ഇരിങ്ങാലക്കുടയില്‍ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ നിന്നും കയറ്റിയയച്ചത് 60 ടണ്‍ പ്ലാസ്റ്റിക് മാലിന്യം രണ്ട് ടണ്‍ ഷ്രെഡ്ഡഡ് പ്ലാസ്റ്റിക്ക് ക്ലീന്‍ കേരള കൊണ്ടുപോകാന്‍ വൈകുന്നു

160

ഇരിങ്ങാലക്കുട: ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ നിന്നും നഗരസഭ കയറ്റിയയച്ചത് 60 ടണ്‍ പ്ലാസ്റ്റിക് മാലിന്യം. പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരത്തില്‍ നിന്നും ആരോഗ്യവിഭാഗം, കുടുംബശ്രി, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവ സംഭരിച്ചതും ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ടുകിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് കയറ്റിയയച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ആരോഗ്യവിഭാഗവും വീടുകള്‍, പൊതു ഇടങ്ങള്‍, റോഡരുകുകള്‍ എന്നിവിടങ്ങളില്‍ നിന്നായി കുടുംബശ്രി, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ സംഭരിച്ച 20 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ടുകിടന്നിരുന്ന 40 ടണ്‍ മാലിന്യങ്ങളുമടക്കം 60 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കയറ്റി അയച്ചത്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്കോവിസ്റ്റ് വേസ്റ്റ് മാനേജ്മെന്റ് സൊലൂഷന്‍ എന്ന സ്ഥാപനമാണ് മാലിന്യങ്ങള്‍ കൊണ്ടുപോയത്. ഇതുവരെ 13 ലോഡ് മാലിന്യങ്ങള്‍ കയറ്റിയയച്ചതായും രണ്ട് മൂന്ന് ലോഡുകള്‍ ബാക്കിയുണ്ടെന്നും അടുത്തദിവസങ്ങളില്‍ അവയും കയറ്റിയയക്കുമെന്നും നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജീവന്‍ പറഞ്ഞു. അഞ്ചേക്കറോളം വരുന്ന ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ വര്‍ഷങ്ങളായി ഉപേക്ഷിച്ചിരുന്ന റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഏജന്‍സിക്ക് കൈമാറിയിരിക്കുന്നത്. അതേസമയം ട്രഞ്ചിങ്ങ് ഗ്രൗണ്ടിലുള്ള പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് ബെയ്ലിങ്ങ് യൂണിറ്റില്‍ സംസ്‌ക്കരിച്ച രണ്ട് ടണ്‍ ഷ്രെഡ്ഡഡ് പ്ലാസ്റ്റിക്ക് ക്ലീന്‍ കേരള കൊണ്ടുപോകാന്‍ വൈകുകയാണ്. ഇതുമൂലം ഷ്രെഡ്ഡിങ്ങ് യൂണിറ്റില്‍ പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ പൊടിക്കുന്ന പ്രവര്‍ത്തികള്‍ നഗരസഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഹരിതകര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ തരംതിരിച്ച് പുനരുപയോഗം സാധ്യമല്ലാത്തവ ഷ്രെഡ്ഡിങ്ങ് നടത്തി ടാറിങ്ങിനായി നല്‍കുകയും പുനരുപയോഗം സാധ്യമായ ബെയിലിങ്ങ് നടത്തി റീസൈക്കിളിങ്ങിന് നല്‍കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ക്ലീന്‍ കേരളയാണ് ഷ്രെഡ്ഡഡ് പ്ലാസ്റ്റിക് കൊണ്ടുപോകുന്നത്. എന്നാല്‍ കഴിഞ്ഞ ഒരുമാസത്തിലേറെയായി പൊടിച്ചുവെച്ച പ്ലാസ്റ്റിക് ക്ലീന്‍ കേരള കൊണ്ടുപോകാത്തതിനാല്‍ യൂണിറ്റില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. ഈ പ്ലാസ്റ്റിക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് ക്ലീന്‍കേരളയ്ക്ക് കത്തുനല്‍കിയിട്ടുണ്ടെന്നും എത്രയും വേഗം നടപടിയുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പറഞ്ഞു.

Advertisement