ഇരിപ്പിടമില്ലാതെ ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റ്; യാത്രക്കാര്‍ ദുരിതത്തില്‍

1032
Advertisement

ഇരിങ്ങാലക്കുട: ബസ്സ് സ്റ്റാന്റില്‍ ഇരിക്കാന്‍ സംവിധാനങ്ങളില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അരമണികൂറും ഒരുമണികൂറും ഇടവിട്ട് മാത്രം സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ കാത്തുനില്‍ക്കേണ്ടിവരുന്ന ഗ്രാമീണ മേഖലയിലേയ്ക്കുള്ള യാത്രക്കാരാണ് ഇതില്‍ ഏറെ വിഷമിക്കുന്നത്. സ്റ്റാന്റിന്റെ പ്രധാനപ്പെട്ട കിഴക്ക്, പടിഞ്ഞാറുഭാഗത്തുള്ള നഗരസഭ കെട്ടിടത്തിന് താഴെ ബസ്സുകള്‍ കാത്തുനില്‍ക്കുന്ന യാത്രക്കാരാണ് ഈ ദുരിതം അനുഭവിക്കുന്നത്. വയസ്സായവരും രോഗികളും കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീകളും ഇരിക്കാന്‍ ഒരു സൗകര്യമില്ലാതെ വിഷമിക്കുകയാണ്. ബസ്സുകളില്‍ പോലും മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും വികലാംഗര്‍ക്കുമൊക്കെ ഇരിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ അത്തരം സൗകര്യങ്ങളൊരുക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടതായി മുകുന്ദപുരം തലൂക്ക് പാസഞ്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. നിലവില്‍ സ്റ്റാന്റിന്റെ മദ്ധ്യത്തിലുള്ള കാത്തിരിപ്പുകേന്ദ്രത്തിലാണ് ഇരിക്കാന്‍ സൗകര്യമുള്ളത്. സ്ത്രീകള്‍ക്കായി സ്റ്റാന്റിലെ കിഴക്കെ കെട്ടിടത്തില്‍ താഴെ വെയിറ്റിംഗ് ഷെഡ്ഡില്‍ സൗകര്യമുണ്ടെങ്കിലും ഭൂരിഭാഗവും പുറത്ത് കാത്തുനില്‍ക്കുകയാണ് പതിവ്. നേരത്തെ യാത്രക്കാരുടെ ദുരാവസ്ഥയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കിണറിനോടുചേര്‍ന്നുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രത്തില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ഇരിപ്പിടം സ്ഥാപിച്ചിരുന്നു. പിന്നിട് ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റ് നവീകരണത്തിന് ശേഷം നഗരസഭ പുതുതായി നിര്‍മ്മിച്ച കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിപ്പിടം സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കാത്തിരിപ്പുകേന്ദ്രത്തില്‍ ഉച്ചസമയത്ത് ശക്തമായ വെയില്‍മൂലം ആളുകള്‍ക്ക് ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ബസ്സ് സ്റ്റാന്റ് നവീകരണത്തോടൊപ്പം യാത്രക്കാര്‍ക്കിരിക്കാന്‍ ചെയറുകള്‍ സജ്ജമാക്കുമെന്ന് നഗരസഭ അധികാരികള്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല.

Advertisement