ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായുള്ള സര്‍വ്വേ നടപടികളും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം

110

ഇരിങ്ങാലക്കുട: ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായുള്ള സര്‍വ്വേ നടപടികളും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. റോഡ് വികസന പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. നിലവില്‍ ലാന്റ് അക്യൂസേഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കണ്ടിജന്‍സ് ചാര്‍ജ് 50 ലക്ഷം രൂപ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ ഇറക്കുമെന്ന് ലാന്റ് അക്യൂസേഷന്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കി സാമൂഹിക ആഘാതം വിലയിരുത്തല്‍, പൊതുവിചാരണ എന്നിവ നടത്തി കളക്ടറുടെ പരിശോധനക്ക് ശേഷം ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും എല്‍.എ. ഓഫീസര്‍ അറിയിച്ചു. ഈ നടപടികളെല്ലാം ധൃതഗതിയില്‍ പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.റോഡ് വികസനത്തിനായി 136.62 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ചന്തകുന്നില്‍ മൂന്ന് പീടിക റോഡില്‍ 50 മീറ്ററും കൊടുങ്ങല്ലൂര്‍ റോഡില്‍ സെന്റ് ജോസഫ് കോളേജ് വരെയും ഠാണാവില്‍ തൃശ്ശൂര്‍ റോഡില്‍ ബൈപ്പാസ് റോഡ് വരെയും ചാലക്കുടി റോഡില്‍ ഗവ. ആശുപത്രി വരെയുമാണ് വികസനം നടപ്പിലാക്കുന്നത്. നിലവില്‍ ഗതാഗതകുരുക്കില്‍ ബുദ്ധിമുട്ടുന്ന ഠാണാ ചന്തക്കുന്ന് റോഡ് 17 മീറ്റര്‍ വീതിയിലാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 11.8 മീറ്റര്‍ വീതിയില്‍ റോഡും ബാക്കി 3.2 മീറ്റര്‍ വീതിയില്‍ നടപ്പാതകളോട് കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. റോഡ് ബി.എം.ബി.സി. നിലവാരത്തില്‍ മെക്കാഡം ടാറിങ് നടത്തിയാണ് വികസിപ്പിക്കുന്നത്. ഇതിന് പുറമെ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈന്‍ മാര്‍ക്കിങ്ങ്, റിഫ്‌ലക്ടറുകള്‍, സൂചന ബോര്‍ഡുകള്‍, ദിശ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും. യോഗത്തില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജെ.പവിത്രന്‍, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഒ.എച്ച്.റംലത്ത്, അസി.എഞ്ചിനീയര്‍ എം.എഫ്. ബിനീഷ് എന്നിവര്‍ പങ്കെടുത്തു

Advertisement