മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ 657 പേര്‍ നിരീക്ഷണത്തില്‍; ബ്ലോക്കിലെ എല്ലാ പ്രാഥമിക-സാമൂഹ്യാരോഗ്യകേന്ദ്രങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കും

198
Advertisement

മതിലകം:കോവിഡ് 19 വൈറസ് ബാധ ജില്ലയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ 657 പേര്‍ നിരീക്ഷണത്തില്‍. 11 പേര്‍ ഐസുലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തിലാണ്. ഇതില്‍ നാല് പേര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും ആറുപേര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലിരിക്കുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിലാണ്. വൈറസ് ബാധ ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിലെ എല്ലാ പ്രാഥമിക-സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കും. ജനറല്‍ ഒ.പിയുമായി ബന്ധം വരാത്ത രീതിയിലാണ് ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിപ്പിക്കുക. വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ എം.എല്‍.എ. ഇ. ടി ടൈസണ്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ഇന്നും (മാര്‍ച്ച് 15) നാളെ(മാര്‍ച്ച് 16)യുമായി എംഎല്‍എയുടെ അധ്യക്ഷതയില്‍ മീറ്റിങ്ങുകള്‍ ചേരും. ജില്ലാ തലത്തില്‍ നിന്നുള്ള അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച്, എല്ലാ നിയമാവലികളും സുരക്ഷിത നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി ജനങ്ങള്‍ക്ക് നോട്ടീസ് വിതരണം ചെയ്യും. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സ്വകാര്യ സംഘടനകള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ കൃത്യമായി സര്‍ക്കാരില്‍ നിന്ന് ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മാത്രം സ്വീകരിക്കാന്‍ ശ്രദ്ധിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നവരെ അത് വാര്‍ഡുകളില്‍ ഉള്ള ആശ വര്‍ക്കര്‍മാര്‍ പ്രത്യേകമായി നിരീക്ഷിക്കണം. വൈറസ് ബാധിതന്‍ സന്ദര്‍ശിച്ച ശ്രീനാരായണപുരത്തെ ലങ്ക ബേക്കറി മൂന്നു ദിവസത്തേക്ക് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള വയോജനങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. പനിയും ചുമയും ഉള്ളവര്‍ വയോധികരെ സന്ദര്‍ശിക്കരുത്. പ്രായമായവര്‍ ചടങ്ങുകളിലും മറ്റും പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിരീക്ഷണത്തില്‍ ഇരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്ന അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, പെരിഞ്ഞനം സി എച്ച് സി സൂപ്രണ്ട് ഡോക്ടര്‍ സാനു എം പരമേശ്വരന്‍, ഹരിത കേരളം ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ ഡോ സതീശന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കൈതവളപ്പില്‍, ബി ജി വിഷ്ണു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഡോ വരദ, ഡോ മുംതാസ്, തഹസില്‍ദാര്‍ കെ രേവ, കൊടുങ്ങല്ലൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഇ ആര്‍ ബൈജു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

Advertisement