തെരുവ്‌നായ ആക്രമണം ഡി വൈ എഫ് ഐ നേതാവിന് പരിക്കേറ്റു

1292
Advertisement

ഇരിങ്ങാലക്കുട: നഗര-ഗ്രാമ വ്യത്യാസമില്ലാതെ നാട്ടുകാര്‍ക്ക് ഭീതി വിതച്ച് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു.കോഴികളെ കൂട്ടത്തോടെ ആക്രമിച്ചിരുന്ന തെരുവ്‌നായ്ക്കള്‍ മനുഷ്യരിലേയ്ക്കും തിരിഞ്ഞിരിക്കുകയാണ്.ഡി വൈ എഫ് ഐ ജില്ലാസെക്രട്രറിയേറ്റ് അംഗവും മാപ്രാണം സ്വദേശിയുമായ ആര്‍ എല്‍ ശ്രീലാലും ഭാര്യ തൃത്തല്ലൂര്‍ പോസ്റ്റ്മാസ്റ്റര്‍ ആയ അഞ്ജുവിനും കഴിഞ്ഞ ദിവസം തെരുവ്‌നായ ആക്രമണത്തില്‍ പരിക്കേറ്റു.വൈകീട്ടോടെ അഞ്ജുവുമായി ബൈക്കില്‍ വരുകയായിരുന്ന ശ്രീലാലിനെ തെരുവ്‌നായ ആക്രമിക്കുകയായിരുന്നു.ബൈക്കില്‍ നിന്നും തെറിച്ച് വീണ് ഇരു കാലുകള്‍ക്കും പരിക്കേറ്റ ശ്രീലാലിനേ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എവിടെ തിരിഞ്ഞുനോക്കിയാലും കൂട്ടംകൂട്ടമായി അലഞ്ഞുതിരിയുന്ന നായ്ക്കളാണു ഇപ്പോള്‍ ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും. ഇന്നലെ ചാലാംപ്പാടം കൊക്കാലി ഫ്രാന്‍സീസിന്റെ വീട്ടില്‍നിന്നും 23 കോഴികളെ കൊന്നു. കഴിഞ്ഞദിവസം ഊരകത്ത് 17 കോഴികളെയും ഇത്തരത്തില്‍ കൊന്നൊടിക്കിയിരുന്നു. കൂടാതെ കുറച്ചുദിവസങ്ങള്‍ക്ക് മുന്പ് ആടുകള്‍ക്കു നേരെയും ആക്രമണമുണ്ടായിരുന്നു. കൂട്ടംകൂട്ടമായെത്തുന്ന തെരുവുനായ്ക്കള്‍ യാതൊരു പേടിയുമില്ലാതെയാണു ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ വിലസുന്നത്. സ്ത്രീകളും കുട്ടികളടക്കമുള്ളവര്‍ ഭീതിയോടെയാണു വഴിയോരങ്ങളിലൂടെ നടന്നുപോകുന്നത്. തരം കിട്ടിയാല്‍ ആളുകളെ ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കുന്നവയാണു ഇവ.നഗരസഭാ കാര്യാലയ പരിസരം, മുനിസിപ്പല്‍ മൈതാനം, മാര്‍ക്കറ്റ് പരിസരം, ബസ് സ്റ്റാന്‍ഡ്, ബൈപാസ് റോഡ് എന്നിവിടങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്.

നടപടിയെടുക്കാന്‍ മടിച്ച് ഭരണകൂടം

നഗരത്തിലെ ജനവാസമേഖലകളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധം ഉയരുന്നു. തെരുവുനായ് ശല്യം വര്‍ധിക്കുമ്പോഴും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നാണു ഭരണ നേതൃത്വത്തിന്റെ ഭാഷ്യം. തെരുവുനായ്ക്കളെ പിടികൂടാന്‍ ആളില്ല, പിടികൂടി നായ്ക്കളെ കൊന്നാല്‍ ക്രിമിനല്‍ കുറ്റം. ആകെ ചെയ്യാനാകുന്നത് വന്ധ്യംകരണം മാത്രമാണ്. വന്ധ്യംകരണത്തിനു ശ്രമിക്കുമ്പോള്‍ നായ്ക്കളുടെ കടിയേല്‍ക്കാനും സാധ്യതയേറെയാണെന്നു കാണിച്ച് അതിനും ആരും തയാറല്ല. നായ്ശല്യം രൂക്ഷമായിട്ടും നടപടികളിലേക്ക് കടക്കാന്‍ ബന്ധപ്പെട്ടവര്‍ മടിക്കുന്നത് പോലീസ് നടപടി ഭയന്നാണ്. തെരുവുനായ്ക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ രംഗത്തിറങ്ങണമെന്നാണു നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ ഈ ആവശ്യത്തിനു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് നഗരസഭാധികൃതര്‍.