ഷട്ടറുകളില്‍ അടിയുന്ന മരച്ചില്ലകളും ചണ്ടിയും യഥാസമയം നീക്കണമെന്ന് ഇരിങ്ങാലക്കുട മിനി സിവില്‍ സ്‌റ്റേഷനില്‍ ചേര്‍ന്ന മുകുന്ദപുരം താലൂക്ക് വികസന സമിതി

31

ഇരിങ്ങാലക്കുട: ഡാമുകളുടെ ഷട്ടറുകളില്‍ അടിയുന്ന മരച്ചില്ലകളും ചണ്ടിയും യഥാസമയം നീക്കണമെന്ന് ഇരിങ്ങാലക്കുട മിനി സിവില്‍ സ്‌റ്റേഷനില്‍ ചേര്‍ന്ന മുകുന്ദപുരം താലൂക്ക് വികസനസമിതി ബന്ധപ്പെട്ടവകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. മഴ തുടരുന്ന സാഹചര്യത്തില്‍ മരങ്ങളുടെ കെമ്പുകളും ചെണ്ടിയും ഷട്ടറുകളില്‍ അടിയുന്നത് വെള്ളപ്പൊക്കം രൂക്ഷമാക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. അതിവൃഷ്ടിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ക്യാംപുകളില്‍ ജനങ്ങള്‍ കുറവുകളും പരാതികളും ഇല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ആര്‍.ബിന്ദു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്കില്‍ 25 ക്യാംപുകള്‍ ആരംഭിച്ചതായി തഹസില്‍ദാര്‍ കെ.ശാന്തകുമാരി യോഗത്തില്‍ അറിയിച്ചു.വികസന സമിതി യോഗത്തില്‍ എത്തുന്ന ചില ഉദ്യോഗസ്ഥര്‍ വിഷയങ്ങള്‍ പഠിക്കാതെ വെറും പ്രതിനിധികളായി എത്തുന്നതും നഗരസഭയെ പ്രതിനിധികരിച്ച് ആരും യോഗത്തില്‍ എത്താത്തതിനെ കുറിച്ചും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് രൂക്ഷ വിമര്‍ശനമാണ് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അടക്കമുള്ളവര്‍ യോഗത്തില്‍ ഉന്നയിച്ചത്.ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ജനറല്‍ ആശുപത്രിയില്‍ നിഷേധിക്കുകയാണെന്നും ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ട് വരുന്ന മൃതദേഹങ്ങള്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് തൃശ്ശൂരിലേക്ക് പറഞ്ഞ് വിടുന്ന പ്രവണത ശരിയല്ലെന്നും ജോസ് ജെ ചിറ്റിലപ്പിള്ളി പറഞ്ഞു.ഇത് സംബന്ധിച്ച് ആശുപത്രി അധികൃതരുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement