെന്നും ബസ് സ്റ്റാന്റില്‍ ഡിസല്‍ ചോര്‍ച്ചയൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.അഗ്‌നിശമനസേനാ വിഭാഗത്തിന്റെ സ്റ്റേഷന്‍ ഓഫീസര്‍ പി. വെങ്കിട്ടരാമന്‍, ലീഡിങ് ഫയര്‍മാന്‍ എം.എസ് രമേഷ്, ഫയര്‍മാന്‍മാരായ സനൂപ് പി.ബി, രഞ്ജിത്ത്. ആര്‍, മനോജ്.എം, ഫയര്‍മാന്‍ ഡ്രൈവര്‍ അജയന്‍.ടി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
ലൈറ്റില്ലാത്ത ബൈപാസ് : രാത്രി യാത്ര ദുഷ്‌ക്കരമാക്കുന്നു
ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡ് തുറന്ന് കൊടുത്തെങ്കിലും ആവശ്യത്തിന് വഴി വിളക്കുകള്‍ ഇല്ലാത്തത് ഇതുവഴിയുള്ള രാത്രിയാത്ര ദുഷ്‌ക്കരമാക്കുന്നു. നേരത്തെ റോഡില്‍ പലയിടത്തും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും കത്താത്ത അവസ്ഥയിലാണ്. ഇതുമൂലം റോഡരുകില്‍ മാലിന്യ നിക്ഷേപം തുടരുന്നതായി പ്രദേശവാസികള്‍. പുതുവത്സര സമ്മാനമായിട്ടാണ് ഇരിങ്ങാലക്കുട നഗരസഭ ബൈപ്പാസ് റോഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈപ്പാസ് റോഡില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വഴിവിളക്കുകള്‍ കത്തിക്കാനോ കൂടുതല്‍ വിളക്കുകള്‍ സ്ഥാപിക്കാനോ നഗരസഭ ഇനിയും നടപടിയെടുത്തിട്ടില്ല. ബൈപ്പാസ് റോഡിലെ സോളാര്‍ വിളക്കുകള്‍ ഭൂരിഭാഗവും അറ്റകുറ്റപണികള്‍ നടത്താതെ നാശോന്മുഖമായി കഴിഞ്ഞു. വേണ്ടവിധം ശ്രദ്ധിക്കാതെ നിരവധി ലൈറ്റുകള്‍ നോക്കുകുത്തികളായി. പല വിളക്കുകളും ഒടിഞ്ഞുവീണു. ചിലത് കാടുകയറി. പലതിന്റേയും ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടു. ലക്ഷങ്ങളാണ് ഇതിന്റെ പേരില്‍ നഗരസഭയ്ക്ക് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ഒന്നിന് 27, 400 രൂപ നിരക്കില്‍ 100 സോളാര്‍ വിളക്കുകള്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥാപിച്ചത്. എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും ഇവയുടെ അറ്റകുറ്റപണികള്‍ ഇതുവരേയും നഗരസഭയ്ക്ക് കഴിഞ്ഞീട്ടില്ല. വഴി വിളക്കുകള്‍ കത്താത്തതിന്റെ പേരില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷവും ബൈപ്പാസിലെ ലൈറ്റുകളുടെ കാര്യത്തില്‍ മൗനത്തിലാണ്. ബൈപ്പാസ് റോഡില്‍ അത്യാവശ്യം വേണ്ടതാണ് വഴി വിളക്കുകള്‍. വഴിവിളക്കുകള്‍ ഇല്ലാത്ത ഈ റോഡില്‍ മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചതായി നാട്ടുകാര്‍ പറയുന്നു. ചാക്കുകളിലും കവറുകളിലുമായി റോഡിന്റെ പലഭാഗങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുകയാണ്. ഇതിന് പുറമെ മെഡിക്കല്‍ അടക്കമുള്ള മറ്റ് മാലിന്യങ്ങളും തള്ളുന്നുണ്ട്. റോഡിന്റെ മൂന്നാംഘട്ട ഭാഗത്ത് ഒരു വിളക്കുപോലും നഗരസഭ സ്ഥാപിച്ചിട്ടില്ല. ഇതുമൂലം രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമാണെന്ന് ജനം പറയുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ റോഡില്‍ എത്രയും വേഗം വിളക്കുകള്‍ സ്ഥാപിക്കാന്‍ നഗരസഭ തയ്യാറാകണമെന്നാണ് ജനത്തിന്റെ ആവശ്യം. ഇതിലൂടെ മാലിന്യ നിക്ഷേപത്തിന് ഒരു പരിധിവരെ തടയിടാനാകുമെന്നാണ് ജനം കരുതുന്നത്.
നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ സ്റ്റുഡന്റസ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ 2017-18 വര്‍ഷത്തെ കോളേജ് യൂണിയന്‍ ഉദ്ഘാടനം കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മരാജ് അടാട്ട് നിര്‍വഹിച്ചു . ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനം സുപ്രസിദ്ധ സിനിമ സീരിയല്‍ താരം ഫിറോഷും വോള്‍ മാഗസിന്‍ ഉദ്ഘാടനം കോളേജ് ഡയറക്ടര്‍ കെ.പി. കൃഷ്ണനുണ്ണിയും നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ മല്ലിക രാജഗോപാല്‍ സ്വാഗതവും യൂണിയന്‍ ചെയര്‍മാന്‍ ജെസില്‍ ജോണ്‍സന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണപ്രസാദിന്റെ നേതൃത്വത്തില്‍ പുതിയ സ്റ്റുഡന്റസ് യൂണിയന്‍ ഭാരവാഹികള്‍ ചുമതലയേറ്റു.
ഐ എ എസിന് സമാനമായി ഇനി കെ എ എസ്.
ഇരിങ്ങാലക്കുട : ഉദ്യോഗര്‍ത്ഥികള്‍ക്ക് സുവര്‍ണ്ണാവസരമായി ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനു (IAS) സമാനമായി കേരളത്തിലും സംസ്ഥാനത്തിന്റതായ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ആയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ.എ.എസ്.) തസ്തിക നിര്‍ണയം പൂര്‍ത്തിയാകുന്നു. ആദ്യഘട്ടത്തില്‍ 115 തസ്തികകള്‍ ഉള്‍പ്പെടെ 3000 ത്തില്‍ പരം ഒഴിവുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.ഇതില്‍ പകുതിയോളം ഒഴിവുകളില്‍ നേരിട്ടുള്ള നിയമനം നടത്തും. ബിരുദമായിരിക്കും അടിസ്ഥാന യോഗ്യത.സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്കും ബിരുദധാരികള്‍ക്കുമാണ് ഈ അവസരം.ജനറല്‍ വിഭാഗത്തില്‍ 32 വയസും സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് 40 വയസും എസി എസ് ടി വിഭാഗക്കാര്‍ക്ക് 37 വയസുമാണ് പ്രായപരിധി.കെ എ എസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സൗജന്യ സെമിനാര്‍ 2018 ജനുവരി 15ന് തിങ്കളാഴ്ച്ച രാവിലെ 9.30ന് ജ്യോതിസ് കോളേജില്‍ സംഘടിപ്പിക്കുന്നു.ഫോണ്‍ : 0480 2822449 , 7736000407
പിണ്ടിപെരുന്നാളിലിന്ന് ഓര്‍മ്മ തിരുന്നാള്‍
ഇരിങ്ങാലക്കുട : പിണ്ടിപെരുന്നാളിന്റെ സമാപനദിനമായ തിങ്കളാഴ്ച്ച മരിച്ചവരുടെ ഓര്‍മ്മദിവസമായി ആചരിക്കുന്നു.രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശ്വാസികള്‍ സെമിത്തേരിയില്‍ പൂക്കളും തിരികളുമായി പ്രര്‍ത്ഥന നടത്തി.തിങ്കളാഴ്ച്ച വൈകിട്ട് ഇടവകയിലെ ബാക്കിയുള്ള അമ്പുകള്‍ കൂടി പള്ളിയില്‍ എത്തുന്നതോടെ ഈ വര്‍ഷത്തേ പിണ്ടിപെരുന്നാളിന് സമാപനം കുറിയ്ക്കും.ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് പ്രവാസി സംഗമം നടക്കും.തിരുന്നാള്‍ തത്സമയം www.irinjalakuda.com ല്‍ കാണാവുന്നതാണ്.
തുമ്പൂര്‍ അയ്യപ്പന്‍കാവ് സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം വര്‍ണ്ണാഭം
തുമ്പൂര്‍ : തുമ്പൂര്‍ അയ്യപ്പന്‍കാവ് എം പി പി ബി പി സമാജത്തിന്റെ പ്ലാറ്റിനം ജൂബിലി വര്‍ണ്ണാഭമായി ആഘോഷിച്ചു.സമ്മേളനം എം പി ജയദേവന്‍ ഉദ്ഘാടനം ചെയ്തു.സമാജം പ്രസിഡന്റ് കെ ജി വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം എല്‍ എ കെ യു അരുണന്‍,വാര്‍ഡ് മെമ്പര്‍ ഷീജ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സമാജത്തിന്റെ സ്ഥാപക അംഗങ്ങളെയും മുന്‍ പ്രസിഡന്റ്,സെക്രട്ടറി,ഖജാന്‍ജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.വിദ്യഭ്യാസരംഗത്തി ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് മെഗാതിരുവാതിരകളി,ചാലക്കുടി ബ്ലൂമാക്‌സിന്റെ ദൃശ്യകലാവിസ്മയം എന്നിവ ജൂബിലി ആഘോഷത്തിന് മാറ്റ് കൂട്ടി.
ബൈപ്പാസ് റോഡ്; കാട്ടൂര്‍-സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാനടപടിയെടുക്കണം
ഇരിങ്ങാലക്കുട: ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുള്ള ബൈപ്പാസില്‍ കാട്ടൂര്‍- സിവില്‍ സ്റ്റേഷന്‍ റോഡ് ജംഗ്ഷനിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഹമ്പ് ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. നാല് റോഡുകള്‍ കൂടിചേരുന്ന ഈ ഭാഗത്ത് അപകടങ്ങള്‍ സ്ഥിരം സംഭവമാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ അനുയോജ്യമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് വികസന സമിതി ആവശ്യം. ഠാണ ബസ് സ്റ്റാന്റ് റോഡ് വികസനത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ നഗരസഭ, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോററ്റി അധികൃതര്‍ ഒത്തൊരുമിച്ച് പരിഹരിക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. അക്ഷയകേന്ദ്രങ്ങള്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഏകീകൃത നിരക്ക് പ്രസ്തുത കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. സാധാരണ ജനങ്ങളെ അക്ഷയകേന്ദ്രങ്ങള്‍ ചൂഷണം ചെയ്യുന്ന നടപടികള്‍ക്ക് തടയിടണമമെന്നും സേവനങ്ങള്‍ക്ക് സ്വീകരിക്കുന്ന തുകകള്‍ക്ക് രശീത് നല്‍കണമെന്നും സമിതി നിര്‍ദ്ദേശം നല്‍കി. ട്രിപ്പ് മുടക്കുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടി സ്വീകരിക്കണം. അധികൃതര്‍ക്ക് പരാതി സമര്‍പ്പിക്കുമ്പോള്‍ വാഹനങ്ങളുടെ നമ്പര്‍ സഹിതം വിശദാംശങ്ങള്‍ നല്‍കണമെന്നും വികസന സമിതി നിര്‍ദ്ദേശിച്ചു. പടിയൂര്‍ ഭാഗത്ത് ജലവിതരണത്തിനുള്ള അടിയന്തിരനടപടികള്‍ വാട്ടര്‍ അതോററ്റി, പൊതുമരാമത്ത്, കെ.എസ്.ഇ.ബി. അധികൃതര്‍ സ്വീകരിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. പുതുവത്സര സമയത്ത് ക്രമസമാധാനപാലനത്തിനും മയക്കമരുന്നുവേട്ടയ്ക്കും പോലിസ്, എക്സൈസ് വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സമിതി അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
മതേതരത്തിന്റെ നേര്‍കാഴ്ച്ചയായി പിണ്ടിപെരുന്നാള്‍ പ്രദക്ഷിണം
ഇരിങ്ങാലക്കുട: ഐതീഹ്യങ്ങള്‍ പുനര്‍ജനിച്ചു, വിശുദ്ധന്‍ ഭഗവാനെ കണ്ടു മടങ്ങിയതോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാള്‍ പ്രദക്ഷിണം മതസൗഹാര്‍ദത്തിന്റെ സന്ദേശമായി മാറി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ആല്‍ത്തറക്കല്‍ എത്തിയപ്പോഴാണു ഐതീഹ്യങ്ങള്‍ പുനര്‍ജനിച്ചത്. കത്തീഡ്രലിലെ വിശുദ്ധ ഗീവര്‍ഗീസും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭരതനും സംഗമിക്കുന്ന വേദിയാണു ആല്‍ത്തറ എന്നാണു പഴമക്കാരുടെ വിശ്വാസം. അതുകൊണ്ടുതന്നെയാണ് കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ പള്ളിവേട്ടക്ക് ഭരതഭഗവാന്‍ ക്ഷേത്രത്തില്‍നിന്നും ആല്‍ത്തറക്കലേക്കു എഴുന്നള്ളുന്നതും അവിടെവെച്ച് പന്നിയെ അമ്പ് ചെയ്തു കൊല്ലുന്നതും. അധര്‍മത്തെയും ദുഷ്ടമൂര്‍ത്തിയെയും നിഗ്രഹിച്ച് ധര്‍മപ്രകാശം വിതറുക എന്നുള്ളതാണു ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതുപോലെയാണ് കത്തീഡ്രല്‍ ദേവാലയത്തിലെ പ്രസിദ്ധമായ പിണ്ടിപ്പെരുന്നാളും.പ്രദക്ഷിണം ആല്‍ത്തറക്കല്‍ എത്തുന്നതും ഭരതനോടു യാത്രചൊല്ലി മടങ്ങുന്നതും അധാര്‍മികതയുടെ അന്ധകാരം നീക്കി പ്രത്യാശയുടെ പൊന്‍വെളിച്ചം വീശുവാനും വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിക്കുവാനും നഗരവാസികളോടു ആഹ്വാനം ചെയ്യുകയുമാണു ഈ പ്രതീകാത്മക ആവിഷ്‌കാരങ്ങളുടെ അന്തസത്ത. എല്ലാ വര്‍ഷവും ഇരിങ്ങാലക്കുട കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാള്‍ പ്രദക്ഷിണം ആല്‍ത്തറക്കല്‍വന്ന് തിരിച്ചുപോകുമ്പോള്‍ വിശുദ്ധനും ഭഗവാനും തമ്മില്‍ ഉപചാരം ചൊല്ലി പിരിയുകയാണെന്നാണു ഐതീഹ്യം.
പ്രദക്ഷിണത്തിനു മുന്നില്‍ രണ്ടു കാളവണ്ടികളിലായി നകാരങ്ങളുടെ വരവും രൂപക്കൂടിനു മുന്നില്‍ തൂക്കുവിളക്കേന്തി രണ്ടുപേര്‍ നടന്നുനീങ്ങുന്നതും ചരിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഇന്നലെ രാവിലെ നടന്ന തിരുനാള്‍ ദിവ്യബലിക്ക് രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന ഡയറക്ടര്‍ ഫാ. റോയ് കണ്ണന്‍ചിറ സന്ദേശം നല്‍കി. ഇന്നു രാവിലെ 11 മുതല്‍ വിവിധ അങ്ങാടികളില്‍നിന്നുള്ള അമ്പു എഴുന്നള്ളിപ്പുകള്‍ നടക്കും.