സമൂഹ അടുക്കള:ക്രമക്കേടെന്ന് കോൺഗ്രസ്:ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

80

മുരിയാട്: കോവിഡ് 19 ന്റെ ഭാഗമായി മുരിയാട് പഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള സമൂഹ അടുക്കളയിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്തിന്റെ മുൻപിൽ പ്രതിഷേധ സമരം നടത്തി . മറ്റു പഞ്ചായത്തുകളിൽ അഗതികളായവർക്കു മൂന്ന് നേരവും ഭക്ഷണം കൊടുക്കുമ്പോൾ ഇവിടെ ഉച്ചക്ക് മാത്രമാണ് ഭക്ഷണം നൽകുന്നത്. വെറും പതിനാലു പേർക്ക് മാത്രമാണ് ഇവിടെ ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനായി വ്യാപകമായി പണപ്പിരിവ് നടക്കുന്നതായി ആരോപണമുണ്ട്. ഇതുകൂടാതെ അരിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും പല സംഘടനകളും വ്യക്തികളും നൽകുന്നുമുണ്ട്. പണപിരിക്കുന്നതിന്റെയോ സാധനങ്ങൾ സൗജന്യമായി വാങ്ങുന്നതിന്റെയോ യാതൊരു തരത്തിലുമുള്ള രേഖകളും ഇതുവരെയും കൈകാര്യം ചെയ്തിട്ടില്ലെന്നും അംഗങ്ങൾ ആരോപിച്ചു. ഇതിന്റെ മോണിറ്ററിങ് ചുമതലയുള്ള ക്ഷേമകാര്യ സ്ഥിരം സമിതിയധ്യക്ഷയെ കാര്യങ്ങൾ ബോധ്യപെടുത്തുന്നതിനു സെക്രട്ടറിയോ ചുമതലയുള്ള ഉദ്യോഗസ്ഥനോ തയ്യാറാകുന്നില്ലെന്നും കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി നല്കിയിട്ടുള്ളതായി കോൺഗ്രസ് പാർലമെന്ററി പാർടി ലീഡർ ജസ്റ്റിൻ ജോർജ് അറിയിച്ചു.എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് പറഞ്ഞു .പരാതിയിൽ യാതൊരുവിധ കഴമ്പും ഇല്ല .സമൂഹ അടുക്കളയുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും പഞ്ചായത്തിൻറെ കൈവശമുണ്ട് .കോൺഗ്രസ് അടക്കമുള്ള അംഗങ്ങളുടെ സഹകരണത്തോടെയാണ് സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾ നടത്തുന്നത് .കോൺഗ്രസ് അംഗങ്ങൾ കൂടി ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി വ്യാഴാഴ്ച്ച യോഗം ചേർന്ന് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിട്ടുള്ളതാണെന്നും പ്രസിഡന്റ് വ്യക്തമാക്കി .

Advertisement