മകനെ തേടിയെത്തി അച്ചനെ വെട്ടികൊലപ്പെടുത്തിയ സംഭവം; ഒന്നാംപ്രതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

3434

ഇരിങ്ങാലക്കുട: രാത്രിയില്‍ മകനെ അന്വേഷിച്ചെത്തി അച്ചനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാംപ്രതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കേസില്‍ ഒന്നാംപ്രതിയായ താണിശ്ശേരി ഐനിയില്‍ രഞ്ജിത്ത് (29), കൂട്ടുപ്രതികളായ കാറളം പുല്ലത്തറ പെരിങ്ങാട്ട് വിട്ടില്‍ പക്രു എന്നുവിളിക്കുന്ന നിധീഷ് (27), ഇരിങ്ങാലക്കുട കോമ്പാറ കുന്നത്താന്‍ വീട്ടില്‍ മെജോ (25), ഇരിങ്ങാലക്കുട സി.ഐ. എം.കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 11 പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെയാണ് സംഘം വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച ചുണ്ണാമ്പിനെ ചൊല്ലി വിജയന്റെ മകന്‍ വിനീതും കൂട്ടുകാരും രഞ്ജിത്തുമായി തര്‍ക്കം നടക്കുകയും കൂട്ടുകാരിലൊരാള്‍ രഞ്ജിത്തിന് അടിക്കുകയും ചെയ്തിരുന്നു. ഇതിലുണ്ടായ ഉണ്ടായ വൈരാഗ്യത്തിലാണ് രഞ്ജിത്ത് മറ്റുള്ളവരെ വിളിച്ചുവരുത്തി കല്ലട അമ്പലത്തിന് പിറകിലെ ബണ്ടിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. രാത്രി പത്തുമണിയോടെ മാരകായുധങ്ങളുമായി വിനീതിനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം വാതില്‍ തുറന്ന് വന്ന വിജയനെ വെട്ടിപരിക്കല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഭാര്യയ്ക്ക് വെട്ടേല്‍ക്കുകയും ഭാര്യമാതാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ വിജയന്‍ മരണപ്പെടുകയായിരുന്നു. ഒന്നാം പ്രതി രജിത്ത് പത്തോളം ഓളം ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2017ല്‍ കാട്ടൂര്‍ നൈറ്റ് പട്രോളിങ്ങ് പോലീസ് സംഘത്തെ ആക്രമിച്ച സംഘത്തിലെ പ്രതിയാണെന്നും കാട്ടൂര്‍, ഇരിങ്ങാലക്കുട മേഖലയിലെ മയക്കുമരുന്ന് വിതരണസംഘതലവനാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. വധശ്രമം, ക്രിമിനല്‍, ബോംബ് കേസടക്കം നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള പക്രു നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട, കാട്ടൂര്‍, മതിലകം, കൊടകര, വെള്ളികുളങ്ങര, പുതുകാട് തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കേസുകള്‍ നിലവിലുണ്ട്. ഇരിങ്ങാലക്കുട സ്റ്റേഷന്‍ പരിധിയില്‍ ഈസ്റ്റ് കോമ്പാറയില്‍ കഴിഞ്ഞ വര്‍ഷം അയല്‍വാസിയുടെ വീട് കയറി ആക്രമണം നടത്തിയതുള്‍പെടെ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് മഥുരയിലെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കൊട്ടേഷന്‍ പണിയില്‍ നിന്നും ലഭിക്കൂന്ന പണം ആര്‍ഭാട ജീവിതത്തിനും മദ്യപാനത്തിനും മറ്റുമാണ് പ്രതികള്‍ ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ നിന്നും വടിവാളുകളും കത്തിയും രക്തംപുരണ്ട മുണ്ടുകളും കണ്ടെടുത്തിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിന്‍ എസ്.ഐ.മാരായ കെ.എസ്. സുശാന്ത്, തോമസ്സ് വടക്കന്‍, ക്രൈംബ്രാഞ്ച് എസ്.ഐ. എം.പി. മുഹമ്മദ് റാഫി, എ.എസ്.ഐ.മാരായ അനീഷ് കുമാര്‍, പി.സി. സുനില്‍, സീനിയര്‍ സി.പി.ഒ.മാരായ മുരുകേഷ് കടവത്ത്, സുജിത്ത് കുമാര്‍, സി.പി.ഒ. കെ.ഡി. രമേഷ് എന്നിവരും ഉണ്ടായിരുന്നു.

 

Advertisement