ഖാദര്‍ പട്ടേപ്പാടത്തിന്റെ ‘നിലാവും നിഴലും’ പ്രകാശനം ചെയ്തു

667

പട്ടേപ്പാടം: ഇരിങ്ങാലക്കുട പട്ടേപ്പാടം സ്വദേശിയായ ഖാദര്‍ പട്ടേപ്പാടം രചിച്ച ‘നിലാവും നിഴലും’ എന്ന കഥാസമാഹാരം കേരള സാഹിത്യ അക്കാദമി അന്താരാഷ്ട്ര പുസ്തകോല്‍സവത്തോടനുബന്ധിച്ച് ഡോ.എസ്.കെ.വസന്തന്‍ പ്രകാശനം ചെയ്തു. അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു. ഡോ.കാവുമ്പായി ബാലകൃഷണന്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ.കെ.പി.ജോര്‍ജ്ജ് കഥകള്‍ പരിചയപ്പെടുത്തി. ഇ.ഡി.ഡേവീസ് സംസാരിച്ചു. കെ.രാജേന്ദ്രന്‍ സ്വാഗതവും പി.ഗോപിനാഥന്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഖാദര്‍ പട്ടേപ്പാടം സംസ്ഥാന റവന്യൂ വകുപ്പില്‍ തഹസില്‍ദാരായി റിട്ടയര്‍ ചെയ്ത വ്യക്തിയാണ്. തുടര്‍ന്ന് ലോനപ്പന്‍ നമ്പാടന്‍ എം.പി.യുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. അതിനു ശേഷം മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായി. പട്ടേപ്പാടം താഷ്‌ക്കെന്റ് ലൈബ്രറിയുടെ സ്ഥാപകരില്‍ പ്രധാനിയാണ്. ആനുകാലികങ്ങളില്‍ ലേഖനങ്ങളും, കഥകളും, കവിതകളും എഴുതാറുണ്ട് . പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങള്‍ : ഉഷ:സന്ധ്യ (നാടകം), പാല്‍പായസം(ബാലസാഹിത്യം). ഇപ്പോള്‍ ഗാനരചനയിലാണ് സജീവ താല്പര്യം. ‘സ്‌നേഹിത’ , ‘കായംകുളം കൊച്ചുണ്ണി’ എന്നീ ടെലിവിഷന്‍ സീരിയലുകള്‍ക്കും ‘ആകാശത്തിന്‍ കീഴെ’ എന്ന ടെലിഫിലിമിനും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്.’സൗമ്യ നിലാവെളിച്ചം’ശ്രീകുരുംബാമൃതം’,’പ്രണാമം, അത്തംപത്ത്’,’ഖിയാമ’,’മെഹന്തി’തുടങ്ങിയവയാണ് ഗാനരചന നിര്‍വ്വഹിച്ചിട്ടുള്ള ആല്‍ബങ്ങള്‍ .’നിലാവെളിച്ചം’ വൈക്കം മുഹമ്മദ് ബഷീറിന്റെ 8 കഥകളെ ആസ്പദമാക്കി മെനഞ്ഞെടുത്തിട്ടുള്ളതാണ് . ഒരു കഥാകാരന്റെ സൃഷ്ടികളെ ആധാരമാക്കി മലയാളത്തില്‍ ഇറങ്ങിയ ഒരേ ഒരു സംഗീത ആല്‍ബം എന്ന പ്രത്യേകതയും ‘നിലാവെളിച്ച’ത്തിനുണ്ട്’. പി.ജയചന്ദ്രന്‍, ബിജുനാരായണന്‍, ജി.വേണുഗോപാല്‍, അഫ്‌സല്‍, ഫ്രാങ്കോ, സുജാത, ശ്വേത തുടങ്ങി മലയാളത്തിലെ മുഖ്യ ഗായകരെല്ലാം ഇതില്‍ പാടിയിട്ടുണ്ട്. പ്രമുഖ പത്രങ്ങളും, ടി.വി.ചാനലുകളും ‘നിലാവെളിച്ച’ത്തെ സംബന്ധിച്ച് പ്രത്യേക വാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിരുന്നു. ‘പ്രണാമം’ മലയാളത്തിലെ എന്നത്തെയും ഏററവും നല്ല സംഗീത സംവിധായകനായിരുന്ന ബാബുരാജിനുള്ള സമര്‍പ്പണമാണ്. വ്യഖ്യാത വൈണികന്‍ എ.അനന്തപത്മനാഭനാണ് സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. അനന്തപത്മനാഭന്‍ ബാബുരാജിന്റെ ഏറെ പ്രശസ്തങ്ങളായ നാല് പാട്ടുകള്‍ വീണയില്‍ വായിച്ചിരിക്കുന്നതിനു പുറമേ ജി. വേണുഗോപാല്‍ ബാബുരാജിന് പ്രണാമം അര്‍പ്പിച്ചു കൊണ്ട്പാടിയ രണ്ടു ഗാനങ്ങളും ‘പ്രണാമ’ത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ‘കായംകുളം കൊച്ചുണ്ണി’യിലെ അവതരണ ഗാനത്തിന്റെ രചനയ്ക്ക് 2006ലെ ഗൃഹലക്ഷ്മി – എ.വി.ടി.പ്രിമീയം സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. സെക്രട്ടറിയേറ്റിലെ രചന സാംസ്‌കാരിക വേദിയുടെ സംസഥാന ചെറുകഥാ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

 

Advertisement