വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയുണര്‍ത്തി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് നടപ്പിലാക്കുന്ന ‘ടെക്ഫെസ്‌റ് ഇനിഷിയേറ്റീവ്‌സി’ന് തുടക്കമായി*

304

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിലെ പ്രഥമ ടെക്‌ഫെസ്റ്റായ ടെക്ലെറ്റിക്‌സ് 2019 നോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കുന്ന സാമൂഹ്യ സേവന പദ്ധതികളായ ‘ടെക്‌ഫെസ്റ്റ് ഇനിഷിയേറ്റീവ്‌സി’ന് തുടക്കമായി. മാര്‍ച്ച് ഒന്നാം തീയതി വൈകിട്ട് മൂന്ന് മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ ഫാ. ഡേവിസ് ചിറമേല്‍, ശ്രീ രാജീവ് മുല്ലപ്പള്ളി എന്നിവര്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു.

സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകള്‍ പുനരുപോയോഗിച്ചുകൊണ്ടു നിര്‍മിച്ച സംരക്ഷണ ഭിത്തി, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം സാധാരണക്കാര്‍ക്ക് കൂടി മനസ്സിലാകുന്ന രീതിയില്‍ മലയാള ഭാഷയില്‍ വിശദീകരിക്കുന്ന ‘മാസ്റ്റര്‍മെക്ക്’ യൂട്യൂബ് ചാനല്‍ എന്നിവയുടെ ഉദ്ഘാടനം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമേലും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്ന വിവിധ സേവനമേഖലകളില്‍ ഉള്ള വ്യക്തികളുടെ മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടു കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വെബ്‌പോര്‍ട്ടല്‍ ‘സഹായി’യുടെ ഉദ്ഘാടനം ‘നമ്മുടെ ഇരിങ്ങാലക്കുട’ കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീ രാജീവ് മുല്ലപ്പള്ളിയുമാണ് നിര്‍വഹിച്ചത് .

എല്ലാവരെയും പോലെയാകാതെ വ്യത്യസ്തമായി ചിന്തിച്ചു കൊണ്ട് സമൂഹത്തിനു വലിയ നന്മകള്‍ ചെയ്യുന്നവരാകാന്‍ ഫാ. ഡേവിസ് ചിറമേല്‍ തന്റെ പ്രസംഗത്തില്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. നിരവധി മഹാന്മാരുടെ മാതൃകകള്‍ നമുക്ക് മുന്‍പിലുണ്ട്. അവരില്‍ നിന്നെല്ലാം ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ടെക്ഫെസ്ട് ഇനീഷിയേറ്റീവ്‌സ്’ മാതൃകാപരമായ ചുവടുവയ്പ്പാണെന്നും പുതു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു വരണമെന്നും രാജീവ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. പ്രളയ കാലത്തും അതിനു ശേഷവും പൊതുസമൂഹത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യക്ഷ പ്രസംഗത്തില്‍ ഫാ. ജോണ്‍ പാലിയേക്കര വിദ്യാര്‍ത്ഥികളെ അഭിനന്ദനമറിയിച്ചു .

യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി ഡി ജോണ്‍, ടെക് ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ ശ്രീ നിതിന്‍ കെ എസ്, ടെക് ഫെസ്റ്റ് ഇനീഷ്യേറ്റീവ്‌സ് കോര്‍ഡിനേറ്റര്‍ ഡോ അരുണ്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

 

Advertisement