പടിയൂര്‍: സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കി പടിയൂര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കോണ്‍ഗ്രസ്സ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഡി.സി.സി. ജനറല്‍ സെക്രട്ടറി സോണിയാഗിരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഋഷിപാല്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി. സെക്രട്ടറി ആന്റോ പെരുമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സി.എം. ഉണ്ണികൃഷ്ണന്‍, ഐ.കെ. ശിവജ്ഞാനം, കണ്ണന്‍ മാടത്തിങ്കല്‍, എ.ഐ. സിദ്ധാര്‍ത്ഥന്‍, ടി.ഡി. ദശോബ്, ഉഷ രാമചന്ദ്രന്‍, സുനന്ദ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമഗ്രകുടിവെള്ള പദ്ധതി പുരോഗതിയില്‍:സമരങ്ങള്‍ കണ്ണില്‍ പൊടിയിടാനെന്ന്
പടിയൂര്‍: നബാര്‍ഡിന്റെ സഹായത്തോടെ പടിയൂര്‍, പൂമംഗലം, കാറളം, കാട്ടൂര്‍ പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ ഭാഗമായി വളവനങ്ങാടി പ്രദേശത്തെ പൈപ്പിടല്‍ ശനിയാഴ്ച തുടങ്ങും. ഇതിനായി പൊതുമരാമത്ത് വകുപ്പില്‍ പണമടച്ച് നേരത്തെ അനുമതി നേടിയിരുന്നു. ഇതിന്റെ പ്രവര്‍ത്തികളാണ് ശനിയാഴ്ച തുടങ്ങുന്നതെന്ന് പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു പറഞ്ഞു. ഇതിന് പുറമെ പുതുതായി മെക്കാഡം ടാറിങ്ങ് നടത്തിയ ഇരിങ്ങാലക്കുട- കാട്ടൂര്‍ പി.ഡബ്ല്യൂ.ഡി. റോഡിന്റെ ഒരുവശം പൊളിച്ച് പമ്പിങ്ങ് മെയിന്‍ സ്ഥാപിക്കാനുണ്ട്. ഇതിനും പി.ഡബ്ല്യൂ.ഡി. അംഗീകാരം നേടി കഴിഞ്ഞു. 16.40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തിരുവനന്തപുരം കെ.ഡബ്ല്യൂ.എ. എം.ഡി. ഓഫീസിലെ ഫൈനാന്‍സ് മാനേജര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ ഉത്തരവ് ലഭിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പടിയൂര്‍ പഞ്ചായത്ത് ഭരണസമിതിയും എം.എല്‍.എ.യും നടത്തിയിട്ടുണ്ട്. ഉത്തരവ് ലഭിക്കുന്നതോടെ ഈ പ്രവര്‍ത്തികളും ആരംഭിക്കും. ഇതിന്റെ വിശദവിവരങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയേയും വികസന സെമിനാറിലും അറിയിച്ചിട്ടുണ്ട്.പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ പദ്ധതി കമ്മിഷന്‍ ചെയ്യുന്നതിനുള്ള നിരന്തരമായ ശ്രമത്തിലാണ് എല്‍.ഡി.എഫ്. ഇതിനിടയില്‍ യു.ഡി.എഫിന്റേയും ബി.ജെ.പി.യുടേയും നേതൃത്വത്തില്‍ നടത്തുന്ന കുടിവെള്ള സമരങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്നും ബിജു വ്യക്തമാക്കി
ഓട്ടോറിക്ഷാ പേട്ട നീക്കം ചെയ്യാനുള്ള നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു.
ഇരിങ്ങാലക്കുട : നഗരസഭയില്‍ വെള്ളിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബസ് സ്റ്റാന്റിലെ 10-ാം നമ്പര്‍ ഓട്ടോറിക്ഷാ പേട്ട നീക്കം ചെയ്യാനുള്ള നഗരസഭ തീരുമാനത്തില്‍ ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ബസ്സ് സ്റ്റാന്റ് പരിസരത്ത് ഫുട്പാത്ത് കയ്യേറി കച്ചവടം നടത്തുന്നവരെയും അനധികൃത കയ്യേറ്റക്കാരെയും നഗരസഭ സംരക്ഷിക്കുമ്പോള്‍, 125-ഓളം ഓട്ടോക്കാരെ ദുരിതത്തിലാഴ്ത്തുന്ന ഈ മുടന്തന്‍ നടപടിയില്‍ നിന്നും നഗരസഭ പിന്‍മാറണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. 17 വര്‍ഷമായി നിലനില്‍ക്കുന്ന ഓട്ടോ പേട്ട ഒഴിവാക്കുമ്പോള്‍ പകരം ബദല്‍ സംവിധാനം ഒന്നും തന്നെ തയ്യാറാക്കാതെ ഓട്ടോ തൊഴിലാളികളോട് കാണിക്കുന്ന ഈ നിഷ്ടൂര നടപടിക്കെതിരെ ബിജെപി സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാനും യോഗം തീരുമാനിച്ചു. ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് വി.സി.രമേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സന്തോഷ് ബോബന്‍, ഷൈജു കുറ്റിക്കാട്ട്, സൂരജ് നവ്യങ്കാവ്, വിജയന്‍ പാറെക്കാട്ട്, ഷാജു.ടി.കെ. എന്നിവര്‍ സംസാരിച്ചു.
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന ഭൂമിയ്ക്ക് പട്ടയം : ബി. ജെ. പി.യ്ക്ക് വിയോജിപ്പ്
ഇരിങ്ങാലക്കുട : ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്ന അറുപത്തിയാറര സെന്റ് പുറംമ്പോക്ക് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് ഭൂമി റവന്യു വകുപ്പില്‍ പുനര്‍ നിക്ഷിപ്തമാക്കുന്ന അജണ്ട ബി. ജെ. പി. അംഗങ്ങളുടെ വിയോജിപ്പോടെയാണ് പാസ്സാക്കിയത്. ഭൂമി പുറംമ്പോക്ക് ഭൂമിയല്ലെന്നും ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഭൂമിയാണന്നും ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. ദേവസ്വം ഭൂമി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുമ്പോള്‍ ഭൂമി നഷ്ടപ്പെടുത്തുന്ന നടപടി ഉണ്ടാകരുതെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. റവന്യു വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചാണ് കലാനിലയം പുറംമ്പോക്ക്് ഭൂമിയാണന്ന് പറഞ്ഞിട്ടുള്ളതെന്നും സന്തോഷ് ബോബന്‍ ആരോപിച്ചു. കലാനിലയത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ഫണ്ടുകള്‍ ലഭിക്കുന്നതിന് പട്ടയം ആവശ്യമായ സാഹചര്യത്തിലാണ് പട്ടയം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് എല്‍ ഡി എ് അംഗം പി. വി. ശിവകുമാര്‍ ചൂണ്ടിക്കാട്ടി. വികസനപ്രവര്‍തത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന നിലപാട് എടുക്കരുതെന്നും പി. വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. എം. പി. യുടെ പ്രാദേശിക വികസന ഫണ്ട്് ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട്് അനുവദിക്കണമെങ്കില്‍ ഉടമസ്ഥതാവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണന്നും ഈ സാഹചര്യത്തിലാണ് പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും യു. ഡി. എഫ്. അംഗം സോണിയ ഗിരി പറഞ്ഞു. തുടര്‍ന്ന് ബി. ജെ. പി. അംഗങ്ങളുടെ വിയോജിപ്പോടെയാണ് അജണ്ട പാസ്സാക്കിയത്. എല്‍. ഡി. എഫ്. അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അജണ്ട മാറ്റി വച്ചു. 2013-2014 മുതല്‍ 2016-2017 വരെയുളള നാലു വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടാണ് വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്കായി രണ്ടു അജണ്ടകളായി വന്നത്. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ലഭിച്ച് ഒരു മാസത്തിനകം കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്ത് ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും റിപ്പോര്‍ട്ട് ലഭിച്ച് നാലു മാസത്തിനു ശേഷം കൗണ്‍സില്‍ യോഗത്തില്‍ വച്ചതിനെ എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ വിമര്‍ശിച്ചു. ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്നും പി. വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങള്‍ ഈ ആവശ്യത്തോടു യോജിച്ചതോടെ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിന് തങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലെന്നും അജണ്ട മാറ്റി വയ്ക്കുവാന്‍ തയ്യാറണന്നും അറിയിക്കുകയായിരുന്നു. ഇതോടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുവാന്‍ അടുത്ത മാസം ആദ്യം പ്രത്യേക കൗണ്‍സില്‍ യോഗം ചേരാമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു.
കാറളം ഗ്രാമപഞ്ചായത്തിന്റെ 2018-19 ബഡ്ജറ്റ് അവതരിപ്പിച്ചു.
കാറളം : ഭക്ഷണം, ഭവനം, തൊഴില്‍ എന്നിവ മുന്‍നിര്‍ത്തി കാറളം ഗ്രാമപഞ്ചായത്തിന്റെ 2018-19 ബഡ്ജറ്റ് അവതരിപ്പിച്ചു. 12,04,96,563/- രൂപ വരവും, 11,16,82,100/- രൂപ ചെലവും, 88,14,463/- രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് അംബിക സുഭാഷ് അവതരിപ്പിച്ചത്. ഭവന പദ്ധതിയ്ക്ക് 57,59,000/- രൂപയും, കാര്‍ഷിക മേഖലയില്‍ 39,80,000/- രൂപയും, തൊഴില്‍ സാധ്യത വര്‍ദ്ധപ്പിക്കുന്നതിന് 4,60,000/- രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നു. ശുചിത്വ കാറളം സുന്ദരകേരളം എന്ന പദ്ധതിയ്ക്ക് 17,68,000/- രൂപയും ജലസുരക്ഷയ്ക്ക് 20,00,000/- രൂപയും, ആരോഗ്യമേഖലയില്‍ 10,20,000/- രൂപയും, മൃഗസംരക്ഷണത്തിന് 23,15,000/- രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് കെ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസാദ്.ടി. രമ രാജന്‍,ഷീജ സന്തോഷ്, ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍, കെ.വി.ധനേഷ്ബാബു,കെ.ബി.ഷമീര്‍,വിനീഷ്.കെ.വി,വി.ജി.ശ്രീജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് പ്രണാമം.
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ജില്ലയിലെ വിരമിക്കുന്ന അധ്യാപക, അനധ്യാപക ജീവനക്കാരേയും അവാര്‍ഡ് ജേതാക്കളേയും ആദരിച്ചു. പ്രണാമം 2018 എന്ന പേരില്‍ നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ഉഷാറാണി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ അവാര്‍ഡ് വിതരണം നടത്തി. വിദ്യാഭ്യാസ ജില്ലയില്‍ നിന്നും വിരമിക്കുന്ന 98 അധ്യാപക- അനധ്യാപക ജീവനക്കാരെ ഡി.ഇ.ഒ. ആദരിച്ചു. ആചാര്യ ശ്രേഷ്ഠ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ കെ. രാജന്‍ (എച്ച്.എം. നന്തിക്കര ഗവ. സ്‌കൂള്‍), പി.എ. സിജോ (എച്ച്.എം. സെന്റ് സെബാസ്റ്റ്യന്‍സ്, കുറ്റിക്കാട്), ഗുരുപ്രീയ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ കെ.എസ്. സരസു(ഗവ. സ്‌കൂള്‍, വാഴൂര്‍), കെ.ഡി. ബിജു (പി.വി.എസ്. പറപ്പൂക്കര), സേവനമിത്ര അവാര്‍ഡുകള്‍ നേടിയ എം.കെ. ജോസഫ് (സെന്റ് മേരീസ് സ്‌കൂള്‍, ചെങ്ങാലൂര്‍), ഒ.എ. പ്രവീണ്‍ (ഡി.ഇ.ഒ. ഓഫീസ്, ഇരിങ്ങാലക്കുട), വി.കെ. ലത (ജി.ബി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂര്‍) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എച്ച്.എം. ഫോറം കണ്‍വീനര്‍ ബാബുജോസ് തട്ടില്‍, സിസ്റ്റര്‍ ഫ്ളോറന്‍സ്, ടി.ടി.കെ. ഭരതന്‍, പി.എ. സീതി, കെ. രാജന്‍, കെ.എസ്. സരസു, ഒ.എ. പ്രവീണ്‍, പി.എ. സിജോ എന്നിവര്‍ സംസാരിച്ചു.
നടവരമ്പ് സ്‌കൂളില്‍ പുതിയ പാചകപ്പുര ഉദ്ഘാടനം ചെയ്യ്തു
നടവരമ്പ്: അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പണിതീര്‍ത്ത പാചകപ്പുരയുടെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് പാചകപ്പുര നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അധ്യക്ഷയായി. പി.എം.റോസി, വിജയലക്ഷ്മി വിനയചന്ദ്രന്‍, ഡെയ്‌സി ജോസ്, ബാലന്‍ അമ്പാടത്ത്, എം.കെ.മോഹനന്‍, കെ.കെ.താജുദ്ദീന്‍, ജയസൂനം എന്നിവര്‍ പ്രസംഗിച്ചു.
വലിയ വാഹനങ്ങള്‍ ഠാണവില്‍ ട്രാഫിക്ക് കുരുക്ക് അതികരിപ്പിക്കുന്നു
ഇരിങ്ങാലക്കുട : റോഡിന്റെ വീതി കുറവ് മൂലവും പ്രവര്‍ത്തിക്കാത്ത സിഗ്നലും കാരണം ട്രാഫിക്ക് കുരിക്കില്‍ നട്ടംതിരിയുന്ന ഠാണവ് ജംഗ്ഷനില്‍ 15 ല്‍ അതികം ടയറുകള്‍ ഉള്ള ട്രൈലറുകള്‍ കൂടി എത്തി ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു.സ്‌കൂള്‍ സമയത്ത് ടിപ്പറടക്കമുള്ള വലിയവാഹനങ്ങള്‍ റോഡില്‍ ഇറക്കരുത് എന്ന് നിയമമുണ്ടായിരിക്കേ രാവിലെ മുതല്‍ തന്നേ ടോറസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ട്രാഫിക്ക് പോലിസിന് കണ്ണ് മുന്നിലൂടെ ഇതിലൂടെ കടന്ന് പോകുന്നത്.ഇത്തരം വാഹനങ്ങള്‍ ഠാണവില്‍ കൂടി അല്ലാതെ തിരിഞ്ഞ് പോകുന്നതിന് മറ്റ് പലയിടങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്ലും നിയമം തെറ്റിച്ച് വരുന്ന വാഹനങ്ങള്‍ക്ക് പിഴ അടപ്പിക്കാത്തതിനാല്‍ നിയമലംഘനം വര്‍ദ്ധിക്കുകയാണ്.
ചിറമ്മല്‍ കൈപ്പറമ്പില്‍ ജേക്കബിന്റെ ഭാര്യ വെറോനിക്ക (76) നിര്യാതയായി.
കൊരുമ്പിശ്ശേരി : ചിറമ്മല്‍ കൈപ്പറമ്പില്‍ ജേക്കബിന്റെ ഭാര്യ വെറോനിക്ക (76) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മക്കള്‍ വര്‍ഗ്ഗീസ്,എല്‍സി,ജോയ്,ജോഷി.മരുമക്കള്‍ മേരിക്കുട്ടി,പോളി,മിനി,വിനിത.
മംഗലത്ത് കുഞ്ഞയ്യപ്പന്റെ മകന്‍ തിലകന്‍ (68) അന്തരിച്ചു.
താണിശ്ശേരി: മംഗലത്ത് കുഞ്ഞയ്യപ്പന്റെ മകന്‍ തിലകന്‍ (68) അന്തരിച്ചു. ഭാര്യ: സിദ്ധസൗദാമിനി. മക്കള്‍: ശ്രീജിത്ത്, ശ്രീരാഗ്. മരുമകള്‍: ഡെസ്നി.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എ.ഐ.വൈ.എഫ് ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ 2 കോടി തൊഴില്‍ വാഗ്ദാന ലംഘനത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി രാകേഷ് കണിയാംപറമ്പില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി രമേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി പി ഐ മണ്ഡലം അസിസ്റ്റന്റ് .സെക്രട്ടറി ഉദയപ്രകാശ്, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണു ശങ്കര്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എ ഐ വൈ എഫ് ജില്ലാ കമ്മിററി അംഗം സുധീര്‍ദാസ് സ്വാഗതവും മണ്ഡലം ജോയിന്റ് സെക്രട്ടറി പി.ആര്‍ മണി നന്ദി പറഞ്ഞു.
ശ്രീകൂടല്‍മാണിക്യം ഭഗവാന് ആറാട്ടുപുഴയുടെ താമരമാല വഴിപാട്
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് കൊടിയേറ്റം, തിരുവാതിരവിളക്ക്, പെരുവനംപൂരം, തറയ്ക്കല്‍ പൂരം, ആറാട്ടുപുഴ പൂരം, ഗ്രാമബലി എന്നീ ദിവസങ്ങളില്‍ ശ്രീകൂടല്‍മാണിക്യം ഭഗവാന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ വകയായി താമരമാല ചാര്‍ത്തും. ഈ വഴിപാട് മുന്‍കൂട്ടി
ശീട്ടാക്കിക്കഴിഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരമാല ചാര്‍ത്തിയാല്‍ പൂര കാലത്ത് മഴ ഉണ്ടാകില്ലെന്നാണ് വിശ്വാസം.ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ വകയായി എല്ലാ വര്‍ഷവും ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരമാല ചാര്‍ത്താറുണ്ട്. ആറാട്ടുപുഴ പൂരത്തിന് ആതിഥേയത്വം വഹിക്കുന്ന ആറാട്ടുപുഴ ശാസ്താവ് ഭക്തരെ അനുഗ്രഹിക്കാന്‍ മാര്‍ച്ച് 25ന് രാവിലെ 8 മണിയോടുകൂടി പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ പുറത്തേക്കെഴുന്നെള്ളും. ആല്‍ത്തറക്കു സമീപം മേളം അവസാനിച്ചാല്‍ നാഗസ്വരം ,ശംഖധ്വനി , വലന്തലയിലെ ശ്രുതി എന്നിവയുടെ അകമ്പടിയോടെ തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും . തൈക്കാട്ടുശ്ശേരി പൂരത്തിനു ശേഷം ആറാട്ടുപുഴ ശാസ്താവിന്റെ ‘എടവഴിപൂരം’ ആരംഭിക്കും. ഭഗവതിയുമായി ഉപചാരത്തിനു ശേഷം മടക്കയാത്രയില്‍ ചാത്തക്കുടം ശാസ്താ ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ്.ഉപചാരത്തിനുശേഷം ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളും .ഭക്തര്‍ ശാസ്താവിന് നിറപറകള്‍ സമര്‍പ്പിക്കും.നിത്യപൂജകള്‍ക്കും താന്ത്രിക ചടങ്ങുകള്‍ക്കും ശേഷം വൈകീട്ട് 8ന് തന്ത്രി ഇല്ലമായ പെരുവനം കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് മനക്കലേക്ക് ശാസ്താവിന്റെ എഴുന്നെള്ളത്ത് . ഇറക്കിപ്പൂജ , അടനിവേദ്യം, പാണികൊട്ട് എന്നിവക്കു ശേഷം നറുകുളങ്ങര ബലരാമ ക്ഷേത്രത്തിലേക്ക് യാത്ര. കൊട്ടി പ്രദക്ഷിണത്തിനു ശേഷം ശാസ്താവ് ആറാട്ടുപുഴയിലേക്ക് തിരിച്ചെഴുന്നള്ളുന്നു. പാതിരാവിന്റെ നിശ്ശബ്ദതയിലും ഭക്തജനങ്ങള്‍ ശാസ്താവിന്റെ എഴുന്നെള്ളത്തിന് കാതോര്‍ത്തിരുന്ന് ഭക്തിയുടെ പൂര്‍ണ്ണതയില്‍ വരവേല്‍ക്കുന്ന കാഴ്ച വര്‍ണ്ണനാതീതമാണ് .ആറാട്ടുപുഴ പൂരം വരെയുള്ള ദിവസങ്ങളില്‍ ശാസ്താവിന് അകമ്പടിയായി നാദസ്വരം ഉണ്ടാകും.
മുരിയാട് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു
മുരിയാട് 2017-18 ജനകീയാസൂത്രണ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വകയിരിത്തി കൊണ്ട് വയോജനങ്ങള്‍ക്ക് കിട്ടലുകള്‍ വിതരണം ചെയ്തു.ജനറല്‍ വിഭാഗത്തിലെ 114 പേര്‍ക്കാണ് കട്ടിലുകള്‍ വിതരണം ചെയ്തത് കട്ടിലുകളുടെ വിതരണോല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസനസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത രാജന്‍, വിദ്യാഭസ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ മോളി ജേക്കബ്, പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത്, പഞ്ചായത്ത് അംഗങ്ങളായ സരിത സുരേഷ്, ഗംഗാദേവി സുനില്‍, ശാന്ത മോഹന്‍ദാസ്, കവിത ബിജു, ജോണ്‍സണ്‍ എ എം, കെ വൃന്ദാ കുമാരി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷീബ നാലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
ഭക്തിയുടെ നിറവില്‍ ഭക്തര്‍ ശാസ്താവിന് ചമയങ്ങള്‍ സമര്‍പ്പിച്ചു.
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ ഭക്തര്‍ സമര്‍പ്പിച്ചു.പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിലായിരുന്നു സമര്‍പ്പണം .വിവിധ വലുപ്പത്തിലുള്ള കോലങ്ങള്‍, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകള്‍, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം, തിരു ഉടയാട, കൈപ്പന്തത്തിനു വേണ്ട വെളിച്ചെണ്ണ, എള്ളെണ്ണ, നെയ്യ്, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ഈ സമയത്ത് ശാസ്താവിന് സമര്‍പ്പിച്ചു. കുടയുടെ ഒറ്റല്‍ പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനും ചെമ്പ് നാഗങ്ങള്‍ വളര്‍ക്കാവ് ബിനോയിയും ആണ് നിര്‍മ്മിച്ചത് . സ്വര്‍ണ്ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നല്‍ തൃശ്ശൂര്‍ വി.എന്‍. പുരുഷോത്തമനും, മണിക്കൂട്ടം, കുടയുടെ മകുടങ്ങള്‍ എന്നിവ മിനുക്കിയതില്‍ പെരിങ്ങാവ് ഗോള്‍ഡിയുടെ രാജനും വിവിധ തരം വിളക്കുകള്‍, കൈപ്പന്തത്തിന്റെ നാഴികള്‍ എന്നിവ പോളിഷിങ്ങില്‍ ഇരിങ്ങലക്കൂുട ബെല്‍വിക്‌സ് എന്ന സഹകരണ സ്ഥാപനവും ചുമതലക്കാരായിരുന്നു. ആലവട്ടം, ചാമരം എന്നിവ എരവിമംഗലം രാധാകൃഷ്ണനാണ് ഒരുക്കിയത്.
കൂടല്‍മാണിക്യം തീരുവുത്സവം : ദീപകാഴ്ച്ച നടത്തുന്നതില്‍ തര്‍ക്കം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തീരുവുത്സവത്തോട് അനുബന്ധിച്ച് ദീപകാഴ്ച്ച നടത്തുന്നതില്‍ കൂടല്‍മാണിക്യം ദേവസ്വവും കഴിഞ്ഞ വര്‍ഷം ദീപകാഴ്ച്ച നടത്തിയ ദീപകാഴ്ച്ച കമ്മിറ്റിയും തമ്മില്‍ തര്‍ക്കം.വെള്ളിയാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ദേവസ്വത്തിന്റെ സമ്മതം കൂടാതെ ആര്‍ക്കും തിരുവുത്സവത്തോട് അനുബദ്ധിച്ച് ദീപകാഴ്ച്ച നടത്താന്‍ അനുമതി നല്‍കെരുതെന്ന് ദേവസ്വം കത്ത് മുഖേന കൗണ്‍സിലിനെ അറിയിച്ചു.എന്നാല്‍ അതേസമയം കഴിഞ്ഞ വര്‍ഷം ദീപകാഴ്ച്ച നടത്തിയ കമ്മിറ്റി സന്തോഷ് ചെറാക്കുളത്തിന്റെ പേരില്‍ ഈ വര്‍ഷവും ദീപകാഴ്ച്ച നടത്തുന്നതിന് അനുമതിയ്ക്കായി വെച്ച അപേക്ഷയും കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വന്നിരുന്നു.ദീപകാഴ്ച്ച യുടെ പേരില്‍ അനധികൃത പണപിരിവ് നടത്തിയതായി ആരോപണമുള്ള ദീപകാഴ്ച്ച കമ്മിറ്റിയ്ക്ക് അനുമതി നല്‍കരുതെന്ന നിലപാടാണ് ഇടത്പക്ഷ കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്.എന്നാല്‍ ദേവസ്വത്തിന് നഗരസഭയുടെ സ്ഥലത്ത് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അധികാരമില്ലെന്നും കൗണ്‍സില്‍ യോഗം ഈകാര്യം തീരുമാനിക്കണം എന്ന നിലപാടിലായിരുന്നു ബി ജെ പി കൗണ്‍സിലര്‍മാര്‍.ദീപകാഴ്ച്ചയുടെ പേരില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേവസ്വത്തിന്റെയും ദീപകാഴ്ച്ച കമ്മിറ്റിയുടെയും സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി ദീപകാഴ്ച്ച നടത്തണമെന്ന നിലപാട് യു ഡി എഫ് കൗണ്‍സിലര്‍മാരുടെ അഭിപ്രായം.ദേവസ്വം നേരിട്ട് ഇത്തവണ ദീപകാഴ്ച്ച നടത്തുണ്ടെങ്കില്‍ ദേവസ്വത്തിന് അനുമതി നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു.എന്നാല്‍ ദേവസ്വം ഇത് വരെയും ദീപകാഴ്ച്ച നടത്തുന്നതിനായി നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടില്ല.അത്തരത്തില്‍ അപേക്ഷ വന്നാല്‍ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നഗരസഭ ദീപകാഴ്ച്ചയ്ക്ക് അനുവദിക്കുന്ന സ്ഥലം ലേലത്തില്‍ വെയ്ക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.മതവികാരം വൃണപെടുന്ന വിഷയമായതിനാല്‍ സെക്രട്ടറിയും ചെയര്‍പേഴ്‌സണും ദേവസ്വം അഡ്മിന്‍സ്റ്റട്രറും ആയി ഈ കാര്യത്തില്‍ ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനം എടുക്കാം എന്ന ധാരണയില്‍ അജണ്ട മാറ്റി വെച്ചു.
കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കി സി പി എം മാതൃകയായി
മുരിയാട് : എ കെ ജി ദിനത്തോടനുബദ്ധിച്ച് മുരിയാട് കായലിനേ മലിനമാക്കി കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കി സി പി ഐ(എം) മാതൃകയായി.ലോകജലദിനം കൂടിയായ മാര്‍ച്ച് 22ന് സി പി ഐ(എം) പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മുരിയാട് കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.സി പി എം ഏരിയ കമ്മിറ്റി അംഗം കെ പി ദിവാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.സി പി എം ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സി പി എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍ സ്വാഗതവും വേളൂക്കര ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ കെ മോഹനന്‍ നന്ദിയും പറഞ്ഞു.സി പി എം ലോക്കല്‍ കമ്മിറ്റി അംഗം കെ എം ദിവാകരന്‍,ബ്രാഞ്ച് സെക്രട്ടറിമാരായ കെ സി രണദിവൈ,സുധി കുമാര്‍,രഘുകുമാര്‍ മധുരക്കാരന്‍,ലോക്കല്‍ കമ്മിറ്റി അംഗം സജയന്‍ കാക്കനാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കല്ലട- ഹരിപുരം റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി
കാറളം : തകര്‍ന്നുകിടക്കുന്ന കല്ലട- ഹരിപുരം റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ച് ഒരുവര്‍ഷമായിട്ടും നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. താണിശ്ശേരി മേഖല കമ്മിറ്റി മാര്‍ച്ചും പൊതുയോഗവും നടത്തി. മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 30-ാം ബൂത്ത് പ്രസിഡന്റ് പി.സി. സന്തോഷ് അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡന്റ് ടി.എസ്. സുനില്‍കുമാര്‍, പാറയില്‍ ഉണ്ണികൃഷ്ണന്‍, പഞ്ചായത്തംഗം വിനീഷ് കെ.വി., ടി.കെ. സുരേഷ്, സുരേഷ് ചെമ്മണ്ട എന്നിവര്‍ സംസാരിച്ചു.
പൂമംഗലം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി.
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപികരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ നടത്തി. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷയായിരുന്നു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കവിത സുരേഷ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്‍. വിനോദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വത്സല ബാബു, പഞ്ചായത്ത് സെക്രട്ടറി എന്‍.ജി. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
അയല്‍കൂട്ടത്തിലെ കണക്കിനേ ചൊല്ലി തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു.
ഇരിങ്ങാലക്കുട: ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സനെ കുടുംബശ്രി മുന്‍ സി.ഡി.എസ്. ചെയര്‍പേഴ്സന്‍ മര്‍ദ്ദിച്ചതായുള്ള പരാതിക്ക് കാരണം കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ കണക്കുകളെ ചൊല്ലിയുണ്ടായ തര്‍ക്കമല്ലെന്ന് കുടുംബശ്രി. മുന്‍ സി.ഡി.എസ്. ചെയര്‍പേഴ്സന്റെ അയല്‍കൂട്ടത്തില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു പ്രശ്നത്തിന് കാരണം. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ്. അറിയിച്ചു. പഞ്ചായത്ത് വികസന സെമിനാറിന് ശേഷം നടന്ന കുടുംബശ്രി ഭരണസമിതി യോഗത്തില്‍ വെച്ച് മുന്‍ സി.ഡി.എസ്. ചെയര്‍പേഴ്സന്‍ മര്‍ദ്ദിച്ചതെന്നായിരുന്നു സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഇരിങ്ങാലക്കുട വനിതാ പോലിസില്‍ പരാതി നല്‍കിയത്. പരാതി പിന്നിട് എസ്.ഐ.യുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തിന്റെ സമ്പൂര്‍ണ്ണാവതരണത്തിന്റെ ഭാഗമായി കൂടല്‍മാണിക്യക്ഷേത്രത്തില്‍ അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട : നങ്ങ്യാര്‍കൂത്ത് കലാരൂപം പാരമ്പര്യമായി നടന്നു വരുന്ന ക്ഷേത്രസങ്കേതങ്ങളില്‍ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തിന്റെ സമ്പൂര്‍ണ്ണാവതരണത്തിന്റെ ഭാഗമായി പ്രശസ്തകലാകാരി കപില വേണു മാര്‍ച്ച് 24, 25, 26 തിയ്യതികളില്‍ കൂടല്‍മാണിക്യക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നു . തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയേശീയ സന്നിധിയിലാണ് ഈ സംരംഭം തുടക്കം കുറിച്ചത്. ശകടാസുരവധം, തൃണാവര്‍ത്തവധം, നാമകരണം, ബാലലീല, ഉലൂഖലബന്ധനം എന്നീ കഥാസന്ദര്‍ഭങ്ങളാണ് മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്നത്.ഓരോ ദിവസവും നങ്ങ്യാര്‍കൂത്തിന് മുന്നോടിയായി പ്രശസ്തരായ കലാപണ്ഡിതര്‍ പ്രഭാഷണം നടത്തുന്നു . ഒന്നാം ദിവസം ശ്രീചിത്രന്‍ എം. ജെ. ‘കൃഷ്ണസങ്കല്പം കേരളീയ കലകളി’ എന്ന വിഷയത്തെക്കുറിച്ചും രണ്ടാം ദിവസം വിഖ്യാത കലാകാരി ഉഷ നങ്ങ്യാര്‍ ‘നങ്ങ്യാരമ്മകൂത്ത് – ഐതിഹ്യം, ചരിത്രം, പുനരുദ്ധാരണം, വളര്‍ച്ച’ എന്നീ വിഷയങ്ങളെക്കുറിച്ചും മൂന്നാം ദിവസം ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ നൃത്യനാട്യ പുരസ്‌കാര ജേതാവ് നിര്‍മ്മല പണിക്കര്‍ ‘കേരളത്തിലെ സ്ത്രീ നൃത്യ-നാട്യ പാരമ്പര്യങ്ങള്‍’ എന്ന – വിഷയത്തെക്കുറിച്ചും പ്രഭാഷണം നടത്തുന്നു. ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ സഹകരണത്തോടുകൂടി ക്ഷേത്രം ഊട്ടുപുരയില്‍ വെച്ചാണ് ഈ പരിപാടികള്‍ നടത്തുന്നത്. കലാമണ്ഡലം രാജീവ്, നാരായണന്‍ നമ്പ്യാര്‍, ഹരിഹരന്‍, ഉണ്ണികൃഷ്ണന്‍, സരിത കൃഷ്ണകുമാര്‍ എന്നിവര്‍ പശ്ചാത്തലമേളം നല്‍കുന്നു.