ഹരിത കർമ്മ സേന ബോധവൽക്കരണവുമായി കുടുംബശ്രീ കലാജാഥ

18

ഇരിങ്ങാലക്കുട: കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പരിശീലനം നേടിയ രംഗശ്രീ ഗ്രൂപ്പ് അവതരിപ്പിച്ച കലാജാഥ ഇരിങ്ങാലക്കുട നഗരസഭയിൽ മാർച്ച് 22 രാവിലെ 10.30 ന് ബസ് സ്റ്റാൻഡിൽ അവതരിപ്പിച്ചു. ഹരിത കർമ്മ സേനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ അണിയിച്ചൊരുക്കിയ കലാജാഥ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ CDS 2 ചെയർപേഴ്സൺ ഷൈലജ ബാലൻ സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ ചാർലി ടി വി , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭാ സെക്രട്ടറി, കൗൺസിലർമാർ, എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെമ്പർ സെക്രട്ടറിമാർ, NULM സിറ്റി മിഷൻ മാനേജർ, കമ്മ്യൂണിറ്റി ഓർഗനൈസർമാർ, CDS ഭാരവാഹികൾ, ഹരിത കർമ്മ സേന അംഗങ്ങൾ മുതലായവർ പങ്കെടുത്തു. അറിവിൻ വെട്ടം എന്ന പേരിൽ അവതരിപ്പിച്ച നാടകത്തിലൂടെ ഹരിത കർമ്മ സേന പ്രവർത്തന മേഖലകളെകുറിച്ചും, മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കി. കുടുംബശ്രീ സിഡിഎസ്1 ചെയർപേഴ്സൺ പുഷ്പാവതി പി കെ ചടങ്ങിന് നന്ദി അറിയിച്ചു.

Advertisement