കോണത്ത്കുന്ന് സ്വദേശിയുടെ ഇംഗ്ലീഷ് ക്രൈം ത്രില്ലര്‍ The Thorough Check ന്റെ വായനാവതരണത്തിന് ആസ്വാദകറേറെ

470
Advertisement

കോണത്ത്കുന്ന് : നൂറ്റാണ്ടുകളുടെ വിദേശ ഭരണത്തിന് ഒടുവില്‍ സ്വതന്ത്രമായ രാജ്യത്തിന് മതവും ജാതിയും തീര്‍ക്കുന്ന മതിലുകളും വേര്‍തിരിവുകളും താങ്ങാന്‍ കഴിയുകയില്ലെന്ന മുന്നറിയിപ്പുമായി ഇംഗ്ലീഷ് ക്രൈം ത്രില്ലര്‍ ‘The Thorough check ‘.. ഇരിങ്ങാലക്കുട കോണത്ത്കുന്ന് സ്വദേശിയും ഗുജറാത്തില്‍ എല്‍ ആന്‍ഡ് ടി കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനുമായ വടാശ്ശേരി തൈപ്പറമ്പില്‍ രാകേഷാണ് ഫ്രോഗ് ബുക്‌സ് പുറത്തിറക്കിയ നോവലിന്റെ രചയിതാവ്. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന കൃതി സാഹിത്യോല്‍സവത്തിന്റെ വേദിയില്‍ നടന്ന The Thorough Check ന്റെ വായനാവതരണത്തിന് എറെയായിരുന്നു ആസ്വാദകര്‍.രാജ്യത്തിന്റെ രക്ഷയ്ക്കായി സ്വന്തം ജീവിതം വരെ പണയപ്പെടുത്തുന്ന മലയാളിയായ പോലീസ് ഉദ്യോഗസ്ഥനാണ് ,44 അധ്യായങ്ങളുള്ള നോവലിലെ മുഖ്യ കഥാപാത്രം. കേരളത്തിലെ ഗ്രാമത്തില്‍ നിന്ന് ഗുജറാത്തിലേക്കുള്ള ഇയാളുടെ യാത്ര ഒരു പ്രത്യേക സുരക്ഷാദൗത്യവുമായിട്ടാണ്. പ്രണയത്തിന്റെയും രതിയുടെയും സാഹസികതയുടെയും പശ്ചാത്തലത്തില്‍ കഥ മുന്നോട്ട് പോകുമ്പോള്‍, രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെയും രുചികളുടെയും സവിശേഷതകള്‍ ദര്‍ശിക്കാന്‍ കഴിയും.മുഖ്യ കഥാപാത്രത്തിന്റെ സ്വത്യം അവസാന അധ്യായത്തില്‍ മാത്രമേ വ്യക്തമാകുന്നുള്ളുവെന്നത് Thorough Check നെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്.വോട്ട് ബാങ്കുകളായി മാത്രം ഉപയോഗിക്കപ്പെടുകയും ഒടുവില്‍ തീവ്രവാദി ലേബല്‍ ചാര്‍ത്തപ്പെടുകയും ചെയ്യുന്ന ഒരു മതേതര ഇന്ത്യന്‍ മുസ്ലിമിന്റെ ആശങ്കകളും ക്രൈം ത്രില്ലര്‍ പങ്ക് വയ്ക്കുന്നുണ്ട്. രണ്ടായിരം വര്‍ഷങ്ങളായി ജീവിച്ചു പോരുന്ന രാജ്യത്ത് ,തങ്ങളുടെ കൂറും വിധേയത്വവും ആരോടാണ് തെളിയിക്കേണ്ടതെന്ന പൊള്ളുന്ന ചോദ്യമാണ് ഇയാള്‍ ഭരണനേത്യത്യത്തിനോട് ചോദിക്കുന്നത്.മതതീവ്രവാദികളുടെ നിഴലില്‍ നിന്ന് തങ്ങള്‍ക്ക് പുറത്ത് വരണമെന്നും, മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തി കൊണ്ട് രാജ്യത്തിന് പുരോഗതിയുടെ പാതയിലേക്ക് മുന്നേറാന്‍ കഴിയില്ലെന്നും ഇയാള്‍ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ സമകാലീന രാഷ്ട്രീയ അന്തരീക്ഷത്തില്‍ പ്രസക്തമായി മാറുകയാണ് നോവലിലെ ഓരോ വരികളും. സാഹിത്യോല്‍സവ വേദിയില്‍ നടന്ന ചടങ്ങില്‍ നിരൂപക ദീപ്തി ടെറന്‍സ് പുസ്തകവതരണം നിര്‍വഹിച്ചു.ആസ്വാദകരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാരന്‍ മറുപടി പറഞ്ഞു.ജോബിന്‍സ് ചിറയ്ക്കല്‍, നവീന്‍ ഭഗീരഥന്‍, സ്റ്റാനി ജോസ്, രാജേഷ് മേനോന്‍ ,ഫ്രാങ്ക് തോമസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉടലെടുക്കുന്ന ഇന്ത്യാ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച ‘The Deliverance of Sarppameru ( സര്‍പ്പമേരുവിന്റെ ശാപമോക്ഷം) ആണ് വടാശ്ശേരി തൈപ്പറമ്പില്‍ രാകേഷിന്റെ മറ്റൊരു കൃതി.ഇന്ത്യന്‍ സൈനിക മേഖലയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്ന വിദേശ ശക്തികളുടെയും ചാരപ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍ പുതിയ രചനയും ഒരുങ്ങുന്നുണ്ട്. ക്രൈം ഫിക്ഷന്‍ ജനുസ്സില്‍ എഴുത്തുകളിലൂടെ സാമൂഹ്യ സന്ദേശങ്ങള്‍ നല്കാനാണ് തന്റെ ശ്രമമെന്ന് രാകേഷ് പറയുന്നു.കഴിഞ്ഞ 23 വര്‍ഷങ്ങളായി ഗുജറാത്തിലെ സൂറത്തിലാണ് രാകേഷ് താമസിക്കുന്നത്. നിഷയാണ് ഭാര്യ. ഋഷി മകനാണ്.

 

Advertisement