ഇരിങ്ങാലക്കുട: നഗരസഭയില്‍ കെട്ടിട പെര്‍മിറ്റിനായി 56 തവണ യായി മാടായികോണം സ്വദേശി ജോര്‍ജ്ജ് എന്ന വ്യക്തിയെ കയറ്റി ഇറക്കിയിട്ടും പെര്‍മിറ്റ് നല്‍കാത്ത ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹളമയമാക്കി.നഗരത്തിലെ വന്‍കിട മുതലാളിമാര്‍ക്ക് വളരെ വേഗത്തില്‍ പെര്‍മിറ്റുകള്‍ നല്‍കുന്ന നഗരസഭ ഉദ്യേഗസ്ഥര്‍ 177 സ്‌ക്വര്‍ മീറ്റര്‍ മാത്രം വിസ്തൃതിയുള്ള കട മുറിയുടെ പെര്‍മിറ്റിനായി ഇദ്ദേഹത്തേ ഓഫീസില്‍ കയറ്റിയിറക്കുന്നത് അഴിമതിയാണെന്ന് കൗണ്‍സിലര്‍ സി.സി ഷിബിന്‍ യോഗത്തില്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബഹളം ആരംഭിച്ചത്. 6 മാസ കാലം എല്ലാവിധ രേഖകളുമായി നഗരസഭ ഓഫീസില്‍ കയറി മുകള്‍തട്ടിലുള്ള സെക്രട്ടറിയടക്കം പെര്‍മിറ്റ് നല്‍കാവുന്നതാണ് എന്ന് റിപോര്‍ട്ട് നല്‍കിയിട്ടും താഴെ തട്ടിലുള്ള ഓവര്‍സീയര്‍മാരാണ് അഴിമതിയ്ക്കായി കാലതാമസം വരുത്തുന്നതെന്നും എല്‍ ഡി എഫ് അംഗങ്ങള്‍ പറഞ്ഞു. 2017 ജൂലൈ നല്‍കിയ അപേക്ഷയില്‍ ഇപ്പോഴും തീരുമാനമെടുക്കാതെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മുപ്പതു കൊല്ലം മുന്‍പ് പണി വീട് അളന്ന് അതിക്യത നിര്‍മാണം നടത്തിയതായി ചൂണ്ടിക്കാണിക്കുകയായിരുന്നുവെന്ന് സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട സി. സി. ഷിബിന്‍ പെര്‍മിറ്റ് വിഷയത്തില്‍ തീരുമാനമെടുത്ത ശേഷം കൗണ്‍സില്‍ യോഗം ആരംഭിക്കാനാകൂവെന്ന നിലപാടെടുത്തു. എന്നാല്‍ വിഷയത്തിന്റെ പ്രധാന്യം ഉള്‍കൊണ്ട് യോഗത്തിനു ശേഷം ഉച്ചക്ക് ഫയല്‍ വരുത്തി താന്‍ നടപടി സ്വീകരിക്കാമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു. എന്നാല്‍ എല്‍. ഡി. എഫ്. അംഗങ്ങള്‍ വഴങ്ങിയില്ല. ചെയര്‍പേഴ്‌സണെ പിന്‍തുണച്ച് രംഗത്തെത്തിയ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ അഡ്വ വി. സി. വര്‍ഗീസ്, എം. ആര്‍. ഷാജു എന്നിവര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ രേഖാ മൂലം പരാതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു. ഇതോടെ എല്‍. ഡി. എഫ്. അംഗങ്ങളും യു. ഡി. എഫ്. അംഗങ്ങളും തമ്മില്‍ വാഗ്വാദം ആരംഭിച്ചു. കൗണ്‍സില്‍ യോഗത്തിനു ശേഷം ഉച്ചക്ക് തീരുമാനമെടുക്കാമെന്ന നിലപാട് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ആവര്‍ത്തിച്ചതോടെ എല്‍. ഡി. എഫ്. അംഗങ്ങള്‍ പി. വി. ശിവകുമാറിന്റെ നേത്യത്വത്തില്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ നിലയുറപ്പിച്ചു. എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദം ഏറെ നേരം നീണ്ടപ്പോഴും ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്നു. മുനിസിപ്പല്‍ സെക്രട്ടറി വിശദീകരണം നല്‍കട്ടെയെന്ന എല്‍. ഡി. എഫ്. അംഗങ്ങളുടെ ആവശ്യത്തിനും ഭരണകക്ഷി വഴങ്ങിയില്ല. ഇതോടെ കൗണ്‍സില്‍ യോഗം ആരംഭിച്ച് രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും അജണ്ട ആരംഭിക്കാത്തതിനാല്‍ കൗണ്‍സില്‍ യോഗം നിറുത്തി വച്ച് ഉച്ചക്ക് ഒന്നരക്ക് വീണ്ടും ചേരുമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിക്കുകയായിരുന്നു.ഉച്ചക്ക് വീണ്ടും കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് തനിക്ക് ഫയല്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായതെന്നും കൂടുതല്‍ കാര്യങ്ങള്‍ മുനിസിപ്പല്‍ എഞ്ചിനിയര്‍ വിശദീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു. വാസസ്ഥലത്തോടു ചേര്‍ന്നാണ് വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ മുനിസിപ്പല്‍ എഞ്ചിനിയര്‍ നിലം കമ്മറ്റിയുടെ ഫയല്‍ നിലം കമ്മറ്റിയുടെ പരിഗണനയിലായിരുന്നവെന്ന് പറഞ്ഞു. ജനുവരി 11 നാണ് മുനിസിപ്പല്‍ സെക്രട്ടറി പെര്‍മിറ്റ് നല്‍കാന്‍ ഉത്തരവിട്ടുള്ളത്. ഇതു പ്രകാരം നിയമാനുസ്യതമായ കെട്ടിട പരിശോധന മാത്രമാണ് നടന്നിട്ടുള്ളത്്. പരിശോധനയില്‍ അനതിക്യ നിര്‍മാണം നടന്നത് കണ്ടെത്തിയത് പുനര്‍ ക്രമീകരിച്ചാല്‍ പെര്‍മിറ്റ് നല്‍കുമെന്ന് അറിയിച്ചു. 2008 ന് മുന്‍പ് നികത്തിയ ഭൂമിയിലെ കെട്ടിട നിര്‍മാണത്തിന് നിലം കമ്മറ്റിയുടെ ശുപാര്‍ശ വേണമെന്ന് ചൂണ്ടിക്കാട്ടിയ മുനിസിപ്പല്‍ സെക്രട്ടറി ഒ. എന്‍. അജിത്ത്കുമാര്‍, ഇക്കാര്യത്തില്‍ റവന്യു വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സര്‍ക്കുലറുകളിലുണ്ടായ അവ്യക്തത മൂലം നിലം കമ്മറ്റിയുടെ പ്രവര്‍ത്തനം നിഷ്‌ക്രിയമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. പിന്നീട് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പിന്‍തുടരാന്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലം കമ്മറ്റികള്‍ പ്രഴര്‍ത്തനം ആരംഭിച്ചത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ബോധപൂര്‍വ്വമായ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് വിശ്വാസമെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി ഒ. എന്‍. അജിത്തകുമാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചതോടെയാണ് എല്‍. ഡി. എഫ്് അംഗങ്ങള്‍ ശാന്തരായത്.ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മാത്യ ശിശു സംരക്ഷണ ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ അഡ്വ തോമസ് ഉണ്ണിയാടനെ മുഖ്യാതിഥിയാക്കിയത് ചോദ്യം ചെയ്ത് എല്‍. ഡി. എഫ്. അംഗം എം സി. രമണന്‍ രംഗത്തു വന്നതും എല്‍. ഡി. എഫ്്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് വഴിവച്ചു. കേന്ദ്രാവിഷ്‌ക്യത പദ്ധതിയായിട്ടും സി. എന്‍. ജയദേവന്‍ എം. പി. യെ ചടങ്ങില്‍ പങ്കെടുപ്പിക്കാതിരുന്നതിനെ എം. സി. രമണന്‍ ചോദ്യം ചെയ്തു. എന്നാല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയാണ് ഉദ്ഘാടന ചടങ്ങ് തീരുമാനിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു വിശദീകരിച്ചു. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയില്‍ സി. പി. ഐ. പ്രതിനിധി ഉണ്ടായിരുന്നില്ലെയെന്ന മറു ചോദ്യവുമായാണ് യു. ഡി. എഫ് അംഗങ്ങള്‍ രംഗത്തു വന്നത്. ഇരു വിഭാഗവും തമ്മില്‍ വാഗ്വാദം നടക്കുന്നതിനിടയില്‍ യോഗം അജണ്ടയിലേക്ക്്് കടക്കാത്തതില്‍ പ്രതിഷേധിച്ച് ബി. ജെ. പി. അംഗങ്ങളായ സന്തോഷ് ബോബന്‍, രമേഷ് വാര്യര്‍, അമ്പിളി ജയന്‍ എന്നിവര്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു.തൊഴിലുറപ്പു പദ്ധതിക്കു ലഭിച്ച മുന്നേമുക്കാല്‍ കോടി രൂപ നഗരസഭക്ക് ലാപ്‌സാകുന്ന അസ്ഥയാണന്ന് കൗണ്‍സില്‍ യോഗത്തില്‍ ബി. ജെ. പി. അംഗം രമേഷ് വാര്യര്‍ പറഞ്ഞു. സമയത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തതാണ് കാരണം ഇതു വരെ അന്‍പതു ലക്ഷം രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ അറുപതു ശതമാനം ചിലവഴിച്ചാല്‍ മാത്രമാണ് അടുത്ത ഗഡു ലഭിക്കുക. രണ്ടു മാസം മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് രമേഷ് വാര്യര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അംഗങ്ങള്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയാണന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിലാണ് പണം അനുവദിക്കുന്നത്. സെപ്തംബറില്‍ തന്നെ ഉദ്യോഗസ്ഥരെ നിയമിച്ച്് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. അറുപതു ശതമാനം പണം ചിലവഴിച്ചാല്‍ പദ്ധതി പണം പൂര്‍ണ്ണമായും ലഭിക്കുമെന്നും അതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണന്നും വി. സി. വര്‍ഗീസ് പറഞ്ഞു. തെരുവു വിളക്കുകള്‍ ഇടുന്ന കരാറുകാരന്‍ മാദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ബി. ജെ. പി. അംഗം അമ്പിളി ജയന്‍ കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. നഗരസഭ കുടുംബശ്രീയിലെ സി. ഡി. എസ്. ഒന്നല്‍ ഒന്നര ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപിച്ച യു. ഡി. എഫ്. അംഗം സുജ്ജ സജ്ജീവ്കുമാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു.
തെരുവ് വിളക്കുകള്‍ കത്തുന്നില്ല : ചെയര്‍പേഴ്‌സണ് ടോര്‍ച്ച് തെളിയിച്ച് സ്വീകരണം
ഇരിങ്ങാലക്കുട: നിര്‍മ്മാണം പൂര്‍ത്തീയാക്കി ഗതാഗതത്തിനായി തുറന്ന് നല്‍കിയ ബൈപ്പാസ് റോഡിലടക്കം നഗരത്തിലെ നിരത്തുകളിലെ തെരുവ് വിളക്ക് കത്തിക്കുന്നതില്‍ ഉള്ള അനാസ്ഥയില്‍ പ്രതിഷേധം .ബുധനാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് എത്തിയ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നീമ്യാ ഷിജുവിനെ ടോര്‍ച്ച് തെളിയിച്ചാണ് എല്‍ ഡി എഫ് അംഗങ്ങള്‍ വരവേറ്റത്.ഉത്സവകാലത്തിന് മുന്‍പായി നഗരത്തിലെ തെരുവ് വിളക്കുകള്‍ കത്തിക്കും എന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കില്ലും ഇത് വരെ പ്രവര്‍ത്തികമായിട്ടില്ല. തെരുവ് വിളക്ക് ഇടാന്‍ കോണ്‍ട്രാക്റ്റ് എടുത്തവര്‍ കൗണ്‍സീലര്‍മാരെ അപമാനിക്കുന്നതായും ബീജെപി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പരാതിപ്പെട്ടു.
ഇരിങ്ങാലക്കുടയിലെ ജനസേവന കേന്ദ്രം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : കേന്ദ്ര ഗവര്‍മെന്റ് നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടിയും പൊതുജനങ്ങള്‍ക്ക് വേണ്ട ഓണ്‍ലൈന്‍ സര്‍വീസുകള്‍ ചെയ്തു കൊടുക്കുന്നതിനും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ആരംഭിക്കുന്ന ജനസേവന കേന്ദ്രം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. മെട്രോ ഹോസ്പിറ്റലിനു എതിര്‍വശത്തുള്ള തെക്കേക്കര സബ് ലൈന്‍ റോഡിലാണ് ജനസേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു
കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി
കല്ലേറ്റുംങ്കര : ഉണ്ണിമിശിഹാ ദേവാലയത്തില്‍ തിരുന്നാളിന് കൊടികയറി.ജനുവരി 16 മുതല്‍ 29 വരെയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാല്‍ ഫാ.മോണ്‍ ആന്റോ തച്ചില്‍ കൊടിയേറ്റം നിര്‍വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിവ്യബലി,ലദീഞ്ഞ്,നൊവേന,സന്ദേശം എന്നിവ ഉണ്ടായിരിക്കും.26ന് വികാരി ഫാ.ഡേവീസ് അമ്പൂക്കന്റെ കാര്‍മ്മികത്വത്തില്‍ പ്രസുദേന്തിവാഴ്ച്ച,രൂപകൂട് എഴുന്നള്ളിക്കല്‍ എന്നവയ്ക്ക് ശേഷം അമ്പ് എഴുന്നള്ളിപ്പ് നടക്കും.തിരുന്നാള്‍ ദിനമായ 27ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.വൈകീട്ട് 3ന് തിരുന്നാള്‍ പ്രദക്ഷിണവും ഉണ്ടായിരിക്കും.29ന് സെമിത്തേരിയില്‍ പെതു ഒപ്പീസ്.
സെന്റ് ജോസഫ്‌സ് കേളേജില്‍ ജീവശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിച്ചു.
ഇരിഞ്ഞാലക്കുട ; സെന്റ് ജോസഫ്‌സ് കേളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജീവ ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ Dr. Sr ലില്ലി കാച്ചിപ്പിള്ളി ഉത്ഘാടനം നിര്‍വഹിച്ചു. പ്രൊ. ബേബി ജെ ആലപ്പാട്ട്, സിസ്റ്റര്‍ എല്‍വിന്‍ പീറ്റര്‍, Dr. ജിജി പൗലോസ്, Dr. Sr ആശ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജീവികളുടെ പ്രദര്‍ശനം, ജീവികളുടെ മാതൃകകള്‍, സ്‌നോ വേള്‍ഡ്, ഹണി വേള്‍ഡ്, അക്വാ ലൈഫ്, ജൈവ സാങ്കേതിക വിദ്യകള്‍ എന്നിവ വിവിധ സ്റ്റാളുകളില്‍ അവതരിപ്പിച്ചു. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫര്‍ ശ്രീദേവ് പുത്തൂരിന്റെ ഫോട്ടോ പ്രദര്‍ശനവും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു. നാളെ (17.01.18 ) പ്രദര്‍ശനം അവസാനിക്കും.
ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാതൃശിശു സംരക്ഷണ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാതൃശിശു സംരക്ഷണ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാഷിജു അധ്യക്ഷയായിരിന്നു.10 കോടിയിലധികം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.പ്രസവമുറി,മേജര്‍ ഓപ്പറേഷന്‍ തിയ്യേറ്റര്‍,ഐ സി യു യൂണിറ്റ്,ന്യൂബോണ്‍ സ്‌റ്റെബിലൈസിംഗ് യൂണിറ്റ്,സ്ത്രികളുടെയും കുട്ടികളുടെയും ഓ പി മുറികള്‍,പ്രതിരോധ കുത്തിവെയ്പ്പ് വിഭാഗം,RSBY ഇന്‍ഷുറന്‍സ് വിഭാഗം,അള്‍ട്ര സൗണ്ട് സ്‌കാനിംഗ് റൂം വാര്‍ഡുകള്‍,പോസ്റ്റ് ഓപ്പറേറ്റീവ് റൂം എന്നിങ്ങനെയാണ് 2500 ചതുരശ്ര അടി വീസ്തീര്‍ണ്ണമുള്ള പുതിയ കെട്ടിടത്തില്‍ സൗകര്യങ്ങള്‍ ഏര്‍പാടാക്കിയിരിക്കുന്നത്.കൂടാതെ മേജര്‍ ഓപ്പറേഷന് തിയേറ്ററില്‍ ആധുനിക സംവിധാനങ്ങളായ ഹെപോ ഫില്‍റ്റര്‍,എക്‌സ്‌പെന്‍ജ് സിസ്റ്റം,ലാമിനാര്‍ എയര്‍ ഫ്‌ളോ സംവിധനവും ക്രമികരിച്ചിരിക്കുന്നു.കെട്ടിടത്തില്‍ സിസിടിവി ക്യാമറ,പബ്ലിക്ക് അഡ്രസിങ്ങ് സിസ്റ്റം,സെന്‍ട്രലൈസ്ഡ് ഗ്യാസ് സിസ്റ്റം ഇന്റര്‍കോം സംവിധാനവും ഒരുക്കിയിട്ടുണ്ട്.2016 ജനിവരിയില്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.ആധുനിക സംവിധാനങ്ങള്‍ ഉള്ള കെട്ടിടത്തിന് പ്രേത്യേകം ട്രാന്‍ഫോര്‍മര്‍ ആവശ്യമായതിനാല്‍ വൈദ്യൂതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുകയായിരുന്നു.ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ.മിനിമോള്‍ എ എ,ആരോഗ്യകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍,വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍,കൗണ്‍സിലര്‍മാരായ സംഗീത ഫ്രാന്‍സീസ്,വി സി വര്‍ഗ്ഗീസ്,പി വി ശിവകുമാര്‍,വത്സല ശശി,മീനാക്ഷി ജോഷി തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.
പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : നഗരസഭയുടെയും ജനറല്‍ ആശുപത്രി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പാലിയേറ്റിവ് കുടുംബസംഗമം സംഘടിപ്പിച്ചു.ഗൃഹപരിചരണത്തിന് സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കുക,ഓരോ വീട്ടില്‍ നിന്നും ഒരു വളണ്ടിയര്‍മാരെ പരിശീലിപ്പിക്കുക,എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും പാലിയേറ്റീവ് പരിചരണപദ്ധതി നടപ്പിലാക്കുക എന്നി സന്ദേശങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് ഇത്തവണ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചത്.ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ.മിനിമോള്‍ എ എ,ആരോഗ്യകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍,വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍,കൗണ്‍സിലര്‍മാരായ സംഗീത ഫ്രാന്‍സീസ്,സോണിയഗിരി,വി സി വര്‍ഗ്ഗീസ്,പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു,ജില്ലാ മെഡിയ്ക്കല്‍ ഓഫിസര്‍ ഡോ.ഷിഫിന്‍,പാലിയേറ്റിവ് ജില്ലാ കോഡിനേറ്റര്‍ അഡ്വ.ടി എസ് മായദാസ്,സിബിള്‍ കെ ഒ തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ആട്ടിന്‍ കുഞ്ഞുകളെ വിതരണം ചെയ്തു.
തുറവന്‍കാട് : ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥിക്ക് ഒരു ആട് പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്ത് കൃഷി ഓഫിസര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആട്ടിന്‍ കുഞ്ഞുകളെ വിതരണം ചെയ്തു. കുട്ടികള്‍ക്ക് ബുദ്ധിവികാസത്തോടൊപ്പം, ശാരീരക കഴിവുകളും ഉപയോഗപെടുത്താനായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ സംഘടിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ കൃഷി ഓഫീസര്‍ കെ യു രാധിക പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കന്നത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും ഈ സ്‌കൂളില്‍ 3 വിദ്യാര്‍ത്ഥികള്‍ക്ക് ആട്ടിന്‍ കുഞ്ഞുങ്ങളെ കൊടുക്കാറുണ്ട് മുരിയാട് പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, പ്രധാന അധ്യാപിക സിസ്റ്റര്‍ ചാള്‍സ് ,സിസ്റ്റര്‍ ജെസ്റ്റ, സിസ്റ്റര്‍ നിമിഷ എന്നിവര്‍ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനിലെ കൃഷിത്തോട്ടം മാതൃകയാകുന്നു.
ഇരിങ്ങാലക്കുട ; പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പോലീസ് സേനാംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടം ശ്രദ്ധേയമാകുന്നു.കഴിഞ്ഞ ഡിസംബര്‍ 4ന് ആണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. എസ്.ഐ.പ്രതാപന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസ് സേനാംഗങ്ങളുടെ മനസ്സില്‍ ഉദിച്ച ആശയമാണ് കാടുപിടിച്ചു കിടന്ന 50 സെന്റ് സ്ഥലം വൃത്തിയാക്കി പൂര്‍ണ്ണമായും ജൈവ രീതിയില്‍ ഒരുങ്ങിയ പച്ചക്കറിത്തോട്ടമായി മാറ്റിയത്.ഡി.വൈ.എസ്.പി.ഫേയ്മസ് വര്‍ഗ്ഗീസ് ആണ് ആദ്യ വിത്തിട്ടത്. വെണ്ട, വഴുതന, കാബേജ്, കോളി ഫ്‌ലവര്‍, പാവല്‍, പയര്‍, ചീര, പച്ചമുളക്, തക്കാളി എന്നിവ ഈ തോട്ടത്തില്‍ തഴച്ചുവളരുകയാണ്. സേനാംഗങ്ങള്‍ക്കൊപ്പം അവരുടെ ഭാര്യമാരും, മക്കളും ചെടികളുടെ പരിപാലനത്തില്‍ ശ്രദ്ധിക്കുന്നുണ്ട്.പൊറത്തിശ്ശേരി കൃഷി ഓഫീസര്‍ പി.വി.സുരേഷ് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി വരുന്നു. നല്ലൊരു കര്‍ഷകര്‍ കൂടിയായ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാറിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ കൃഷിക്കിറങ്ങിയവര്‍ക്ക് ആവേശം വര്‍ദ്ധിച്ചു. കൃഷി വകുപ്പിന്റെ പ്രോത്സാഹന സമ്മാനത്തിന് പരിഗണിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജി.എസ്.അരുളരശന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം കൃഷിത്തോട്ടം സന്ദര്‍ശിച്ചു.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ.കെ.എസ്.സുശാന്ത്, കൃഷി ഓഫീസര്‍ പി.വി.സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.
പൊറത്തിശ്ശേരി കല്ലട വേലാഘോഷം ജനുവരി 23ന്
പൊറത്തിശ്ശേരി : ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജനുവരി 19 നും വേലാഘോഷം 22,23 തിയ്യതികളില്‍ ആഘോഷിക്കുന്നു. ചൊവാഴ്ച രാവിലെ ക്ഷേത്രത്തില്‍മേല്‍ശാന്തി സ്വരാജ് പി.എം. ന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. വൈകിട്ട് 6.30 ന് കണ്ടാരം തറയിലും കൊടിയേറ്റം നടത്തും.
ജനുവരി 23 ചൊവ്വാഴ്ച വേലാഘോഷദിനത്തില്‍ വൈകീട്ട് 4:30 മുതല്‍ 7 മണി വരെ ഒമ്പത് ഗജവീരന്മാര്‍ അണിനിരക്കുന്ന കൂട്ടിയെഴുന്നള്ളിപ്പും തുടര്‍ന്ന് മേളകലാരത്‌നം- കലാമണ്ഡലം ശിവദാസ് ആന്‍ഡ് പാര്‍ട്ടിയുടെ പാണ്ടിമേളവും പഞ്ചാരിമേളവും ഉണ്ടായിരിക്കും.പത്രസമ്മേളനത്തില്‍ ക്ഷേത്രം ശാന്തി മണി, പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രം പ്രസിഡന്റ് ഷാജുട്ടന്‍, സെക്രട്ടറി രാമന്‍ കെ.വി, ട്രഷറര്‍ സജീവ് കുഞ്ഞിലിക്കാട്ടില്‍, വൈസ് പ്രസിഡന്റ് വി.പി. ദിനേശ്, ജോയിന്റ് സെക്രട്ടറി ടി.വി. ബിജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കുറുക്കനെയും മുള്ളന്‍പന്നിയെയും പിടികൂടി
കയ്പമംഗലം : ചെളിങ്ങാട് സ്വദേശി പുഴങ്ങര വീട്ടില്‍ സൈനുദ്ദിന്റെ വീട്ടില്‍ നിന്നാണ് മുള്ളന്‍ പന്നിയെ പിടികൂടിയത്.യാഥൃശ്ചികമായി വീട്ടിലെത്തിയ മുള്ളന്‍പന്നിയെ കണ്ട് ഭയന്ന വീട്ടുക്കാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകരായ മാപ്രാണം ഷബീറും ഫിലിപ്പ് കൊറ്റനെല്ലുരും എത്തിയാണ് മുള്ളന്‍പന്നിയെ പിടികൂടിയത്.സമീപത്തേ തന്നേ സിദ്ദിക്കിന്റെ വീട്ടില്‍ നിന്നുമാണ് കുറുക്കനെ പിടികൂടിയത്.പിടികൂടിയ വന്യജീവികളെ പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കാട്ടില്‍ ഉപേക്ഷിച്ചു.
കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സുവര്‍ണ രജത ജൂബിലി ആഘോഷസമാപനം ജനുവരി 20ന്
കാറളം : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ രജത ജൂബിലി ആഘോഷങ്ങള്‍ സമാപിക്കുന്നു.ജനുവരി 20ന് ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനത്തില്‍ ചാലക്കുടി എം.പി. ഇന്നസെന്റ് വിഷിഷ്ട്ടാതിഥിയായി പങ്കെടുക്കുന്നു. പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ മുഖ്യ പ്രഭാഷണം നടത്തും. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ തന്നെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അര്‍ഹനായ വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ എം. മധുസൂദനനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉപഹാരം നല്‍കി അനുമോദിക്കും. ഹൈടെക് സ്‌കൂളായി മാറുന്നതിന്റെ ഭാഗമായി നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ നിര്‍വ്വഹിക്കും. പ്രശസ്ത കഥാകൃത്ത് അശോകന്‍ ചരുവില്‍, സ്‌കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് .ബാബു, ജില്ലാ പഞ്ചായത്ത്അംഗം എന്‍.കെ. ഉദയപ്രകാശ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളന ശേഷം പൂര്‍വ വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികള്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ കലാപരിപാടികളും തൃശൂര്‍ നവമിത്ര അവതരിപ്പിക്കുന്ന’ഒരാള്‍’ നാടകവും ഉണ്ടായിരിക്കുന്നതാണ്.
എസ്.എന്‍ വൈ എസിന്റെ 41-മത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിന് തുടക്കമായി.
ഇരിങ്ങാലക്കുട ; ശ്രീനാരായണ യുവജന സമിതിയുടെ 41-മത് അഖില കേരള പ്രൊഫഷണല്‍ നാടകമത്സരത്തിന് വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ ആരംഭം കുറിച്ചു. ആറ് ദിവസങ്ങളിലായി നടക്കുന്ന നാടക മത്സരം വൈകിട്ട് 6.30ന സിനിമാതാരം ലിയോണ ലിഷോയാണ് ഉദ്ഘാടനം ചെയ്തത്.എസ്.എന്‍.ബി.എസ്.സമാജം പ്രസിഡണ്ട് മുക്കുളം വിശ്വംഭരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.എല്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം മുഖ്യാതിഥിയായിരുന്നു.വിശ്വനാഥപുരം ഷഷ്ഠിയുടെ ഇന്റര്‍നെറ്റ് സപ്ലിമെന്റ് യോഗത്തില്‍ ലിയോണ ലിഷോയ് ഇരിങ്ങാലക്കുട ഡോട്ട് കോം ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളിയ്ക്ക് നല്‍കി നിര്‍വഹിച്ചു.കൗണ്‍സിലര്‍ ധന്യ ജിജു,ബിന്നി അതിരുങ്കല്‍,ചന്ദ്രന്‍ കെ കെ,തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് വടകര കാഴ്ച തിയ്യറ്റേഴ്‌സ് അവതരിപ്പിക്കുന്ന എം.ടിയും ഞാനും അരങ്ങേറി. 16ന് ചൊവ്വാഴ്ച വൈകിട്ട് 7.30ന് ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന രാമേട്ടന്‍,17ന് ബുധനാഴ്ച അങ്കമാലി അക്ഷയുടെ ആഴം,18ന് വ്യാഴാഴ്ച തിരുവനന്തപുരം സോപാനം അവതരിപ്പിക്കുന്ന സഹയാത്രികന്റെ ഡയറിക്കുറിപ്പ്. 19ന്വെളളിയാഴ്ച തിരുവനന്തപുരം ആരാധനയുടെ നാഗവല്ലി,,20ന് ശനിയാഴ്ച ചങ്ങനാശ്ശേരി അണിയറയുടെ നോക്കുകുത്തി 21,വളളുവനാട് ബ്രഹ്മ ബ്ലാക്ക് ലൈറ്റ് അവതരിപ്പിക്കുന്ന മഴ.എന്നി നാടകങ്ങള്‍ അരങ്ങേറും 22ന് തിങ്കളാഴ്ച വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.സിനിമാസംവിധായകന്‍ ജിജു അശോകന്‍ സമ്മാനദാനം നിര്‍വഹിക്കും.
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധം.
ഇരിങ്ങാലക്കുട : ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചും പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചും സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി .ടി കെ സുധീഷ്, പി മണി, എന്‍ കെ ഉദയപ്രകാശ്, കെ വി രാമകൃഷ്ണന്‍, കെ എസ് പ്രസാദ്, കെ സി ബിജു, വി ആര്‍ രമേഷ്, വി കെ സരിത, മിഥുന്‍ പി എസ് എന്നിവര്‍ നേതൃത്വം നല്‍കി.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് എന്ത്, എന്തിന്, സെമിനാര്‍ നടന്നു
ഇരിങ്ങാലക്കുട : ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് മാതൃകയില്‍ സംസ്ഥാനത്ത് ഇദംപ്രദമായി നടപ്പിലാക്കാന്‍ പോകുന്ന കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ സാധ്യതകള്‍ അനാവരണം ചെയ്യുന്ന സെമിനാര്‍ നടന്നു. നൂറുക്കണക്കിന് ബിരുദധാരികള്‍ക്ക് ഉന്നത ഉദ്യോഗസ്ഥശ്രേണിയിലേക്ക് നേരിട്ട് നിയമനം ലഭിക്കുന്ന നിരവധി തൊഴിലവസരങ്ങളും,സിവില്‍ സര്‍വ്വീസില്‍ യുവസാന്നിധ്യവും, കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ സംവിധാനം ഇടയാക്കുമെന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ജ്യോതിസ്സ് കോളേജ്ജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ.എം.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പ്രവേശന പരിശീലന കോഴ്‌സിന്റെ അക്കാദമിക് ഡയറക്ടര്‍ കുമാര്‍ സി.കെ. അധ്യക്ഷത വഹിച്ചു. മെജോ ജോണ്‍ വിഷയാവതരണം നടത്തി. ഡയറക്ടര്‍ ബിജു പൗലോസ്, കോ-ഓഡിനേറ്റര്‍ സ്വപ്ന ജോബി എന്നിവര്‍ സംസാരിച്ചു. അഞ്ജലി ഉണ്ണികൃഷ്ണന്‍ സ്വാഗതവും നിമിഷ കെ.എസ് നന്ദിയും പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ പ്രവേശന പരീക്ഷക്കുള്ള പരിശീലനം ജനുവരി 21 ന് ആരംഭിക്കും. റഗുലര്‍, സണ്‍ഡേ, മോണിംഗ് ബാച്ചുകളും ഉണ്ടായിരിക്കും.
പാദുവാനഗര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
പാദുവാനഗര്‍: വെള്ളിയാഴ്ച (26-1-18) നടക്കുന്ന പാദുവാനഗര്‍ സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളിന് കത്തീഡ്രല്‍ വികാരി റവ.ഡോ.ആന്റു ആലപ്പാടന്‍ കൊടിയേറ്റി.
35-ാം വിവാഹവാര്‍ഷികാശംസകള്‍
ജോണ്‍സന്‍ ചേട്ടനും ചേച്ചിക്കും ജ്യോതിസ്ഗ്രൂപ്പിന്റെ 35-ാം വിവാഹവാര്‍ഷികാശംസകള്‍
ഇരിപ്പിടമില്ലാതെ ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റ്; യാത്രക്കാര്‍ ദുരിതത്തില്‍
ഇരിങ്ങാലക്കുട: ബസ്സ് സ്റ്റാന്റില്‍ ഇരിക്കാന്‍ സംവിധാനങ്ങളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അരമണികൂറും ഒരുമണികൂറും ഇടവിട്ട് മാത്രം സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ കാത്തുനില്‍ക്കേണ്ടിവരുന്ന ഗ്രാമീണ മേഖലയിലേയ്ക്കുള്ള യാത്രക്കാരാണ് ഇതില്‍ ഏറെ വിഷമിക്കുന്നത്. സ്റ്റാന്റിന്റെ പ്രധാനപ്പെട്ട കിഴക്ക്, പടിഞ്ഞാറുഭാഗത്തുള്ള നഗരസഭ കെട്ടിടത്തിന് താഴെ ബസ്സുകള്‍ കാത്തുനില്‍ക്കുന്ന യാത്രക്കാരാണ് ഈ ദുരിതം അനുഭവിക്കുന്നത്. വയസ്സായവരും രോഗികളും കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീകളും ഇരിക്കാന്‍ ഒരു സൗകര്യമില്ലാതെ വിഷമിക്കുകയാണ്. ബസ്സുകളില്‍ പോലും മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കുമൊക്കെ ഇരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ അത്തരം സൗകര്യങ്ങളൊരുക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടതായി മുകുന്ദപുരം തലൂക്ക് പാസഞ്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. നിലവില്‍ സ്റ്റാന്റിന്റെ മദ്ധ്യത്തിലുള്ള കാത്തിരിപ്പുകേന്ദ്രത്തിലാണ് ഇരിക്കാന്‍ സൗകര്യമുള്ളത്. സ്ത്രീകള്‍ക്കായി സ്റ്റാന്റിലെ കിഴക്കെ കെട്ടിടത്തില്‍ താഴെ വെയിറ്റിംഗ് ഷെഡ്ഡില്‍ സൗകര്യമുണ്ടെങ്കിലും ഭൂരിഭാഗവും പുറത്ത് കാത്തുനില്‍ക്കുകയാണ് പതിവ്. നേരത്തെ യാത്രക്കാരുടെ ദുരാവസ്ഥയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കിണറിനോടുചേര്‍ന്നുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രത്തില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ഇരിപ്പിടം സ്ഥാപിച്ചിരുന്നു. പിന്നിട് ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റ് നവീകരണത്തിന് ശേഷം നഗരസഭ പുതുതായി നിര്‍മ്മിച്ച കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിപ്പിടം സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കാത്തിരിപ്പുകേന്ദ്രത്തില്‍ ഉച്ചസമയത്ത് ശക്തമായ വെയില്‍മൂലം ആളുകള്‍ക്ക് ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ബസ്സ് സ്റ്റാന്റ് നവീകരണത്തോടൊപ്പം യാത്രക്കാര്‍ക്കിരിക്കാന്‍ ചെയറുകള്‍ സജ്ജമാക്കുമെന്ന് നഗരസഭ അധികാരികള്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല.
ഇരിങ്ങാലക്കുട ഗ്യാസ് ഏജന്‍സികളില്‍ പരിശോധന
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ ഗ്യാസ് ഏജന്‍സികളില്‍ പരിശോധന നടത്തി. എന്നാല്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. പ്രധാനമായും ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇരിങ്ങാലക്കുടയില്‍ ഏജന്‍സികള്‍ക്ക് പുറമെ വീടുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായം തേടി. ഗ്യാസ് സിലിണ്ടറുകള്‍ സമയാസമയങ്ങളില്‍ വിതരണം ചെയ്യുന്നുണ്ടോ, വിതരണത്തിനായി അധികതുക ഈടാക്കുന്നുണ്ടോ എന്നെല്ലാമാണ് അന്വേഷിച്ചതെന്നും അവര്‍ പറഞ്ഞു. ഡി.എസ്.ഒ. മോഹനന്‍ കെ.ടി., ആര്‍.ഐമാരായ റോഷന്‍ പി.ആര്‍., ടി.പി. ജയ, അനൂപ് എന്‍., തങ്കമണി കെ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.