ഒരു സ്വപ്ന ഭവനം കൂടി യാഥാർഥ്യമാക്കാൻ ഒരുങ്ങി കാട്ടൂർ ഗ്രാമപ്പഞ്ചായത്ത്

43
Advertisement

കാട്ടൂർ :സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നവും അഭിലാഷവും ആണ്. അത്തരത്തിൽ ഒരു സ്വപ്നം യാഥാർഥ്യമാക്കാൻ ഒരുങ്ങുകയാണ് കാട്ടൂർ ഗ്രാമപഞ്ചായത്ത്. 4 ആം വാർഡിലെ ഇതുവരെയായും സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതിരുന്ന പുതുവീട്ടിൽ വള്ളിയമ്മക്കും സഹോദരിമാർക്കും ആണ് പഞ്ചായത്തിലെ ആശ്രയ പദ്ധതിയിലൂടെ സ്വന്തമായി സ്ഥലവും വീടും ഒരുങ്ങുന്നത്.വളരെ കാലങ്ങളായി സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും ആയി ജീവിക്കുകയാണ് വള്ളിയമ്മ. പഞ്ചായത്തിലെ ആശ്രയ പദ്ധതിയിൽ അംഗമായ വള്ളിയമ്മക്ക് ജീവിത ക്ലേശങ്ങൾ മൂലം സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇതുവരെയും സാധിച്ചിരുന്നില്ല.അവിവാഹിതയായ വള്ളിയമ്മക്ക് അവിവാഹിതരായ രണ്ട് സഹോദരിമാരും കൂടെയുണ്ട്.സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇല്ലാതിരുന്ന അവരുടെ വിഷമങ്ങൾ അറിഞ്ഞ 4ആം വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ ഷീജ പവിത്രൻ പഞ്ചായത്തിലെ 2019-20 സാമ്പത്തിക വർഷത്തെ ആശ്രയകാർക്ക് സ്വന്തമായി ഭൂമിയും വീടും വാങ്ങുന്ന പദ്ധതിയിൽ അപേക്ഷ വെക്കാൻ നിർദ്ദേശിക്കുകയായിരുന്നു.തുടർന്ന് പഞ്ചായത്ത് ഭരണ സമിതി അവിവാഹിതയും ആശ്രയ അംഗവും ആയ വള്ളിയമ്മക്ക് അർഹതയുടെ അടിസ്ഥാനത്തിൽ 2.25 ലക്ഷം രൂപ ഭൂമി വേടിക്കുന്നതിനും 4 ലക്ഷം രൂപ ഭവന നിർമ്മാണത്തിനുമായി ആകെ 6.25 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.മാർച്ച് മാസത്തിന് മുൻപായി തന്നെ 3 സെന്റ് ഭൂമി വേടിക്കുവാൻ അവർക്ക് കഴിഞ്ഞു.ഭവന നിർമ്മാണത്തിന് ആദ്യ ഘട്ട തുക ഉപയോഗിച്ച് തറ നിർമ്മാണവും പൂർത്തീകരിച്ചു. അടുത്ത ഘട്ടം ഉടൻ ആരംഭിക്കാൻ വേണ്ട സഹായങ്ങൾ എത്രയും പെട്ടന്ന് ഒരുക്കുമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് അറിയിച്ചു.വാർഡ് മെമ്പർ കൂടിയായ ഷീജ പവിത്രനോടും ഭരണ സമിതിയോടുമുള്ള നന്ദി ഈ അവസരത്തിൽ വള്ളിയമ്മ അറിയിച്ചു.

Advertisement