ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
ഇതിനു മുന്നോടിയായി ബുധനാഴ്ച്ച ക്ഷേത്രാങ്കണത്തില്‍ ആനച്ചമയ പ്രദര്‍ശനം ഉണ്ടായിരുന്നു. പുത്തന്‍പീടിക സുനിലും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചേരിയും ടി.എസ്. രാധാകൃഷ്ണാജിയും സംഘവും അവതരിപ്പിച്ച ഭക്തിഗാനതരംഗിണിയും നടന്നു. വ്യാഴാഴ്ച്ച രാവിലെ ഏഴു മുതല്‍ ഷീല ബ്രാഹ്മണിയമ്മയും സംഘവും അവതരിപ്പിക്കുന്ന ‘ബ്രാഹ്മണിപ്പാട്ട്’, 8.30 ന് ലളിതാ നാരായണനും സംഘവും അവതരിപ്പിക്കുന്ന ‘സംഗീതാര്‍ച്ചന’, പത്തു മുതല്‍ നടപ്പുര പഞ്ചവാദ്യം എന്നിവ അരങ്ങേറി. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ പാറന്നൂര്‍ നന്ദന്‍, ബാസ്റ്റിന്‍ വിനയസുന്ദര്‍, അന്നമനട ഉമാമഹേശ്വരന്‍, വലിയപുരയ്ക്കല്‍ സൂര്യന്‍, കുന്നത്തൂര്‍ രാമു എന്നീ അഞ്ചു ഗജവീരന്‍മാരെ എഴുന്നള്ളിച്ചുകൊണ്ടുള്ള കാഴ്ച ശീവേലി നടന്നു. ഇതിനു മാക്കോത്ത് കലാധരന്‍ മാരാര്‍, അന്നമനട ഹരീഷ് മാരാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളവും ഉണ്ടായിരിന്നു. വൈകീട്ട് 6.45 ന് ദീപാരാധന, വര്‍ണമഴ, 7.15 ന് മാസ്റ്റര്‍ ചെറുശേരി അര്‍ജുന്‍ എസ്. മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 8.30 മുതല്‍ പാര്‍വതി മേനോന്‍ അവതരിപ്പിക്കുന്ന ‘കുച്ചുപ്പുടി നൃത്തസന്ധ്യ’, 9.30 ന് ആലുവ രംഗകല അവതരിപ്പിക്കുന്ന ‘ശ്രീ ഭദ്രകാളി’ (ബാലെ), 12.30 ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയാണു മറ്റു പരിപാടികള്‍.
അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിനിര്‍ഭരമായി
ഊരകം ആരോഗ്യ കേന്ദ്രത്തില്‍ ഫീറ്റല്‍ ഹാര്‍ട്ട് പദ്ധതി ആരംഭിച്ചു
പുല്ലൂര്‍: ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുന്ന ഫീറ്റല്‍ ഹാര്‍ട്ട് പദ്ധതി ഊരകം ആരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു. ഫീറ്റല്‍ ഡോപ്‌ളര്‍ യന്ത്രം ഉപയോഗിച്ച് ഗര്‍ഭിണികള്‍ക്ക് ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് അറിയുന്ന പരിശോധനയാണിത്.ഹീമോഗ്ലോബിനോ മീറ്റര്‍ ഉപയോഗിച്ച് ഗര്‍ഭിണികളുടെ വിളര്‍ച്ച പരിശോധനയും പദ്ധതിയിലുണ്ട്.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.മുരിയാട് ഗ്രാമപഞ്ചായത്തംഗം ടെസി ജോഷി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.രാഗി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഏ.എസ്.വത്സ, ആശാ പ്രവര്‍ത്തക സുവി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ത്രേസ്യാമ കുര്യന്‍ സെമിനാര്‍ നയിച്ചു.
കവിതയും വരയുമായി സെന്റ് ജോസഫ്‌സ് കോളേജില്‍ ബൗദ്ധിക സ്വത്തവകാശ സെമിനാര്‍
ഇരിങ്ങാലക്കുട : സെന്റ്.ജോസഫ്‌സ് കോളേജില്‍ ബൗദ്ധിക സ്വത്തവകാശ സെമിനാര്‍ നടത്തി. കമ്മ്യൂണിക്കബിള്‍ ഡിസീസസ് റിസര്‍ച്ച് ലബോറട്ടറിയും എന്‍ സി സി യൂണിറ്റും ചേര്‍ന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലിന്റെ സഹകരണത്തോടെ നടത്തിയ സെമിനാര്‍ എ ഡി ജി പി ഡോ. ബി. സന്ധ്യ ഐ പി എസ് ഉദ്ഘാടനം ചെയ്തു. കേരള കമാന്റിംഗ് ഓഫീസര്‍ കേണല്‍ എച്ച് .പദ്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. KSCSTE പ്രൊജക്ട് സയന്റിസ്റ്റ് അരുണ്‍ ആല്‍ഫ്രഡ് ആശംസകള്‍ നേര്‍ന്നു. എന്‍ സി സി യൂണിറ്റ് നേതൃത്വം നല്‍കുന്ന, ആദിവാസികളുടെ ബൗദ്ധിക സ്വത്തു സമാഹരണ പദ്ധതിയായ ‘ആദി’ കേണല്‍ പദ്മനാഭന്‍ പ്രഖ്യാപിച്ചു. ഡോ. സന്ധ്യയുടെ കവിതയ്ക്ക് കേഡറ്റ് ഐശ്വര്യ ടി എസ്. ശബ്ദം നല്‍കി. ഒപ്പം കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസ് ഈ കവിതയ്ക്ക് ചിത്ര രൂപം നല്‍കി. നിരവധി കുട്ടികളും ഇതില്‍ പങ്കു ചേര്‍ന്നു. CDRL ഡയറക്ടര്‍ ഡോ. ഇ എം അനീഷ് സ്വാഗതം പറഞ്ഞു. പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ. ഷാരല്‍ റിബല്ലോ നന്ദി പറഞ്ഞു.
പ്രഥമ ഡ്യൂട്ടിയില്‍ തന്നെ കഴിവ് തെളിയിച്ച് റൂറല്‍ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് ഹണി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ച തൃശൂര്‍ റൂറല്‍ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗായ ഹണി തന്റെ പ്രഥമ ഡ്യൂട്ടിയില്‍ തന്നെ മണം പിടിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള മികവ് തെളിയിച്ചു. ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ തുമ്പൂര്‍ സെന്റ് മാത്യൂസ് ചര്‍ച്ചില്‍ നടന്ന മോഷണകേസില്‍ ഹണി മണം പിടിച്ച് അരകിലോമീറ്ററോളം സഞ്ചരിച്ച് പ്രതികള്‍ രക്ഷപെടുവാന്‍ ഉപയോഗിച്ച വാഹനം ഇട്ട സ്ഥലം വരെ എത്തിയിരുന്നു.ജില്ലയെ നടുക്കിയ ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവര്‍ച്ചയില്‍ , കുപ്രസിദ്ധരായ ഹോളിഡേയ്‌സ് റോബേഴ്‌സിനെ കുടുക്കാന്‍ സഹായിച്ചതും ഹണിയാണ്.ഈ കേസില്‍ അന്വേഷണത്തിന് എത്തിയ ഹണി ചുമര്‍ തുരക്കാന്‍ മോഷ്ടാക്കള്‍ ഉപയോഗിച്ചകമ്പികള്‍ കൂട്ടികെട്ടിയ തുണിയില്‍ നിന്നും മണം പിടിച്ച് രണ്ട് മതിലുകള്‍ ചാടി കടന്ന് പ്രതികളുടെ കൈയില്‍ നിന്നും വീണ് പോയ ടൗവല്‍ കണ്ടെത്തിയിരുന്നു.ടൗവലിന്റെ അഗ്രഭാഗത്ത് നിന്നും ലഭിച്ച ഫോണ്‍നമ്പറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്താന്‍ പോലിസിനെ സഹായിച്ചത്.ഹരിയാനയിലെ ഇന്‍ഡ്യാ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസിലെ 9 മാസത്തേ കഠിന പരിശീലനത്തിന് ശേഷമാണ് ഹണി എന്ന ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായ കോരള പോലിസില്‍ എത്തുന്നത്.രണ്ട് കേസുകളിലും മികച്ച പ്രകടനം നടത്തിയ ഹണിക്കും അതിന്റെ ഹാന്റ്ലേഴ്സായ റിജേഷിനും അനീഷിനും സുരേഷിനും തൃശ്ശൂര്‍ റൂറല്‍ പോലിസ് മേധാവി ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കി അനുമോദിച്ചു.
ആറാട്ടുപുഴ പൂരം കൊടിയേറ്റം മാര്‍ച്ച് 23ന് പൂരം മാര്‍ച്ച് 29 ന്
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തില്‍ മാര്‍ച്ച് 23ന് രാത്രി 8.30 ന് കൊടിയേറ്റം നടക്കും . തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്ര ഊരാളന്‍ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസന്‍ നമ്പൂതിരി , ചിറ്റിശ്ശേരി കപ്‌ളിങ്ങാട്ട് കൃഷ്ണന്‍ നമ്പൂതിരി , കരോളില്‍ എളമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി , ചോരഞ്ചേടത്ത് ശ്രീകുമാര്‍ നമ്പൂതിരി, ഓട്ടൂര്‍ മേക്കാട്ട് ജയന്‍ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൊടിയേറ്റം.
പൂര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ട് ആറാട്ടുപുഴ ക്ഷേത്രത്തില്‍ കൊടിയേറ്റത്തിന്റെ തലേ ദിവസം ശുദ്ധിക്കാവശ്യമായ കഴിനൂല്‍ ആറാട്ടുപുഴ പറതൂക്കംപറമ്പില്‍ കുടുംബാംഗം തൃപ്പടിയില്‍ സമര്‍പ്പിക്കുന്നതോടുകൂടി ശാസ്താവിന്റെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാകും.
അന്നു വൈകീട്ട് 5 മണിക്ക് അത്തിയും പ്ലാവും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ധാരാ തട്ട് , സ്രുവം, ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി ഗോപി ക്ഷേത്രനടപ്പുരയില്‍ വെച്ച് ശാസ്താവിന് സമര്‍പ്പിക്കും. മേല്‍ശാന്തി കൂറ്റമ്പിള്ളി പത്മനാഭന്‍ നമ്പൂതിരി ഏറ്റുവാങ്ങും.
തുടര്‍ന്ന് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗണപതി പൂജ, അസ്ത്ര കലശപൂജ, രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവ ഉള്‍ക്കൊള്ളുന്ന പ്രാസാദ ശുദ്ധി ആരംഭിക്കും.
കൊടിയേറ്റ ദിവസം രാവിലെ 5 ന് ചതു:ശുദ്ധി , ധാര, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തിയഞ്ച് കലശം, മുതലായ കലശപൂജകളും അഭിഷേകങ്ങളും ഉള്‍പ്പെടുന്ന ബിംബ ശുദ്ധി തുടങ്ങും .
വൈകീട്ട് 4ന് ശാസ്താവിന് ദ്രവ്യം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിട്ടാണ് ദേശത്തെ ആചാരിയുടെ നേതൃത്വത്തില്‍ ദേശക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് ലക്ഷണമൊത്ത കവുങ്ങ് മുറിക്കാന്‍ പോകുന്നത്. അവിടെ നിന്നും അത്യുത്സാഹപൂര്‍വ്വം ആര്‍പ്പും കുരവയുമായി കൊണ്ടുവരുന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരമാക്കുന്നത്. ശാസ്താവിന്റെ നിലപാടു തറക്ക് സമീപം മാടമ്പി വിളക്ക് തെളിയിച്ച് ദേവസ്വം അധികാരി നെല്‍പറ നിറച്ചതിനു ശേഷമാണ് കവുങ്ങ് ചെത്തിമിനുക്കുന്നത്. ക്ഷേത്രനടപ്പുരയില്‍ വെച്ച് ഒന്നിടവിട്ട് ആലിലകളും മാവിലകളും 7 സ്ഥാനങ്ങളില്‍ ചാര്‍ത്തി കൊടിമരം അലങ്കരിക്കും. അലങ്കരിച്ച കൊടിമരം 8.30 ന് ദേശക്കാരാണ് ഉയര്‍ത്തുന്നത്.തുടര്‍ന്ന് ക്ഷേത്രം ഊരാളന്മാര്‍ ഭര്‍ഭപ്പുല്ല് കൊടിമരത്തില്‍ ബന്ധിപ്പിക്കുന്ന ചടങ്ങാണ്.
വാദ്യഘോഷങ്ങളൊന്നുമില്ലാതെ ചമയങ്ങളില്ലാത്ത ഒരു ഗജവീരനെ കുത്തു വിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിര്‍ത്തി വരെ ആനയിക്കും. പൂരം പുറപ്പാട് ഉദ്‌ഘോഷിച്ച് കൊണ്ട് താളമേളങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ആറാട്ടുപുഴയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അടിയന്തിരം മാരാര്‍ ശംഖധ്വനി മുഴക്കി കഴിഞ്ഞാല്‍ തൃപുട താളത്തില്‍ വാദ്യഘോഷങ്ങളോടെ ആര്‍പ്പും കുരവയുമായി പുരുഷാരം ക്ഷേത്രത്തിലേക്ക് മടങ്ങുന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ദേശക്കാരുടേയും കലാ സ്‌നേഹികളുടേയും മനസ്സില്‍ പൂരാവേശം തുടി കൊട്ടി ഉണരുന്ന മുഹൂര്‍ത്തമാണിത്.
തൃപുട മേളം ക്ഷേത്രനടപ്പുരയില്‍ കലാശിച്ചാല്‍ ബലിക്കല്ലിനു സമീപം മാടമ്പി വിളക്ക്, നിറപറ, വെള്ളരി, എന്നിവയുടെ സാന്നിദ്ധ്യത്തില്‍ 2 നാളികേരം ഉടച്ചുവക്കുന്നു. തുടര്‍ന്ന് അടിയന്തിരം മാരാര്‍ കിഴക്കോട്ട് തിരിഞ്ഞ് ശാസ്താവിനെ തൊഴുത് ‘ക്ഷേത്രം ഊരാളന്മാര്‍ മുഖമണ്ഡപത്തില്‍ എഴുന്നെള്ളിയിട്ടില്ലേ ‘ എന്നും ‘സമുദായം നമ്പൂതിരിമാര്‍ വാതില്‍മാടത്തില്‍ എത്തിയിട്ടില്ലേ ‘ എന്നും 3 തവണ ചോദിക്കുന്നു. വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് ‘ആറാട്ടുപുഴ ശാസ്താവിന്റ പൂരം പുറപ്പാടിന് കൂട്ടിക്കൊട്ട് കൊട്ടട്ടെ ‘ എന്നും അതിനു ശേഷം പടിഞ്ഞാട്ട് തിരിഞ്ഞ് ഇതു തന്നെ 3 തവണ കൂടി ചോദിക്കുന്നു. 3 പ്രാവശ്യം ശംഖു വിളിച്ച് വലംതലയില്‍ പൂരം കൊട്ടിവെക്കുന്നതോടുകൂടി കൊടിയേറ്റ ചടങ്ങുകള്‍ പര്യവസാനിക്കും.
വാടാത്ത പൂമരം !
കാളിദാസ് ജയറാം നായകനായ ആദ്യ മലയാളചിത്രം എന്നതിലുപരി എബ്രിഡ് ഷൈന്റെ മൂന്നാം ചിത്രമെന്നതും,2016 നവംബര്‍ തൊട്ട് 2018 മാര്‍ച്ച് വരെയുള്ള 16 മാസ കാലയളവ് കൊണ്ട് എന്തൊക്കെയാണ് പൂമരത്തില്‍ എബ്രിഡ് ഷൈന്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്ന് അറിയാനുള്ള ജിഞ്ജാസ കൊണ്ടും ആദ്യ ഷോ തന്നെ കാണണമെന്ന് നിര്‍ബന്ധമായിരുന്നു.
സംഗീതം : എടുത്ത് പറയേണ്ടത് സംഗീത വിഭാഗം തന്നെയാണ്,അല്ലെങ്കില്‍ മാത്രമാണ് ! വരികള്‍ ചിട്ടപ്പെടുത്തിയവരുടെയും സംഗീതം നിര്‍വ്വഹിച്ചവരുടെയും (ഫൈസല്‍ റാസി,ഗോപി സുന്ദര്‍,ഗിരീഷ് കുട്ടന്‍ ഉള്‍പ്പടെയുള്ളവര്‍) പേരുകള്‍ ടൈറ്റില്‍ കാര്‍ഡില്‍ അനവധിയുണ്ടായിരുന്നു.തുടങ്ങുന്നതും അവസാനിക്കുന്നതും എല്ലാം ഒരു സംഗീതമയത്തില്‍ പക്ഷേ എല്ലാം സിറ്റുവേഷണല്‍ ആയിരുന്നു.ഒരു വേള പോലും ഞാനെന്ന പ്രേക്ഷകന് മടുപ്പുളവാക്കിയില്ല.
ചെറുതും വലുതുമായ പത്തിലധികം ഗാനങ്ങള്‍ ഉണ്ടായിരുന്നിട്ടും പേഴ്‌സണല്‍ ഫേവറേറ്റ് തുടക്കത്തിലെ ‘ഇനിരൊരു കാലത്തേക്കൊരുപൂ വളര്‍ത്തുവാന്‍ ഇവിടെ ഞാന്‍ ഒരു മരം നട്ടു’ എന്ന ഗാനമായിരുന്നു
കാളിദാസ് ജയറാം വളരെ പല സീനുകളിലും അതീവ സുന്ദരനായി കാണപ്പെട്ടു ! പ്രത്യേകിച്ച് ആദ്യ ഭാഗത്ത് തെളിഞ്ഞ ദീപശിഖ കയ്യിലേന്തി,നേര്‍ത്ത വിയര്‍പ്പ് തുള്ളികളോട് കൂടി ഗാനം ആലപിക്കുന്ന വേളയില്‍ ചെറുതും വലുതുമായ മറ്റ് അനേകം പുതുമുഖങ്ങളും ചിത്രത്തിലുടനീളം നിറഞ്ഞുനിന്നു.അതില്‍ ബഹുഭൂരിപക്ഷവും ഒരു തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ അഭിനയിച്ചു ആക്ഷന്‍ ഹീറോ ബിജുവിലെ ചേച്ചിമാരില്‍ ഒരാളെയും സുരേഷേട്ടനെയും കാണിച്ചപ്പൊ തിയേറ്ററില്‍ ആരവമുണ്ടാക്കി ജോജു ജോര്‍ജ്ജ് ഇതിലും ഒരു പോലീസുദ്യോഗസ്ഥനായി വേഷമിട്ടു.പേര്,ദയ !
പറയാതെ വയ്യ,സെന്റ്. തെരേസാസ് കോളേജിലെ പെണ്‍കുട്ടികളായി വന്നവരെല്ലാം ഒന്നിനൊന്നിനു മെച്ചം
കലോല്‍സവത്തിന് അതിഥികളായി വന്നത് മീര ജാസ്മിനും കുഞ്ചാക്കോ ബോബനുമായിരുന്നു ഒരു ചെറിയ ചിരിയുമായി പെണ്‍കുട്ടികളുടെ നടുക്ക് കൃഷ്ണന്‍ നില്‍ക്കുന്നതുപോലെ നിന്ന ചാക്കോച്ചന്‍ പതിവിലും സുന്ദരനായി കാണപ്പെട്ടു എന്ന് പ്രത്യേകം എടുത്ത് പറയണ്ട കാര്യമില്ലല്ലോ
ടൈറ്റില്‍ കാര്‍ഡ് ഒരു ശോകമൂകം സമ്മാനിച്ചെങ്കിലും നാല് പാട്ടുകളും ഒരു കവിതയും നിറഞ്ഞ ആദ്യ പകുതി നന്നായിരുന്നു ! മെല്ലെത്തുടങ്ങിയ പൂമരം അതിന്റെ തുടക്കത്തില്‍ തന്നെ ചിത്രം ഏത് തരത്തിലുള്ളതാണെന്ന് പ്രേക്ഷകന് മനസിലാക്കി തരുന്നുണ്ട്.കലോലസവ പരിപാടികളുടെ റിഹേഴ്‌സല്‍ അതേപടി തന്നെ കാണിച്ചത് നല്ലൊരു തീരുമാനമായിരുന്നു ആദ്യപകുതി പോലെ തന്നെ നീങ്ങിയ രണ്ടാം പകുതി.അതേ വേഗത്തില്‍ ആക്ഷന്‍ ഹീറോ ബിജുവിലേത് പോലെ തന്നെ രസകരമായ പോലീസ് സ്റ്റേഷന്‍ സീനുകളും പൂമരത്തിന്റെ രണ്ടാം പകുതിയിലുണ്ടായിരുന്നു.
ടോട്ടല്‍ ഔട്ട് പുട്ട് പറയുന്നതിനു മുന്നേ തന്നെ പറഞ്ഞുകൊള്ളട്ടെ,എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആകര്‍ഷകമായി തോന്നുന്നൊരു വിഭവമല്ല ‘പൂമരം’ ! ആദ്യാവസാനം ഒരു ഫെസ്റ്റീവ് മൂഡില്‍ സഞ്ചരിക്കുന്ന ഒരു എബ്രിഡ് ഷൈന്‍ മാസ്റ്റര്‍പ്പീസ് തന്നെയാണ് പൂമരം ! ഈ ഫെസ്റ്റീവ് മൂഡ് എന്ന് പറയുന്നത് കുറേ കളറും വാരിയെറിഞ്ഞ് നാലഞ്ച് ഡപ്പാംകൂത്ത് പാട്ടും കുത്തിക്കേറ്റുന്ന ഐറ്റമല്ല.മറിച്ച്,ഒരു കലാലയത്തിലെ അതും മഹാരാജാസ് പോലെ പാരമ്പര്യത്തിന്റെ പരമോന്നതയില്‍ നില്‍ക്കുന്ന ഒരു കലാലയത്തിലെ കലോല്‍സവത്തിന്റെ ‘ഫെസ്റ്റീവ് മൂഡ്’ !
നമ്മള്‍ പഠിക്കുന്ന കോളേജില്‍ യൂണിവേഴ്‌സിറ്റി കലോല്‍സവം നടക്കുന്നു എന്ന് കരുതുക,ആ സാഹചര്യത്തില്‍ ആദ്യാവസാനം നമ്മള്‍ കലോല്‍സവ വേദിയിലും അതിന്റെ പരിസരപ്രദേശങ്ങളിലും തന്നെയാണുണ്ടാവുക ! അത് വള്ളം കളിക്കാവാം,വായിനോട്ടമാവാം,അടിയുടെ ഇടയ്ക്കാവാം,മല്‍സരം നടക്കുന്ന വേദിയുടെ മുന്നിലാവാം എവിടെയുമാവാം
നമ്മുടെ കലാലയവും മല്‍സരിക്കുന്നതുകൊണ്ട് കപ്പടിക്കണമെന്ന വീറും വാശിയും അതിന്റെ പ്രതീക്ഷകളും ഒക്കെയായി നമ്മളും ഉറക്കമുളച്ച് രാപകലെന്നില്ലാതെ അതിന്റെ പിന്നാതെ തന്നെയുണ്ടാവും
ഇതേ വീറും വാശിയും പ്രതീക്ഷകളും സന്തോഷങ്ങളും സങ്കടങ്ങളും ആഹ്ലാദങ്ങളുമൊക്കെ തന്നെയാണ് ആകെത്തുകയില്‍ പൂമരം.അത് അതേപടി തന്നെ പ്രേക്ഷകനു പകര്‍ന്ന് നല്‍കി,കഥയിലുടനീളം അവരെ സ്വാധീനിക്കാനും എബ്രിഡ് ഷൈനിനു കഴിഞ്ഞിട്ടുണ്ട്
സാന്ത്വനപരിചരണം ‘ സ്‌നേഹസംഗമം 2018 ‘ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : പൊറുത്തിശ്ശേരി പ്രഥമികാരോഗ്യകേന്ദ്രത്തിന്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്‌നേഹസംഗമം സംഘടിപ്പിച്ചു.മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന സംഗമം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു ഉദ്ഘാടനം ചെയ്തു.ആരോഗ്യസ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍,പൊതുമരാമത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വത്സല ശശി,ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മീനാക്ഷി ജോഷി,മുന്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി,സെക്രട്ടറി ഒ എസ് അജിത്കുമാര്‍,ഹെല്‍ത്ത് സുപ്രവൈസര്‍ സുരേഷ് കുമാര്‍,മെഡിയ്ക്കല്‍ ഓഫിസര്‍ കെ ബി ബിനു,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സി അനിത തുടങ്ങിയവര്‍ സംസാരിച്ചു.
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കിയ ‘ ദ തീയറി ഓഫ് എവിരിതിങ്ങ് ‘ പ്രദര്‍ശിപ്പിക്കുന്നു.
ഇരിങ്ങാലക്കുട : ശാസ്ത്ര പ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി ബ്രിട്ടീഷ് സംവിധായകന്‍ ജെയിംസ് മാര്‍ഷ് സംവിധാനം ചെയ്ത ‘ ദ തീയറി ഓഫ് എവിരിതിങ്ങ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാര്‍ച്ച് 16 വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. ഹോക്കിങ്ങിന്റെ മുന്‍ ഭാര്യ ജെയ്ന്‍ രചിച്ച ‘ട്രാവലിങ്ങ് ടു ഇന്‍ഫിനിറ്റി: മൈ ലൈഫ് വിത്ത് സ്റ്റീഫന്‍ ‘ എന്ന പുസ്തകത്തെ ആധാരമാക്കി 2014 ല്‍ നിര്‍മ്മിച്ച ചിത്രം നാല് അക്കാദമി നോമിനേഷുകളും പത്ത് ബാഫ്റ്റ നോമിനേഷനുകളും നാല് ഗോള്‍ഡന്‍ ഗ്‌ളോബ് അവാര്‍ഡ് നോമിനേഷുകളും നേടി. ഹോക്കിങ്ങിന്റെ വേഷം അവതരിപ്പിച്ച നടന്‍ എഡ്ഡി റെഡ് മൈന്‍ 2014ലെ അക്കാദമി അവാര്‍ഡും നേടി.സമയം 123 മിനിറ്റ് .. ഫിലിം സൊസൈറ്റിയുടെ 25 മത് ചിത്രം കൂടിയാണ് ഇത്.. പ്രവേശനം സൗജന്യം.
ഇരിങ്ങാലക്കുട രൂപതയില്‍ വെള്ളിയാഴ്ച പ്രത്യേക ഉപവാസ പ്രാര്‍ത്ഥനാ ദിനം
ഇരിങ്ങാലക്കുട : സഭ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരമുണ്ടാകുവാനും സഭയ്ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതി വരുത്തുവാനും ഈ വരുന്ന വെള്ളിയാഴ്ച (16.03.2018) ഉപവാസ പ്രാര്‍ത്ഥന പരിത്യാഗദിനമായി ഇരിങ്ങാലക്കുട രൂപത ആചരിക്കുന്നു. സീറോ മലബാര്‍ സഭ നേരിടുന്ന പ്രത്യേക പ്രതിസന്ധികള്‍ സഹനാരൂപിയില്‍ തരണം ചെയ്യുന്നതിനും ക്രിസ്തീയ ചൈതന്യത്തില്‍ സഭ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനും ഒരുനേരം ഉപവസിക്കുവാനും ഒരു മണിക്കൂര്‍ പ്രാര്‍ത്ഥിക്കുവാനും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. എല്ലാ ഇടവക ദൈവാലയങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും കത്തോലിക്കാ കുടുംബങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥന സംഘടിപ്പിക്കുവാന്‍ രൂപത മെത്രാന്‍ ഓര്‍മ്മപ്പെടുത്തി. നോമ്പുകാല ചൈതന്യത്തില്‍ പരിത്യാഗ അരൂപിയില്‍ ക്രിസ്തു മാതൃക പിന്‍തുടര്‍ന്ന് ക്രൈസ്തവ സാക്ഷികളായി ക്രിസ്തുവിനെ ജീവിച്ചു കാണിക്കാന്‍ രൂപതാംഗങ്ങളെല്ലാവരും ബദ്ധശ്രദ്ധരാകണമെന്നും രൂപതാ ഭവനത്തില്‍ നടത്തിയ പ്രത്യേക സമ്മേളനത്തില്‍ ബിഷപ്പ് പറഞ്ഞു
കാളിദാസ നാട്യോത്സവത്തില്‍ വിക്രമോര്‍വ്വശീയം കൂടിയാട്ടം
ഇരിങ്ങാലക്കുട : നടനകൈരളിയുടെ അഞ്ചാമത് കൂടിയാട്ട മഹോത്സവത്തില്‍ രണ്ടാം ദിവസം കാളിദാസ കവിയുടെ വിക്രമോര്‍വ്വശീയം നാടകം അരങ്ങേറി. കൂടിയാട്ടത്തിന്റെ സവിശേഷതയായ പകര്‍ാട്ടത്തിന്റെ സാധ്യതകള്‍ പരമാവധി ഉള്‍ക്കൊണ്ടുകൊണ്ട് സൂത്രധാരന്‍, പുരൂരവസ്സ്, ഉര്‍വ്വശി എന്നീ മൂന്ന് കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് പ്രശസ്ത കൂടിയാട്ടം ആചാര്യനായ വേണുജി ഈ നാടകത്തിന്റെ ആദ്യത്തെ മൂന്ന് അങ്കങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള പൂര്‍വ്വ ഭാഗം സംവിധാനം ചെയ്തിട്ടുള്ളത്. ദേവാംഗനയും അഭിനേത്രിയുമായ ഉര്‍വ്വശി അളക രാജധാനിയില്‍ കുബേരന്റെ മുന്നില്‍ പൊന്‍താമര പൊയ്കകളാല്‍ ചുറ്റപ്പെട്ട രംഗമണ്ഡപത്തില്‍ നാട്യാവതരണം നടത്തി പാരിതോഷികങ്ങള്‍ സ്വീകരിച്ച് മടങ്ങിപോകുന്ന വഴിക്ക് കേശി എന്ന അസുരന്‍ അവളെ അപഹരിച്ചുകൊണ്ടു പോയപ്പോള്‍ പുരൂരവസ്സ് എന്ന മാനുഷ രാജാവ് അവളെ രക്ഷിക്കുന്നതും ഉര്‍വ്വശി അദ്ദേഹത്തില്‍ അനുരക്തയാവുതും തുടര്‍ന്ന് ഭരതമുനി സംവിധാനം ചെയ്ത ലക്ഷ്മീസ്വയംവരം നാട്യം ഇന്ദ്രസദസ്സില്‍ അതരിപ്പിക്കുമ്പോള്‍ ലക്ഷ്മീദേവിയായി അരങ്ങിലെത്തിയ ഉര്‍വ്വശി താന്‍ സ്‌നേഹിക്കുന്നത് ‘പുരുഷോത്തമന്‍’ ആണെന്ന് പറയുതിനു പകരം തന്റെ മനസ്സില്‍ അനുരാഗം സൃഷ്ടിച്ച ‘പുരൂരവസ്സ്’ എന്ന മാനുഷ രാജാവിന്റെ പേര് പറഞ്ഞ് കഥാപാത്രത്തില്‍ നിന്നും നടിയായി സ്വന്തം വികാരം ഉള്‍കൊണ്ടപ്പോള്‍ ഭരതമുനി ‘ഞാന്‍ പഠിപ്പിച്ചത് നീ തെറ്റിച്ചില്ലെ ! നിനക്കിനി ദേവലോകത്ത് സ്ഥാനമുണ്ടാവില്ല’ എന്ന് ശപിക്കുതുവരെയുള്ള ഇതിവൃത്തമാണ് കൂടിയാട്ടമായി അവതരിപ്പിച്ചത്. സൂത്രധാരനായി അമ്മൂര്‍ രജനീഷ് ചാക്യാരും, പുരൂരവസ്സായി സൂരജ് നമ്പ്യാരും ഉര്‍വ്വശിയായി കപിലാ വേണുവും അരങ്ങിലെത്തി. ‘വാക്യത്തിന്റെ അഭിനേയത’ എന്ന വിഷയത്തെക്കുറിച്ച് കൂടിയാട്ടം കേന്ദ്ര ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ കണ്ണന്‍ പ്രഭാഷണം നടത്തി. ആട്ടക്കഥാകൃത്ത് ടി. വേണുഗോപാല്‍ അധ്യക്ഷനായിരുന്നു.
കൂടല്‍മാണിക്യത്തില്‍ താമര കൃഷി ആരംഭിച്ചു
ഇരിങ്ങാലക്കുട :ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനാവശ്യമായ താമരപ്പൂവിനായി ദേവസ്വം ഓഫീസിനോട് ചേര്‍ന്ന കുളത്തില്‍ താമര കൃഷിക്കു തുടക്കം കുറിച്ചു. ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ചെമ്മണ്ട കായലിലും അടുത്ത ആഴ്ച്ച താമര കൃഷി ആരംഭിക്കും .ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ കൃഷിക്ക്ക് തുടക്കം കുറിച്ചു. സാധാരണ മാസങ്ങളില്‍ 60000 രൂപയുടെ താമര ക്ഷേത്രത്തില്‍ ആവശ്യമുണ്ട് .വിശേഷാല്‍ ദിവസങ്ങളില്‍ ആവശ്യം വര്‍ദ്ധിക്കും .7000 രൂപയുടെ വഴുതനങ്ങ യും ക്ഷേത്രത്തില്‍ ദിവസവും ചിലവുണ്ട് .വഴുതനങ്ങളും കൃഷി ആരംഭീച്ചിട്ടുണ്ട്.
ജില്ലയിലെ മികച്ച കര്‍ഷക അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും ഇരിങ്ങാലക്കുടയില്‍ നിന്ന്
ഇരിങ്ങാലക്കുട : സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ തൃശ്ശൂര്‍ ജില്ലയിലെ മികച്ച കാര്‍ഷിക അദ്ധ്യാപകനായി എ.ജി അനില്‍കുമാറും മികച്ച കര്‍ഷക വിദ്യാര്‍ത്ഥിനിയായി കെ.വി. ശിവപ്രിയയും അര്‍ഹരായി .തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വച്ചുനടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാറില്‍ നിന്നും ഇരുവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.അനില്‍കുമാര്‍ പൊറത്തിശ്ശേരി മഹാത്മ എല്‍.പി യൂ.പി സ്‌കൂളിലെ അദ്ധ്യാപകനും ശിവപ്രിയ വിദ്ധ്യാര്‍ത്ഥിനിയുമാണ്.
വെള്ളാങ്ങലൂര്‍ ജി.യു.പി. എസില്‍ ”കുഞ്ഞികൈകളില്‍ കുഞ്ഞാട്’ പദ്ധതി
വെള്ളാങ്ങലൂര്‍ : ജി.യു.പി.എസ്. വെള്ളാങ്ങലൂരിന്റെ ”കുഞ്ഞിക്കൈകളില്‍ കുഞ്ഞാട്” എന്ന പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം വാര്‍ഡ് മെമ്പര്‍ മിനി രാജന്‍ നിര്‍വ്വഹിച്ചു. കുട്ടികളില്‍ സഹജീവികളോട് സ്‌നേഹവും, കാരുണ്യവും, പ്രകൃതി സംരക്ഷണ അവബോധവും, കൃഷി താല്പര്യവും വളര്‍ത്താനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തീട്ടുള്ളത്. ഇതോടൊപ്പം കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുക എന്നതും പരിപാടി ലക്ഷ്യമിടുന്നു. എല്‍.പി വിഭാഗം കുട്ടികളില്‍ നിന്നും തെരെഞ്ഞെടുത്ത ആമിന വി.എസ് എന്ന വിദ്യാര്‍ത്ഥിക്കാണ് ആടിനെ നല്‍കിയത്. ഹെഡ്മിസ്ട്രസ് എം എസ് റാണി ടീച്ചര്‍ ആടിനെ സ്‌പോണ്‍സര്‍ ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്.എസ് എം സി ചെയര്‍മാന്‍ അന്‍വര്‍ എം എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.എ രാമചന്ദ്രന്‍ മാസ്റ്റര്‍, സ്‌കൂള്‍ ലീഡര്‍ അദീല എന്നിവര്‍ ആശംസയര്‍പ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ് രാജാമണി ടീച്ചര്‍ സ്വാഗതവും ശോഭ ടീച്ചര്‍ നന്ദിയും പറഞ്ഞു.
ചെമ്മണ്ട ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഷഷ്ഠി മഹോത്സവം മാര്‍ച്ച് 23ന്
ചെമ്മണ്ട : ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഷഷ്ഠി മഹോത്സവം മാര്‍ച്ച് 23ന് ആഘോഷിക്കുന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി സതീശന്‍ നമ്പൂതിരിപാടിന്റെയും മേല്‍ശാന്തി ഗോവിന്ദന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍.ഷഷ്ഠിയൂട്ട്,കിഴുത്താണി ശാഖ,ചെമ്മണ്ട റോഡ്-പുലത്തറ ശാഖ, പാറപ്പുറം ശാഖ,ചെമ്മണ്ട സെന്റര്‍ ശാഖ,വടകുമുറി ശാഖ എന്നു ദേശങ്ങളുടെ കവടിവരവ്.ഹരിശ്രീ പറപ്പൂര്‍,ചരിത്ര കലാവേദി,സമയ കലാവേദി,കാല്‍വരി തുടങ്ങിയ മേളകലാക്കാരന്‍മാരുടെ ശിങ്കാരിമേളം.ഒരുമനയൂര്‍ പുരുഷോത്തമന്‍,കരിയനൂര്‍ ബ്രദേഴ്‌സ് തുടങ്ങിയവരുടെ നാദസ്വരം.കൈരളി ചാലക്കുടിയുടെ ബാന്‍ഡ്‌മേളം.തെയ്യം, ദേവകല തുടങ്ങി അനവധി ഒട്ടനവധി പരിപാടികളാണ് ഷഷ്ഠിയോട് അനുബദ്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.www.irinjalakuda.com ല്‍ ഷഷ്ഠി തല്‍സമയം സംപ്രേഷണം ഉണ്ടായിരിക്കും.
ശുദ്ധജല പദ്ധതി; നിസംഗത തുടര്‍ന്നാല്‍ അനിശ്ചിതകാല ജനകീയ സമരം ആരംഭിക്കും : തോമസ് ഉണ്ണിയാടന്‍
ഇരിങ്ങാലക്കുട: സമഗ്ര ശുദ്ധജല പദ്ധതി പൂര്‍ത്തീകരിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള ക്രൂരതയാണെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. സമഗ്ര ശുദ്ധജല പദ്ധതി പൂര്‍ത്തീകരിക്കാത്തതിനെതിരെ കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. കടുത്ത വേനലായതോടെ ശുദ്ധജലം കിട്ടാതെ ജനം വലയുകയാണ്. പടിയൂര്‍, പൂമംഗലം, കാറളം, പഞ്ചായത്തുകളിലെ ഓരോ വ്യക്തിക്കും ദിനംപ്രതി 70 ലിറ്റര്‍ ശുദ്ധജലം ലഭിക്കേണ്ടിയിരുന്ന സമഗ്ര ശുദ്ധജല പദ്ധതിയാണിത്. രണ്ട് വര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തികരിക്കാത്ത ഇടത് സര്‍ക്കാരിന്റെ നടപടി അപലപനീയമാണെന്നും ഇനിയും ഈ നിസംഗത തുടര്‍ന്നാല്‍ അനിശ്ച്ചതകാല ജനകീയ സമരം സംഘടിപ്പിക്കുമെന്നും ഉണ്ണിയാടന്‍ പറഞ്ഞു.പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു, ടി.കെ.വര്‍ഗീസ്, ബിജു ആന്റണി, പി.ടി.ജോര്‍ജ്, സിജോയ് തോമസ്, ഷൈനി ജോജോ , ശിവരാമന്‍ കൊല്ലംപറമ്പില്‍, ജോസ് അരിക്കാട്ട്, തുഷാര, ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
മാംസവ്യാപാരം പുനരാരംഭിക്കാത്തതില്‍ പ്രതിഷേധ പൊതുയോഗം
ഇരിങ്ങാലക്കുട : ഒരു മാസത്തോളമായി ഇരിങ്ങാലക്കുടയില്‍ നിശ്ചലമായ മാംസവ്യാപാരം പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് സി പി ഐ (എം) ഇരിങ്ങാലക്കുട ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ നടന്ന പൊതുയോഗം ജില്ലാകമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.മാംസവ്യാപാരം നിലച്ചതോടെ 200 ഓളം കുടുംബങ്ങള്‍ പട്ടിണിയിലായെന്നും മാര്‍ക്കറ്റിലെ അനുബദ്ധ കച്ചവടങ്ങളും നഷ്ടത്തിലായെന്നും അറവ്ശാല എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.ജില്ലാകമ്മിറ്റിയംഗം കെ ആര്‍ വിജയ,ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍,കൗണ്‍സിലര്‍ പി വി ശിവകുമാര്‍,എ പി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.
കഞ്ചാവുമായി യുവാവ് പിടിയില്‍
ഇരിങ്ങാലക്കുട :കഞ്ചാവുമായി യുവാവിനെ ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ വിനോദ് സംഘവും പിടികൂടി. മുരിയാട് വെള്ളിലാംകുന്ന് കല്ലിങ്ങപ്പുറം വീട്ടില്‍ സാജന്‍ (23) നെയാണ് ഇയാളുടെ വീട്ടില്‍ നിന്ന് 15 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ അനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ എസ് സരസന്‍, സി വി ശിവന്‍, കെ എ ബാബു, എന്‍ കെ ഷാജി എന്നിവര്‍ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.പ്രതിയെ മജിസ്രട്രന് മുമ്പാകെ ഹാജരാക്കി.
എം.എസ്.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് : പി.കെ.എം. അഷ്‌റഫ് ,സെക്രട്ടറി: വി.കെ.റാഫി ഇരിങ്ങാലക്കുട എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു
എം.എസ്.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് : പി.കെ.എം. അഷ്‌റഫ് ,സെക്രട്ടറി: വി.കെ.റാഫി ഇരിങ്ങാലക്കുട എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു
തെരുവ്‌നായ ആക്രമണം ഡി വൈ എഫ് ഐ നേതാവിന് പരിക്കേറ്റു
ഇരിങ്ങാലക്കുട: നഗര-ഗ്രാമ വ്യത്യാസമില്ലാതെ നാട്ടുകാര്‍ക്ക് ഭീതി വിതച്ച് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു.കോഴികളെ കൂട്ടത്തോടെ ആക്രമിച്ചിരുന്ന തെരുവ്‌നായ്ക്കള്‍ മനുഷ്യരിലേയ്ക്കും തിരിഞ്ഞിരിക്കുകയാണ്.ഡി വൈ എഫ് ഐ ജില്ലാസെക്രട്രറിയേറ്റ് അംഗവും മാപ്രാണം സ്വദേശിയുമായ ആര്‍ എല്‍ ശ്രീലാലും ഭാര്യ തൃത്തല്ലൂര്‍ പോസ്റ്റ്മാസ്റ്റര്‍ ആയ അഞ്ജുവിനും കഴിഞ്ഞ ദിവസം തെരുവ്‌നായ ആക്രമണത്തില്‍ പരിക്കേറ്റു.വൈകീട്ടോടെ അഞ്ജുവുമായി ബൈക്കില്‍ വരുകയായിരുന്ന ശ്രീലാലിനെ തെരുവ്‌നായ ആക്രമിക്കുകയായിരുന്നു.ബൈക്കില്‍ നിന്നും തെറിച്ച് വീണ് ഇരു കാലുകള്‍ക്കും പരിക്കേറ്റ ശ്രീലാലിനേ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എവിടെ തിരിഞ്ഞുനോക്കിയാലും കൂട്ടംകൂട്ടമായി അലഞ്ഞുതിരിയുന്ന നായ്ക്കളാണു ഇപ്പോള്‍ ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും. ഇന്നലെ ചാലാംപ്പാടം കൊക്കാലി ഫ്രാന്‍സീസിന്റെ വീട്ടില്‍നിന്നും 23 കോഴികളെ കൊന്നു. കഴിഞ്ഞദിവസം ഊരകത്ത് 17 കോഴികളെയും ഇത്തരത്തില്‍ കൊന്നൊടിക്കിയിരുന്നു. കൂടാതെ കുറച്ചുദിവസങ്ങള്‍ക്ക് മുന്പ് ആടുകള്‍ക്കു നേരെയും ആക്രമണമുണ്ടായിരുന്നു. കൂട്ടംകൂട്ടമായെത്തുന്ന തെരുവുനായ്ക്കള്‍ യാതൊരു പേടിയുമില്ലാതെയാണു ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ വിലസുന്നത്. സ്ത്രീകളും കുട്ടികളടക്കമുള്ളവര്‍ ഭീതിയോടെയാണു വഴിയോരങ്ങളിലൂടെ നടന്നുപോകുന്നത്. തരം കിട്ടിയാല്‍ ആളുകളെ ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കുന്നവയാണു ഇവ.നഗരസഭാ കാര്യാലയ പരിസരം, മുനിസിപ്പല്‍ മൈതാനം, മാര്‍ക്കറ്റ് പരിസരം, ബസ് സ്റ്റാന്‍ഡ്, ബൈപാസ് റോഡ് എന്നിവിടങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്.
നടപടിയെടുക്കാന്‍ മടിച്ച് ഭരണകൂടം
നഗരത്തിലെ ജനവാസമേഖലകളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധം ഉയരുന്നു. തെരുവുനായ് ശല്യം വര്‍ധിക്കുമ്പോഴും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നാണു ഭരണ നേതൃത്വത്തിന്റെ ഭാഷ്യം. തെരുവുനായ്ക്കളെ പിടികൂടാന്‍ ആളില്ല, പിടികൂടി നായ്ക്കളെ കൊന്നാല്‍ ക്രിമിനല്‍ കുറ്റം. ആകെ ചെയ്യാനാകുന്നത് വന്ധ്യംകരണം മാത്രമാണ്. വന്ധ്യംകരണത്തിനു ശ്രമിക്കുമ്പോള്‍ നായ്ക്കളുടെ കടിയേല്‍ക്കാനും സാധ്യതയേറെയാണെന്നു കാണിച്ച് അതിനും ആരും തയാറല്ല. നായ്ശല്യം രൂക്ഷമായിട്ടും നടപടികളിലേക്ക് കടക്കാന്‍ ബന്ധപ്പെട്ടവര്‍ മടിക്കുന്നത് പോലീസ് നടപടി ഭയന്നാണ്. തെരുവുനായ്ക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ രംഗത്തിറങ്ങണമെന്നാണു നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ ഈ ആവശ്യത്തിനു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് നഗരസഭാധികൃതര്‍.
ആറാട്ടുപുഴ ശ്രീശാസ്താ പുരസ്‌ക്കാരം കുന്നത്ത് രാമചന്ദ്രന്
ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പുരസ്‌ക്കാരം മരണാനന്തര ബഹുമതിയായി ആറാട്ടുപുഴ സമിതിയുടെ ദീര്‍ഘനാളത്തെ ട്രഷറര്‍ ആയിരുന്ന കുന്നത്ത് രാമചന്ദ്രന് സമര്‍പ്പിക്കും. തങ്കപ്പതക്കവും കീര്‍ത്തി മുദ്രയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം .ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും മികച്ച സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനു വേണ്ടി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌ക്കാരം.1990 മുതല്‍ ആറാട്ടുപുഴ ക്ഷേത്രത്തിലെ നിറസാന്നിദ്ധ്യമായിരുന്ന രാമചന്ദ്രന്‍, സമാനതകളില്ലാത്ത പൊതു കാര്യ പ്രസക്തനായിരുന്നു. 1990 മുതല്‍ 1993 വരെയും 1995 മുതല്‍ 2012 വരെയും പൂരാഘോഷ കമ്മറ്റി, ക്ഷേത്ര ക്ഷേമ സമിതി , ക്ഷേത്ര ഉപദേശക സമിതി എന്നിവയുടെ ട്രഷററായും 1994 ല്‍ സെക്രട്ടറിയായും 23 വര്‍ഷത്തോളം ആറാട്ടുപുഴ ക്ഷേത്രത്തിന്റെ ഒട്ടനവധി പുനരുദ്ധാരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃനിരയില്‍ നിന്നു പ്രവര്‍ത്തിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവര്‍ത്തന ശൈലി മാതൃകാപരമായിരുന്നു. ഇതു തന്നെയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.ആറാട്ടുപുഴ കുന്നത്ത് പാറുക്കുട്ടി അമ്മയുടെയും കീഴു വീട്ടില്‍ രാമന്‍ നായരുടേയും രണ്ടാമത്തെ മകനായി ആറാട്ടുപുഴക്കാരുടെ രാമചന്ദ്രേട്ടന്റ ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബിരുദ പഠനത്തിനു ശേഷം ജോലി തേടി പൂനയിലേക്ക്. താല്‍ക്കാലിക ജോലികള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ സേവനമനുഷ്ടിച്ച് 1989 ല്‍ സ്ഥിരമായി കേരളത്തില്‍. DPDO ല്‍ ഉദ്യോഗസ്ഥനായിരുന്ന രാമചന്ദ്രന്‍ – പൂരം രാമചന്ദ്രന്‍ – എന്നാണ് ഓഫീസ് തലത്തില്‍ അറിയപ്പെട്ടിരുന്നത്. 2006 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിനു ശേഷം ആറാട്ടുപുഴ ക്ഷേത്രത്തില്‍ തന്നെയായിരുന്നു മുഴുനീള സേവനം.പൂരകാലത്തും മറ്റു വിശേഷ അവസരങ്ങളിലും മാസങ്ങളോളം ലീവെടുത്താണ് രാമചന്ദ്രന്‍ ക്ഷേത്രത്തില്‍ സേവനം നടത്തിയിരുന്നത്. സ്‌നേഹസമ്പന്നനായ രാമചന്ദ്രന്റെ നര്‍മ്മം കലര്‍ന്ന സംഭാഷണശൈലി എല്ലാവര്‍ക്കും ഒരു പ്രേരകശക്തിയായിരുന്നു.
സമിതിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനു വേണ്ടി രാമചന്ദ്രന്‍ കേരളത്തിന് പുറത്ത് മദ്രാസ്, പൂന, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.19.8.2016ല്‍ അദ്ദേഹം അന്തരിച്ചു. തൃപ്രയാര്‍ കുറുവീട്ടില്‍ വീട്ടില്‍ വിശാലം ഭാര്യയാണ്.മക്കള്‍ : രശ്മി , രതീഷ്.