ക്രിസ്മസിനെ വരവേൽക്കാൻ സ്വന്തമായി എൽ ഈ ഡി നക്ഷത്രങ്ങൾ നിർമിച്ചു ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ

35

ഇരിങ്ങാലക്കുട : നക്ഷത്ര വിളക്കുകളില്ലാത്ത ക്രിസ്മസ് കാലം ആർക്കും ചിന്തിക്കാനാവില്ല. സ്വന്തമായി എൽ ഈ ഡി നക്ഷത്രങ്ങൾ നിര്മ്മിച്ചു ഈ വർഷത്തെ ക്രിസ്മസ് വ്യത്യസ്തമാക്കാൻ ഒരുങ്ങുകയാണ് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ. ഐവാൻ, റിതിൻ കെ ടോമി എന്നിവരുടെ നേതൃത്വത്തിൽ കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം വിദ്യാർത്ഥികളാണ് നക്ഷത്ര നിർമാണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പത്തു വ്യത്യസ്ത ഡിസൈനുകളിലുള്ള നക്ഷത്രങ്ങൾ നിര്മിച്ചു വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഇടയിൽ വിതരണം ചെയ്യാനാണ് പദ്ധതി. അധ്യാപകരായ മഞ്ജു ഐ കൊള്ളന്നൂർ, ഡെല്ല റീസ വലിയവീട്ടിൽ, ലാബ് ഇൻസ്‌ട്രക്ടര്മാരായ അശ്വിൻ, ലിന്റോ എന്നിവർ സാങ്കേതിക സഹയവുമായി ഒപ്പമുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര നക്ഷത്ര വിളക്കുകളുടെ വിതരണം ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ പഠനത്തോടൊപ്പം സാങ്കേതിക മികവും സംരംഭകത്വ ശേഷിയും വളരാൻ ഇത്തരം പ്രവർത്തനങ്ങൾ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി രാഹുൽ മനോഹർ എന്നിവർ പ്രസംഗിച്ചു.

Advertisement