ഭാവനാശേഷിയുള്ള ഒരു മുൻതലമുറ നടത്തിയ മുതൽമുടക്കാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിലുണ്ടായ നേട്ടങ്ങൾ അത്രയും എന്നു കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. എം കെ ജയരാജ് അഭിപ്രായപ്പെട്ടു

25

ഇരിങ്ങാലക്കുട: ഭാവനാശേഷിയുള്ള ഒരു മുൻതലമുറ നടത്തിയ മുതൽമുടക്കാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിലുണ്ടായ നേട്ടങ്ങൾ അത്രയും എന്നു കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. എം കെ ജയരാജ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഉന്നത വിദ്യാഭ്യാസരംഗം പരിഷ്കരിക്കേണ്ട ചുമതല ഇന്നത്തെ അധ്യാപകർക്കും വിദ്യാർഥികൾക്കുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കോളേജിൻറെ വൈസ് പ്രിൻസിപ്പാൾ ഡോ. കെ വൈ ഷാജു, ഹ്യൂമാനിറ്റീസ് വിഭാഗം ഡീൻ ഡോ. ബി പി അരവിന്ദ, വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പീണിക്കപറമ്പിൽ, ലാബ് അസിസ്റ്റൻറ് ശ്രീ. ടി കെ ഡേവിസ് എന്നിവരാണ് ഈ വർഷം ക്രൈസ്റ്റ് കലാലയത്തിൽ നിന്ന് വിരമിക്കുന്നത്.മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിന് ശേഷമാണ് വൈസ് പ്രിൻസിപ്പാൾ ഡോ. കെ വൈ ഷാജു വിരമിക്കുന്നത്. ഫിസിക്സ് വിഭാഗത്തിൽ അധ്യാപകനായി സേവനം ആരംഭിച്ച അദ്ദേഹം വകുപ്പ് മേധാവി ആയിട്ടാണ് പടിയിറങ്ങുന്നത്. ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിൽ 31 വർഷത്തെ അധ്യാപനത്തിന് ശേഷം വകുപ്പു മേധാവിയായിട്ടാണ് ഡോ. ബി പി അരവിന്ദ ഔദ്യോഗിക ജീവിതത്തിൻ്റെ പടിയിറങ്ങുന്നത്. കഴിഞ്ഞ ഒരു വർഷമായി ഹ്യൂമാനിറ്റീസ് വിഭാഗം ഡീൻ ആയി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. കോളേജിൻറെ വൈസ് പ്രിൻസിപ്പാൾ ഫാദർ ജോയ് പിണക്ക പറമ്പിൽ പതിനേഴ് വർഷത്തെ തൻ്റെ അധ്യാപന ജീവിതത്തിന് ശേഷമാണ് ഔദ്യോഗിക ജീവിതത്തിൻറെ പടിയിറങ്ങുന്നത്. ഇരിങ്ങാലക്കുടയുടെ സംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം പരിസ്ഥിതി പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായി. നാടൻ മാവ്, പ്ലാവ് എന്നീ ഫലവൃക്ഷങ്ങളുടെ പ്രചാരണം വഴി അദ്ദേഹം നാട്ടുകാർക്ക് പ്രിയപ്പെട്ട മാവച്ഛനും പ്ലാവച്ഛനുമായി. ‘ഒരു ഗോൾ ഒരു മരം’ പദ്ധതിയിലൂടെ ലോകകപ്പ് ഫുട്ബോൾ മത്സരം പരിസ്ഥിതിസംരക്ഷണത്തിന് അദ്ദേഹം അവസരമാക്കി. കായിക രംഗത്തെ അദ്ദേഹത്തിൻറെ സംഭാവനകൾ പരിഗണിച്ച് മികച്ച കായികാധ്യാപകനുള്ള സംസ്ഥാന സർക്കാരിന് ജി വി രാജ പുരസ്കാരത്തിന് ജോയച്ചൻ അർഹനായി. മുപ്പത്തിനാല് വർഷത്തെ നീണ്ട സേവനത്തിന് ശേഷമാണ് ശ്രീ. ടി കെ ഡേവിസ് കോളേജിൽ നിന്ന് വിരമിക്കുന്നത്. ക്രൈസ്റ്റ് കോളേജിൽ ലാബ് അസിസ്റ്റൻറ്, ഓഫീസ് അസിസ്റ്റൻറ് എന്നീ നിലകളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.സമ്മേളനത്തിൽ കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷത വഹിച്ചു. വിരമിക്കുന്നവരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തിയത് സി എം ഐ സഭയുടെ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തമ്പറമ്പിലാണ്. പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം യൂജിൻ മോറെലി, പ്രൊഫ. കെ ജെ ജോസഫ്, പ്രൊഫ. സുധീർ സെബാസ്റ്റ്യൻ, ഡോ. അനിൽ കുമാർ, ഷാജു വർഗീസ്, ബിജു വർഗീസ്, ജെയ്സൺ പാറേക്കാടൻ, കോളേജ് ചെയർപേഴ്സൺ അമീഷ, ഡോ. സോണി ജോൺ എന്നിവർ പ്രസംഗിച്ചു. ഡോ. കെ വൈ ഷാജു, ഡോ. ബി പി അരവിന്ദ, ഫാ. ജോയ് പീണിക്കപറമ്പിൽ, ടി കെ ഡേവിസ് എന്നിവർ മറുപടിപ്രസംഗം നടത്തി.

Advertisement