ആളൂര്‍ പഞ്ചായത്തിലെ വികസന പദ്ധതികള്‍ മുഴുവന്‍ അനിശ്ചിതത്വത്തിലാണെന്ന് തോമസ് ഉണ്ണിയാടന്‍

470

ആളൂര്‍: പഞ്ചായത്തിലെ വികസന പദ്ധതികള്‍ മുഴുവന്‍ അനിശ്ചിതത്വത്തിലാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗവുമായ തോമസ് ഉണ്ണിയാടന്‍ കുറ്റപ്പെടുത്തി. പഞ്ചായത്തിനോട് സംസ്ഥാന സര്‍ക്കാരും എംഎല്‍എ യും പഞ്ചായത്ത് ഭരണാധികാരികളും കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്താഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്റെ ശ്രമഫലമായി കൊണ്ടുവന്ന വികസനമല്ലാതെ യാതൊരു വികസന പദ്ധതികളും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആളൂരിന് ലഭിച്ചിട്ടില്ല. മുന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ആസ്തി വികസന ഫണ്ടില്‍ നിന്നും ലഭ്യമായതും ഭരണാനുമതി ലഭിച്ചതുമായ പല പണികളും പാതിവഴിയിലോ ആരംഭം കുറിക്കാതിരിക്കുകയോ ചെയ്തിരിക്കുകയാണ്.ആളൂര്‍ ജംഗ്ഷന്റെ വികസനത്തിനും വെള്ളാഞ്ചിറ കമ്മ്യൂണിറ്റി ഹാളിനും കൂടി അനുവദിച്ച 2.80 കോടി രൂപ പാഴാക്കിക്കളയുകയാണ്.. സ്വന്തം കെട്ടിടം നല്‍കാത്തതുമൂലം സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാണ്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനം ആരംഭിച്ച പൊലീസ് സ്റ്റേഷനും സ്വന്തമായി സ്ഥലമോ കെട്ടിടമോ നല്‍കുന്നതിനും ഇതുവരെയും സാധിച്ചിട്ടില്ല. കുടിവെള്ള പദ്ധതിയുടെ സര്‍വെ നടന്നെങ്കിലും ഒരു രൂപ പോലും സര്‍ക്കാര്‍ നീക്കിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ജോസ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു.സ്റ്റീയറിങ് കമ്മിറ്റിയംഗം ബേബി മാത്യു, ടി.കെ.വര്‍ഗീസ് ഭാരവാഹികളായ വര്‍ഗീസ് മാവേലി, മിനി മോഹന്‍ദാസ്, ഡെന്നീസ് കണ്ണംകുന്നി, ജോബി മംഗലന്‍, കൊച്ചുവാറു, ജോര്‍ജ് മൊയലന്‍, ബാബു പുളിയാനി, ജോജോ മാടവന, ജോയ്‌സി, സീമ, ജെയ്‌സന്‍, ബാബു, സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement