ആദ്യകുര്‍ബാന സ്വീകരണത്തിന് ആന്‍വിന്‍ ബിജു എത്തിയത് കുതിരപ്പുറത്ത്

82

കടുപ്പശ്ശേരി : ആദ്യകുര്‍ബാന സ്വീകരണത്തിന് ആന്‍വിന്‍ ബിജു എത്തിയത് കുതിരപ്പുറത്ത്.കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ ഇന്നലെ നടന്ന ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങിലേക്ക് മറ്റു കുട്ടികള്‍ കാറിലും സ്‌കൂട്ടറിലുമൊക്കെ എത്തിയപ്പോള്‍, തന്റെ പ്രിയ കളികൂട്ടുകാരിയായ അഞ്ച് വയസ്സ് പ്രായമുള്ള ബ്ലെസി എന്ന കുതിരയുടെ പുറത്താണ് കടുപ്പശ്ശേരി സ്വദേശി ആന്‍വിന്‍ ബിജു എത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്‍വിന് ജന്മദിന സമ്മാനമായി പിതാവ് ബിജു കൊടിയന്‍ ഗുജറാത്തില്‍ നിന്നും എത്തിച്ച് നല്‍കിയ കുതിരയാണ് ബ്ലെസി. ആന്‍വിന്റെ അമ്മാമ പൗളീന തോമസിന്റെ നിര്‍ബന്ധപ്രകാരമാണ് ആന്‍വിന് ജന്മദിന സമ്മാനമായി കുതിരയെ തന്നെ നല്‍കിയത്. കൊടൈക്കനാലില്‍ നിന്നും എത്തിച്ച മൂന്ന് വയസ്സ് പ്രായമുള്ള വിജയ് എന്ന് പേരുള്ള ഒരാണ്‍കുതിര കൂടി ഇവരുടെ വീട്ടിലുണ്ട്. ആന്‍വിന്റെ ഇരട്ട സഹോദരങ്ങളായ ആന്‍സനും ആന്‍സിലും ഭംഗിയായി കുതിരസവാരി നടത്തും. കടുപ്പശ്ശേരി ഗ്രാമവീഥികളിലൂടെയുള്ള ഈ സഹോദരങ്ങളുടെ കുതിരസവാരി നാട്ടുകാര്‍ക്കും കൗതുകമാണ്.ഇവരും അമ്മ സിമിയും ചേര്‍ന്നാണ് കുതിരകളെ പരിപാലിക്കുന്നത്.

Advertisement